24 April 2024, Wednesday

കൊലയാളിക്ക് ഇനി സര്‍ക്കാര്‍ ഉദ്യോഗം !

ദേവിക
വാതിൽപ്പഴുതിലൂടെ
January 23, 2023 4:45 am

അങ്ങനെ കൊലയാളിക്കൊമ്പന്‍ പിടി-7 ആനയും ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. നിയമന ഉത്തരവ് ഇന്നലെ ആന പിടിയിലായ ഉടന്‍തന്നെ ഡോ. അരുണ്‍ സക്കറിയ പുറത്തിറക്കി. അവന്റെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴത്തെ ഉത്തരവിലില്ല. കുങ്കിയാന തസ്തികയില്‍ ആറുമാസത്തെ പരിശീലനം. അതുകഴിഞ്ഞ് നിയമനം. ആനകളുടെ ആയുര്‍ദൈര്‍ഘ്യം 120 വയസായതിനാല്‍ എണ്‍പതു വയസുവരെ സര്‍വീസില്‍ തുടരാം. അപ്പോഴേക്കും കേന്ദ്ര കുങ്കിയാന തസ്തികയിലെത്തിക്കഴിയും. അടുത്തൂണ്‍പറ്റിയാല്‍ ക്യാബിനറ്റ് പദവിയിലേക്ക് പരിഗണിക്കും.… എന്നിങ്ങനെ നീളുന്നു. ധോണിയില്‍ കാടിനെയും നാടിനെയും വിറപ്പിച്ച കൊലയാളിയെ കാണാന്‍ വനം മന്ത്രി എ കെ ശശീന്ദ്രനും എക്സൈസ് മന്ത്രി എം ബി രാജേഷും ഇന്നോ നാളെയോ ധോണിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിമാര്‍ എത്തുമ്പോള്‍ ആഫ്രിക്കയിലെ മറുളമരം വച്ചുപിടിപ്പിച്ച് അതിന്റെ ചുവട്ടില്‍ തന്നെ തളയ്ക്കണമെന്ന് ഈ ഗജപോക്കിരി എക്സൈസ് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. ആളെക്കൊല്ലി ആനയ്ക്കു വന്ന ഒരു ഭാഗ്യമേ! പിടി-7ന്റെ കാര്യത്തില്‍ തീരുമാനമായെങ്കിലും ഈ കൊലപാതകിയെ കുടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചാനല്‍ മാധ്യമങ്ങള്‍ തമ്മിലുള്ള പോരായിരുന്നു പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ചത്. ഡോ. അരുണ്‍ സക്കറിയ മയക്കുവെടിവയ്ക്കാന്‍ മരുന്നു നിറയ്ക്കുന്നതിനിടെ ‘ഇതാ ആനയ്ക്കു വെടിയേറ്റു’ എന്ന് ഒരു ചാനല്‍, ആന ഒറ്റക്കാലില്‍ മയങ്ങി നില്‍ക്കുകയാണെന്ന് മറ്റൊരു ചാനല്‍. വെടികൊണ്ട് അവന്‍ നിലത്തേക്ക് വീണുകഴിഞ്ഞുവെന്ന് വേറൊരു ചാനല്‍.

