24 December 2024, Tuesday
KSFE Galaxy Chits Banner 2

അസമത്വ ലോകവും ഇന്ത്യയിലെ അസമത്വത്തിന്റെ നേർക്കാഴ്ചയും

ഡോ. കെ പി വിപിൻ ചന്ദ്രൻ
മാനവീയം
December 14, 2021 5:18 am

കോവിഡ് സൃഷ്ടിച്ച സാമൂഹിക‑സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോകസമ്പദ്‌വ്യവസ്ഥ കരകേറാൻ ശ്രമിക്കുന്നതിനിടയിലാണ് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കിലുള്ള അസമത്വമുണ്ടെന്ന സൂചനയോടെ ലോക അസമത്വ ലാബ് (വേൾഡ് ഇനിക്വാലിറ്റി ലാബ്) റി­പ്പോര്‍ട്ട് പുറത്തുവന്നത്. 2021 ഡിസംബർ ഏഴാം തീയതിയാണ് ലോക അസമത്വ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകജനസംഖ്യയുടെ വെറും രണ്ടു ശതമാനം മാത്രമുള്ള ശതകോടീശ്വരന്മാർ ആ­ഗോള സമ്പത്തിന്റെ 76 ശതമാനം കൈവശം വയ്ക്കുമ്പോൾ ലോക ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്ര്യ ജനസംഖ്യ ലോകസമ്പത്തിന്റെ രണ്ട് ശതമാനം മാത്രമേ കൈയാളുന്നുള്ളുവെന്ന യാഥാർത്ഥ്യം ആഗോള തലത്തിലെ അസമത്വത്തിന്റെ തീവ്രതയിലേക്ക് വെളിച്ചം വീശുന്നു. ലൂക്കാസ് ചാൻസലിന്റെ നേതൃത്വത്തിൽ തോമസ് പിക്കറ്റി, ഇമ്മാനുവൽ സയെസ്, ഗബ്രിയേൽ സുക്ക്മാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.
ലോക അസമത്വ റിപ്പോർട്ടിന്റെ മുഖവുര തയാറാക്കിയത് പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രജ്ഞരും നൊബേൽ പുരസ്ക്കാര ജേതാക്കളുമായ അഭിജിത്ത് ബാനർജിയും എസ്തർ ഡുഫ്ളോയുമാണ്. ലോകത്തിന് നേരെ ഉയർത്തിപ്പിടിച്ച കണ്ണാടിയിൽ കാണുന്ന വാർത്തകൾ സ്ഥിരമായി മോശമാകുകയും അത് ഉയർത്തി കാട്ടുകയും ചെയ്യുമ്പോൾ നമുക്ക് ഒഴികഴിവുകൾ കണ്ടെത്താൻ എളുപ്പമാണെന്ന് ആമുഖത്തില്‍ ഇവർ സൂചിപ്പിക്കുന്നുണ്ട്.
ആഗോള ജനസംഖ്യയുടെ 10 ശതമാനം വരുന്ന ഏറ്റവും ധനികരായവർ ആഗോളവരുമാനത്തിന്റെ 52 ശതമാനം കയ്യിൽ വയ്ക്കുമ്പോൾ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രർക്ക് എട്ട് ശതമാനം മാത്രമേ സമ്പാദിക്കുവാൻ സാധിക്കുന്നുള്ളു. സമ്പന്നരായ 10 ശതമാനം ആഗോള സമ്പത്തിന്റെ 76 ശതമാനം കൈവശം വെക്കുമ്പോൾ 82 ശതമാനം വരുന്ന ദരിദ്ര ജനവിഭാഗങ്ങൾ ആഗോളസമ്പത്തിന്റെ വെറും രണ്ടു ശതമാനത്തിലേക്കും ഒതുങ്ങുന്നു. ആഗോള തലത്തിൽ ഒരു വ്യക്തിയുടെ ശരാശരി വരുമാനം 14,23,240 രൂപയും (16,700 യൂറോ) ശരാശരി വ്യക്തിഗത സമ്പത്ത് 62,12,829 രൂപയുമാണ്. എന്നാൽ ഈ ശരാശരി കണക്കുകൾ രാജ്യങ്ങൾ തമ്മിലും രാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങളെ പരിഗണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

 


ഇതുകൂടി വായിക്കൂ: മോഡിയുടെ നയം ഇന്ത്യയിൽ അസമത്വം വർധിപ്പിച്ചു


 

