21 December 2024, Saturday
KSFE Galaxy Chits Banner 2

അന്നാമ്മേടെ കർത്താവും കാറ്റും അരുൾ ചെയ്യുന്നതിൻ പ്രകാരം

പൗർണമി വിനോദ്
January 14, 2024 6:43 pm

ന്നാമ്മേടെ ഞായറാഴ്ചകൾക്കൊക്കെ
കള്ളിന്റെയും പോത്തിന്റെയും മണമാണ്
പള്ളീന്ന് മിഖായേലച്ചൻ
നാവിലൊട്ടിച്ചു നിർത്തുന്ന കർത്താവിന്റെ മാംസം
നുണഞ്ഞ് നുണഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക്
എന്റെ അമ്മച്ചിയേ.…
പോത്തൊന്ന് തലേം കുലുക്കി
ഒരങ്കത്തിന്
നിൽപ്പുണ്ടാവു
അതിന്റെ കൊമ്പിലൊന്നാടി
വാലിലൊന്നു തൊട്ട്
മൂക്കുകയറൊന്നുമൊത്തി
മെരുക്കി മെരുക്കി പതം വരുത്തി
ചങ്കീന്നും പള്ളേന്നും
തുടുതുടെ ചോരമണക്കും
കവിതത്തുണ്ടുകൾ
വാർന്നെടുക്കും
പോത്തപ്പോഴും
എന്നോ പ്രണയിച്ചിരുന്നു
നിന്നെ ഞാൻ അന്നാമ്മോ
എന്ന മട്ടിൽ
അവളെ മുട്ടിയുരുമ്മി നിൽക്കും
വാർന്നെടുത്ത പ്രണയത്തുണ്ടം
അവൾ വെട്ടി വെട്ടി
നൂറു നുറുക്കുകളാക്കുമ്പോൾ
അവിടമാകെ ചോന്നു പൂക്കും
ഏതാണ്ട് വേവു പാകമാവുമ്പോ
എങ്ങൂന്നോ കട്ടെടുത്ത ഒരു കുടം
കള്ളുമായി
കാറ്റവളുടെ വാതിലിൽ മുട്ടും
അന്നാമ്മോ, തുറക്കടീ
എന്നാദ്യവിളിയിൽ തന്നെ
വാതിൽ താനെ തുറക്കും
കാറ്റവളുടെ മുടിയിൽ തഴുകി
ചെഞ്ചുണ്ടിലുരുമ്മി കൂട്ടിരിക്കും
അന്നാമ്മോ
ഇന്നും പോത്താണല്ലോടീ
എന്നു ചെവിയിൽ കുളിർപ്പിക്കും
അതങ്ങനല്ലോ
എത്രയായാലും
കാറ്റു കാറ്റു തന്നല്ലോ
എത്ര വേദമോതിയിട്ടും
കാര്യമില്ലാത്ത പോത്തിൻ ചങ്ക്
നെയ്യിൽ വരട്ടി
തൂശനിലയിൽ ചുരുട്ടി
കാറ്റിനു വെച്ചു കൊടുത്തിട്ട്
കർത്താവിന്റെ
തിരുരക്തം വാർന്നൊഴുകുന്ന
രൂപത്തിലേക്ക് നോക്കും
അല്ലേ!
എത്ര ചെയ്തിട്ടെന്താ
എത്ര പറഞ്ഞിട്ടെന്താ
കള്ളിറങ്ങിയ കാറ്റ്
തെക്കോട്ട് വീശിയാലും
കിഴക്കോട്ട് പോയാലും
അന്നാമ്മോ
പള്ളീ പോവാതെ
പാട്ടുകുർബാന കേൾക്കാതെ
നിന്റെ കാലമെങ്ങനെ നീക്കും?
കവിതയെങ്ങനെ പൂക്കും!
കർത്താവ് അരുൾ ചെയ്യും
അന്നാമ്മ പിന്നെയും കുഞ്ഞാട്
നാളെയും കുഞ്ഞാട്
നാളുകളെത്ര കഴിഞ്ഞിട്ടും എന്തുകൊണ്ടൊ
കർത്താവും കാറ്റും
അവൾക്കു നേരെ വീശിയിട്ടേയില്ലല്ലോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.