22 April 2025, Tuesday
KSFE Galaxy Chits Banner 2

അധ്യാപകർ അച്യുതമേനോനെ മറക്കരുത്!

-എൻ. ശ്രീകുമാർ /ഒ കെ ജയകൃഷ്ണൻ
March 20, 2022 7:09 am

കേരളത്തിൽ പുരോഗമന അധ്യാപക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ജീവിതം ഒഴിഞ്ഞുവെച്ച നേതാവായിരുന്നു പൂവറ്റൂർ ഗോപി. തെക്ക് പാറശാല മുതൽ വടക്ക് മഞ്ചേശ്വരം വരെ വിശ്രമമില്ലാതെ അദ്ദേഹം സഞ്ചരിച്ചു. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (പി എസ് ടി എ ) എന്ന കരുത്തുറ്റ പ്രസ്ഥാനത്തെ ഇറവങ്കര ഗോപാലക്കുറുപ്പിനൊപ്പം നയിച്ച സമാദരണീയനായിരുന്നു, പൂവറ്റൂർ. വലതു പക്ഷ പാളയത്തിൽ സംഘടനയെ തളയ്ക്കാൻ പരിശ്രമം നടത്തിയവരോട് ധീരമായി അദ്ദേഹം പോരാടി. പിഎസ് ടിഎ എന്ന സംഘടയിലെ പുരോഗമനപക്ഷത്തെ അതേ പേരിൽ തന്നെയും, പിന്നീട് എഎസ് ടിഎ (എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ) എന്ന പുതിയ പേരിലും സംഘടനാ രൂപത്തിലും പൂവറ്റൂർ ഗോപി നയിച്ചു. അധ്യാപക സംഘടനാ രംഗത്തെ സമാനതകളില്ലാത്ത മാത്സര്യത്തിനും കലുഷിതാന്തരീക്ഷത്തിനും സാക്ഷിയാകാനും, തളരാതെ ചെങ്കൊടി തണലിൽ സ്വകാര്യ മേഖലയിലെ അധ്യാപകരുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിച്ചുറപ്പിക്കാനും പൂവറ്റൂർ ഗോപി പടപൊരുതി. കനൽ വഴികളിലൂടെ മാത്രം നടക്കാനുള്ള നിയോഗം ത്യാഗിവര്യനെപ്പോലെ ഏറ്റെടുത്ത അധ്യാപകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവായിരുന്നു, പൂവറ്റൂർ ഗോപി. അദ്ദേഹവുമായി എകെഎസ് ടിയു ഭാരവാഹികൾ നടത്തിയ അഭിമുഖത്തിലൂടെ.…

സർ, മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം പരക്കെ ചർച്ച ചെയ്തിട്ടുണ്ട്. തെക്കൻ കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന് അതുപോലൊരു ചരിത്രമുണ്ടോ?

തിരുവിതാംകൂറിലും സംഭവ ബഹുലമായ ചരിത്രം അധ്യാപക പ്രസ്ഥാനത്തിനുണ്ട്. സ്വകാര്യ മേഖലയിലെ അധ്യാപകർ, സർക്കാരിൽ നിന്ന് സൗജന്യ വിലയ്ക്കു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കും തുണിയ്ക്കും വേണ്ടി റേഷൻ കാർഡ് നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരത്തോടെയാണ് സംഘടിക്കുന്നത്. സ്വകാര്യ സ്കൂൾ അധ്യാപകരുടെ സ്ഥിതി വളരെ ദയനീയമായിരുന്നതിനാലാണ് ഇത്തരമൊരു സമരത്തിന് തന്നെ പുറപ്പെട്ടത്. സ്വകാര്യ സ്കൂൾ അധ്യാപകരും സർക്കാരും തമ്മിൽ ഒരു ബന്ധവും അക്കാലത്തില്ലായിരുന്നു. സ്കൂൾ നടത്താനുള്ള അവകാശം നാട്ടിലെ പ്രമാണിമാരായ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തി, കുട്ടികളിൽ നിന്ന് പണം പിരിച്ച് സ്കൂളുകൾ നടത്തുകയായിരുന്നു. വിദ്യാർഥികളുടെ ഫീസിൽ നിന്നായിരുന്നു അധ്യാപകർക്ക് തുച്ഛമായ ശമ്പളം നൽകിയിരുന്നത്. അധ്യാപകരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായിരുന്നു. ഇന്നത്തെ അധ്യാപകർക്ക് അക്കാലത്തെ അധ്യാപകരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂറിലും പിന്നീട് തിരു-കൊച്ചിയിലും ഐക്യകേരളം രൂപം കൊണ്ടപ്പോൾ മലബാറിലും സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു. എന്നാൽ മലബാറിൽ നേരത്തെ തന്നെ ശക്തമായ അധ്യാപക പ്രസ്ഥാനം നിലനിന്നിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു അവിടുത്തെ വിദ്യാലയങ്ങൾ. മലബാറിലെ അധ്യാപക പ്രസ്ഥാനം ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ബഹുജനങ്ങളുമായി ചേർന്ന് പോരാടിയാണ് വളർന്നത്. അവിടെ അധ്യാപക പ്രസ്ഥാനത്തിന് ശക്തമായ ജനകീയ ബന്ധമുണ്ടായിരുന്നു.