ആഗോള തലത്തിൽ 1980നു ശേഷം സ്വീകരിച്ച നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങൾ മൂലം വരുമാനത്തിലും സമ്പത്തിലും അന്തരം സൃഷ്ടിക്കുന്നതിന് കാരണമായി. ഇത് പല രാജ്യങ്ങളിലും ഉയർന്ന തോതിലുള്ള അസമത്വം സൃഷ്ടിച്ചു. ഇന്ത്യ, റഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ സാമ്പത്തിക അസമത്വം അതിന്റെ പരകോടിയിലെത്തിയെങ്കിൽ യൂറോപ്പിലും ചൈനയിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് അസമത്വം പ്രകടമായിരുന്നത്.
സാമ്പത്തിക അസമത്വത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് സ്വകാര്യ സമ്പത്തിന്റെ വളർച്ച. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ സ്വകാര്യ സമ്പത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. പൊതുസമ്പത്തിന്റെ വലിയൊരു ഭാഗം സ്വകാര്യമേഖലയിലേക്ക് മാറ്റുന്നതിനാൽ സ്വകാര്യ വ്യക്തികളുടെയോ കുത്തകകളുടെയോ ധനസമാഹരണത്തിന് ഇത് കാരണമായി മാറി.
കഴിഞ്ഞ ദശകത്തില്‍ സ്വകാര്യ സമ്പത്തിൽ ഏറ്റവും വലിയ വർധനവ് നേടിയത് ചൈനയാണ്. 1980കളിൽ ഇന്ത്യയിലെ സ്വകാര്യ സമ്പത്തി­ന്റെ വളർച്ച 290 ശതമാനമായിരുന്നത് 2020 ൽ എത്തുമ്പോൾ 560 ശതമാനത്തിലേക്ക് എത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ലോ­ക രാജ്യങ്ങളിലെ അതിസമ്പന്നരായ 10 ശതമാനത്തിന്റെയും ദരിദ്രരായ 50 ശതമാനത്തിന്റെയും ശരാശരി വരുമാന വിടവ് എട്ടര മടങ്ങിൽ നിന്ന് പതിനഞ്ച് മടങ്ങായി വർധിക്കുന്നതായി കാണാം.
സമ്പന്നരായ വരേണ്യവർഗമുള്ള ഇന്ത്യ ദാരിദ്ര്യവും ഉയർന്ന രീതിയിലുള്ള അസമത്വവുമുള്ള രാജ്യമായി മാറിയെന്ന് ഈ റിപ്പോർട്ട് തിരിച്ചറിയുന്നു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന 10 ശതമാനത്തിനും താഴെയുള്ള 50 ശതമാനത്തിനും ഇടയിലുള്ള വരുമാന അന്തരം 2021ൽ ഒന്ന് മുത­ൽ 22 ശതമാനം വരെയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയെ ചൂണ്ടിക്കാട്ടുന്നു. ബ്രിക്സിൽ ദക്ഷിണാഫ്രിക്കയെയും ബ്രസീലിനെയും അപേക്ഷിച്ച് ഇന്ത്യയില്‍ വലിയ തോതിലുള്ള വരുമാന അസമത്വം നിലനിൽക്കുന്നു.

 


ഇതുകൂടി വായിക്കൂ: ലിംഗ സമത്വം: ഇന്ത്യ പിന്നിൽ


 

