17 November 2024, Sunday
KSFE Galaxy Chits Banner 2

വൃദ്ധന്മാര്‍ അരക്ഷിതര്‍

പി എ വാസുദേവൻ
കാഴ്ച
December 24, 2022 4:45 am

ഇയ്യിടെ കണ്ട ഒരു പത്രവാര്‍ത്ത അല്പം പേടിപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമായിരുന്നു. പുതിയ തലമുറക്കാര്‍ക്ക് അച്ഛനമ്മമാരടക്കമുള്ള ബന്ധുക്കളെ നോക്കാനോ സംരക്ഷിക്കാനോ താല്പര്യമില്ല. അച്ഛനമ്മമാരെ തരംകിട്ടിയാല്‍ ഒഴിവാക്കാനാണ് ശ്രമം. വായിച്ചതും കണ്ടറിഞ്ഞതുമായ ഒട്ടേറെ അനുഭവങ്ങളുണ്ട്. അമ്മമാരെയോ അച്ഛന്മാരെയോ പലരും പുണ്യദര്‍ശനത്തിനാണെന്നു പറഞ്ഞ് അമ്പലങ്ങളില്‍ കൊണ്ടുപോയി തിരക്കില്‍ രക്ഷപ്പെടും. ഒരുതരം നടതള്ളല്‍. അതിലൊരു സ്ത്രീ ‘എന്റെ മകനെ കണ്ടോ’ എന്ന് ദയനീയമായി നിലവിളിക്കുന്ന രംഗം ആരെയും ദുഃഖിപ്പിക്കുന്നതായിരുന്നു. ഈ അടുത്തകാലത്തായി കേരളത്തില്‍ ‘വൃദ്ധസദന’ങ്ങള്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. പണമുള്ള മക്കള്‍ മാതാപിതാക്കളെ അവിടെയാക്കി പോവും. കുറ്റം പറയരുതല്ലോ, അതിനുള്ള പണം അവര്‍ക്ക് അയച്ചുകൊടുക്കും. പണം പോയാലും ശല്യം ഒഴിഞ്ഞുകിട്ടുമല്ലോ. കേരളത്തില്‍ ഈ പ്രവണത അധികമുണ്ടെന്നറിഞ്ഞ്, ‘വൃദ്ധസദന’ങ്ങള്‍ വ്യാപകമായി ഒരുക്കുന്ന പണിയാണിപ്പോള്‍ തമിഴ്‌നാട്ടില്‍. ലക്ഷ്വറി സദനം മുതല്‍ സാദാ സദനങ്ങള്‍ വരെയുണ്ട്. കിഴവന്മാര്‍ക്ക് മിണ്ടാതെ താമസിച്ചാല്‍ പേരെ! അതിനായി കുറേ കോട്ടേജുകളും നിറയെ വൃദ്ധദമ്പതികളും പൊതു കിച്ചണും റെഡി. എല്ലാവര്‍ക്കും മാന്യത നടിക്കാന്‍, മക്കളുടെ വലിപ്പം പറഞ്ഞ് കഴിയാം. ഉള്ളില്‍ പേരമക്കളെയെങ്കിലും കാണാനുള്ള ത്വരയും, പറ്റാത്തതിലുള്ള രോഷവുമാണ്. ഇതൊരു ദയനീയ ചിത്രമാണ്.

