നാടിന്റെ ഭാവിക്ക് മേൽ ഇരുൾമൂടുന്ന വിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. ലോകത്തും രാജ്യത്തുമെന്ന പോലെ നമ്മുടെ കേരളത്തിലും മയക്കുമരുന്ന് വലിയ രീതിയിൽ പ്രചരിക്കുന്നുവെന്ന യാഥാർത്ഥ്യം കടുത്ത ആശങ്കയുണർത്തുന്നു. കേരളം ആർജിച്ച ഉയർന്ന ജീവിത ഗുണനിലവാരത്തിനും സാമൂഹ്യ പ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. ലഹരി ഉയർത്തുന്ന ആരോഗ്യപരവും മാനസികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തിന്റെ അടിയന്തര കർത്തവ്യമാണ്.
നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ് കേരളത്തിൽ ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കുന്നത്.
നിയമ നടപടികൾക്ക് പുറമെ എന്തുകൊണ്ടാണ് സാമൂഹിക പ്രതിരോധം കൂടി സൃഷ്ടിക്കുന്നത്? മയക്കുമരുന്നിന്റെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങൾ കൂടിയുണ്ട് എന്നതിനാലാണത്. ലോകമാകെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾകൊണ്ടുണ്ടായ മാറ്റങ്ങൾ ഒരു ഭാഗത്ത് ജീവിത വീക്ഷണത്തിൽ വളരെ പ്രതിലോമകരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സമൂഹത്തോട് മാത്രമല്ല ആരോടും പ്രതിബദ്ധതയില്ലാത്ത വ്യക്തിവാദത്താലും കരിയറിസത്താലും ഉപഭോഗ തൃഷ്ണയാലുമെല്ലാം നയിക്കപ്പെടുന്ന ജീവിതാവബോധം ആഹ്ലാദത്തിന്റെയും ആനന്ദത്തിൻറെയും സങ്കല്പങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. സ്വയം മതിമറന്ന് ഉടൻ ആനന്ദം കണ്ടെത്താനുള്ള കുറുക്കുവഴികൾ പുതുതലമുറ തേടുന്നു. ലാഭം പരമപ്രധാനമായിത്തീർന്ന നവലിബറൽ ലോകത്ത് പണമുണ്ടാക്കാൻ ഏത് മാർഗവും അവലംബിക്കുന്നത് അധാർമ്മികമായി കാണുന്നില്ല. മറുഭാഗത്ത് വർധിച്ച ജീവിത സംഘർഷങ്ങൾ, തൊഴിൽപരവും മറ്റുമായ സമ്മർദ്ദങ്ങൾ, കടുത്ത മത്സരങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതത്വവും അതിന്റെയെല്ലാം ഫലമായി കുടുംബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലാകെയുമുണ്ടാകുന്ന ആഘാതങ്ങൾ എന്നിവയെല്ലാം പുതുതലമുറയെ വിശേഷിച്ചും ലഹരിയുടെ കാണാക്കയങ്ങളിൽ വ്യാജ അഭയങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാമൂഹികവശം കണക്കിലെടുക്കാതെ മയക്കുമരുന്നിനെ നിയമനടപടികൾ കൊണ്ടുമാത്രം സമഗ്രമായി നേരിടാനാവില്ല.
കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരെയുള്ള കർശന നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്വയം ഭരണ വാർഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ വിപുലമായ ശൃംഖല തന്നെ സംസ്ഥാനത്താകെ നിലവിൽ വരും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങലയും സൃഷ്ടിക്കും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയും, കാപ്പ രജിസ്റ്റർ തയാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റബാങ്ക് തയാറാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. ഇത്തരക്കാർക്ക് ഇപ്പോൾ ജാമ്യം എളുപ്പമാക്കുന്ന കേന്ദ്രനിയമത്തിൽ (എന്‍ഡിപിഎസ് ആക്ട്) ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടുകഴിഞ്ഞു.
കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകൾ പുതുതലമുറ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് പിടിയിലായ കേസുകൾ പരിശോധിച്ചതിൽ നിന്നും മനസിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്തുവാൻ എളുപ്പമുളളതും, ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാവുക. പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂർവമുള്ള പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാനാകില്ല. മാത്രമല്ല, കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഹിംസ, കൊടുംക്രൂരത എന്നിവയിലേക്കുമെല്ലാം മയക്കുമരുന്ന് ഉപയോഗം നയിക്കുന്നു. വിദ്യാർത്ഥികളെയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.
ലഹരിക്കെതിരെയുള്ള ബോധവല്ക്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും ലഹരിക്ക് അടിമകളായവർക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമുക്ക് വിജയിക്കാനാകൂ. സ്കൂളുകളിലും പൊതുവിടങ്ങളിലുമുള്ള എക്സൈസിന്റെയും പൊലീസിന്റെയും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലുമുള്ള അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാർഗം. മഹാഭൂരിപക്ഷവും കൗതുകം മൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത് എന്നാണ് എക്സൈസ് വകുപ്പ് കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ലഹരിക്കെതിരെയുള്ള സാമൂഹ്യ പ്രതിരോധമാണ് അനിവാര്യമായ മാർഗം. സർക്കാർ വിപുലമായി ഈ ക്യാമ്പയിൻ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ കണ്ണിചേരാൻ ഓരോ വ്യക്തിയും തയാറാകണം.
മയക്കുമരുന്ന് വ്യാപനവും ഉപയോഗവും കേരളത്തിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് കേരളം. രാജ്യത്ത് അടുത്ത കാലത്ത് വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. ഗുജറാത്തിൽ ഈ ഓഗസ്റ്റ് 16ന് പിടിച്ചത് 1026കോടി രൂപയുടെ മയക്കുമരുന്നാണ്. മുംബൈ പൊലീസാണ് ഗുജറാത്തിലെത്തി ഇത് റെയ്ഡ് ചെയ്ത് പിടിച്ചത്. 2021 സെപ്റ്റംബർ 22ന് 21,000കോടിയുടെ ഹെറോയിൻ ഗുജറാത്തിലെ തന്നെ മുന്ദ്ര തുറമുഖത്ത് നിന്ന് പിടികൂടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് പോയ ബോട്ടുകളിൽ കടത്തുകയായിരുന്ന 1526 കോടിയുടെ 218 കിലോ ഹെറോയിൻ ലക്ഷദ്വീപ് തീരത്ത് 2022 മേയ് 20ന് പിടിച്ചു. രാജ്യത്തേക്ക് വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്ത് അതിരൂക്ഷമാണ് എന്നാണ് ഈ വാർത്തകളിലൂടെ മനസിലാക്കേണ്ടത്. പല സംസ്ഥാനങ്ങളിലേക്കും വലിയ തോതിൽ എത്തുന്ന ഈ മയക്കുമരുന്ന്, ചെറിയ അളവുകളാക്കിയാണ് വിതരണം ചെയ്യുന്നത്. ഈ മയക്കുമരുന്ന് കേരളത്തിലും എത്തുന്നുണ്ട്. എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമൂഹ്യമായ പ്രതിരോധത്തിലൂടെയും ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കണം.
മയക്കുമരുന്ന് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്നു എന്നതിന് എക്സൈസിന്റെ ശക്തമായ ഇടപെടൽ നടക്കുന്നു എന്നുകൂടി അർത്ഥമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് കൊണ്ട് കൂടിയാണ്. 2021 വർഷത്തിൽ 3922 കേസുകൾ കണ്ടെടുത്ത സ്ഥാനത്ത് 2022 ൽ ഇതിനകം തന്നെ 3668 കേസുകൾ കണ്ടെടുത്തിട്ടുണ്ട്. 2021 ൽ 6.130 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തപ്പോൾ, 2022ൽ ഇതിനകം തന്നെ 5.71 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 3104 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന മയക്കുമരുന്ന് കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പും പൊലീസ് ഉൾപ്പെടെയുളള മറ്റ് ഏജൻസികളും ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്.
