27 January 2026, Tuesday

ബിജെപിയുടെ ചരടുവലിയില്‍ ‘എയിംസ്’ വഴി മാറുന്നു

ബേബി ആലുവ
കൊച്ചി
October 30, 2023 10:40 pm

ദീർഘകാലമായി കേരളം ആവശ്യപ്പെട്ടു പോരുന്നതും നിരന്തരമായ സമ്മർദങ്ങളുടെ ഫലമായി അനുകൂല തീരുമാനമുണ്ടായതുമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ) ഇപ്പോഴും കിട്ടാക്കനി. ഇതിനിടെ, ബിജെപി രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയതാണ് കാലതാമസത്തിന് കാരണമെന്ന് സൂചനയുണ്ട്. കേന്ദ്ര നിർദേശങ്ങളെല്ലാം പാലിച്ച് വൈദ്യുതി, വെള്ളം, വഴി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളാടും കൂടിയ ഭൂമി കോഴിക്കോടിന് അടുത്ത കിനാലൂരിൽ സജ്ജമാക്കി കേരളം കാത്തിരുപ്പ് തുടരുന്നതിനിടയിലാണ്, സംസ്ഥാനത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി സ്ഥാപനം കോഴിക്കോടിന് നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെ കരുനീക്കങ്ങളും കേന്ദ്രത്തിന് മേലുള്ള സമ്മർദതന്ത്രങ്ങളും.

ബിജെപിക്ക് താല്പര്യമുള്ള ജില്ലയിലേക്ക് മാറ്റാനാണ് നീക്കമെങ്കിലും ഇത് പദ്ധതി അനിശ്ചിതമായി നീളുന്നതിനും ഒരു പക്ഷേ, നഷ്ടപ്പെടുന്നതിനു തന്നെയും കാരണമായേക്കാം. ഒന്നാം നരേന്ദ്രമോഡി സർക്കാരിന്റെ കാലം മുതൽ ഉയരുന്നതാണ് കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം. യുഡിഎഫ് സർക്കാർ വിഷയത്തിൽ തികഞ്ഞ അലംഭാവം പുലർത്തിയപ്പോൾ, ആവശ്യം ശക്തമായത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ്. വൈദ്യുതിയും വെള്ളവും വഴിയും അടക്കമുള്ള 200 ഏക്കർ സ്ഥലം കണ്ടെത്തിയാൽ എയിംസ് അനുവദിക്കാമെന്ന് ഒടുവിൽ കേന്ദ്രം സമ്മതിച്ചു. തിരുവനന്തപുരവും കോട്ടയവും കൊച്ചിയും കോഴിക്കോടും എല്ലാം പരിഗണനയ്ക്ക് വന്നു.

കേരളത്തിലെവിടെയും പദ്ധതിക്കായി സ്ഥലം നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനിടെ, 2018ൽ പദ്ധതി പരിഗണനയിലില്ലെന്നായി കേന്ദ്ര സർക്കാർ. കേരളത്തെ തഴഞ്ഞ്, ജമ്മുവിലും തെലങ്കാനയിലും തമിഴ് നാട്ടിലും കർണാടകയിലും എയിംസ് അനുവദിക്കുകയും ചെയ്തു. എന്നാൽ, പിന്മാറാതെയുള്ള സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ കേന്ദ്രത്തിന് വഴങ്ങേണ്ടിവന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകുകയും അതിന്റെ വിശദാംശങ്ങൾ കേന്ദ്രം കേരളത്തിന് കൈമാറുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം, സംസ്ഥാനത്തിന് അർഹതപ്പെട്ട മറ്റേത് കേന്ദ്ര പദ്ധതിയുടെയും കാര്യത്തിലെന്നപോലെ മുഖം തിരിച്ച് മൗനം നടിച്ചിരിക്കുകയായിരുന്നു ബിജെപി.

എയിംസിനായി, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ ( കെഎസ്ഐഡിസി) 153 ഏക്കർ ഭൂമി നേരത്തേ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. 40.68 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ജൂണിൽ ഇറങ്ങി. സാമൂഹ്യ ആഘാത പഠനവും അതിന്മേലുള്ള ചർച്ചയും നേരത്തേ പൂർത്തിയാക്കിയിരുന്നു. കോഴിക്കോട് എയിംസ് പ്രവർത്തനക്ഷമമായാൽ കാസർകോട്ടെ 7,000ത്തിനടുത്തു വരുന്ന എൻഡോ സൾഫാൻ ബാധിതർക്ക് ചികിത്സ തേടി മംഗലാപുരത്തേക്കുള്ള ദുരിതയാത്ര തുടരേണ്ടതായി വരില്ല എന്നത് സ്ഥാപനത്തിന്റെ വരവോടെ സംസ്ഥാനത്തിന് ലഭിക്കുന്ന പല നേട്ടങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish Sum­ma­ry: Will Ker­ala get AIIMS?
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 27, 2026
January 27, 2026
January 27, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.