ഓരോ നിമിഷവും മുന്നിലെത്താനുള്ള ഉണ്ടയില്ലാ വെടിയൊച്ചകള്‍ കേട്ട് ജനം അമ്പരക്കുമ്പോള്‍ മയങ്ങിയ ആനയുടെ കണ്ണുമൂടിക്കെട്ടിക്കഴിഞ്ഞെന്ന് തത്സമയ കുങ്കിയാനകള്‍! എന്തായാലും ആനയെ കുങ്കിയാനകള്‍ ചേര്‍ന്ന് ലോറിയിലേക്ക് ഉന്തിക്കയറ്റുന്ന ദൃശ്യം തത്സമയം കാണിച്ചത് ഒരൊറ്റ ചാനല്‍ മാത്രം. ആ ചാനല്‍ അങ്ങനെയങ്ങ് ജയിച്ചുകളയേണ്ട. എല്ലാ ചാനലുകളും ചേര്‍ന്ന് ആര്‍പ്പുവിളിച്ചു. പിടി-7 ധോണിയിലെ കൂട്ടിലെത്തി. അപ്പോഴും അരുണ്‍ സക്കറിയ മയക്കുവെടിയുടെ കാഞ്ചിവലിക്കുന്നേയുള്ളു! ദയവായി ചാനലുകള്‍ ജനത്തെ പൊട്ടന്മാരാക്കരുതേ, അപേക്ഷയാണ്. പണ്ടൊരിക്കല്‍ സെക്രട്ടേറിയറ്റില്‍ ഇതുപോലൊരു സംഭവമുണ്ടായതാണ്. ടിയര്‍ഗ്യാസും ജലപീരങ്കിയും ഗ്രനേഡുമെല്ലാം വിഫലമായതോടെ ഇതാ പൊലീസ് തുരുതുരാ നിറയൊഴിക്കുന്നു. അന്ന് ഒരു വെടിപോലും പൊട്ടിയില്ലെങ്കിലും ഒരു ചാനല്‍ ജയിക്കാന്‍ വേണ്ടി നടത്തിയ പൊയ്‌വെടികള്‍! മലയാളികളുള്ളിടത്തോളം കാലം വിവാദങ്ങള്‍ മരിക്കില്ല. എന്തിനുമേതിനും വിവാദം. അടുക്കള മുതല്‍ ശബരിമല സന്നിധാനം വരെയും ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് പിച്ചുവരെയും നീളുന്ന വിവാദങ്ങള്‍. ആര്‍ത്തവം പോലും ഇതാ വിവാദമാകാന്‍ പോകുന്നു. ശബരിമല സന്നിധാനത്തില്‍ പൊന്നു പതിനെട്ടാംപടി കയറിവന്ന് കലിയുഗവരദനെ ഒരുനോക്ക് ദര്‍ശിക്കാനെത്തുന്ന ഭക്തരെ ഒരു ദേവസ്വം ഗാര്‍ഡ് സന്നിധാന തിണ്ണമിടുക്കുകാട്ടിയത് ഹൈക്കോടതിവരെ എത്തി വിവാദമായി. പട്ടിണിക്കാര്‍ ക്രിക്കറ്റ് കളി കാണേണ്ട എന്നു പറഞ്ഞ മന്ത്രിക്കെതിരെ ജനരോഷം ഉയര്‍ന്നു. കാണികള്‍ ഓസി പാസുകാര്‍‍ മാത്രമായപ്പോള്‍ വിശദീകരിച്ചു തളര്‍ന്നു മന്ത്രി.


ഇതുകൂടി വായിക്കൂ: ജനാധിപത്യ സര്‍ക്കാരുകള്‍ ഇല്ലാതാകുന്ന നവലോകം


ആലുവാ തിരുവൈരാണിക്കുളം ശിവപാര്‍വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടി അമലാ പോളിന് ദര്‍ശനം നിഷേധിച്ചതും വന്‍ വിവാദത്തിനു തിരികൊളുത്തി. ഈ വിവാദത്തിനിടെയാണ് ശ്രീപാര്‍വതി യുവതിയാണെന്ന് ജനം അറിഞ്ഞത്. ശ്രീപാര്‍വതി തൃപ്പൂത്തായത്, അതായത് ഋതുമതിയായതു കാണാനാണ് അമലാപോള്‍ എത്തിയതത്രേ. ആര്‍ത്തവത്തിലും ദൈവ‑മനുഷ്യവിവേചനം. ശ്രീപാര്‍വതിക്ക് ആര്‍ത്തവമുണ്ടായാല്‍ തൃപ്പൂത്ത്, മാലപ്പെണ്ണിനാണെങ്കില്‍ മാസക്കുളി എന്ന് പണ്ടാരാണ്ടോ പറഞ്ഞതുപോലെ. സ്‌കൂള്‍ കലോത്സവത്തില്‍ മാംസഭോജ്യങ്ങള്‍ വിളമ്പാതിരുന്നതിന്റെ പേരിലുണ്ടായ പുകിലും പുക്കാറും ചില്ലറയല്ല. പാചകച്ചുമതലയുണ്ടായിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെ മനുസ്മൃതിയുടെ കാലത്തെ ചാതുര്‍വര്‍ണ്യത്തിന്റെ പ്രതീകമായി ചാപ്പകുത്തി. കലോത്സവ പാചകത്തില്‍ നിന്ന് കട്ടേം പടവും മടക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആ സാധുമലയാളി ബ്രാഹ്മണന്‍ കുറിച്ചിത്താനത്തെ മനയിലേക്ക് വലിഞ്ഞു. ഇതോടെ അടുത്ത യുവജനോത്സവം മുതല്‍ മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ഇതു കേട്ടതുപാതി കേള്‍ക്കാത്തതുപാതി കേരള പൗള്‍ട്രി അസോസിയേഷന്റെ ഓഫര്‍. പുകിലിനും പുക്കാറിനും ഇനി വേറെന്തു വേണം! അടുത്തവര്‍ഷം തങ്ങള്‍ കലോത്സവസദ്യക്ക് വിളമ്പാന്‍ പന്നിയിറച്ചി സൗജന്യമായി നല്കാമെന്ന് പറഞ്ഞാല്‍ എങ്ങനിരിക്കുമെന്ന് ഹിന്ദു ഐക്യവേദി. ഇതു കേട്ട് ഏതെങ്കിലും മുസ്ലിം സംഘടന കലോത്സവ ബിരിയാണിക്ക് ബീഫ് സൗജന്യമായി നല്കാമെന്നു പറഞ്ഞാലോ. മാംസത്തിന്റെ പേരിലുള്ള വിവാദം വര്‍ഗീയ വിദ്വേഷമായി പടര്‍ന്നു കത്താന്‍ മറ്റെന്തെങ്കിലും വേണോ! കലോത്സവ സദ്യക്ക് സസ്യഭക്ഷണം മാത്രം മതിയെന്ന് തീരുമാനിക്കുന്നതല്ലേ നന്ന്.

