20 September 2024, Friday
KSFE Galaxy Chits Banner 2

സ്ത്രീകളെ രണ്ടാംതരക്കാരാക്കി മാറ്റുന്നതിനെതിരെയുള്ള ശക്തമായ ഒരു താക്കീത്; കരുത്തിന്റെ പുസ്തകം

Janayugom Webdesk
September 1, 2024 11:43 am

മനുഷ്യൻ മനുഷ്യനെ അടിച്ചമർത്തരുതെന്ന പ്രവാചക വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് സ്ത്രീകളെ രണ്ടാംതരക്കാരാക്കി മാറ്റുന്നതിനെതിരെയുള്ള ശക്തമായ ഒരു താക്കീതാണ് അഡ്വ. എ നസീറയുടെ ഉച്ചാടനം എന്ന നോവൽ. വിശുദ്ധ ഖുർആനിൽ ഭർത്താവ് എന്ന ഭരിക്കുന്ന നാമമോ ഭാര്യ എന്ന ഭരിക്കപ്പെടുന്ന നാമമോ ഇല്ല. പകരം ഇണ (സൗജ്) എന്നാണ് പ്രയോഗം. ആണിനെയും പെണ്ണിനെയും ഒരു സത്തയിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും ആദാമിന്റെ വാരിയെല്ലിൽ നിന്നല്ല പെണ്ണ് പിറന്നതെന്നും വേദം ഖണ്ഡിതമായി പറയുന്നെങ്കിലും ആൺകോയ്മയുടെ അപ്പോസ്തലന്മാരാണ് മതപണ്ഡിതരിലേറെയും. എല്ലാ മതനിയമങ്ങളും ആണുണ്ടാക്കി, ആണിനെ സംരക്ഷിച്ചു. അവർ പെണ്ണിന് കല്പിച്ച അരുതായ്മകൾക്ക് കണക്കില്ല. മഹർ കൊടുത്ത് പെണ്ണിനെ നിക്കാഹ് ചെയ്യണമെന്ന് കല്പിച്ചവർ ലക്ഷങ്ങൾ സ്ത്രീധനമായി പിടുങ്ങി. ഭർത്താവിന് സേവനം ചെയ്ത് സ്വർഗം നേടാൻ ഭാര്യയെ പ്രേരിപ്പിച്ചു. മാരൻ മണ്ണിലായാൽ നാലുമാസം നാല്പത് ദിവസം മറയിലിരിക്കുന്നത് അവൾ മാത്രം. അവൾ മരിച്ചാൽ അവന് അന്നുതന്നെ വിവാഹിതനാകാം. കാരണവും ഒപ്പിച്ചു — അവന് ഗർഭസാധ്യത ഇല്ലല്ലോ. ആർത്തവ വിരാമമിട്ടവരും ആചരിക്കണമത്രെ ‘ഇദ്ദ’. വേദത്തെ എങ്ങനെയാണ് പച്ചയ്ക്ക് സ്ത്രീവിരുദ്ധമാക്കുന്നത് എന്ന് കാണാൻ ഈ നോവലിലെ സ്ത്രീ ജീവിതങ്ങൾ തെളിവ് തരും. 

