2 January 2026, Friday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

മല്ലികാ സാരാഭായിയെ ഭയക്കുന്നവര്‍

Janayugom Webdesk
January 24, 2023 5:00 am

1952 നവംബർ 29, ഡൽഹിയിലെ രാമകൃഷ്ണാശ്രമം. ഡോ. എം എസ് സുബ്ബലക്ഷ്മിയുടെ സംഗീതക്കച്ചേരി. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരഗംഗയിൽ ലയിച്ചു പോയ നെഹ്രു സുബ്ബലക്ഷ്മിയെ വണങ്ങിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി’. ‘ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മറ്റൊരു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ ഗാനകോകിലത്തെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജി സംബോധന ചെയ്തിരുന്നത്. രാഷ്ട്രത്തിന്റെ സമുന്നത നേതൃത്വം കലയെയും സംസ്കാരത്തെയും എങ്ങനെയാണ് ആദരിച്ചിരുന്നത് എന്നതിന്റെ നിദര്‍ശനമാണ് സുബ്ബലക്ഷ്മിയെന്ന ഗായികയോടുള്ള നിലപാടുകള്‍. അവിടെ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്തെത്തുമ്പോള്‍ കലയെയും സംസ്കാരത്തെയും എത്ര നികൃഷ്ടമായാണ് അധികാരികള്‍ കാണുന്നത് എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാകുന്നു കേരള കലാമണ്ഡലം ചാന്‍സലര്‍ കൂടിയായ വിശ്രുത നര്‍ത്തകി മല്ലികാ സാരാഭായിക്ക് തെലങ്കാനയിലെ വാറങ്കല്‍ രാമപ്പ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച സംഭവം. ക്ഷേത്രത്തിലെ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ‘വാക്കാൽ’ അനുമതി നിഷേധിച്ചെന്നാണ് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്.

നിഷേധിക്കാനുള്ള കാരണം വ്യക്തമായി അറിയാവുന്ന മല്ലികയാകട്ടെ ക്ഷേത്രത്തിന് പുറത്ത് ആയിരങ്ങളെ സാക്ഷി നിര്‍ത്തി നൃത്തം അവതരിപ്പിച്ച് ഭരണകൂടത്തോടുള്ള പ്രതിഷേധം വിളംബരപ്പെടുത്തുകയും ചെയ്തു. മല്ലികയെ വിലക്കിയതിന് കാരണം ആചാരപരമോ വിശ്വാസവുമായി ബന്ധപ്പെട്ടതോ അല്ല, അവരുടെ നിലപാടുകളാണ്. വംശീയവിഭജനത്തിലൂടെ അധികാരം തേടുന്ന നരേന്ദ്രമോഡിക്കെതിരെയുള്ള ശക്തമായ നിലപാടുകളിലൂടെ വാർത്തകളിലെ നിറസാന്നിധ്യമാണ് മല്ലികാ സാരാഭായ്. തന്റെ അമ്മയും നര്‍ത്തകിയുമായ മൃണാളിനി സാരാഭായിയുടെ ചേതനയറ്റ ശരീരത്തിനടുത്ത് ‘കൃഷ്ണാ നീ ബേഗനെ ബാരോ’ എന്ന ഗാനത്തിന് ചുവടു വച്ചുകൊണ്ട് ചിതയ്ക്ക് തീകൊളുത്തി, സർവ ആണധികാരത്തിന്റെയും മതാധികാരത്തിന്റെയും കടയ്ക്കൽ കത്തിവച്ച വനിതയാണവര്‍. അന്നുതന്നെ തീവ്രവലതുപക്ഷ സംഘടനകള്‍ മല്ലികയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്നിട്ടും മോഡി സംഘത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതിന്റെ മൂര്‍ച്ച കുറച്ചില്ല. രാജ്യത്ത് ഹിന്ദുമതമെന്ന പേരിൽ ‘ഹിന്ദുത്വ’ അടിച്ചേല്പിക്കുകയാണെന്ന് ഏതാനും ദിവസം മുമ്പ് കൊൽക്കത്ത സാഹിത്യോത്സവത്തിൽ സംസാരിക്കുമ്പോഴും അവര്‍ പറഞ്ഞു. കൊൽക്കത്തയിൽ വരുമ്പോൾ എന്നെ സന്തോഷിപ്പിക്കുന്ന ഒരുകാര്യം എല്ലാ മതവിഭാഗക്കാരും ഒരുമിച്ച് സന്തോഷത്തോടെ താമസിക്കുന്ന കാഴ്ചയാണ്. ഞാൻ താമസിക്കുന്ന അഹമ്മദാബാദിൽ ഇത് കാണാനാവില്ലെന്ന് മോഡിയുടെ ഗുജറാത്തിനെയും വിശേഷിപ്പിച്ചു. ചോദ്യംചെയ്യാനാണ് ഹിന്ദുമതം നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, ജനങ്ങളിലേക്ക് ‘ഹിന്ദുത്വ’ കുത്തിക്കയറ്റുകയാണ്. അന്യായങ്ങൾ ചോദ്യംചെയ്യുന്ന സുഹൃത്തുക്കളിൽ പലരും ഇപ്പോള്‍ ജയിലിൽ കഴിയുകയോ വിചാരണനേരിടുകയോ ആണെന്നും മല്ലിക തുറന്നടിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: കളിക്കളത്തിലെ സ്ത്രീരോദനങ്ങള്‍


