19 May 2024, Sunday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍; സമരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മണ്ഡികളാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2021 11:17 pm

കര്‍ഷകരെ സമരകേന്ദ്രങ്ങളില്‍ നിന്ന് ബലമായി ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായാല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഭക്ഷ്യധാന്യ മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഗാസിപൂര്‍, ടിക്രി അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാറ്റിയതിന് പിന്നാലെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) നേതാവ് രാകേഷ് ടികായത്ത് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
സമരകേന്ദ്രത്തില്‍ കര്‍ഷകര്‍ സ്ഥാപിച്ച ടെന്റുകള്‍ ജെസിബി ഉള്‍പ്പെടെ ഉപയോഗിച്ച് പൊളിച്ചുനീക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതായി രാകേഷ് ടികായത്ത് പറഞ്ഞു. ടെന്റുകള്‍ പൊളിച്ചുനീക്കിയാല്‍ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ ഭരണകൂടത്തിന്റെ ഓഫീസുകള്‍ക്ക് മുന്നിലും കര്‍ഷകര്‍ ടെന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്ന തടസങ്ങള്‍ മാറ്റുന്നത് വ്യാഴാഴ്ചയാണ് ആരംഭിച്ചത്. കര്‍ഷകര്‍ സമരം ആരംഭിച്ചതുമുതല്‍ 11 മാസങ്ങളായി ഇവിടെ അധികൃതര്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രതിഷേധക്കാരെ തടയുന്നതിന് കോണ്‍ക്രീറ്റ് ബ്ലോക്കുകളുള്‍പ്പെടെ സ്ഥാപിച്ചത്.
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും, എന്നാല്‍ റോഡുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ പാടില്ലെന്നും സുപ്രീം കോടതി ഒക്ടോബര്‍ 21ന് പറഞ്ഞിരുന്നു. കര്‍ഷക സമരക്കാരല്ല, ഭരണകൂടം തന്നെയാണ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് വ്യക്തമായതോടെയാണ് കോടതി അവ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

റോഡ് തടസം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള വഴിയും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണെന്ന് സംയുക്ത കര്‍ഷക സമിതി നേരത്തെ പ്രസ്താവിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ കാര്‍ഷികമേഖലയെ അടിയറവ് വയ്ക്കാനുള്ള നീക്കമാണ് കാര്‍ഷിക നിയമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ഷകര്‍ ദീര്‍ഘകാലമായി തെരുവില്‍ സമരം ചെയ്യുന്നത്.

ENGLISH SUMMARY:If the protest cen­ters are vacat­ed, gov­ern­ment offices will be turned into mandis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.