ജനസംഖ്യാ പരിവര്‍ത്തനത്തിന്റെ ഈ പ്രത്യേകദശ ഇപ്പോള്‍ വ്യാപകമായി പഠനവിധേയമാക്കുന്നുണ്ട്. കേരളത്തില്‍ ഇതിന്റെ സ്പഷ്ടമായ കാരണം പലതാണ്. ഒന്നാമതായി ആരോഗ്യ സംരക്ഷണ സൗകര്യം കാരണം വയസന്മാരുടെ എണ്ണം കൂടുന്നു. മറ്റൊന്ന് വിദ്യാഭ്യാസം കിട്ടിയ മക്കള്‍ ജോലിതേടി അന്യദേശങ്ങളിലും വിദേശത്തുമെത്തുന്നു. കൂട്ടുകുടുംബത്തിന്റെ പതനം മറ്റൊന്ന്. സര്‍വോപരി സ്നേഹരാഹിത്യം. ആര്‍ക്കും ആരെയും വേണ്ട. ചൈനയിലെ ഇപ്പോഴത്തെ വലിയ പ്രശ്നങ്ങളിലൊന്ന് വൃദ്ധരുടെ ആധിക്യവും അവര്‍ക്കു വേണ്ടിവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുമാണ്. അവിടത്തെ ഉല്പാദനക്കുറവ്, ഇതുകാരണം പ്രവര്‍ത്തന രഹിതരായ ജനങ്ങളുടെ അനുപാതം തൊഴില്‍ ശക്തിയുടേതില്‍ നിന്നും വളരെ അധികമായതാണ്. ‘ഒറ്റക്കുട്ടി’ കുടുംബാസൂത്രണത്തിന്റെ അനന്തരഫലം. ലോകം മുഴുവനും 60 വയസിലധികമായവരുടെ എണ്ണം കൂടിവരുന്നത് സമ്പദ്ഘടനകളില്‍‍ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. പണിയെടുക്കുന്നവര്‍ കുറയുന്നു. ക്ഷേമപദ്ധതി ചെലവ് കൂടുന്നു. ഒരു പ്രത്യേകതരം ‘ഡെമോഗ്രഫിക് ട്രാന്‍സ്ഫര്‍മേഷ’നിലാണ് ലോകം. എപ്പോഴും തൊഴില്‍ ജനത കൂടുതല്‍ വേണം. എന്നാലേ ദേശീയ ഉല്പാദനം വര്‍ധിക്കൂ. ആധുനിക വൈദ്യസഹായം കാരണം മരണനിരക്ക് കുറവുമാണ്. വിദ്യാഭ്യാസം കൂടുന്നതു കാരണം പ്രത്യുല്പാദനവും കുറവാണ്. പ്രത്യക്ഷത്തില്‍ കാണുന്നതിലധികം പ്രത്യാഘാതങ്ങള്‍ ഇതുകൊണ്ടുണ്ടാവുന്നുണ്ട്. 2050 ആവുമ്പോഴേക്കും ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 74.5 ഉം സ്ത്രീകള്‍ക്ക് 79.1 ഉം ആവുമെന്ന് പഠനങ്ങള്‍ പറയുന്നു. അതായത് 2050 ആവുമ്പോഴേക്കും 75 വയസായവര്‍ 655 ദശലക്ഷമാവുമത്രെ.


