23 December 2024, Monday
KSFE Galaxy Chits Banner 2

കേരളത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടും: ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം

Janayugom Webdesk
തിരുവനന്തപുരം:
November 5, 2021 10:46 pm

കേരളത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന തീരുമാനങ്ങളുമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം ചേർന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനവും കണക്കിലെടുത്തുള്ളതാണ് ആസൂത്രണ ബോർഡിന്റെ ആദ്യയോഗം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ സാമൂഹിക ആവശ്യങ്ങൾക്കുള്ള ചെലവഴിക്കലുകൾ, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നിയുള്ള പുരോഗതി ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനങ്ങളുടെ സമയക്രമത്തിനും യോഗം അംഗീകാരം നൽകി. 2022–23 വാർഷിക പദ്ധതിക്ക് 2021 ഡിസംബറിൽ അന്തിമരൂപം നൽകും.

പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സഹായകരമാകുന്നതിനു വേണ്ടി വ്യത്യസ്ത മേഖലകളിൽ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് അവയുടെ യോഗങ്ങൾ ആരംഭിച്ചു. പ്രധാനമായും 50 വർക്കിംഗ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. അതിനുള്ളിൽ ആവശ്യകതയ്ക്ക് അനുസരിച്ച് സബ് ഗ്രൂപ്പുകളും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഓരോ വർക്കിംഗ് ഗ്രൂപ്പുകളിലും 25 മുതൽ 40 വരെ അംഗങ്ങൾ വരെയുണ്ട്. ഇതിൽ അതാതു മേഖലകളിലെ അക്കാദമിക പണ്ഡിതർ, ഉദ്യോഗസ്ഥർ, വിദഗ്‌ധർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മേഖലയുമായി ബന്ധപ്പെട്ട എല്ലാതലത്തിലുള്ളവരും ഉൾപ്പെടുന്നു. അടുത്ത അഞ്ചുവർഷം സംസ്ഥാനത്ത് ഓരോ മേഖലകളിലും നടപ്പിലാക്കേണ്ടുന്ന പദ്ധതികളും സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന പരിപാടികളും വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശിക്കും. വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളെ തുടർന്ന് പഞ്ചവത്സര പദ്ധതി രൂപീകരണത്തിലേക്ക് ആസൂത്രണ ബോർഡ് കടക്കും.

ENGLISH SUMMARY: Accel­er­ate the com­pre­hen­sive devel­op­ment of Ker­ala: The first meet­ing of the Plan­ning Board

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.