24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 8, 2025
April 2, 2025
March 30, 2025
March 21, 2025
March 20, 2025
March 19, 2025
March 8, 2025
February 8, 2025
February 5, 2025

കാര്‍ഷിക മേഖല: സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2024 11:39 am

രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും സ്വകാര്യവല്ക്കരിക്കുമെന്ന പ്രഖ്യാപനവുമായി ഇടക്കാല ബജറ്റ്. രാജ്യം സാക്ഷ്യം വഹിച്ച രൂക്ഷമായ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നു പിന്‍തിരിഞ്ഞ നീക്കം ശക്തമായി നടപ്പാക്കുമെന്ന സൂചന തന്നെയാണ് ബജറ്റ് മുന്നോട്ടു വയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ ബജറ്റ് വിഹിതമാണ് കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കര്‍ഷകര്‍ക്കുള്ള പിഎം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വളം സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്കായി സ്വകാര്യ‑പൊതു മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ബജറ്റില്‍ പറയുന്നു. ആധുനികരീതിയിലുള്ള സംഭരണം, വിതരണം എന്നിവയ്ക്കുള്‍പ്പെടെയായിരിക്കും നിക്ഷേപം നടത്തുക. എണ്ണക്കുരുവിലുള്ള സ്വയം ആശ്രിതത്വം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ക്ഷീര, മത്സ്യ മേഖലകളിലും ഘട്ടം ഘട്ടമായുള്ള സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. സമുദ്ര ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുകയും മത്സ്യസമ്പാദ പദ്ധതി വിപുലമാക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകളും യാഥാര്‍ത്ഥ്യമാക്കും. പുതുതായി 55 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ബജറ്റിലുണ്ട്.

നാല് ശതമാനം പലിശക്ക് കാർഷിക വായ്പ കർഷകർക്ക് നൽകുന്ന പദ്ധതിക്ക് ബജറ്റിൽ 23,000 കോടി വകയിരുത്തിയിരുന്നത് പുതുക്കിയ ബജറ്റിൽ 18,500 കോടി രൂപയാക്കി കുറച്ചു. ആർകെവിവൈ പദ്ധതിക്ക് 2023- 24ൽ 7150.35 കോടി വകയിരുത്തിയിരുന്നത് 6150. 35 കോടി രൂപയാക്കി കുറച്ചു. ഈ വർഷം അത് 7553 കോടിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗണ്യമായ കുറവ് വരുത്തുമെന്നാണ് മുൻകാല അനുഭവങ്ങൾ പഠിപ്പിക്കുന്നത്. 10,000 എഫ്‌പിഒകളുടെ വികസനത്തിനായി കഴിഞ്ഞവർഷം 955 കോടി വകയിരുത്തിയത് ഈ വർഷം 581.67 കോടിയായി വെട്ടിച്ചുരുക്കി.
റബ്ബർ ബോർഡിന്റെ ഫണ്ട് 268.76 കോടിയിൽ നിന്നും 244.29 കോടിയായി വെട്ടിച്ചുരുക്കിയത് റബ്ബർ മേഖലയിലെ കർഷകരേയും, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ വിഹിതം 39.13 കോടിയിൽ നിന്ന് 35 കോടിയാക്കി വെട്ടിച്ചുരുക്കിയത് നാളികേര കർഷകരേയും ഏറെ നിരാശപ്പെടുത്തി.

വളം സബ്സിഡി: 13.2 ശതമാനം വെട്ടിച്ചുരുക്കി 

ന്യൂഡല്‍ഹി: കാര്‍ഷിക രംഗത്തെ പാടേ തഴഞ്ഞ ഇടക്കാല ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വളം സബ്സിഡിയായി നീക്കി വച്ചത് 1.64 ലക്ഷം കോടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 1.75 ലക്ഷം കോടി രൂപയാണ് വളം സബ്സിഡിയായി ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് 1.89 ലക്ഷം കോടിയായി ഉയര്‍ത്തുകയായിരുന്നു. യൂറിയ, ന്യൂട്രിയറ്റ് അധിഷ്ഠിത വളങ്ങള്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിലവര്‍ധന, ജൈവ വളങ്ങള്‍ക്കുള്ള ആവശ്യകത, നാനോ-യൂറിയ വളങ്ങളുടെ ഉപയോഗം എന്നിവയുടെ പശ്ചാത്തലത്തിലാണ് സബ്സിഡി കുറയ്ക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കരുതുന്നു.

രാജ്യത്തെ ആകെ വളം ഉപയോഗത്തിന്റെ 55–60 ശതമാനത്തോളം യൂറിയ ആണ്. കയറ്റുമതിയിലൂടെയും പ്രാദേശിക ഉല്പാദനത്തിലൂടെയും ആവശ്യം നിറവേറ്റുന്നത്. സബ്സിഡി നിരക്കില്‍ 45കിലോ ബാഗിന് 242 രൂപയാണ് ഈടാക്കുന്നത്. നികുതി, വേപ്പ് പൊതിയുന്നതിനുള്ള നിരക്ക് എന്നിവ ഒഴിവാക്കിയാണ് ഈ തുക. നികുതി ഒഴിവാക്കിയാല്‍ 2,200 രൂപയാണ് ഇവയ്ക്ക് വില.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം പൊട്ടാഷ്, ഫോസ്ഫേറ്റ് എന്നിവയുടെ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തില്‍ ഒരു ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരുന്നത് എങ്കിലും പിന്നീട് 2.25ലക്ഷം കോടിയായി ഉയര്‍ത്തുകയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 63,222 കോടിയായിരുന്നു യൂറിയ വളങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. പോഷകാധിഷ്ഠിത സബ്‌സിഡിയായി 42,000 കോടിയും ചെലവഴിച്ചു. ഈ സ്ഥാനത്താണ് വളം സബ്സിഡി ഇടക്കാല ബജറ്റില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ പകുതിയിലേറെ പേര്‍ കാര്‍ഷികവ‍ൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാമ്പത്തിക സ്രോതസിന്റെ 15 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്.

Eng­lish Sum­ma­ry: Agri­cul­ture Sec­tor: Total Privatization

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.