12 June 2024, Wednesday

Related news

June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 9, 2024
June 9, 2024
June 8, 2024

കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 6, 2022 12:26 pm

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്‌‌തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു

ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം

കേരളത്തിൻറെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയിലുമാണു ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. അധികാരത്തിൻറെ ഭാഷയിലല്ല, മനുഷ്യത്വത്തിൻറെ ഭാഷയിലാണു പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്നു തുടക്കത്തിൽ തന്നെ വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ.

ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങൾ, മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിൻറെ രൂപത്തിലാണത് വരുന്നത്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകർന്നടിഞ്ഞുപോകും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെ എന്താ ബാക്കിയുള്ളത്? ഒന്നും ഉണ്ടാവില്ല. ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കാനാണു നിങ്ങളെ ഈ വിധത്തിൽ അഭിസംബോധന ചെയ്യുന്നത്.

ഒരു സെക്കൻറുപോലും നമുക്കു പാഴാക്കാനില്ല. വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ. അതു വ്യക്തിയെ തകർക്കുന്നു. കുടുംബത്തെ തകർക്കുന്നു. കുടുംബ ബന്ധങ്ങളെ തകർക്കുന്നു. സാമൂഹ്യ ബന്ധങ്ങളെ തകർക്കുന്നു. നാടിനെ തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപിക്കാനാവുന്നതും സങ്കല്പിക്കാൻ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻറെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്.

ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയിൽ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങൾ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. അങ്ങനെയുണ്ടായ പല സംഭവങ്ങൾ എന്റെ മനസ്സിൽ വരുന്നുണ്ട്. അത് അതേപടി പറയുന്നത് നമ്മുടെ സംസ്കാരബോധത്തിനു നിരക്കുന്നതല്ല. അത്രമേ അരുതായ്മകൾ മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാൽ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങൾ മയക്കുമരുന്നിന്റെ ലഹരിയുണ്ടാക്കുന്ന അബോധത്തിൽ ചിലർ നടത്തുന്നു. കേട്ടാൽ അതിശയോക്തിയാണെന്നു തോന്നും. എന്നാൽ, സത്യമാണത്.മദ്യത്തിനടിപ്പെട്ടവർക്കു രക്ഷപ്പെടാൻ ഡി-അഡിക്ഷൻ സെൻററുകളുണ്ടെന്നു പറയാം. മയക്കുമരുന്നിന് പൂർണ്ണമായി അടിപ്പെട്ടവർക്ക് അതിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണതു വ്യക്തികളെ അതു പലപ്പോഴും നയിക്കുന്നത്.

അത്തരം വ്യക്തികൾ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെ നശിപ്പിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയെയാകട്ടെ, സമൂഹം ഭയാശങ്കകളോടെ കാണുന്നു. മയക്കുമരുന്നു ശീലിച്ചവർ അതു കിട്ടാതെ വരുമ്പോൾ ഭ്രാന്താവസ്ഥയിൽ ചെന്നുപെടുന്നു. ആ അവസ്ഥയിൽ അവർ എന്തു ചെയ്യും, എന്തു ചെയ്യില്ല, എന്നു പറയാവില്ല.സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് “നോ റ്റു ഡ്രഗ്സ്” എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളത്.ഈ പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്, ആരെങ്കിലും അതിൻറെ ദുസ്വാധീനത്തിൽ പ്പെട്ടുപോയിട്ടുണ്ടെങ്കിൽ അവരെ വിടുവിച്ചെടുക്കുക എന്നതുമാണ്.

കിളുന്നിലേ പിടിക്കുക എന്ന് ഒരു പ്രയോഗമുണ്ട്. കുട്ടികളുടെ പ്രതിഭ ഏതു മേഖലയിലാണ് എന്ന് ഇളം പ്രായത്തിൽത്തന്നെ കണ്ടെത്തി ആ രംഗത്ത് അവരെ വളർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിൻറെ പോസിറ്റീവ് ആയ അർത്ഥം. എന്നാൽ, ഇതിനെ തീർത്തും നെഗറ്റീവ് ആയ അർത്ഥത്തിൽ നടപ്പിലാക്കുകയാണ് രാജ്യത്തു മയക്കുമരുന്നു സംഘങ്ങൾ. രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും. അവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക. പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിൻറെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്.കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തിൽ പെടാതെ നോക്കാൻ നമുക്കു കഴിയണം. നിങ്ങൾ പഴയ ഒരു കഥ കേട്ടിട്ടുണ്ടാവും. കുഞ്ഞുങ്ങളെ പിടിക്കാൻ വഴിയോരത്തു കാത്തു നിൽക്കുന്ന ഭൂതത്തിൻറെ കഥ. ഇതേപോലെ മയക്കുമരുന്നിൻറെ ഭൂതങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടിക്കാൻ കാത്തു നിൽക്കുന്നുണ്ട്.

