2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

അഗസ്ത്യമലയില്‍ പുതിയൊരു സുന്ദരിയില

കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍ 
Janayugom Webdesk
തേഞ്ഞിപ്പാലം
July 24, 2023 8:54 pm

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞു. അഗസ്ത്യമല ബയോസ്ഫിയറിന്റെ ഭാഗമായ തിരുവനന്തപുരം ചെമുഞ്ചി മലനിരകളില്‍ 1200 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ സുന്ദരിയില എന്നറിയപ്പെടുന്ന സോണറില ജനുസ്സില്‍പെട്ട സസ്യത്തെ കണ്ടെത്തിയത്.
കാലിക്കറ്റ് സര്‍വകലാശാലാ സസ്യപഠനവകുപ്പിലെ പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ ഗവേഷകരായ ത്യശൂര്‍ ചേലക്കര സ്വദേശിനി ഡോ. എസ് രശ്മി, മലപ്പുറം പുലാമന്തോള്‍ സ്വദേശിനി എംപി കൃഷ്ണപ്രിയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞയായ ഡോ. നിക്കോ സെല്ലിനീസും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.
പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്സോണമിയുടെ (ഐഎഎടി) അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ റീഡയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ഗവേഷണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രത്യേകപതിപ്പാണിത്.
സോണറില ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്വീഡിഷ് സസ്യശാസ്ത്രജ്ഞന്‍ റോജര്‍ ലുന്‍ഡിനോടുള്ള ആദരസൂചകമായി സോണറില ലുന്‍ഡിനി എന്നാണ് പുതിയ സസ്യത്തിന് പേരിട്ടത്. നിലംപറ്റി പടര്‍ന്നുവളരുന്ന കാണ്ഡത്തോടും രോമാവൃതമായ ഇലകളോടും കൂടിയ സസ്യത്തിന് ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുലകളില്‍ ഇളം റോസ് നിറത്തോടുകൂടിയ ചെറിയ പൂക്കളുണ്ടാകും. ഇന്ത്യയില്‍ അമ്പതോളം സ്പീഷീസുകളുള്ള ഈ ജനുസ്സില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. ഇതില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞത് ഈ ജനുസ്സില്‍ ഗവേഷണം തുടരുന്ന ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്. പശ്ചിമഘട്ട മലയോര മേഖലകളിലെ അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ടൂറിസവും ചെങ്കല്‍കുന്നുകളിലെ ഖനനവും അതീവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന സോണറില ജനുസ്സിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.