ഇന്ത്യയുടെ സമ്പത്തിൽ താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം എക്കാലത്തെയും താഴ്ന്നതാണ്. 2021ൽ ഇന്ത്യയിലെ ശരാശരി കുടുംബ സമ്പത്ത് ആളൊന്നിന് 9,83,010 രൂപയായിരുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉയർന്ന 10 ശതമാനം ഉടമസ്ഥതയിലുള്ള ശരാശരി ആസ്തികൾ 63.5 ലക്ഷം രൂപയും ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന്റെ ശരാശരി ആസ്തി 324.5 ലക്ഷം രൂപയും എന്നാൽ താഴെയുള്ള 50 ശതമാനം ജനതയുടെ ശരാശരി ആസ്തി 66,280 രൂപ മാത്രമായി ഒതുങ്ങി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സ്വകാര്യ സമ്പത്ത് ഇന്ത്യയിലെ ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നാണ്.
നിലവിൽ ഗാർഹിക സമ്പത്തിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള 10 ശതമാനം ആളുകളുടെ വിഹിതം 64.64 ശതമാനമായിരുന്നുവെങ്കിൽ താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 5.9 ശതമാനമായി കുറഞ്ഞു. 2019ൽ ഇത് യഥാക്രമം 64.05 ശതമാനവും 6.02 ശതമാനവുമായിരുന്നു. ഈ പ്രവണത ഇന്ത്യയിൽ മാത്രമായിരുന്നില്ല. ലോകത്തിലെ മൊത്തം ഗാർഹിക സമ്പത്തിൽ അവരുടെ വിഹിതം 2020ൽ 2.20 ശതമാനത്തിൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ 3.34 ശതമാനമായി വർധിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ പോലും ശതകോടീശ്വരന്മാരുടെ സമ്പത്ത് വർധിപ്പിക്കുന്നതിലേക്കാണ് നയിച്ചത്.
തൊഴിൽ വരുമാനത്തിൽ ഇന്ത്യൻ സ്ത്രീകളുടെ പങ്ക് അവരുടെ ആഗോള തലത്തിലെ സമപ്രായക്കാരേക്കാൾ വളരെ കുറവാണ്. 2020ൽ ഇന്ത്യയിലെ തൊഴിൽ വരുമാനത്തിന്റെ 18.3 ശതമാനം മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. എന്നാൽ ബ്രസീൽ (38.5 ശതമാനം), ചൈന (33.4 ശതമാനം) എന്നീ രാജ്യങ്ങളിൽ ഉയർന്ന നിരക്കാണുള്ളത്. തൊഴിൽ വരുമാനത്തിൽ സ്ത്രീകളുടെ ആഗോള ശരാശരി 34.70 ശതമാനമാണ്. ഇന്ത്യയിലെ വരുമാന അസമത്വത്തിൽ ലിംഗ അസമത്വവും പ്രധാന ഘടകമായി വർത്തിക്കുന്നുവെന്ന് ഈ റിപ്പോർട്ട് സൂചന നൽകുന്നു.
ഇന്ത്യയിലെ വരുമാന അസമത്വം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ കീഴിലെന്നപോലെ ഉയർന്നതാണ്. 1858 മുതൽ 1947 വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ ഇന്ത്യൻ വരുമാന അസമത്വം വളരെ ഉയർന്ന രീതിയിലാണെന്നും ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ഉയർന്ന പത്ത് ശതമാനം ജനങ്ങൾ ദേശീയ വരുമാനത്തിന്റെ 50 ശതമാനത്തോളും പങ്കിടുന്നുവെന്നും 2022 ലെ ലോക അസമത്വ റിപ്പോർട്ട് കണ്ടെത്തുന്നു. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് മാതൃക അടിസ്ഥാനമാക്കിയ ആസൂത്രണ പ്രക്രിയയും പഞ്ചവത്സര പദ്ധതികളും ഈ വിഹിതം 35–40 ശതമാനമായി കുറയ്ക്കാൻ സഹായിച്ചു. എന്നാൽ 1980 കളുടെ മധ്യം മുതൽ ആഗോള തലത്തിൽ തന്നെ സ്വീകരിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾ മൂലം വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം വർധിപ്പിക്കുന്നതിന് കാരണമായി മാറി. സാമ്പത്തിക പരിഷ്കരണ നയങ്ങൾ സമൂഹത്തിലെ ഉന്നതശ്രേണിയിലുളള ഒരു ശതമാനം ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്നുവെങ്കിലും അത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കിടയിൽ ദുരിതമാണ് സൃഷ്ടിച്ചത്.
2017ൽ ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും ചേർന്ന് “ഇന്ത്യയിലെ വരുമാന അസമത്വം, 1922 മുതൽ 2014 വരെ: ബ്രിട്ടീഷ് രാജിൽ നിന്ന് ബില്യണയർ രാജ് വരെ” എന്ന തലക്കെട്ടിൽ നടത്തിയ പഠനം ഇന്ത്യയുടെ ഇക്കാലയളവിലെ സാമ്പത്തിക അസമത്വത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നു. 1922 മുതൽ 2014 വരെയുള്ള വരുമാന അസമത്വത്തിന്റെ ചലനാത്മകത തിരിച്ചറിയാൻ ഗാർഹിക സർവേകൾ, എൻഎസ്എസ് ഒ ഡാറ്റാ, നാഷണൽ അക്കൗണ്ട്സ് ഡാ­റ്റാ, അടുത്ത കാലത്തെ ഇൻകം ടാക്സ് ഡാറ്റ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഈ പഠനം തയാറാക്കിയത്.