ഇഡ്ഡലിയും സാമ്പാറും ചട്ടിണിയും കഴിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ. പുട്ടും കടലയും അപ്പവും കിഴങ്ങുകറിയും ഭക്ഷിച്ചും ആരും മരിച്ചതായി ചരിത്രമില്ല. ആറു ദിവസം തുടര്‍ച്ചയായി സസ്യഭോജനം നടത്തിയതുകൊണ്ടും ആരും ചത്തുപോയതായും കേട്ടിട്ടില്ല. ഇനി വരാനിരിക്കുന്നത് ആര്‍ത്തവവിവാദമാണ്. ആര്‍ത്തവകാലത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലായിക്കഴിഞ്ഞു. ഉത്തരവിറക്കിയതും വനിതാ മന്ത്രി. ആര്‍ത്തവാവധിക്കാലത്ത് കുട്ടികളെങ്ങനെ പഠിക്കും, ആരു പഠിപ്പിക്കും, പരീക്ഷ എഴുതാനെത്തുമ്പോള്‍ ആര്‍ത്തവമായാല്‍ അവധിയെടുത്തു പോയാല്‍ മാര്‍ക്കു നല്കുമോ എന്നെല്ലാം പയ്യന്മാര്‍ ചോദിക്കുന്നു. ലിംഗനീതിയനുസരിച്ച് തങ്ങള്‍ക്കും അവധിവേണമെന്ന് ഈ ചെറുതരക്കാര്‍ ആവശ്യപ്പെട്ടാല്‍ അതംഗീകരിക്കാതിരിക്കാനാവുമോ! യുഎസ് കാര്‍ട്ടൂണിസ്റ്റ് ബെന്‍ഗാരിസണ്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് വരച്ച ഒരു വിശ്വാേത്തര കാര്‍ട്ടൂണുണ്ട്. തലയ്ക്ക് പകരം തൂലികയുള്ള ഒരു നായ്ക്കൂട്ടം ആരോ നീട്ടിപ്പിടിക്കുന്ന എല്ലിന്‍ കഷ്ണത്തിനു പിന്നാലെ പായുന്ന ചിന്താ ബന്ധുരമായ കാര്‍ട്ടൂണ്‍. ഈയടുത്ത് ഗവര്‍ണര്‍ ചില മാധ്യമങ്ങളെ തെരഞ്ഞെടുത്ത് ഗെറ്റൗട്ട് അടിച്ചു. ‘പൊതുസ്ഥലത്ത് വച്ച് പുറത്തുപോകാന്‍ പറയാന്‍ താനാരു കൂവാ’ എന്ന് ചോദിക്കാന്‍ ഒരു മാധ്യമശിങ്കിടിമങ്കനുമുണ്ടായില്ല. മൂന്നു ദിവസം മുമ്പ് പി വി അന്‍വര്‍ മാധ്യമപ്രവര്‍ത്തകരെ എടാ പോടാ എന്നു വിളിച്ചപ്പോഴും തിരിച്ചുപറയാന്‍ ധൈര്യമുള്ള ഒരുതരി പോലുമുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.