
ആശ്രയമറ്റ വീട്ടമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല. ലക്കുകെട്ട ടോറസ് ഉറ്റവന്റെ ജീവൻ കവർന്നപ്പോൾ രണ്ട് പിഞ്ചു കുട്ടികളെ മാറോടണച്ച് പൊട്ടികരയാൻ വിധിക്കപ്പെട്ട വീട്ടമ്മ. എടത്വാ പഞ്ചായത്ത് രണ്ടാം വാർഡിൽ തായങ്കരി പത്തിൽചിറ പരേതനായ ശ്യാംകുമാറിന്റെ ഭാര്യ പ്രവിതയാണ് തല ചായ്ക്കാൻ ഇടം തേടി അലയുന്നത്. മൂന്ന് വർഷം മുൻപ് പുന്നപ്ര പോലീസ് സ്റ്റേഷന് സമീപത്തു വെച്ച് ശ്യാം കുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ടോറസ് ഇടിച്ചു വീഴ്തിയിരുന്നു. ടോറസിന്റെ ചക്രം തലയിലൂടെ കയറിയ ശ്യാം കുമാർ തൽക്ഷണം മരണത്തിന് കീഴടങ്ങി.
ശ്യാം കുമാർ മരണത്തിന് കീഴടങ്ങുമ്പോൾ ഒരു വയസ്സും 11 ദിവസവും പ്രായമുള്ള രണ്ട് ഇരട്ട കുട്ടികളുടെയും ശ്യാംകുമാറിന്റെ വൃദ്ധരായ മാതാപിതാക്കളുടെ സംരഷണം പ്രവിതയുടെ ചുമലിലായി. പിഞ്ചു കുട്ടികളുമായി അന്തിയുറങ്ങാൻ കൂരയില്ലാത്ത പ്രവിതയ്ക്ക് ലൈഫിൽ വീട് അനുവദിച്ചെങ്കിലും തറ കെട്ടി മണ്ണ് നിറയ്ക്കുക മാത്രമാണ് ചെയ്തത്. വൃദ്ധ മാതാപിതാക്കളുടെ പെൻഷൻ കൊണ്ട് വിശപ്പടക്കുന്ന കുടുംബത്തിന് വീട് കെട്ടിപ്പൊക്കാനുള്ള നിർവ്വാഹമില്ലായിരുന്നു. സർക്കാർ അനുവദിച്ച രണ്ട് ഗഡു ഉപയോഗിച്ച് തറ കെട്ടി ഉയർത്തിയെങ്കിലും തുടർ പണിക്കായി പണമില്ലാതെ കുടുംബം നട്ടം തിരിയുകയാണ്. വീടിന്റെ മുകളിലേയ്ക്കുള്ള നിർമ്മാണം പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കൂ.
കള്ളു ചെത്ത് തൊഴിലാളിയായിരുന്ന ശ്യാംകുമാർ മരണപ്പെടുന്നതിന് മുൻപ് തന്നെ തൊഴിൽ നിർത്തിവെച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്നാണ് പണി ഉപേക്ഷിച്ചത്. തുടർന്ന് നാട്ടിൽ ചെറിയ തൊഴിൽ ചെയ്ത് ഉപജീവനം കഴിക്കുന്നതിനിടെയാണ് ജീവൻ കവർന്നത്. വ്യദ്ധരായ മാതാപിതാക്കളും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന പ്രവിതയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാൻ സുമനസുകൾ കനിയണം. പിഞ്ചു കുട്ടികളെ നെഞ്ചോട് ചേർത്തു നിർത്തുമ്പോൾ എന്തെങ്കിലും ഒരുവഴി തുറന്നു കിട്ടുമെന്ന് പ്രത്യാശയിലാണ് കുടുംബം. വീട് നിർമ്മാണം പൂർത്തിയാക്കാൻ സുമനസുകളുടെ സഹായം തേടുന്നു. കാനറാ ബാങ്ക് എടത്വാ ശാഖ, അക്കൗണ് നമ്പർ: 41152200001129,ഫോൺ നമ്പർ: 79025 04216
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.