25 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 18, 2025
March 8, 2025
March 1, 2025
February 12, 2025
December 13, 2024
August 15, 2024
March 18, 2024
January 21, 2024
December 2, 2023

പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്ന യുദ്ധോത്സുക അന്തരീക്ഷം

Janayugom Webdesk
February 23, 2022 5:00 am

ലോകത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ പിടി തെല്ലൊന്നു അയയുകയും ജനതകളും സമ്പദ്ഘടനകളും ഭാവിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് രണ്ടാം ലോകയുദ്ധത്തിന് ശേഷം മറ്റൊരു യുദ്ധത്തിന്റെ കാർമേഘം യൂറോപ്പിനുംമേൽ കനക്കുന്നത്. കിഴക്കൻ ഉക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുള്ള ഡോണട്സ്ക്, ലുഹാൻസ്ക് എന്നീ സ്വയംപ്രഖ്യാപിത ജനകീയ റിപ്പബ്ലിക്കുകളെ അംഗീകരിച്ചുകൊണ്ടും അവിടേക്കു സമാധാന സംരക്ഷണ സേനയെ അയക്കാൻ ഉത്തരവിട്ടും വ്ലാദിമിർ പുട്ടിന്റെ റഷ്യൻ വിത്തപ്രഭുത്വ ഭരണം യുദ്ധസാധ്യതകൾക്കു ആക്കം കൂട്ടിയിരിക്കുകയാണ്. ഡോൺബാസ് മേഖലയില്‍ ഭൂരിപക്ഷം വരുന്ന ഉക്രെയ്‌നിലെ റഷ്യൻ വംശജരായ ന്യൂനപക്ഷത്തോട് റഷ്യൻ ജനതയുടെ അനുഭാവവും ഐക്യദാർഢ്യവും വൈകാരികതയും ആർക്കും ഊഹിക്കാവുന്നതേയുള്ളു. അതിനെ മുതലെടുത്ത് അധികാരവും താൻ വളർത്തിയെടുത്ത വിത്തപ്രഭുത്വ രാഷ്ട്രീയ സംവിധാനവും ശാശ്വതമാക്കാനുള്ള വ്യാമോഹത്തിലാണ് പുട്ടിൻ. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള എല്ലാ മാർഗവും അടയ്ക്കുന്ന പാശ്ചാത്യ നിലപാട് സ്വന്തം ജനങ്ങൾക്കും ലോകത്തിനുതന്നെയും ദ്രോഹകരമാണ്. യൂറോപ്യൻ വന്‍കരയിലെ മുഖ്യ സാമ്പത്തിക ശക്തികളായ ഫ്രാൻസും ജർമനിയുമടക്കം ആരും ആഗ്രഹിക്കാത്തതും നയതന്ത്ര മാർഗത്തിലൂടെ പരിഹാരം കാണേണ്ടതുമായ പ്രശ്നത്തെയാണ് യുദ്ധത്തിന്റെ വക്കിലേക്കു യുഎസിന്റെ സാമ്പത്തിക താല്പര്യങ്ങൾ വലിച്ചിഴച്ചിരിക്കുന്നത്. ഉക്രെയ്‌നിൽ 2014‑ൽ സംഭവിച്ച രാഷ്ട്രീയ അട്ടിമറിക്കും തുടർന്നുണ്ടായ ആഭ്യന്തര വംശീയ പ്രശ്നങ്ങൾക്കും പരിഹാരമായി യൂറോപ്യൻ സുരക്ഷാ, സഹകരണ സംഘടനയുടെയും (ഓഎസ്‌സിഇ) ഫ്രാൻസ്, ജർമനി എന്നിവയുടെയും മധ്യസ്ഥതയിൽ ഉണ്ടാക്കിയ മിൻസ്ക് കരാർ നടപ്പാക്കാൻ ഉക്രെയ്‌നും അവിടത്തെ തീവ്ര ഫാസിസ്റ്റ് വലതുപക്ഷവും യുഎസിന്റേയും യുകെയുടെയും പിന്തുണയോടെ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.