കുഞ്ഞുങ്ങൾ അവരിൽ നിന്ന് ഒഴിഞ്ഞു നടക്കണം. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ല എന്ന് നമ്മൾ, മുതിർന്നവർ ഉറപ്പുവരുത്തുകയും വേണം.പല വഴിക്കാണിവർ കുഞ്ഞുങ്ങളെ സമീപിക്കുന്നത്. ഫുട്ബോൾ കളിക്കുന്ന കുട്ടികളിൽ ഒരുവനെ ആദ്യം സ്വാധീനത്തിലാക്കുന്നു. ഒരു ചോക്ലേറ്റ് അവനു കൊടുക്കുന്നു. നിർദോഷമായ നിലയിൽ അവൻ അതു വാങ്ങിക്കഴിക്കുന്നു. കളിക്കു വലിയ ആവേശം കിട്ടിയതായി അവനു തോന്നുന്നു. അവർ അത് കൂട്ടുകാരോടു പറയുന്നു. അവരിലേക്കും ഈ ചോക്ലേറ്റ് എത്തുന്നു. മയക്കുമരുന്ന് അടങ്ങിയ ചോക്ലേറ്റാണിത്. നേരത്തോടു നേരമാവുമ്പോൾ അവന് ഇതു കിട്ടാതെ വയ്യ. മുടിപറിച്ചെടുത്തും മറ്റും ഭ്രാന്തനെപ്പോലെ പെരുമാറുന്നു. അതു പടിപടിയായി മയക്കുമരുന്നിനും, അതു വാങ്ങാനുള്ള പണത്തിനും വേണ്ടി എന്തും ചെയ്യുന്ന ഉന്മാദാവസ്ഥയുടെ തലത്തിലേക്കവനെ എത്തിക്കുന്നു. അവനു പിന്നെ അച്ഛനെന്നോ, അമ്മയെന്നോ, സഹോദരിയെന്നോ സഹോദരനെന്നോ നോട്ടമില്ല. എന്തും ചെയ്യും. പേ പിടിച്ച നിലയിലേക്ക് ഇങ്ങനെ മാറിപോകണോ നമ്മുടെ കുഞ്ഞുങ്ങൾ? മുതിർന്നവർ ആലോചിക്കണം.

ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണു ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാൽ അതു നല്ല നാണയങ്ങൾ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളിൽ കള്ളനാണയങ്ങൾ വീഴാതെ നോക്കാൻ നമ്മൾ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്. കുട്ടികളുടെ പക്കൽ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാമ്പിന്റെ രൂപത്തിലും മറ്റുമാണ് അത് ഇപ്പോൾ. നാക്കിന്റെ അടിയിൽ വെക്കുന്ന സ്റ്റാമ്പു രൂപത്തിലുള്ളത്. ചോദിക്കുമ്പോഴേക്ക് അലിഞ്ഞുപോകുമത്രെ.

ഇതുപോലുള്ളവ കണ്ടെത്തുക ശ്രമകരമാണ്. എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാൻ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾ തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നൽകുന്നതിനായുള്ള പരിപാടികൾ തയ്യാറാക്കി വിക്ടേഴ്സ് ചാനൽ വഴിയും നവമാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ജനമൈത്രി, എസ് പി സി, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. 

ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യോദ്ധ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാൻ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാൻ ഇതു സാധ്യമാക്കിയേ പറ്റൂ.

നാടിൻറെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ്സ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുക.മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 66,867 പേരാണ് ഇവിടങ്ങളിൽ ചികിത്സ തേടിയത്. അതിൽ 5,681 പേർക്ക് കിടത്തി ചികിത്സയാണ് നൽകിയത്. വിദ്യാലയങ്ങളിൽ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തിൽ ഇത്തരത്തിലുള്ള 899 ക്ലബ്ബുകളും സ്കൂൾ തലത്തിൽ 5,410 ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളി ‘ഉണർവ്വ്’ എന്ന പേരിലും കോളേജ് ക്യാമ്പസുകളി ‘നേർക്കൂട്ടം’ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളി ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്‌മ‌കൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സമഗ്രമായ പ്രവർത്തനങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യുന്നത്. ഇതൊക്കെ നടക്കുമ്പോൾ തന്നെ, രക്ഷകർത്താക്കൾ ഒരു കാര്യം മനസ്സിൽ വെക്കണം.