 

അധ്യാപകരുടെ സാമ്പത്തിക അവകാശങ്ങൾ മെച്ചപ്പെട്ടതെങ്ങനെയാണ്?

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്കൂൾ നടത്തിപ്പിന് അവകാശമുള്ളവരുടെ അടിമകളായി അധ്യാപകർക്ക് കഴിയേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. 1954 — ൽ തിരുക്കൊച്ചി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി പനമ്പിള്ളി ഗോവിന്ദ മേനോൻ ചുമതലയേറ്റതോടെ, സ്കൂൾ മാനേജർമാർ കുട്ടികളിൽ നിന്ന് പിരിക്കുന്ന തുക സർക്കാരിലേക്ക് അടക്കണമെന്ന് വ്യവസ്ഥ ചെയ്തു. സർക്കാർതന്നെ സ്കൂൾ അറ്റകുറ്റപ്പണിക്കും അധ്യാപകർക്ക് ശമ്പളത്തിനുമായി സ്കൂൾ ഗ്രാന്റ് എന്ന പേരിൽ ഒരു തുക മാനേജർമാർക്ക് നൽകുന്ന രീതി നടപ്പിലായി. എങ്കിലും സ്വകാര്യ സ്കൂൾ അധ്യാപകരുടെ അവസ്ഥ ദയനീയമായിരുന്നു. പിന്നീട് 1957 ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരികയും ആദ്യ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച ചരിത്രത്തിലിടം നേടിയ വിദ്യാഭ്യാസ ബില്ലിലൂടെ സ്വകാര്യ സ്കൂൾ അധ്യാപകർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു.

അങ്ങ്, പിഎസ് ടിഎ എന്ന സംഘടനയിലാണോ ആദ്യം അംഗത്വമെടുക്കുന്നത്?

അല്ല. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ (കെപിടിയു) എന്ന സംഘടനയിൽ കമ്യൂണിസ്റ്റ്കാരനായ കുറുപ്പു സാർ, നേരത്തെ തന്നെ പാർട്ടി അംഗത്വമുള്ള എന്നെ ചേർക്കുകയായിരുന്നു. 1956 ലാണ് കൊല്ലം ജില്ലയിലെ പൂവറ്റൂർ യുപി സ്കൂളിൽ പാർട് ടൈം അധ്യാപകനായി സർവീസിൽ പ്രവേശിക്കുന്നത്. അക്കാലത്ത് ട്രെയിനിംഗ് യോഗ്യത ഇല്ലാത്തവർക്കും അധ്യാപകരായി നിയമനം ലഭിച്ചിരുന്നു. അധ്യാപകരായ ശേഷം ട്രെയിനിംഗ് കോഴ്സിൽ ചേർന്ന് പഠിച്ചാൽ മതിയായിരുന്നു. സർക്കാർ മേഖലയിൽ സർവീസിൽ വന്ന ശേഷം ട്രെയിനിംഗ് കോഴ്സിന് ചേരുന്നവർക്ക് ആ കാലയളവ് ഔദ്യോഗിക സർവീസായി പരിഗണിക്കുമായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതിനെതിരെ ഇറവങ്കര ഗോപാലക്കുറുപ്പിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയായിരുന്നു കെപിടിയു സെക്രട്ടറിയറ്റ് നടയിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയിച്ചു. സ്വകാര്യ മേഖലയിലെ അധ്യാപകർക്കും ട്രെയിനിംഗ് കാലയളവ് സർവീസായി പരിഗണിക്കാൻ ഉത്തരവ് സമ്പാദിച്ചു. എന്നാൽ, കെപിടിയു എന്ന സംഘടന ആ മുദ്രാവാക്യത്തിന്റെ വിജയത്തോടെ പിരിച്ചു വിടുകയാണുണ്ടായത്. 1964 ൽ കൊല്ലം ജില്ലയിലെ കുഴിക്കൽ ഇടവക സ്കൂളിൽ അധ്യപകനായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് പിഎസ് ടിഎ യിൽ അംഗമാകുന്നത്.