ഇതുകൂടി വായിക്കൂ:മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍


ലോകം ആകപ്പാടെ ഒരു വൃദ്ധസദനമാവും. ഇതിന്റെ പ്രധാന പ്രത്യാഘാതം, വൃദ്ധസംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ രംഗങ്ങളില്‍ സാധാരണയിലധികം ചെലവുവരും. ആരോഗ്യ സംരക്ഷണരംഗത്ത് പ്രായമുള്ളവരുടെ അസുഖത്തിനുള്ള ചെലവിലും വന്‍ വര്‍ധനവ് പ്രതീക്ഷിക്കാം. പൊതു ആരോഗ്യമേഖലയ്ക്ക് ഇത് കാര്യമായ പരീക്ഷണമാണ്. ആയുര്‍ഘടനയില്‍ നാടകീയമായ മാറ്റം വരുന്നത് സമ്പദ്ഘടനയുടെ പരിഗണനാക്രമത്തില്‍ തന്നെ മാറ്റമുണ്ടാക്കും. എന്നാല്‍ ഇന്ത്യയില്‍ ‘എയ്ജിങ്ങ്’ അതിന്റെ ഭീഷണികള്‍ എന്നിവയെക്കുറിച്ച് കാര്യമായ സര്‍വേകളൊന്നും നടന്നിട്ടില്ല. പദ്ധതി ആസൂത്രണങ്ങള്‍ക്കും ബജറ്റ് നീക്കിവയ്ക്കലിനുമൊക്കെ ഇത്തരം സര്‍വേകള്‍ അനിവാര്യമാണ്. സാമൂഹിക സുരക്ഷ എന്നത് ലളിതമായൊരു പദമല്ല. പ്രായഘടനകൂടി കണക്കിലെടുത്തുവേണം ആ മേഖല കൈകാര്യം ചെയ്യാന്‍. പ്രായമായവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പഠനങ്ങളും പ്രധാനമാണ്. അടുത്തകാലത്തായി ശാസ്ത്രീയമായ പല ഡെമോഗ്രഫിക് പഠനങ്ങളും നടക്കുന്നുണ്ട്. കോവിഡ് അനന്തര കാലഘട്ടത്തില്‍ പ്രായമായവര്‍ക്ക് സംഭവിച്ച ശാരീരിക–മാനസിക പ്രശ്നങ്ങളും ഭാവി നിരീക്ഷണങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്. അറുപതിന് മേലെയുള്ളവരില്‍ കാര്‍ഡിയോ വാസ്‌കുലര്‍ സുഖക്കേടുകള്‍ വളരെയധികം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ഇത് 67 ശതമാനം വരുന്നു. മറ്റൊന്ന് ഉയര്‍ന്ന നിരക്കിലുള്ള പ്രമേഹ രോഗമാണ്. കേരളത്തില്‍ 35 ശതമാനം പേര്‍ക്കും പ്രമേഹ രോഗമുണ്ട്. ഇത് ചികിത്സയുടെ മാത്രം പ്രശ്നമല്ല. ജീവിതശൈലീ വ്യത്യാസവും അത്യാവശ്യമാക്കുന്നു. കുടുംബ ബജറ്റ്, ഭക്ഷണരീതി തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ക്കും ഇത് കാരണമാവുന്നു. പ്രായാധിക്യം സൃഷ്ടിക്കുന്ന ഒരുപാട് രോഗങ്ങളുണ്ട്. അത്രതന്നെ പ്രധാനമാണ് റിപ്പോര്‍ട്ട് ചെയ്യാത്ത മാനസിക പ്രശ്നങ്ങള്‍. വാര്‍ധക്യത്തില്‍ ഒറ്റയ്ക്കാവുന്നവരുടെ ഡിപ്രഷന്‍ പ്രശ്നങ്ങള്‍ ഒരു പ്രധാന പ്രശ്നമാണ്. വയസായവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വിവിധങ്ങളാണ്. വാര്‍ധക്യകാല പെന്‍ഷന്‍ അതില്‍ ചെറിയൊരു ഭാഗം മാത്രമാണ്.