പെണ്ണിനെ പി‌ന്നാക്കം മാറ്റിനിർത്തുന്നത് ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ മാത്രം രീതിയല്ലെന്ന് നസീറ വ്യക്തമാക്കുന്നു. “പ്രഹരിച്ചാലും കൊന്നാലും അവൾ സഹിച്ചാൽ മാലോകര്‍ പറയും പാവം പെണ്ണ്. അവൾ പ്രതികരിച്ചാലോ സ്ത്രീകളടക്കം നാവുകൾ ചൊല്ലും അഹങ്കാരി പെണ്ണെന്ന്.”
സ്ത്രീ ജീവിതങ്ങളുടെ കഥ പലരും പലവുരു പറഞ്ഞിട്ടുണ്ട്. ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയും കെ ആർ മീരയുമൊക്കെ. എന്നാൽ പറഞ്ഞ് കണ്ണീർവാർത്താൽ പോരാ എന്ന് ഉച്ചാടനം ചൂണ്ടിക്കാട്ടുന്നു. മതം മദമാക്കി മാറ്റിയവരുടെ കാലത്ത് പൊള്ളുന്ന ചോദ്യങ്ങളാണ് എഴുത്തുകാരി ഉന്നയിക്കുന്നത്. മതത്തിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങളെ ഈ നോവൽ ശക്തമായി പുറത്തുകൊണ്ടുവരുന്നു. അവളെ അവഗണിക്കുന്നതിനെതിരെ ശക്തമായി പൊരുതണം; അത്തരമൊരു പോരാട്ടത്തിന്റെ കഥ കൂടിയാണ് ഉച്ചാടനം.
ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ എന്ന കവി വാക്യത്തെ ഓർമ്മിപ്പിക്കും വിധം ഒരുമിച്ച് ജീവിച്ച ഭിന്നമത ദമ്പതിമാർക്ക് ജനിച്ച പൂജ ബാനു നേരിടുന്ന മതതിട്ടൂരങ്ങളും അതിനെതിരെയുള്ള പ്രതിരോധങ്ങളുമാണ് ഈ നോവലിൽ പരന്നൊഴുകുന്നത്. പൂജയെപ്പോലെ ശക്തമായ മറ്റൊരു കഥാപാത്രമാണ് മാലിന്യം നീക്കം ചെയ്യാൻ വിധിക്കപ്പെട്ടവളായ കാഞ്ചന. ഉന്നതരെ‌ന്ന് കരുതപ്പെടുന്ന സമൂഹം അവൾക്കെതിരെ വലിച്ചെറിയുന്ന മാലിന്യത്തെ ഇല്ലാതാക്കിക്കൊണ്ട് അതിജീവനത്തിന്റെ പ്രതീകമായി കാഞ്ചന നിലകൊള്ളുന്നു. 

കെട്ടുകളിലൂതുന്ന ദുർമാർഗികളെ ശപിച്ച അതേ ഖുർആന്റെ വാഹകർ കെട്ടുകളിൽ ഊതുന്നവരെയും മന്ത്രങ്ങളിലൂടെ ഭ്രാന്ത് മാറും എന്നു പറയുന്നവരെയും ദിവ്യന്മാരാക്കിയിരിക്കുന്നതിനെ നോവൽ പരിഹസിക്കുന്നു. രാവിന്റെ മറവിൽ അവർ കാണിച്ചുകൂട്ടുന്ന രതിവൈകൃതങ്ങളെ നോവലിൽ പച്ചയായി ചേർത്തുവച്ചിട്ടുണ്ട്. കഥാപാത്രമായ മെഹറിന പറയുന്നു: ‘സ്ത്രീയായി പിറവികൊണ്ടവരെ മാത്രം ബന്ധിതയാക്കാൻ നിർമ്മിച്ച ചരട് അവളെ മാത്രം വേദനിപ്പിക്കുന്ന ചരട് അതങ്ങനെ തന്നെ തൂങ്ങി നിന്നോട്ടെ. താങ്കളത് ഇങ്ങോട്ട് കൊണ്ടുവന്ന് മെനക്കെടേണ്ട കാര്യമില്ല. വേണമെങ്കിൽ അതെടുത്ത് ചാട്ടവാറാക്കി നിങ്ങളുടെ വർഗത്തിനുമേൽ തന്നെ പ്രയോഗിച്ചാൽ, ഒരുപക്ഷെ നിങ്ങളിലേറ്റ ബാധ ഒഴിഞ്ഞുപോകും. ഞങ്ങൾക്ക് വേണ്ടത് നേർത്ത ഇഴകൾ കൊണ്ടുള്ള വർണാഭമായ നൂലുകളാണ്. അതു ഞങ്ങൾ തന്നെ നെയ്തുകൊള്ളാം.’ അങ്ങനെ സ്ത്രീ ഉണർന്നെഴുന്നേറ്റേ മതിയാകൂ എന്ന് ഓരോ കഥാപാത്രത്തെക്കൊണ്ടും പറയിപ്പിച്ചുകൊണ്ടാണ് നോവൽ പോരാടുന്നത്. ഈ നോവലിൽ സത്യസന്ധമായ രാഷ്ട്രീയമുണ്ട്. കരുത്താർന്ന സാമൂഹിക വിമർശനമുണ്ട്. മലയാളഭാഷയുടെ അതിരുകൾക്കപ്പുറം ചർച്ച ചെയ്യപ്പെടേണ്ടതാണിത്.

ഉച്ചാടനം
(നോവൽ)
അഡ്വ. എ നസീറ
ചിന്ത പബ്ലിഷേഴ്സ്
വില: 380 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.