2 May 2024, Thursday

Related news

April 29, 2024
April 12, 2024
March 1, 2024
March 1, 2024
February 23, 2024
February 20, 2024
February 7, 2024
February 2, 2024
January 22, 2024
January 9, 2024

എഐവൈഎഫ് ജില്ലാ സമ്മേളനം സമാപിച്ചു; സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കോവിഡ് കാലത്തെയും മോഡി ഉപയോഗിച്ചു: മന്ത്രി കെ രാജന്‍

Janayugom Webdesk
പത്തനംതിട്ട
October 31, 2021 11:23 am

സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ കൊവിഡ് മഹാമാരി കാലത്തെയും ഉപയോഗിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് മന്ത്രി കെ രാജന്‍. എഐവൈഎഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ പദ്ധതി പരിഷ്കരിക്കാനുള്ള നീക്കം നടക്കുകയാണ്. പാര്‍ലമെന്റിനെ നോക്കൂകുത്തിയാക്കി ശാസ്ത്രീയ നിരീക്ഷണത്തില്‍ നിന്നും വ്യതിചലിച്ച് കാവി അജണ്ട വിദ്യാഭ്യാസ സിലബസ്സില്‍ തിരുകി കയറ്റാനുള്ള ബോപൂര്‍വ്വ ശ്രമമാണ് നടക്കുന്നത്. പരിണാമ സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടെയുള്ള നിഗമനങ്ങളെ ഒഴിവാക്കി അശാസ്ത്രീയവും അപക്വവുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു. സ്വാതന്ത്ര്യ സമരത്തെയും ചരിത്രപുരുഷന്മാരെയും ഒഴിവാക്കുന്നു. പാഠ്യപദ്ധതിയില്‍ ഇത്തരത്തിലുള്ള വ്യാപക തിരുത്തലുകള്‍ നടത്തി പുത്തന്‍ തലമുറയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നത്. ഭരണകൂടത്തിന്റെ മിത്രങ്ങളല്ലാത്തവരെയെല്ലാം ശത്രുപക്ഷത്ത് കാണുന്ന നിലയിലേക്ക് കേന്ദ്രഭരണാധികാരികള്‍ മാറി. ഭരണകൂടം നിശ്ചയിക്കുന്ന മതതീവ്രവാദമാണ് രാജ്യത്ത് വളരുന്നത്.

പൗരാവകാശത്തിന്റെ കാതലായ ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ഭരണകൂടത്തിന്റെ പ്രതിരോധം ദുര്‍ബ്ബലമായി. ഭരണഘടനയുടെ ആമുഖം പൊളിച്ചെഴുതണമെന്ന് പറയുന്നു. മതാധിഷ്ഠിത ഭീതിയുളവാക്കി ഒരു സമൂഹത്തെ ചൊല്‍പ്പടിക്ക് നിര്‍ത്താമെന്ന ഫാസിസ്റ്റ് തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് ആഗസ്ത് 14 വിഭജന ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണതന്ത്രമാണ് ഇതിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ബഹുസ്വരത പിഴുതെറിഞ്ഞ് പകരം ഏകത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഒരു രാജ്യം, ഭാഷ, മതം, തിരഞ്ഞെടുപ്പ്, ഭക്ഷണം എന്ന തരത്തിലേക്ക് രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതുകയാണ് ലക്ഷ്യം.

ജീവിത സുരക്ഷ നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ച ഉണ്ടാകണം. ഇന്ധന വിലവര്‍ദ്ധന നിര്‍ണ്ണയാവകാശം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത് സൂചന മാത്രമായിരുന്നു. ഇപ്പോള്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വില്‍പ്പന ചരക്കാക്കി. കോര്‍പ്പറേറ്റുകള്‍ മിത്രങ്ങളായപ്പോള്‍ ജനങ്ങള്‍ ഉപഭോക്താക്കള്‍ മാത്രമായി. തമിഴ്നാടിന് ജലം നല്‍കികൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന എഐവൈഎഫ് പെരിങ്ങനാട് മേഖല കമ്മിറ്റിക്കും വേള്‍ഡ് റിക്കോര്‍ഡ് ജേതാവ് യശ് വര്‍ദ്ധന്‍ നീരജിനും എഴുത്തുകാരന്‍ സതീഷ് കുമാറിനുമുള്ള എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജി ബൈജു മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു.

സ്വാഗസംഘം ജനറല്‍ സെക്രട്ടറി അഡ്വ സുഹാസ് എം ഹനീഫ് മൊമന്റോ കൈമാറി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ ദീപകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചങ്കപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് എസ് അഖില്‍, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ സുഹാസ് എം ഹനീഫ് സ്വാഗതം പറഞ്ഞു. ഹനീഷ് കോന്നി രക്തസാക്ഷി പ്രമേയവും ബിബിന്‍ ഏബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം എം വി വിദ്യാധരന്‍, ടി ടി ജിസ് മോന്‍, പ്രിന്‍സി മാത്യു, അഡ്വ ആര്‍ ജയന്‍, സിപിഐ ജില്ലാ അസ്സി സെക്രട്ടറി ഡി സജി, കുറുമ്പകര രാമകൃഷ്ണന്‍, കെ പത്മിനിയമ്മ, അബ്ദുള്‍ ഷുക്കൂര്‍, ബിബിന്‍ ഏബ്രഹാം, രാജി പി രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ജി ബൈജു പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് എ ദീപുകുമാര്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി അഡ്വ സുഹാസ് എം ഹനീഫ് (പ്രസിഡന്റ്), ശ്രീനാദേവി കുഞ്ഞമ്മ, വിനീത് കോന്നി, എം ശ്രീകാന്ത്, (വൈസ്പ്രസിഡന്റുമാര്‍) എസ് അഖില്‍ (സെക്രട്ടറി), ബൈജു മുണ്ടപ്പള്ളി, ജോബി തിരുവല്ല, അജിത് കോന്നി (ജോ. സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.

 

Eng­lish Sum­ma­ry: AIYF Dis­trict Con­fer­ence con­cludes; Modi also used the covid peri­od to imple­ment the Sangh Pari­var agen­da: Min­is­ter K Rajan

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.