 


ഇതുകൂടി വായിക്കൂ: ട്രിക്കിൾഡൗൺ സാമ്പത്തിക ശാസ്ത്രത്തിന്റെ ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ


 

2022ലെ ആഗോള അസമത്വ റിപ്പോർട്ടിലെ ചില നിരീക്ഷണങ്ങൾ 2017ലെ ഈ പഠനത്തിലൂടെ പുറത്തുവന്നതായിരുന്നു. ലൂ­ക്കാസ് ചാൻസലിന്റെയും തോമസ് പിക്കറ്റിയുടെയും അഭിപ്രായത്തിൽ ഇന്ത്യ ബ്രിട്ടീഷ് രാജിൽ നിന്നു മോചിതമായെങ്കിലും നിലവിൽ ബില്ല്യണയർ രാജിന്റെ പിടിയിലാണ്.
കോവിഡ് പോലെയുള്ള മഹാമാരികളും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്താൽ മാത്രമേ ഭാവിലോകത്തിന് അസമത്വത്തെ നേരിടാൻ സാധിക്കു. ആഗോള തലത്തിൽ അസമത്വം വർധിച്ചുവരുന്ന ഈ ഘട്ടത്തിൽ കൂടുതൽ ക്ഷേമകരമായ നയങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയണം. ലോകത്ത് ഏറ്റവും അസമത്വമുള്ള രാജ്യമായ ഇന്ത്യയിലും അടിയന്തര ഇടപെടലുകൾ കൂടിയേ തീരൂ.
ഇന്ത്യയിലെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ കൈവശമുള്ളത് രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ ആറ് ശതമാനം മാത്രമാണ്. എന്നാൽ മധ്യവർഗ വിഭാഗത്തിന് ലഭിക്കുന്നത് രാജ്യത്തിന്റെ സമ്പത്തിന്റെ 30 ശതമാനമാണ്. അതേസമയം രാജ്യത്തെ 10 ശതമാനം വരുന്ന സമ്പന്നരും ഒരു ശതമാനം അതിസമ്പന്നരും ദേശീയ വരുമാനത്തിന്റെ 64 ശതമാനമാണ് കയ്യടക്കിഎന്ന വസ്തുത ഇന്ത്യയുടെ അതിരൂക്ഷമായ സാമ്പത്തിക അസമത്വത്തിന്റെ ചിത്രമാണ് വെളിപ്പെടുത്തുന്നത്.
സാമ്പത്തിക ഉദാരവല്കരണം പോലുള്ള നയങ്ങൾ ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമേ സഹായിച്ചിട്ടുള്ളുവെന്ന് ഈ റിപ്പോർട്ട് തന്നെ ചൂണ്ടികാട്ടുന്നു.
ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷമായി സർക്കാർ പുറത്തുവിടുന്ന ഡാറ്റയുടെ ഗുണനിലവാരം മോശമായതിനാൽ സമീപകാലത്തെ അസമത്വത്തിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിന് തടസമാകുന്നുവെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് നിലവിലുള്ള സാമ്പത്തിക അസമത്വത്തേക്കാൾ ഭീകരമായ അവസ്ഥയായിരിക്കും കോവിഡിനു ശേഷം ഇന്ത്യയിലുണ്ടാകാൻ സാധ്യത. കോവിഡ് പ്രതിസന്ധി സമ്പന്നരും ദരിദ്രരും തമ്മിലുള്ള സാമ്പത്തിക വിടവുകൾ വർധിപ്പിച്ചിട്ടുണ്ടെന്നാണ് ലൂക്കാസ് ചാൻസൽ അഭിപ്രായപ്പെട്ടത്. അതിനാൽ റിപ്പോർട്ടിലെ നിരീക്ഷണം കൂടുതൽ പഠന വിധേയമാക്കണം.

 


ഇതുകൂടി വായിക്കൂ: മാറുന്ന അസമത്വത്തിന്റെ സ്വഭാവം


 

ഇന്ത്യ ഇന്നനുഭവിക്കുന്ന വികസന പ്രതിസന്ധിയെ നേരിടാൻ സുവ്യക്തമായ സാമൂഹ്യ ലക്ഷ്യങ്ങളോടു കൂടിയ ബദൽ സാമൂഹിക‑സാമ്പത്തിക നിർമ്മിതി കൂടിയേ തീരൂ. ഈ ബദൽ വികസന നിർമ്മിതിയുടെ അകക്കാമ്പായി പരിഗണിക്കേണ്ടത് ജനപങ്കാളിത്തവും സഹവർത്തിത്വവുമാണ്. നിലവിൽ ഇന്ത്യയിലെ അസമത്വ റിപ്പബ്ലിക്കിൽ നിന്നുള്ള മോചനത്തിനായി മനുഷ്യനും പ്രകൃതിക്കും തുല്യ പ്രാധാന്യം നൽകുന്ന സുസ്ഥിര വികസന മാതൃകയിലുള്ള നയങ്ങളും നയപരിപാടികളുമാണ് നമുക്കാവശ്യം. 2022 ലെ ലോക അസമത്വ റിപ്പോർട്ട് ഇന്ത്യയിലെ സർക്കാരുകൾക്കും നയവിദഗ്ധർക്കും തങ്ങളുടെ വികസന കാഴ്ചപ്പാടുകളിലെ വൈകല്യം തിരുത്താനുള്ള അവസരമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.