21 April 2024, Sunday

പ്രതീക്ഷയുടെ പുതുവത്സരം

Janayugom Webdesk
January 1, 2023 3:38 pm

ഓരോ പുതുവത്സരവും ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ ജീവിതനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനേക്കാളുപരി ജീവിത മൂല്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ആണ് മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നത്. പുതുവത്സരങ്ങള്‍ എത്ര ആഘോഷിച്ചാലും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ജീവിത മൂല്യങ്ങള്‍ മാറുന്നില്ല എന്നത് സ്ഥായിയായ മാനസിക ആരോഗ്യത്തിന് അത്യാവശ്യമാണ്. ഈ അവസരത്തില്‍ മൂന്ന് അനാരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും മൂന്ന് നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനും നമ്മുക്ക് ശ്രമിക്കാം. അങ്ങനെ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ സാധിക്കും.

അവസാനിപ്പിക്കാം ഈ മൂന്ന് കാര്യങ്ങള്‍

1.    നാര്‍സിസ്റ്റിക് വ്യക്തിത്വത്തിന്റെ ലക്ഷണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നതായി കാണാന്‍ കഴിയും. ഒരാള്‍ തന്നില്‍ അമിതമായി പ്രാധാന്യം കൊടുക്കുകയും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റൊരാളോട് എന്തും ചെയ്യാനുള്ള മടി ഇല്ലാതിരിക്കുകയും ആണ് ഇതിന്റെ പ്രത്യേകത. ഇതു നമുക്ക് ഉണ്ടെങ്കില്‍ അത് മാറ്റി കൂടുതല്‍ സഹാനുഭൂതിയോടെ മറ്റുള്ളവരോട് ഇടപെടാന്‍ ശ്രമിക്കാം.
2.    മനസ്സില്‍ ഒന്നുവച്ചു വേറൊന്നു മറ്റുള്ളവരോട് സംസാരിക്കുന്നത് (hypocrisy) ആത്യന്തികമായി നിരാശയിലേക്ക് നയിക്കുന്നതായി കാണാം. നമ്മുടെ ചിന്തകളും വാക്കുകളും വ്യത്യസ്തമാകുമ്പോള്‍ അത് മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു. നേര് മാത്രം പറയുക അല്ലങ്കില്‍ കള്ളം പറയാതിരിക്കുക. ഇത് നമ്മള്‍ ശീലിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
3.    ഏതെങ്കിലും ലഹരിയില്‍ അടിമപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് പുതുവര്‍ഷം. ലഹരി മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ നശിപ്പിക്കുന്നു. അവരുടെ കുടുംബത്തിലെയും ജോലിയിലെയും ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെയാക്കുന്നു. ലഹരി വിട്ടു സ്വന്തം ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കും.

തുടങ്ങാം ഈ മൂന്ന് കാര്യങ്ങള്‍

1.    മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഒഴിച്ചുകൂടാനാവാത്ത കര്‍ത്തവ്യമാണ്. ഇന്നത്തെ തലമുറയില്‍ ഇത് കുറഞ്ഞു വരുന്നതായി കാണുന്നു. ആശയ പരമായും അഭിപ്രായ പരമായും വ്യത്യസ്തതകള്‍ ഉണ്ടാകാം. എന്നിരുന്നാലും ഒരിക്കലും മാതാപിതാക്കളെ അധിക്ഷേപിക്കുകയോ പിണങ്ങി ഇരിക്കുകയോ ചെയ്യരുത്. പോയി കാണാന്‍ സാധിക്കുന്ന ദൂരം ആണെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കാണാനും അല്ലങ്കില്‍ വിളിച്ചു സംസാരിക്കാനും കുറഞ്ഞത് ശ്രമിക്കുക. നമ്മുടെ ഏത്ര വലിയ തിരക്കും ഇതിനു ഒരു തടസ്സമാകാന്‍ പാടില്ല.

2.    വിമര്‍ശനാത്മകമായ ചിന്ത (Crit­i­cal think­ing) സത്യം കണ്ടെത്തുന്നതിന് സഹായിക്കും. ഇന്ന് നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, വിദഗ്ദ്ധര്‍ പറയുന്നത്, കോടതി വിധികള്‍, രാഷ്ട്രീയക്കാരുടെ അഭിപ്രായങ്ങള്‍, സെലിബ്രിറ്റികളുടെ ജീവിതങ്ങള്‍, പരസ്യങ്ങള്‍, തുടങ്ങി നമ്മുടെ ചെവിയിലും കാഴ്ച്ചയിലും എത്തുന്ന എല്ലാ കാര്യങ്ങളും അതുപോലെ അങ്ങ് വിഴുങ്ങാതെ വിമര്‍ശനാത്മകമായി ചിന്തിച്ചു ശരിയും സത്യവും കണ്ടെത്താന്‍ ശ്രമിക്കുക. കാരണം അസത്യവും അപ്രായോഗികവുമായ ധാരാളം ആശയങ്ങള്‍ നമുക്ക് ചുറ്റും പ്രചരിക്കുന്നുണ്ട്. അവ കേള്‍ക്കുമ്പോള്‍ വളരെ സുഖം തോന്നുന്നതും എന്നാല്‍ അപ്രായോഗികവും ആയിരിക്കും. ചിലത് അനാവശ്യമായി നിരാശ മനുഷ്യരില്‍ കുത്തി നിറക്കുന്നതും ആണ്. ആയതിനാല്‍ വിമര്‍ശനാത്മകമായ ചിന്ത മാനസസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കും.

3.    സ്വയം ചെയ്യാന്‍ സാധിക്കുന്ന, ഒരു വീട്ടില്‍ വേണ്ടുന്ന സാധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് ഒരു ഹോബി ആയും അല്ലാതെയും ചെയ്യാന്‍ ശ്രമിക്കുക. ഇംഗ്ലീഷില്‍ DIY — Do It Your­self എന്ന് പറയും. റെഡിമേഡ് ആയി കിട്ടുന്ന എല്ലാം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും പരമാവധി സാധനങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇത് നമ്മുടെ ജീവിതം കുറേക്കൂടി പ്രവര്‍ത്തന നിരതമാക്കുന്നതിനു സഹായിക്കും. ഇതിനൊക്കെ സമയം കണ്ടെത്തുകയാണ് വേണ്ടത് അല്ലാതെ സമയം ഇല്ല എന്ന് പറയുന്നത് അല്ല. ഇതും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഈ പുതുവര്‍ഷത്തില്‍ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമായ മൂന്ന് കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഇത് ഈ വര്‍ഷം മുതല്‍ പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. അനുഗ്രഹീതമായ ഒരു പുതുവത്സരം നേരുന്നു.

നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം
ഇമെയിൽ: [email protected]

ചിത്രം: രാജേഷ് രാജേന്ദ്രന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.