കുഞ്ഞുങ്ങളിൽ അസാധാരണ പെരുമാറ്റമുണ്ടാകുന്നുണ്ടോ എന്നതു നിരീക്ഷിക്കണം. നീതീകരിക്കാനുള്ള കാരണങ്ങളില്ലാതെ തുടരെ പണം ചോദിക്കുന്നുണ്ടോ? അനാവശ്യമായി ആവർത്തിച്ചു കയർത്തു സംസാരിക്കുന്നുണ്ടോ? പരിഭ്രാന്തമായ നിലയിൽ പ്രതികരിക്കുന്നുണ്ടോ? അസാധാരണമായ, പ്രത്യേകിച്ചു മുതിർന്നവരുമായുള്ള ചങ്ങാത്തങ്ങളിൽ പെടുന്നുണ്ടോ? സ്കൂളിലേക്കും സ്കൂളിൽ നിന്നുമുള്ള യാത്രകൾക്കിടയിൽ എവിടെയെങ്കിലും തങ്ങുന്നുണ്ടോ? അപരിചിതരുമായി ബന്ധം വയ്ക്കുന്നുണ്ടോ? ആരെങ്കിലുമായി എന്തെങ്കിലും കൈമാറുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരുകണ്ണുവേണമെന്നർത്ഥം.വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലടക്കമാണ് മയക്കുമരുന്നുകളുടെ വിപണി നടക്കുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്.

അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. ഈ വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ ഇതു മാത്രം മതിയാകില്ല. മയക്കുമരുന്നിനു പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ തന്നെയുണ്ട്. അവർക്ക് നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിൻറെ ഭാഗത്തു നിന്ന് ഏകോപിതമായ നിലയിൽ ഉണ്ടാവും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന നമ്മുടെ ക്യാമ്പയിൻ. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു എന്നതു ഞെട്ടിക്കുന്ന കാര്യമാണ്. ഇവയുടെ ഉൽപ്പാദനം സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും അതിർത്തികൾക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു.

മയക്കുമരുന്നു വിപണനത്തിൻറെ സങ്കീർണ്ണമായ ശൃംഖലകൾ ഉണ്ടായിരിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ അതിൻറെ ഭാഗമായി നടക്കുന്നു. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ളതും കർക്കശങ്ങളായ നടപടികളുടെ അകമ്പടിയോടെയുള്ളതുമാവും നമ്മുടെ ക്യാമ്പയിൻ. ഈ ബഹുമുഖ കർമ്മ പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ, ആരംഭിക്കുകയാണ്. സമൂഹമാകെ, പ്രത്യേകിച്ച് യുവാക്കൾ ഇതിൻറെ മുൻനിരയിൽത്തന്നെ ഉണ്ടാവണം. ഓരോ വ്യക്തിയും ഓരോ കുടുംബവും ഇതിൽ പങ്കുചേരണം. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്.

ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് എത്ര വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നത് ഇതിൽ നിന്നുതന്നെ വ്യക്തമാണല്ലൊ. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളാണ് നടക്കുക. ഗ്രാമ‑നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസ്സുകളിലും ‘നോ റ്റു ഡ്രഗ്സ്’ എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർത്ഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാൻ എല്ലാവരും രംഗത്തു വരണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുന്നുമുണ്ട്. ബസ് സ്റ്റാൻറ്, റെയിവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ, എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങുകയാണ്. ലഹരിക്കെതിരായ ഹ്രസ്വസിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ഈ ക്യാമ്പയിൻറെ ഭാഗമായി ഉണ്ടാവും. ബസ് സ്റ്റാൻറുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തിൽ പരിപാടികൾ നടക്കണം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സി, എസ് പി സി, എൻ എസ് എസ്, സ്കൗട്ട് ആൻറ് ഗൈഡ്സ്, ജെ ആർ സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.

ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനത്തിലേക്കും നാം കടക്കുകയാണ്. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് — എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണം. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനമൊട്ടാകെ പോലീസിൻറെയും എക്സൈസിൻറെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തും. കേവലം ക്യാമ്പയിനിൽ ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തിൽ ബോധവത്ക്കരണം, മറ്റൊരു തലത്തിൽ മയക്കുമരുന്നു ശക്തികളെ കർക്കശമായി അടിച്ചമർത്തൽ, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും.

നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിൻറെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങൾ വലിയതോതിൽ തടയാൻ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തിൽ കേരള ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷൻ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എൻ ഡി പി എസ് സ്പെഷ്യ ഡ്രൈവും നടത്തി വരുന്നുണ്ട്. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വരുത്തും. നർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല.

