27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024

കടമെടുപ്പ് പരിധി: കേന്ദ്ര‑സംസ്ഥാന ചര്‍ച്ച വീണ്ടും പരാജയം

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 13, 2024 11:00 pm

കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ അവസാന വട്ട ചര്‍ച്ചയും പരാജയം. കേസില്‍ സമവായം സൃഷ്ടിക്കാന്‍ കോടതി നടത്തിയ ശ്രമങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനമെടുത്തു. വരുന്ന വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും.
കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കേരളത്തിന് ഒറ്റത്തവണ പാക്കേജ് അനുവദിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ആശയ വിനിമയങ്ങളുടെ ഫലമായി, സംസ്ഥാനത്തിന് 2024–25 സാമ്പത്തിക വര്‍ഷം നിബന്ധനകളോടെ 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സ്വീകാര്യമല്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചതോടെ കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കേന്ദ്രം പുതിയതായി കടമെടുപ്പിന് അനുമതി നല്‍കുന്ന തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസത്തെ കടമെടുപ്പു പരിധിയില്‍ തട്ടിക്കിഴിക്കും. വരുന്ന സാമ്പത്തിക വര്‍ഷം കേരളത്തിന് പ്രത്യേക കടമെടുപ്പിന് അനുമതിയില്ല. സംസ്ഥാനത്തിന്റെ വരുമാന വര്‍ധനയ്ക്ക് ബജറ്റില്‍ പറയുന്ന പ്ലാന്‍ ബി എന്തെന്ന് കേന്ദ്രത്തെ അറിയിക്കണം തുടങ്ങി നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചു.
5000 കോടി രൂപകൊണ്ട് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ല. കേരളത്തിന് അര്‍ഹതപ്പെട്ട, കുറഞ്ഞത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണം. ഇതിന് കേന്ദ്രം നിബന്ധനകള്‍ വയ്ക്കരുത്. കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറല്ലെങ്കില്‍ കേസില്‍ കോടതി വാദം കേള്‍ക്കണമെന്ന ആവശ്യം കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുന്നോട്ടുവച്ചു. 

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും അഭിപ്രായങ്ങള്‍ വിലയിരുത്തിയ കോടതി കേസ് 21ലേക്ക് മാറ്റി. അന്ന് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചേക്കും. കോടതി അനുകൂല തീരുമാനമുണ്ടായാല്‍ നടപ്പു സാമ്പത്തിക വര്‍ഷം കടമെടുക്കാന്‍ സംസ്ഥാനത്തിന് ഏതാനും ദിവസത്തെ മാത്രം സാവകാശമാകും ലഭിക്കുക. ആര്‍ബിഐ ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ കടപ്പത്രം പുറപ്പെടുവിക്കുന്നത് ചൊവ്വാഴ്ച മാത്രമാണ്. 

Eng­lish Sum­ma­ry: Bor­row­ing ceil­ing: Cen­tre-state talks fail again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.