26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 16, 2024
December 13, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024

ഭൂകമ്പ ദുരന്തത്തിന് ഒരു വര്‍ഷം; കരകയറാനാകാതെ തുര്‍ക്കിയും സിറിയയും

Janayugom Webdesk
അങ്കാറ
February 6, 2024 7:00 am

മാരകമായ ഭൂകമ്പത്തിന്റെ തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ തുര്‍ക്കിയും സിറിയയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഭൂകമ്പമുണ്ടായത്. ഭൂകമ്പ മാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയെയും അയല്‍രാജ്യമായ സിറിയയിലെ നഗരങ്ങളെയും നാമവശേഷമാക്കി. തുര്‍ക്കിയില്‍ 50,000ത്തിലധികവും സിറിയയില്‍ 5,900 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായി. 11 പ്രവിശ്യകളിലായി 6,80,000 വീടുകള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് എര്‍ദോഗന്‍ വാഗ്‍ദാനം ചെയ്തിരുന്നു. 3,07,000 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചുവെന്നാണ് ജനുവരി അവസാനത്തോടെ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഭവന പദ്ധതിക്ക് അര്‍ഹരല്ലാത്ത നിരവധി ദുരന്തബാധിതരുണ്ട്. നഗരങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സ്ഥാപിച്ചാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. 

ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരെ പ്രാന്തപ്രദേശങ്ങളിലുള്ള കണ്ടെയ‍്നര്‍ സെറ്റില്‍മെന്റുകളിലേക്ക് മാറ്റിയിരുന്നു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ചരിത്രപ്രാധാന്യമുള്ള അന്റാക്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കാലതാമസമെടുക്കുമെന്നാണ് വിലയിരുത്തുന്നത്.
ഹതായ് പ്രവിശ്യയിൽ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നു. തകര്‍ന്ന നൂറുക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രാദേശിക ഭരണകൂടത്തിനായിട്ടില്ല. പ്രവിശ്യയിലെ മൂന്നില്‍ രണ്ട് ഭാഗവും കണ്ടെയ‍്നര്‍ സെറ്റില്‍മെന്റുകളിലാണ് താമസിക്കുന്നത്. റെഡ് ക്രസന്റ് നല്‍കുന്ന ധനസഹായം ഉപയോഗിച്ചാണ് കുടുംബങ്ങള്‍ ദെെംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിജീവിച്ചവര്‍ക്ക് ദുരന്തം സങ്കല്പിക്കാനാവാത്ത മാനസിക സമ്മർദങ്ങളാണ് സൃഷ്ടിച്ചത്. ഭൂകമ്പങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന ഭയമാണ് ഭൂരിഭാഗം പേരെയും അസ്വസ്ഥരാക്കുന്നത്. മാനസികാഘാതം ലഘൂകരിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളില്‍ ദുരന്തം ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കിയതായി മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡര്‍ നിരവധി കുട്ടികളില്‍ തിരിച്ചറിഞ്ഞിരുന്നു. 

തുർക്കിയിലേക്ക് പലായനം ചെയ്ത സിറിയൻ അഭയാർത്ഥികളുടെ സ്ഥിതി കൂടുതൽ വഷളായതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. മരണം, നഷ്ടം, കുടിയൊഴിപ്പിക്കൽ എന്നിവയുടെ ആഘാതത്തിലാണ് അവര്‍ വീണ്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നത്. തുര്‍ക്കിയിലെ അവസ്ഥയെക്കാള്‍ പതിന്മടങ്ങ് ദുരിതമാണ് സിറിയയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. രാജ്യത്തെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് ഇരട്ടി പ്രഹരമായിരുന്നു ഭൂചലനം. വടക്കുപടിഞ്ഞാറൻ മേഖലയില്‍ സംഘർഷം ഏറ്റവും മോശം അവസ്ഥയിലാണ്. ഓഗസ്റ്റ് മുതല്‍ വീണ്ടും ആരംഭിച്ച ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. മേഖലയിലെ 4.5 ദശലക്ഷം ആളുകളിൽ ഭൂരിഭാഗവും അതിജീവനത്തിനായി മാനുഷിക സഹായത്തെ ആശ്രയിക്കുന്നവരാണ്.

ടെന്റുകളിൽ താമസിക്കുന്ന 800,000 പേരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഭൂകമ്പം വടക്കൻ സിറിയയിലുടനീളം അഞ്ച് ദശലക്ഷം ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കിയതായി ലോക ബാങ്ക് കണക്കാക്കുന്നു. 12 ദശലക്ഷത്തിലധികം സിറിയക്കാർക്ക് പതിവായി ഭക്ഷണ ലഭ്യതയില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സിറിയയിൽ 2023ലെ മാനുഷിക പ്രതികരണത്തിന് ആവശ്യമായ 5.3 ബില്യൺ ഡോളറിന്റെ 73 ശതമാനം ലഭ്യമാക്കാനേ യുഎന്നിന് കഴിഞ്ഞിട്ടുള്ളു. രാഷ്ട്രീയ പരിഹാരം കാണാത്തതിനാൽ, സിറിയയിലെ സംഘർഷം മാനുഷിക സംഘടനകൾക്ക് വലിയ തടസമായി മാറിയെന്നും യുഎന്‍ പറയുന്നു. 

Eng­lish Summary:A year since the earth­quake dis­as­ter; Turkey and Syr­ia with­out recovery
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.