26 July 2024, Friday
KSFE Galaxy Chits Banner 2

ആദിത്യന് ഇനി പരസഹായമില്ലാതെ സ്ക്കൂളിൽ വരാം

Janayugom Webdesk
ചേര്‍ത്തല
March 4, 2022 2:35 pm

ചേര്‍ത്തല: പട്ടണക്കാട് എസ് സി യു ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യർത്ഥി ആദിത്യന് പരാശ്രയമില്ലാതെ ഇനി മുതൽ പുറത്തിറങ്ങാം. സ്ക്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് ആസൂത്രണം ചെയ്ത സഹപാഠിക്കൊരു സമ്മാനം എന്ന പദ്ധതിയിലൂടെ 1,76,000 രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകിയപ്പോൾ ആദിത്യന്റെ സ്വപ്നം പൂവണിഞ്ഞു. ജന്മനാ അംഗ പരിമിതനായ ആദിത്യനെ ചെറിയ ക്ലാസ്സുകളിൽ രക്ഷാകർത്താക്കൾ എടുത്ത് കൊണ്ടുപോയാണ് പഠിപ്പിച്ചിരുന്നത്. മുതിർന്നപ്പോൾ അതിന് കഴിയാതെ വന്നു. ഇതോടെ ആദിത്യന് സ്ക്കൂൾ ഒരു സ്വപ്നം മാത്രമായി മാറി.

ഈ ദുരവസ്ഥ പരിഹരിക്കാൻ സ്ക്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മുന്നോട്ട് വരികയായിരുന്നു. സ്ക്കൂളിലെ കുട്ടികൾ നൽകിയ സഹായവും ഒരു പൂർവ്വ വിദ്യാർത്ഥിയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവും തുണയായി. അടുത്ത വർഷം 8 ലക്ഷം രൂപ സമാഹരിച്ച് സ്ക്കൂളിലെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീടു നിർമ്മിച്ചു നൽകുമെന്ന് സ്ക്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ചുമതല വഹിക്കുന്ന അധ്യാപകനായ എൻ ജി ദിനേഷ് കുമാർ പറഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് കൃഷ്ണാലയത്തിൽ കൂലിപ്പണിക്കാരനായ മുരളീ-വിജി ദമ്പതികളുടെ മകനാണ് ആദിത്യൻ. സഹോദരി അഞ്ജന ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ശരീരികാവശതകൾ മൂലം എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയില്ലെങ്കിലും ആദിത്യൻ പക്ഷെ പഠന കാര്യത്തിൽ അതീവ താൽപര്യം കാണിക്കാറുണ്ട്. സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ടി ഫെറാഷ് വീൽചെയർ ആദിത്യന് കൈമാറി. ജില്ലാ പഞ്ചായത്തംഗം എന്‍ എസ് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ബിജു, അസ്‌ലാം, വി കെ സാബു, ഉഷാദേവി, പ്രസന്നകുമാരി, ശ്രീജ ശശിധരൻ, ബോബൻ വി എ, ഹരിപ്രിയ എം, റജീന, ഷേർലി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ദിനേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ കെ ഭാർഗവി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.