കോഴിക്കോട്: വിനോദ സഞ്ചാര വകുപ്പിന്റേയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല ഓണാഘോഷപരിപാടികൾ 9,10, 11 തിയതികളിൽ നടക്കും. ബീച്ച് ഫ്രീഡം സ്ക്വയർ, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, ബേപ്പൂർ, മാനാഞ്ചിറ, ടൗൺഹാൾ എന്നീ വേദികളിലാണ് കലാ-കായിക‑സംഗീത ‑നാടക‑സാഹിത്യ പരിപാടികൾ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
9ന് രാത്രി 7.30ന് ബീച്ച് ഫ്രീഡം സ്ക്വയറിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണോത്സവം ഉദ്ഘാടനം ചെയ്യുും. സിനിമാതാരം ടോവിനോ തോമസ് മുഖ്യാതിഥിയാകും. 9 ന് വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേർന്നൊരുക്കുന്ന ത്രികായ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഫ്യൂഷൻ, എട്ടിന് പിന്നണി ഗായകൻ കാർത്തികിന്റെ മ്യൂസിക് നൈറ്റ് എന്നിവ നടക്കും. വൈകീട്ട് ആറിന് കുറ്റിച്ചിറയിൽ രഹ്നയും സംഘവും ഒരുക്കുന്ന ഇശൽ നിശയും ബേപ്പൂരിൽ ആൽമരം മ്യൂസിക് ബാന്റിന്റെ മ്യൂസിക്കൽ ഇവന്റും തളിയിൽ ഉസ്താദ് റഫീഖ് ഖാന്റെ സിതാർ സംഗീത രാവും അരങ്ങേറും. മാനാഞ്ചിറ മൈതാനിയിൽ വൈകീട്ട് 7.30 മുതൽ 9.30 വരെ മുടിയേറ്റ്, ഒപ്പന എന്നീ കലാപരിപാടികൾ അരങ്ങേറും. ടൗൺഹാളിൽ വൈകീട്ട് 6.30 ന് ‘പച്ചമാങ്ങ’ നാടകം അരങ്ങേറും. മാനാഞ്ചിറയിൽ വൈകീട്ട് 3 ന് കളരി അഭ്യാസവും 6.30 ന് മാരത്തോണുമുണ്ടാവും.
പത്തിന് വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിൽ ശ്രീകാന്തും അശ്വതിയും ചേർന്നൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ്, 7.30 ന് നാദിർഷയും സംഘവും ഒരുക്കുന്ന കോമഡി ഷോ എന്നിവ നടക്കും. വൈകീട്ട് ആറിന് ഭട്ട് റോഡിൽ ഗാനോത്സവം, കുറ്റിച്ചിറയിൽ സൂഫി സംഗീതം, ബേപ്പൂരിൽ ചിത്ര അയ്യരും അൻവർ സാദത്തും ചേർന്നൊരുക്കുന്ന ഗാനനിശ, തളിയിൽ സുധ രഘുനാഥന്റെ കർണാടിക് വോക്കലും നടക്കും. മാനാഞ്ചിറയിലെ വേദിയിൽ 6.30 മുതൽ 9.30 വരെ നാടൻ പാട്ടും കളികളും, പഞ്ചുരുളി തെയ്യം, ചാമുണ്ഡി തെയ്യം പുലി തെയ്യം എന്നിവ നടക്കും. ടൗൺഹാളിൽ 7 മണിക്ക് ‘മക്കൾക്ക്’ നാടകം അരങ്ങേറും. മാനാഞ്ചിറയിൽ രാവിലെയും വൈകുന്നേരവും ആർച്ചറി മത്സരം സംഘടിപ്പിക്കും. വൈകീട്ട് 4 ന് എയറോബിക്സ്, 4.30 ന് മ്യൂസിക്കൽ ചെയർ മത്സരങ്ങൾ നടക്കും.
11 ന് വൈകീട്ട് ആറിന് ഫ്രീഡം സ്ക്വയറിൽ നാന്തലക്കൂട്ടത്തിന്റെ നാടൻ പാട്ട്, 7.30 ന് അനൂപ് ശങ്കറിന്റെ മ്യൂസിക് ഇവന്റ്, മറിമായം ടീമിന്റെ കോമഡി ഷോ എന്നിവ നടക്കും. വൈകീട്ട് ആറിന് ഭട്ട് റോഡിൽ ചലച്ചിത്ര പിന്നണി ഗായകരായ മിൻമിനിയും സുനിൽ കുമാറും ഒരുക്കുന്ന സംഗീത രാവ്, കുറ്റിച്ചിറയിൽ തേജ് മെർവിൻ ഒരുക്കുന്ന ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടി, ബേപ്പൂരിൽ ഗാനനിശ, തളിയിൽ ഡോ. സമുദ്ര മധു, ഡോ. സമുദ്ര സജീവ് എന്നിവർ ഒരുക്കുന്ന ജലം കണ്ടംപററി ഡാൻസ്, ബാലെ എന്നിവ നടക്കും. മാനാഞ്ചിറയിൽ വൈകീട്ട് 7.30 മുതൽ 9 വരെ ആദിവാസി നൃത്തം, പരുന്താട്ടം, മാപ്പിളപ്പാട്ട്, എന്നിവയുണ്ടാവും. വൈകിട്ട് നാലുമണിക്ക് വടം വലി മത്സരം സംഘടിപ്പിക്കും. ടൗൺഹാളിൽ രാത്രി 7 ന് കാവൽ, യൂ ടേൺ എന്നീ നാടകങ്ങൾ അരങ്ങേറും. വൈകിട്ട് ഏഴിന് കോഴിക്കോട് ബീച്ച് വേദിയിൽ സമാപന സമ്മേളനം നടക്കും.
വാർത്താസമ്മേളനത്തിൽ വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ടൂറിസം ജോയിന്റ് ഡയറക്ടർ ടി ജെ അഭിലാഷ്, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ് കെ സജീഷ്, ഡിടിപി സി സെക്രട്ടറി പി. നിഖിൽ ദാസ് എന്നിവരും സംബന്ധിച്ചു.
English Summary: Actor Tovino Thomas Chief Guest: Kozhikode’s Onotsavam on 9th, 10th and 11th
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.