ജനസംഖ്യാ ഘടനയിലുണ്ടാവുന്ന വ്യതിയാനം സമൂഹത്തിന്റെ ബാധ്യതയിലും വ്യത്യാസങ്ങള്‍ വരുത്തും. അതിന് ജനസംഖ്യാഘടന സര്‍വേകളിലൂടെ മനസിലാക്കേണ്ടതും അത്യാവശ്യമാണ്. മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വൃദ്ധര്‍ക്ക് അതുകാരണം പല അസുഖങ്ങളും സംഭവിക്കുന്നു. അതായത് വലിയൊരു ശതമാനം ജനസംഖ്യയും പലതരം മാനസിക–ശാരീരിക പ്രശ്നങ്ങളിലാണ്. ഇവരില്‍ വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളെങ്കിലും അനുഭവിക്കാന്‍ കഴിയുന്നവര്‍ വളരെ ചെറിയൊരു ശതമാനമാണ്. പണമില്ലാത്ത വൃദ്ധര്‍ അപ്പോഴും അനാഥത്വത്തിലും കഷ്ടപ്പാടിലുമാണ്. കൂട്ടുകുടുംബത്തിന്റെ ഇല്ലാതാവലോടെ കുടുബത്തോടൊപ്പമുള്ള വാര്‍ധക്യകാല ജീവിതം ഏതാണ്ട് ഇല്ലാതായി. ജോബ് മൊബിലിറ്റി’ അധികമുള്ള കുടുംബങ്ങളിലെ വൃദ്ധര്‍ മിക്കവരും ഒന്നുകില്‍ വലിയ വീടുകളില്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ വൃദ്ധസദനങ്ങളിലോ ആണ്. തെക്കന്‍ തിരുവിതാംകൂറിലെ മിക്ക വീടുകളിലും സമ്പന്നതയും വൃദ്ധരക്ഷിതാക്കളുടെ ഒറ്റപ്പെട്ട ജീവിതവുമാണ് സ്ഥിതി. ഇതിന്റെ സാമ്പത്തിക ഫലങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. വയോജനങ്ങള്‍ക്കുള്ള കോളനികളുടെ നിര്‍മ്മാണം വന്‍തോതില്‍ നടക്കുന്നുണ്ട്. ഗാര്‍ഹിക ചെലവില്‍ ഭക്ഷ്യ ചെലവിനേക്കാള്‍ മറ്റ് ചെലവുകളാണ് അധികവും.


ഇതുകൂടി വായിക്കൂ: സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


വീട്ടു ചെലവുകളും ഭക്ഷ്യേതര ചെലവുകളും തമ്മിലുള്ള അനുപാതം നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ പഠനവിധേയമാക്കിയിരുന്നു. വികസിത സംസ്ഥാനങ്ങളില്‍ ഭക്ഷ്യേതര ചെലവുകള്‍ ഭക്ഷ്യ ചെലവുകളെക്കാള്‍ അധികമായാണ് കണ്ടത്. ആരോഗ്യ ചെലവ്, ഉപഭോഗ ചെലവിനെക്കാള്‍ 10 ശതമാനം അധികമായത്, പ്രായമായവരുടെ എണ്ണം കൂടുതലായതുകൊണ്ടാണ്. പ്രായമായവരുടെ (45 നുമീതെ) ഇടയില്‍ നടത്തിയ ദേശീയതല പഠനം ആരോഗ്യ, സാമൂഹിക, സാമ്പത്തിക തലങ്ങളിലെ ജനങ്ങളുടെ ക്ഷേമ നിലവാരത്തെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നല്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും രക്ഷിതാക്കളെ, മാന്യമായി പരിപാലിക്കാന്‍ അനന്തരാവകാശികളെ ബാധ്യസ്ഥരാക്കുന്ന നിയമം വേണം. ഒരുകാലത്ത് അധ്വാനിച്ച് മക്കളെ പോറ്റിയവരെ, അനാഥരും വേണ്ടാത്തവരുമായി പുറംതള്ളുന്നത് കുറ്റകരമാക്കണം. അത്തരം വാര്‍ത്തകള്‍ ഇയ്യിടെയായി നിറയെ വരുന്നുണ്ട്. മക്കളാരും ഒരു ദിവസം കൊണ്ട് വലിയവരും ഉദ്യോഗസ്ഥരുമായതല്ല. അതവര്‍ ഓര്‍ക്കണം. പണ്ടൊരു കഥയുണ്ട്. വൃദ്ധനായ അച്ഛന് കഴിക്കാന്‍ മരപ്പാത്രം ഉണ്ടാക്കിയ അച്ഛനോട്, മുത്തശ്ശന്റെ മരണശേഷവും അത് സൂക്ഷിക്കണമെന്നും തനിക്കത് വേണ്ടിവരുമെന്നും മകന്‍ പറഞ്ഞത്രെ. ഇന്നും ആ കഥ പ്രസക്തമാവുന്നത് സങ്കടകരമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.