വിട പറയുന്നവർ കൊണ്ടുപോകുന്നത് സ്നേഹിച്ചവരുടെ ജീവിതത്തിന്റെ അംശങ്ങൾ കൂടിയാണ്. നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ ഒരധ്യായം കൂടി. 1995ലാണ് ആദ്യമായി സാറാ തോമസ് എന്ന സാറ ചേച്ചിയെ കാണുന്നത്. ഗീതച്ചേച്ചി എന്ന ഗീതാ നസീർ തിരുവനന്തപുരത്തെ എഴുത്തുകാരികളെ ഒരുമിച്ച് കൂട്ടി ട്രിവാന്‍ഡ്രം വിമന്‍ റെെറ്റേഴ്സ് ഫോറം ഉണ്ടാക്കിയപ്പോൾ. സുഗത കുമാരി, സാറാ തോമസ്, ചന്ദ്രമതി, ലളിത ലെനിൻ, വിമലമേനോൻ, സി കെ ലില്ലി, ടി ഗിരിജ തുടങ്ങി നിരവധി എഴുത്തുകാരികൾ ആ കൂട്ടായ്മയിൽ ഉണ്ടായിരുന്നു. ഓരോരുത്തരും എഴുതുന്ന പുതിയ കഥകൾ, കവിതകൾ വായിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും പിറന്നാളുകൾ ആഘോഷിച്ചും അവാർഡുകൾ കിട്ടുമ്പോൾ ഒരുമിച്ച് സന്തോഷിച്ചും സ്നേഹിക്കാവുന്നിടത്തോളം സ്നേഹിച്ചും ഞങ്ങൾ ജീവിച്ചൊരു കാലം. കൂട്ടത്തിൽ ചെറിയത് എന്ന പരിഗണനയിൽ ആവോളം വാത്സല്യമാണ് എനിക്ക് കിട്ടിയിരുന്നത്. ആദ്യ പുസ്തകത്തിനു ശേഷം എഴുത്തിൽ നിന്ന് മാറി നിന്നിരുന്ന എന്നെ തുടർന്നെഴുതാൻ പ്രേരിപ്പിച്ചതും ആ കൂട്ടായ്മയായിരുന്നു.
കുതിരമാളികയിലെ മലയാളത്തിലെ എഴുത്തുകാരികളുടെ സംഗമത്തിൽ തുടങ്ങി സുഗതകുമാരിയുടെ 82-ാം പിറന്നാളിന് സംഘടിപ്പിച്ച പവിഴമല്ലി വരെ എത്രയെത്ര പരിപാടികൾ. എല്ലാത്തിലും നിറസാന്നിധ്യമായി സാറാ തോമസ് ഉണ്ടായിരുന്നു, ആവേശം പകർന്നും നിർദേശങ്ങൾ നൽകിയും ഒരിക്കലും വറ്റാത്ത ഊർജമായി. ഹൃദയനൈർമ്മല്യവും അഹങ്കാരം ഒട്ടുമേ ഇല്ലാത്ത സ്വഭാവവും നന്ദാവനത്തിലെ അവരുടെ വീട്ടിലേക്ക് ചെല്ലുന്നത് ആനന്ദപ്രദമാക്കിയിരുന്നു. തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഞങ്ങൾ നട്ടുവളർത്തുന്ന നീർമാതളത്തിന് വീട്ടിൽ നിന്ന് കുപ്പിയിൽ വെള്ളവുമായി മുടങ്ങാതെ എത്തിയിരുന്ന സാറ ചേച്ചി. ആ മനോഹരമായ ചിരിയിൽ മയങ്ങി അവർ പകർന്ന വെള്ളം കുടിച്ചു വളർന്ന നീർമാതളം… അതിന്റെ ചുവട്ടിലെ സായാഹ്നങ്ങൾ. അപൂർവ്വമായ ഒരു കൂട്ടായ്മയിൽ നിന്ന് ഓരോരുത്തരായി പോകുകയാണ്. സുഗതകുമാരി ടീച്ചർ, വിമലചേച്ചി ഇപ്പോൾ സാറ ചേച്ചിയും…
സാറചേച്ചിയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്കിയ വേളയിൽ ഞങ്ങൾ ഒത്തുകൂടി. അന്ന് പലരും ചോദിച്ചൊരു ചോദ്യമുണ്ട്. “സാറാ തോമസിന്റെ കൃതികൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?”. ഒരു ചിരിയിൽ സാറ ചേച്ചി അതിനും മറുപടി നൽകി. “വായിക്കേണ്ടവർ വായിക്കും”. അതേ, സാറ ചേച്ചിക്ക് വെപ്രാളമില്ലായിരുന്നു.
ദൈവമക്കൾ എഴുതിയ സാഹചര്യം അന്ന് അവർ വ്യക്തമാക്കി. എത്രയോ നാൾ അതിന് വേണ്ടി പഠിക്കുകയും ദൈവമക്കളോടൊപ്പം താമസിക്കുകയും ചെയ്ത അനുഭവങ്ങൾ. മുപ്പത്തിനാലാമത്തെ വയസിലാണ് ആദ്യത്തെ നോവൽ അവർ എഴുതിയത്. “ജീവിതം എന്ന നദി ” എന്നായിരുന്നു അതിന്റെ പേര്. ഇരുപതോളം നോവലുകൾ അവർ എഴുതിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധ നേടിയത് ‘നാർമടിപ്പുടവ തന്നെ. 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നാർമടിപുടവയ്ക്ക് ആയിരുന്നു. “മുറിപ്പാടുകൾ” എന്ന നോവൽ പി എ ബക്കർ ‘മണിമുഴക്കം’ എന്ന പേരിൽ സിനിമയാക്കി. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. അസ്തമയം, പവിഴമുത്ത്, അർച്ചന തുടങ്ങിയ നോവലുകളും സിനിമയാക്കപ്പെട്ടു. എഴുത്തിന്റെ ലോകത്ത് സൗമ്യസാന്നിധ്യമായി നിലനിന്നിരുന്ന പ്രഗത്ഭ വ്യക്തിത്വമാണ് വിടപറഞ്ഞത്. അവരുടെ കൃതികൾ വീണ്ടും വീണ്ടും വായിക്കപ്പെടും എന്നത് ഉറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.