6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 12, 2024
July 9, 2024
June 30, 2024
June 14, 2024
May 23, 2024
April 26, 2024
March 27, 2024
March 21, 2024
March 21, 2024

അഗ്നിപഥ്: ഒന്നരലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ഇരുട്ടില്‍

Janayugom Webdesk
June 19, 2022 8:16 am

റിക്രൂട്ട്മെന്റ് കടമ്പകളില്‍ പകുതിയോളവും പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്ന രാജ്യത്തെ ഒന്നര ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ക്കുമേലെ കരിനിഴല്‍ വീഴ്ത്തി അഗ്നിപഥ് പദ്ധതി. സൈന്യത്തില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്നുള്ള അയ്യായിരത്തോളം പേരുള്‍പ്പെടെ, സൈന്യത്തിന്റെ ഭാഗമാകുന്നതിനായുള്ള റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് വിജയിച്ച് എഴുത്തുപരീക്ഷയ്ക്കുവേണ്ടി കാത്തിരിക്കുന്ന യുവാക്കളാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പകച്ചുനില്‍ക്കുന്നത്.

കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും വില നല്‍കാതെ ഉദ്യോഗാര്‍ത്ഥികളെ തെരുവിലിറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഒന്നര വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മെഗാ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത്, ശാരീരിക ക്ഷമത-ആരോഗ്യ പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള എഴുത്തുപരീക്ഷ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് മാറ്റിവച്ചത് ആറ് തവണയോളമാണ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ എഴുത്തുപരീക്ഷ നടത്തുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് പല തവണയായി മാറ്റിവച്ച പരീക്ഷ നവംബര്‍ മാസത്തില്‍ നടത്തുമെന്നാണ് അവസാനത്തെ ഔദ്യോഗിക അറിയിപ്പ് വന്നത്.

പിന്നീട് ഈ വര്‍ഷം ജനുവരിയില്‍ പരീക്ഷ നടക്കുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഇതേ കാലയളവില്‍ തന്നെ ദേശീയ തലത്തിലുള്ള മറ്റ് വലിയ എഴുത്തുപരീക്ഷകളുള്‍പ്പെടെ നടന്നതും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

സൈന്യത്തില്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കാനിരുന്ന അഗ്നിപഥ് പദ്ധതിയുടെ പേരിലാണ്, മറ്റ് കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ സംശയിക്കുന്നു.

പ്രതിവര്‍ഷം രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കുമെന്നായിരുന്നു എട്ട് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാഗ്ദാനം. ഇത് പ്രതീക്ഷിച്ച് വോട്ട് ചെയ്ത യുവാക്കളുടെ പിന്തുണയില്‍ അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കൂടി ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കാണ് പോയത്.

സൈന്യത്തിലുള്‍പ്പെടെ തൊഴിലവസരങ്ങള്‍ നിഷേധിക്കുന്ന നടപടിക്കെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടും ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധം.

Eng­lish summary;Agnipath: The future of one and a half lakh job seek­ers is in the dark

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.