
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച് നേടിയ മുന്‍കൈ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലാണ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള പിടിവലിക്ക് കാരണം.
കോഴിക്കോട് ജില്ലയില്‍ ഒരൊറ്റ സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയപ്രതീക്ഷയില്ലെങ്കിലും സീറ്റ് നേടിയെടുക്കാനായി നേതാക്കളുടെ നെട്ടോട്ടമാണ്. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് ഇനി ഇല്ലെന്ന് പ്രഖ്യാപിച്ച് മാറി നിന്ന മുന്‍ കെപിസിസി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമെല്ലാമായ മുല്ലപ്പള്ളി രാമചന്ദ്രനും സീറ്റിനായി ചരടുവലികള്‍ ആരംഭിച്ചു. മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി നിർദ്ദേശിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് മത്സരിക്കാന്‍ താല്പര്യമെന്നും മുല്ലപ്പള്ളി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ നേരത്തെതന്നെ തയ്യാറെടുത്തിരുന്നു. ഈ മണ്ഡലം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് പ്രവീണ്‍കുമാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പള്ളി നാദാപുരം മണ്ഡലത്തില്‍ മത്സരിക്കട്ടെയെന്നാണ് ഡിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശം. എന്നാല്‍ വിജയ പ്രതീക്ഷയില്ലാത്ത നാദാപുരത്ത് മത്സരിക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് മുല്ലപ്പള്ളി അനുകൂലികള്‍ വ്യക്തമാക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തെ മുല്ലപ്പള്ളി തന്റെ ആഗ്രഹം അറിയിച്ചിട്ടുണ്ട്. മുന്നണിയില്‍ ചര്‍ച്ചവരുമ്പോള്‍ മുല്ലപ്പളളിക്കായി വാദിക്കാനും ലീഗില്‍ തീരുമാനമായിട്ടുണ്ട്. എവിടേയും കിട്ടിയില്ലെങ്കില്‍ നാദാപുരമായാലും മത്സരിക്കാമെന്ന കണക്കുകൂട്ടലിലാണ് മുല്ലപ്പള്ളി.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ അഡ്വ. കെ ജയന്തിനേയും പേരാമ്പ്രയില്‍ കെ എം അഭിജിത്തിനേയും മത്സരിപ്പിക്കണമെന്നതാണ് ഡിസിസിയുടെ ആഗ്രഹം. എന്നാല്‍ വനിതാ നേതാക്കളേയും യുവാക്കളേയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഇവിടങ്ങളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ജില്ലയില്‍ യുഡിഎഫ് മുന്നണിയില്‍ മുസ്ലിംലീഗ് വോട്ടാണ് നിര്‍ണായകമെന്നതിനാല്‍ ലീഗിനെ പ്രീതിപ്പെടുത്തുന്നതിനായാണ് നേതാക്കളുടെ മത്സരം.
ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ കെപിസിസി അധ്യക്ഷനും പാര്‍ലമെന്റംഗവുമായ കെ സുധാകരനും രംഗത്തെത്തി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് വ്യക്തമാക്കിയ സുധാകരന്‍ കണ്ണൂര്‍ സീറ്റ് ലക്ഷ്യമിട്ട് നീക്കങ്ങളും ആരംഭിച്ചു. കണ്ണൂര്‍ ഡിസിസിയെക്കൊണ്ട് പേര് നിര്‍ദ്ദേശിപ്പിക്കുന്നതിനുള്ള നീക്കവും നടത്തുന്നുണ്ട്.
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
എഐസിസി നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് വേണുഗോപാലിന്റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഹൈക്കമാന്‍ഡില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. കേരളത്തില്‍ മുഖ്യമന്ത്രി മോഹവുമായി നടക്കുന്ന അരഡസനിലേറെ നേതാക്കളാണ് മത്സര രംഗത്തെത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെല്ലാം സജീവമായി കളത്തിലുണ്ട്. മുതിര്‍ന്ന നേതാവ് വി എം സുധീരനെ രംഗത്തിറക്കണമെന്നും ഒരുവിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് കെ സുധാകരന്റേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും രംഗപ്രവേശം.
മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി രംഗത്തെത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. അമ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെതന്നെ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും ഇത്തവണ ആവശ്യം പരിഗണിക്കപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്. എഐസിസി നേതൃത്വത്തെ സമീപിച്ച് ആവശ്യം ഉന്നയിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. നേതാക്കളുടെ സ്ഥാനമോഹം കാരണം തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റിനായുള്ള വടംവലി ഇനിയും മുറുകുമെന്നുതന്നെയാണ് വ്യക്തമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.