സ്കൂളുകളും കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവല്ക്കരണ പ്രചാരണ പരിപാടികളും എക്സൈസും വിമുക്തി മിഷനും ചേർന്ന് സംസ്ഥാനത്താകെ നടപ്പിലാക്കുന്നുണ്ട്. വിമുക്തി ക്ലബ്ബുകളും കൗൺസിലിങ്ങും കായിക പരിശീലനവും തുടങ്ങിയ പദ്ധതികളും ബോധവല്ക്കരണവും ശക്തമാണ്. കുട്ടികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിൽ ഓൺലൈൻ ഡെലിവറി നടത്തുന്ന ആളുകളുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കുന്നുണ്ട്. വിദ്യാർത്ഥികളും യുവാക്കളും ലഹരിക്കhttps://www.facebook.com/janayugomdaily/videos/816161812845267ടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധ പ്രവർത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ നൽകുന്നതിന് 9447178000, 9061178000 എന്നീ നമ്പറുകളിൽ വിളിച്ച് ആർക്കും ഇത്തരം വിവരങ്ങൾ കൈമാറാനാകും.
ലഹരിക്ക് അടിപ്പെട്ടവരെ മോചിപ്പിക്കാനും സാമൂഹ്യമായ ഇടപെടൽ അനിവാര്യമാണ്. വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി ചേർന്ന് 14 ജില്ലകളിലും സ്ഥാപിച്ച ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. 2022ൽ ഓഗസ്റ്റ് വരെ 77,781 പേർക്ക് ഒപിയിലും 6593 പേർക്ക് ഐപിയിലും ചികിത്സ നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാതലത്തിലും കൗൺസിലിങ്, ഡീ അഡിക്ഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 14405 എന്ന ടോൾ ഫ്രീ നമ്പറുമുണ്ട്.
സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി നേരിടാൻ ശക്തമായ നടപടികൾ തുടരുകയാണ്. മയക്കുമരുന്ന് വിതരണവും കടത്തും തടയുന്നതിനായി രഹസ്യ നിരീക്ഷണവും ശക്തമായ എൻഫോഴ്സംമെന്റ് പ്രവർത്തനവും ചെക്ക്പോസ്റ്റുകളിൽ കർശന വാഹന പരിശോധനയും നടക്കുന്നുണ്ട്. എൻഡിപിഎസ് കേസുകളിലെ മുൻ പ്രതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർ തുടർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ആദിവാസി-തീരദേശ മേഖലകളിലും അതിഥി തൊഴിലാളികൾക്കിടയിലും ലഹരി വർജന പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. യുവാക്കളിലും കുട്ടികളിലും കായികശേഷി വർധിപ്പിക്കുന്നതിനും അഭിലഷണീയമായ പ്രവണതകളിൽ ഏർപ്പെടാതിരിക്കുന്നതിനും ഫിറ്റ്നസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതടക്കമുള്ള വൈവിധ്യമാർന്ന നടപടികൾ സ്വീകരിക്കും.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയാറാകണം. നമ്മുടെ യുവതയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി കേരളം അണിനിരക്കണം. മയക്കുമരുന്നിന് അടിമയായ, ചേതനയറ്റ ഒരു യുവസമൂഹമല്ല നമുക്ക് വേണ്ടത്. ഊർജസ്വലതയുള്ള, കർമ്മശേഷിയുള്ള യുവതലമുറയ്ക്ക് മാത്രമേ നവകേരളത്തിന്റെ നായകരാകാൻ കഴിയൂ. സഹജീവി സ്നേഹം, സാമൂഹിക പ്രതിബദ്ധത, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജീവിതത്തിനുള്ളിൽ നിന്നുതന്നെ ആനന്ദം കണ്ടെത്താൻ നമ്മുടെ യുവത്വത്തിന് കഴിഞ്ഞാൽ ജീവിതബാഹ്യവും കൃത്രിമവുമായ ആനന്ദത്തിനായി ബോധം മറയേണ്ടിവരില്ല. മയക്കുമരുന്നിനും മാരകലഹരിക്കുമെതിരായ പോരാട്ടം നമ്മുടെ ജീവിതത്തിന് അർത്ഥം കണ്ടെത്താനും ഭാവി തലമുറയ്ക്ക് കരുതലൊരുക്കാനുമുള്ളതാണ്. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണം. ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.