ഇതുകൂടി വായിക്കാം; ഉക്രെയ്ൻ: ഏകധ്രുവലോകം ചരിത്രമാകുന്നു


നേർരേഖയിൽ ആറായിരത്തില്പരം കിലോമീറ്റർ അകലെയുള്ള യുഎസിന് യൂറോപ്പ് ആയുധവും ഇന്ധനവും അടക്കം തങ്ങളുടെ ഉല്പന്നങ്ങളുടെ ആദായകരമായ വിപണിയാണ്. റഷ്യയും ഇപ്പോൾ അവരെ പിന്തുണയ്ക്കുന്ന ലോക സാമ്പത്തിക ശക്തിയുമായ ചൈനയും ആ വിപണിയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനെ യു എസ് കടുത്ത ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. ചൈന തങ്ങളുടെ വ്യാവസായിക, ഉപഭോഗ ഉല്പന്നങ്ങളുടെയും റഷ്യ തങ്ങളുടെ പ്രകൃതിവാതകമടക്കം ഇന്ധനങ്ങളുടെയും മുഖ്യ വിപണിയായി യൂറോപ്പിനെ ഇതിനകം മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഉപഭോഗ ഉല്പന്നങ്ങളുടെ മേഖലയിൽ ചൈനയോടും പ്രകൃതിവാതക ഇന്ധനരംഗത്ത് റഷ്യയോടും മത്സരിച്ചു വിജയിക്കാൻ യുഎസിന് ആവില്ല. അതുകൊണ്ട് യൂറോപ്പിനുമേൽ തങ്ങളുടെ രാഷ്ട്രീയസൈനിക ആധിപത്യം നിലനിർത്തുകയാണ് അവശേഷിക്കുന്ന മാർഗം. അതാവട്ടെ തങ്ങളുടെ ആയുധങ്ങളുടെയും ഷെയിൽ എണ്ണയും വാതകവുമടക്കം ഉല്പന്നങ്ങളുടെയും സ്ഥായിയായ വിപണി ആയിരിക്കും യുഎസിന് ഉറപ്പുനൽകുക. ആ ല­ക്ഷ്യം­ ഉറപ്പുവരുത്താൻ ബൈഡൻ ഭരണകൂടത്തിനുമേൽ യുദ്ധ, ഇന്ധന വ്യവസായ ലോബിയുടെ കടുത്ത സമ്മർദ്ദമാണ് ഉള്ളത്. നാറ്റോ സഖ്യശക്തികളുടെ അംഗസംഖ്യയും സ്വാധീനവും വിപുലമാക്കാനുള്ള ശ്രമമാണ് ഉക്രെയ്‌ന്‍ പ്രതിസന്ധിയിലൂടെ മറനീക്കി പുറത്തുവരുന്നത്. അത് ആത്യന്തികമായി രണ്ടാം ലോകയുദ്ധത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആയുധ പന്തയത്തിലേക്കും ഊർജ പ്രതിസന്ധിയിലേക്കുമായിരിക്കും ലോകത്തെ നയിക്കുക. ഉക്രെയ്‌ന്‍ പ്രതിസന്ധി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക പ്രവാഹം തടയുന്നതിൽ കലാശിച്ചാൽ യുറോപ്പും ലോകവും അതിനു വലിയവില നൽകേണ്ടിവരും.


ഇതുകൂടി വായിക്കാം; ‘ഇനിയൊരു യുദ്ധം വേണ്ട’…


യൂറോപ്പിലെ ഇന്ധന ആവശ്യങ്ങൾക്കു അവർ ഇതര സ്രോതസുകൾ ആശ്രയിക്കേണ്ടിവരുന്നത് ഇന്ത്യയടക്കം അതിവേഗം വളരുന്ന സമ്പദ്ഘടനകൾക്കു കനത്ത ആഘാതമായി മാറും. ഉക്രെയ്‌ന്‍ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇന്ത്യ അവലംബിച്ച നിലപാട് യുഎസിനും യുകെയ്ക്കും അസ്വാരസ്യം ഉണ്ടാക്കുമെങ്കിൽപോലും അത് സന്തുലിതവും, സ്വതന്ത്രവും, നയതന്ത്ര പരിഹാരത്തിൽ ഊന്നിയുള്ളതുമാണ് എന്നത് ശ്രദ്ധേയമാണ്. അത് റഷ്യയുടെ സുരക്ഷിതത്വത്തിനുള്ള അവകാശത്തെ അംഗീകരിക്കുന്നതോടൊപ്പം പ്രശ്നത്തിൽ ആത്മനിയന്ത്രണത്തോടെയുള്ള നയതന്ത്ര മാർഗത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. സങ്കീർണമായ പ്രശ്നത്തിൽ നയതന്ത്ര പരിഹാരം തന്നെയാണ് ചൈനയും മുന്നോട്ടുവയ്ക്കുന്നത്. യുദ്ധോത്സുകതയുടെ ശക്തികൾ ന്യൂനപക്ഷവും സമാധാനത്തിന്റെ ശക്തികൾ മഹാഭൂരിപക്ഷവും ആണെന്ന് ചരിത്രം ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് സമാധാനകാംക്ഷികൾക്ക് എല്ലായ്പ്പോഴും പ്രതീക്ഷ നൽകുന്നത്.

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.