1 February 2026, Sunday

കാർഷിക മേഖലയ്ക്കും അവഗണന

കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഗണിച്ചില്ല 
Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2026 7:21 pm

രാജ്യത്തിന്റെ നട്ടെല്ലും സാമ്പത്തിക വളർച്ചയുടെ കരുത്തുമായ കാർഷിക മേഖലയ്ക്ക് ഇത്തവണയും ബജറ്റില്‍ അവഗണന. കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായ കാർഷിക മേഖലയ്ക്ക് 2026–27 കേന്ദ്ര ബജറ്റിൽ 1,62,671 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിഹിതത്തിൽ ഏഴ് % വർധനവ് രേഖപ്പെടുത്തിയെങ്കിലും, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് വേണ്ടവിധം പരിഗണിച്ചിട്ടില്ല.
കർഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ ബജറ്റ് നിശബ്ദത പാലിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിക്കുന്നതിനെക്കുറിച്ചോ, കാർഷിക ഉല്പന്നങ്ങൾ സൂക്ഷിക്കാനുള്ള സംഭരണ ശാലകൾ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ല.
2026–27 സാമ്പത്തിക വർഷത്തേക്കുള്ള വളം, ഭക്ഷ്യ സബ്സിഡികൾ കഴിഞ്ഞ വർഷത്തെ പുതുക്കിയ കണക്കുകളേക്കാൾ കുറവാണ്. ഇത് കർഷകർക്ക് വലിയ തിരിച്ചടിയാകും. വളം വില വര്‍ധിക്കുന്നതിനും ഉല്പാദനച്ചെലവ് ഉയരുന്നതിനും കാരണമാകും. കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വിഹിതത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇത് കാർഷിക മേഖലയുടെ വികസനത്തിൽ സർക്കാരിനുള്ള താല്പര്യക്കുറവാണ് കാണിക്കുന്നതെന്നും വിമര്‍ശനമുണ്ട്,.
കൃഷിയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൊണ്ടുവരുന്നതും വലിയ നേട്ടമായി സർക്കാർ അവതരിപ്പിക്കുന്നുണ്ടെങ്കിലും, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത്തരം പദ്ധതികൾ കൊണ്ട് സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഭാരത് വിസ്തർ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഐസിഎആർ സേവനങ്ങളെ ഇതിലൂടെ കർഷകരിലേക്ക് നേരിട്ടെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ പൊതുവെ കർഷക ക്ഷേമത്തിനോ കാർഷിക മേഖലയെ ശക്തിപ്പെടുത്താനോ ഉള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ബജറ്റിൽ കാണാനില്ല.
കാർഷിക കടബാധ്യത ദേശീയതലത്തിൽ രൂക്ഷമായിരിക്കെ, ഒരു തരത്തിലുള്ള കടാശ്വാസ പാക്കേജോ പലിശ ഇളവോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലെ റബ്ബർ, കുരുമുളക്, കാപ്പി, തെങ്ങ് കർഷകർക്ക് അടക്കം ഇത് വലിയ തിരിച്ചടിയാണ്. കാർഷിക ഉല്പന്നങ്ങളുടെ വിലസ്ഥിരത, മാർക്കറ്റ് ഇടപെടൽ, സംഭരണം, വാല്യു അഡീഷൻ തുടങ്ങിയ മേഖലകളിൽ പുതിയ ഇടപെടലുകളോ ശക്തമായ ഫണ്ടിങ് ഉറപ്പുകളോ ബജറ്റിൽ ഇല്ല. ഇതോടെ കർഷകർ വിപണി അസ്ഥിരതയ്ക്കും ചൂഷണത്തിനും വിട്ടുകൊടുക്കപ്പെടുകയാണ്.
ജൈവകൃഷി, സുസ്ഥിര കൃഷി, കാലാവസ്ഥാ പ്രതിരോധ കൃഷി എന്നിവയെക്കുറിച്ച് പ്രസംഗങ്ങളിൽ പരാമർശമുണ്ടെങ്കിലും, അവ നടപ്പാക്കാൻ ആവശ്യമായ പ്രത്യേക ഫണ്ടുകളോ പ്രോത്സാഹനങ്ങളോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. കർഷകർ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ പരിഹരിക്കാൻ ബജറ്റ് പര്യാപ്തമല്ലെന്ന് വിവിധ കർഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.