 

 

അധ്യാപകരുടെ പ്രൊട്ടക്ഷൻ ആനുകൂല്യം നേടിയെടുത്തതിന്റെ ചരിത്രം വിശദമാക്കാമോ?

സ്വകാര്യ മേഖലയിൽ അൺ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനാനുമതിയും പൊതു വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കും 1960 കളുടെ ഉത്തരാർധം മുതൽ തുടങ്ങിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ ഡിവിഷൻ ഫാൾ സാധാരണ സംഭവമായി. ഒട്ടേറെ വർഷം സർവീസ് ഉള്ള അധ്യാപകർ പോലും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനും പണിമുടക്ക് നടത്താനും ഒറ്റക്കെട്ടായി പിഎസ് ടിഎ തീരുമാനിച്ചു. സംഘടനയിലെ ഇടതുപക്ഷ അധ്യാപക നേതാക്കളാണ് ഇറവങ്കര ഗോപാലക്കുറുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പണിമുടക്കിന് നേതൃത്വം നൽകിയത്. സമരത്തെ തുരങ്കം വെക്കാനാഗ്രഹിച്ചവർ ഉണ്ടായിരുന്നെങ്കിലും അവരെ നിരാശപ്പെടുത്തും വിധം സമരം കൊടുമ്പിരിക്കൊണ്ടു. 1969 ‑ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ഈ പ്രശ്നത്തിൽ ഇടപെട്ടു. അദ്ദേഹവും ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനും സംഘടനാ നേതാക്കളായ ഇറവങ്കര ഗോപാലക്കുറുപ്പ്, ടി പി പീതാംബരൻ മാസ്റ്റർ, ഞാനും ഉള്‍പ്പെടുന്ന സംഘടനാനേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് അഞ്ചു വർഷം സർവീസ് ഉള്ളവർക്ക് ശമ്പളത്തോടു കൂടിയ പ്രൊട്ടക്ഷനും, രണ്ട് വർഷം സർവീസ് ഉള്ളവർക്ക് പ്രൊട്ടക്ഷനും നൽകാൻ തീരുമാനമെടുത്തു.

അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയാണ് ആദ്യമായി അധ്യാപകർക്ക് പ്രൊട്ടക്ഷൻ അനുവദിച്ചതെന്നു പറഞ്ഞു. മറ്റ് എന്തൊക്കെ നടപടികൾ അദ്ദേഹത്തിന്റെ കാലത്ത് കൈക്കൊണ്ടിട്ടുണ്ട്?

അധ്യാപകർക്കു കടുത്ത ജോലിഭാരം അടിച്ചേൽപ്പിച്ചു കൊണ്ട് അന്ന് ഒരു ഉത്തരവ് ഇറങ്ങുകയുണ്ടായി. രാവിലെ ഒന്‍പത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവൃത്തി സമയം വർധിപ്പിക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ അധ്യാപകർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. പണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്ക് സമരത്തിന്റെ പ്രവർത്തനങ്ങൾ കൊടുമ്പിരി കൊണ്ടു നിൽക്കേ സമരത്തിന് ആസ്പദമായ കാര്യത്തെക്കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ വെക്കാൻ സർക്കാർ സന്നദ്ധമായി. കമ്മീഷൻ റിപ്പോർട്ട് വരുന്നതുവരെ ഉത്തരവ് മരവിപ്പിച്ചു. ഇറവങ്കര ഗോപാലക്കുറുപ്പിന്റെ നേതൃപാടവത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു സർക്കാരിനെ ഈ നിലപാടിലേക്ക് എത്തിക്കാനായത്. എന്നാൽ, സർക്കാർ ഒരു കമ്മീഷനെ നിയമിക്കുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് ആഹ്വാനം ചെയ്ത സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം കൈക്കൊണ്ടതിനെരെ കടുത്ത വിമർശനം അദ്ദേഹം നേരിട്ടിട്ടുണ്ട്. ദേവ ഗൗഡ ചെയർമാനായ കമ്മീഷൻ അധ്യാപകർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതും ചരിത്രം.
അധ്യാപകർക്ക് ബോണസ് വേണമെന്ന ഇടതുപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യത്തോടും സർക്കാർ വളരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ കാലയളവിൽ അച്യുതമേനോൻ മുഖ്യമന്ത്രിയെന്ന നിലയിൽ എപ്പോഴും അധ്യാപക പക്ഷത്തായിരുന്നു. അധ്യാപകർ ഒരിക്കലും അവർക്കായി നിലകൊണ്ട അച്യുതമേനോനെന്ന മുഖ്യമന്ത്രിയെ മറക്കാൻ പാടില്ല.

