14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 3, 2024
October 1, 2024
September 25, 2024
September 21, 2024
September 21, 2024
September 19, 2024
September 19, 2024
September 16, 2024
September 16, 2024
September 16, 2024

വെയിറ്റിങ് ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്ന അബ്ദുള്‍ സലാമിനെ കൊലപ്പെടുത്തിയത് സെലീന: ആക്രമിച്ചത് മദ്യം കൊടുക്കാത്തതിലുള്ള വൈരാഗ്യത്തില്‍

Janayugom Webdesk
തൊടുപുഴ
May 4, 2022 9:03 pm

നഗരത്തിലെ വെയിറ്റിങ് ഷെഢില്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയയാള്‍ മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളിയാമറ്റം പന്നിമറ്റം തെക്കേതില്‍ വീട്ടില്‍ സെലീന (50)യെയാണ് അറസ്റ്റു ചെയ്തത്. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുള്‍ സലാം (അമ്പി-52) ആണ് മരിച്ചത്. മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വെട്ടേറ്റാണ് അബ്ദുള്‍ സലാം മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിംഗ് ഷെഡിലാണ് അബ്ദുള്‍ സലാം കിടന്നിരുന്നത്. ഇയാൾ മുമ്പ് പിടിച്ചുപറി, മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ലഹരിക്ക് അടിമപ്പെട്ട് നഗരത്തില്‍ അലഞ്ഞ് തിരിയുന്ന സ്ത്രീയാണ് സെലീന. ഇവര്‍ നിരവധിയാളുകളെ മുമ്പും ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് സെലീന അബ്ദുള്‍ സലാം കിടക്കുന്ന വെയിറ്റിങ് ഷെഡിന് സമീപമെത്തി. അബ്ദുള്‍ സലാമിന്റെ പക്കലിരുന്ന മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സെലീന അബ്ദുള്‍ സലാമിന്റെ കാല്‍ക്കുഴക്ക് മുകളിലായി കത്തിക്ക് വെട്ടി മുറിവേല്‍പ്പിച്ചു. മാരകമായി മുറിവേറ്റ അബ്ദുള്‍ സലാം രക്തം ഒഴുകുന്ന നിലയില്‍ നഗരത്തിലൂടെ നടന്നു. തുടര്‍ന്ന് വെയിറ്റിങ് ഷെഡിലെത്തി കിടന്നു. ഇതിനിടെ സാരമായ തോതില്‍ രക്തം വാര്‍ന്ന് പോയിരുന്നു. ഇത് കണ്ട യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ ഇയാള്‍ മരിച്ചു.

പൊലീസ് സെലീനയെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പരിക്കേറ്റ ശേഷം അബ്ദുല്‍ സലാം നഗരത്തിലൂടെ നടക്കുന്നതിനിടെ പലരുടേയും അടുക്കല്‍ ചെന്ന് സെലീനയാണ് മുറിവേല്‍പ്പിച്ചതെന്ന കാര്യം പറഞ്ഞിരുന്നു. ഇവരില്‍ ചിലരെ പൊലീസ് കണ്ടെത്തി ഇക്കാര്യത്തില്‍ ഉറപ്പ് വരുത്തിയ ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സെലീന കുറ്റം സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ അക്രമം നടത്തിയ രീതി സെലീന പൊലീസിന് മുന്നില്‍ വിവരിച്ചു. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നഗരസഭാ പാര്‍ക്കിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തായി പാലത്തില്‍ നിന്ന് കത്തി താഴേക്ക് എറിഞ്ഞു. ഇത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പര്‍ ബസാറിന് സമീപത്ത് സ്ഥിരമായി സെലീന തങ്ങുന്ന കംഫര്‍ട്ട് സ്റ്റേഷനിലെത്തി കുളിച്ച് വസ്ത്രം മാറി. അക്രമ സമയത്ത് ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം ഉള്‍പ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പൊലീസ് കണ്ടെത്തി.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം അബ്ദുള്‍ സലാമിന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമിതമായ രക്തം സ്രാവമാണ് മരണ കാരണമെന്ന് സര്‍ജ്ജന്‍ സൂചിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വി സി വിഷ്ണുകുമാര്‍ പറഞ്ഞു. അറസ്റ്റിലായ സെലീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Abdul Salam killed while wait­ing in wait­ing shed by Selina

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.