സര്‍വകലകളെയും സര്‍വമതങ്ങളെയും ഒരു പോലെ കാണാന്‍ കഴിഞ്ഞിരുന്ന ആദ്യപ്രധാനമന്ത്രിയില്‍ നിന്ന് പതിനെട്ടാമത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയിലേക്കുള്ള ദൂരം വളരെവലുതാണ്. തങ്ങളെ വിമര്‍ശിക്കുന്നവരെയും സത്യം വിളിച്ചു പറയുന്നവരെയും ഒതുക്കാനും തുറുങ്കിലടയ്ക്കാനും വേണ്ടിവന്നാല്‍ ഇല്ലാതാക്കാനും പദ്ധതിയുള്ള ഫാസിസത്തിന്റേതാണ് നിലവിലുള്ള രീതി. ചരിത്രവും സംസ്കാരവും ചിന്തകളുമെല്ലാം തങ്ങള്‍ക്കനുകൂലമാക്കാന്‍ അവരെന്തും ചെയ്യും. ജീര്‍ണമായ മതബോധത്തിന് കീഴ്പ്പെടുന്ന സമൂഹനിര്‍മ്മിതിയാണവര്‍ ലക്ഷ്യം വയ്ക്കുന്നത്. കലകളില്‍ പോലും സ്വന്തം ജീര്‍ണത മാത്രം മതിയെന്നാണവരുടെ പക്ഷം. ആധുനികകാലത്തിന്റെ കലയായ സിനിമയെപ്പോലും അതുമായി യാതൊരുബന്ധവുമില്ലാത്ത സന്യാസിമാര്‍ വിലയിരുത്തും എന്ന ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വച്ച് സന്യാസിമാരടങ്ങിയ ‘ധര്‍മ്മ സെൻസർ ബോർഡ്’ എന്ന സമിതിക്ക് രൂപം നൽകിയത് കഴിഞ്ഞ ദിവസമാണ്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഇതിന്റെ ചെയർമാൻ. ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സിനിമകളിലുണ്ടോയെന്ന് ഇവര്‍ പരിശോധിക്കും. അത്തരം ദൃശ്യങ്ങളും സംഭാഷണങ്ങളുമുള്ള സിനിമകളെ എതിർക്കുകയും ചെയ്യും.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സെന്‍സര്‍ ബോര്‍ഡ് ഉണ്ടാകുമ്പോള്‍ ഒരു മതസംഘടന സമാന്തര സമിതി രൂപീകരിക്കുന്നത് എത്ര നികൃഷ്ടമാണ്. അത് ചോദ്യം ചെയ്യാന്‍ ഭരണകൂടം തയ്യാറല്ലാത്തത്, ആ അജണ്ട അവരുടെ സ്വന്തമായതുകൊണ്ടാണ്. അനുമതി നിഷേധത്തെ ഭയക്കാത്ത മല്ലികാ സാരാഭായ് സധെെര്യം ജനസമക്ഷം തന്റെ നൃത്തം അവതരിപ്പിച്ചു. പല കാരണങ്ങളാല്‍ എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നലെ കര്‍ണാടക ഹെെക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം ഏറ്റവും പ്രസക്തമാണ്. ‘ജനങ്ങൾ ഭരണകൂടത്തെയോ അതിന്റെ ഏജന്‍സികളെയോ ഭയപ്പെടുന്നെങ്കില്‍ അവിടെയുള്ളത് സ്വേച്ഛാധിപത്യമാണ്. ഭരണകൂടവും അതിന്റെ ഭാഗമായവരും ജനങ്ങളെ ഭയപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.