അക്കാലത്തെ പ്രമുഖ അധ്യാപക നേതാക്കൾ ആരൊക്കെയായിരുന്നു?

ഇറവങ്കര ഗോപാലക്കുറുപ്പ്, ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ,
ഒ ആർ രാമൻ (പാലക്കാട് ), ബി മാധവൻ നായർ (ചങ്ങനാശേരി),
കെ എ ജോർജ് (ആലുവ), മണ്ണന്തല വേലായുധൻ നായർ (തിരുവനന്തപുരം), കെ കൃഷ്ണപിള്ള (മുന്‍ എംഎൽഎ), ജി കൃഷ്ണപിള്ള (പാർട്ടി സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പിതാവ്), പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിലെ പ്രമുഖരായി മാറിയ ടി ശിവദാസമേനോൻ (പിൽക്കാലത്തെ ധനമന്ത്രി ), വി വി ദക്ഷിണാമൂർത്തി (ദേശാഭിമാനി പത്രാധിപർ ), ടി പി പീതാംബരൻ മാസ്റ്റർ (എൻസിപി നേതാവ് ),
എഎസ് ടിഎ എന്ന സംഘടനയുടെ ആദ്യകാല നേതാക്കൾ വി ആർ വിജയ രാഘവൻ, എആർസി നായർ, എടത്താട്ടിൽ മാധവൻ, പി ബി പണിക്കർ, പി കെ പുരുഷോത്തമൻ നായർ, കെ വിമല ടീച്ചർ (കോഴിക്കോട്), സോമൻ മുതുവന (വടകര)
സർക്കാർ മേഖലയിലെ സംഘടനാ രംഗത്തെ എംആർ ജി കുറുപ്പ്, പി എം വാസുദേവൻ (കോഴിക്കോട്), ഇ കെ നായർ (കാസറഗോഡ്)പി എം വാസുദേവൻ (തിരുവനന്തപുരം), എസ് വാസുദേവൻ (കൊല്ലം), ബി പി.അഗ്ഗിത്തായ (കാസറഗോഡ്) എന്നിവരും പ്രത്യേകം പരാമർശിക്കേണ്ടവരാണ്. പിൽക്കാലത്ത് എകെഎസ് ടിയു നേതാക്കളായി മാറിയ ദേവരാജൻ കമ്മങ്ങാട്, കെ കെ ബാലൻ, പി കെ കൃഷ്ണദാസ്, കെ ശിവൻകുട്ടി നായർ, എംആർസി നായർ, ടി പ്രകാശൻ, ആർ ശരത് ചന്ദ്രൻ നായർ, സി കെ രാജശേഖരൻ തുടങ്ങി ഒട്ടേറെപ്പേരുണ്ട്. എല്ലാവരുടെയും പേര് ഓർമ്മിക്കുന്നില്ല.

അധ്യാപക സംഘടനാ കാലത്തിനു ശേഷം എന്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമാകാത്തത്?

1954 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പിലുണ്ട്. 1956 ൽ അധ്യാപകനായി. 1992 ൽ വിരമിച്ചു. കഷ്ടത നിറഞ്ഞ സംഘടനാ പ്രവർത്തനം മൂലം വിരമിക്കുമ്പോൾ തന്നെ ശാരീരിക അവശതകളിലായി. അതുകൊണ്ടു തന്നെ പിന്നീട് പാർട്ടി രംഗത്ത് സജീവമാകാനായില്ല. ഒരു പ്രവർത്തന ഘടകം പാർട്ടി തീരുമാനിച്ചു നൽകിയതുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യാപക പ്രതിനിധിയായി കേരള സർവകലാശാല സെനറ്റ് അംഗമാക്കി തീരുമാനിച്ചതും, കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ സംസ്ഥാന തല ഉപദേശക സമിതി അംഗമായി പ്രവർത്തിക്കാനായതും അഭിമാനത്തോടും ആദരവോടും സ്മരിക്കുന്നു. 1980 ൽ സോവിയറ്റ് യൂണിയനിലയച്ച് പാർട്ടി ക്ലാസിൽ ചേർത്തതുൾപ്പെടെ നൽകിയ എല്ലാ അംഗീകാരങ്ങൾക്കും ചെങ്കൊടിയുടെ പ്രസ്ഥാനത്തോട് മനസ്സു നിറഞ്ഞ കൃതജ്ഞത മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.