എൻ ഡി പി എസ് നിയമത്തിലെ 31, 31‑എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയി ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയിലേക്കു നീങ്ങുകയാണ്. കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലെയും പരിശോധന കർക്കശമാക്കുകയും ചെയ്യും.

വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ ലഹരി വസ്തു ഇടപാടു കണ്ടാൽ ആ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണ്ണമായും തടയും. മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്കാരം ഇവിടെ ശക്തിപ്രാപിക്കണം. പി ഐ ടി എൻ ഡി പി എസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക നിയമം പാർലമെൻറ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഈ കാര്യത്തിൽ കർശനനിർദേശം നൽകിയിരിക്കുകയാണ്. ഉത്തരവ് സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നൽകേണ്ടത്. പി ഐ ടി എൻ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികൾകൊണ്ട് മാത്രം ഈ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേർന്നു കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. അതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിൻറെ ഭാഗമായി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിൻറെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങൾ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദ്ദേശങ്ങൾ നൽകണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ കൈമാറണം. ചർച്ചയ്ക്കു സഹായകമാകുന്ന കുറിപ്പ് വിമുക്തി മിഷൻ തയ്യാറാക്കി നൽകിയിട്ടുണ്ട്.

വ്യാവസായിക വികസനവും ക്ഷേമ പ്രവർത്തനങ്ങളുമുള്ള ഉത്പാദനോന്മുഖമായ നവകേരളമാണ് നാം ലക്ഷ്യംവെക്കുന്നത്. ഉത്പദനോന്മുഖം എന്നു പറയുമ്പോൾ കേവലം വ്യാവസായികോത്പന്നങ്ങൾ മാത്രല്ല അതിൽപ്പെടുന്നത്. വിജ്ഞാനവും വിനോദവും അടക്കം ആധുനികസമൂഹം ആവശ്യപ്പെടുന്നതെല്ലാം അതിലുണ്ടാകും. അതിന് ശാരീരികവും മാനസികവുമായ ശേഷിയുള്ള ജനതയുണ്ടാകണം. എല്ലാ വ്യക്തികളും അവരവർക്കു കഴിയുന്ന തരത്തിൽ സാമൂഹിക പുരോഗതിക്കായി സംഭാവന നൽകുന്ന ഒരു കേരളസമൂഹമാണ് സർക്കാരിൻറെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ നിരവധി പ്രതിബന്ധങ്ങൾ നമുക്കു തട്ടിമാറ്റേണ്ടതായുണ്ട്. സമൂഹത്തിൻറെ ഉത്പാദനോന്മുഖമായ സ്വഭാവത്തെ റദ്ദുചെയ്തു കളയുന്ന സാമൂഹിക തിന്മകളുണ്ട്.

അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ ഉപയോഗം. സ്വന്തം താൽക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങുകയും സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ഉള്ളിൽ പേറാതിരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട മനുഷ്യനെയാണ് ലഹരി ആത്യന്തികമായി സൃഷ്ടിക്കുന്നത്. താൽക്കാലിക ആനന്ദം എന്നു പറഞ്ഞല്ലൊ. അത് സ്ഥിരമായ തീവ്രവേദനയുടെ മുന്നോടി മാത്രമാണ്. ഈ രീതികൾ അനുവദിച്ചാൽ വ്യക്തി തകരും. കുടുംബം തകരും. സമൂഹവും തകരും. അതുണ്ടായിക്കൂടാ. ഈ ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ഇന്നിവിടെ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിൻറെ ഭാഗമായാണ്. വിവിധ വകുപ്പുകൾ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നൽകാൻ കഴിയേണ്ടതുണ്ട്.

അതിനായുള്ള പ്രവർത്തനങ്ങൾ കൂടി ഈ ക്യാമ്പയിനിൻറെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിൻറെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ നടത്തുന്ന സ്വതന്ത്ര ചർച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. സന്ദേശ ഗീതങ്ങൾ ഉൾപ്പെടുന്ന സന്ദേശ ജാഥകൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും കുട്ടികളുടെ നേതൃത്വത്തി യോഗങ്ങൾ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ‘കരുതൽ’ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.

ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു ക്യാമ്പയിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിൻറെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാൻ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിൻറെ പ്രാധാന്യത്തെ പരാമർശിക്കുന്ന സ്ഥിതിയുണ്ടായാൽ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് അഭ്യർത്ഥിക്കട്ടെ. 

ഇത് സർക്കാരിൻറെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിൻറെ, ഒരു സമൂഹത്തിൻറെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിൻറെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Eng­lish Summary:
All of Ker­ala should stand with one mind against addic­tion: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.