വെള്ളിയാഴ്ച പട്നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തെ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയവർ പരിഹസിച്ചുവെന്നതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. സ്വാർത്ഥരും ബദ്ധവൈരികളും ചേർന്നുള്ള യോജിപ്പെന്നും അധികം ആയുസുണ്ടാകില്ലെന്നുമൊക്കെയായിരുന്നു അവർ പറഞ്ഞത്. തങ്ങൾക്ക് തനിച്ച് ബിജെപിയെ നേരിടാനാകില്ലെന്ന് ഇപ്പോഴെങ്കിലും കോൺഗ്രസ് സമ്മതിച്ചല്ലോ എന്ന ചോദ്യവും അവർ ഉന്നയിച്ചു. പ്രതിപക്ഷ യോഗം വ്യത്യസ്ത ആശയങ്ങളും നിലപാടുകളുമുള്ള വിവിധ പാർട്ടികളുടേതായിരുന്നു. അതേസമയം ആ യോഗത്തെ പരിഹസിച്ച ബിജെപി എന്ന പാര്‍ട്ടി വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം തമ്മിലടിച്ച് പ്രതിസന്ധി നേരിടുകയാണെന്നാണ് വാർത്തകൾ. ആഭ്യന്തര പോരാട്ടങ്ങൾ രൂക്ഷമായതിനാൽ, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾ ബിജെപിയെ സംബന്ധിച്ചിടത്തോളം സുഗമമായിരിക്കില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപിക്കുള്ളിലെ സംഘടനാ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമാണ്. കർണാടകയിൽ ഭരണ — തീവ്ര ഹിന്ദുത്വ വിരുദ്ധ വികാരമാണ് വിധിയെഴുത്തിന്റെ പ്രധാന ഘടകമായതെങ്കിലും അവിടെയും ബിജെപിക്കകത്ത് പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ഭംഗിയായി തോറ്റിട്ടും ആ പ്രശ്നങ്ങൾ ശമിച്ചിട്ടുമില്ല. സംസ്ഥാന ഘടകങ്ങളിൽ സംഘടനാ പ്രശ്നങ്ങളും വിഭാഗീയതയും രൂപപ്പെടുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രനീക്കങ്ങൾ മുൻകാലങ്ങളിലെന്നതുപോലെ ഫലപ്രദമാകുകയും ചെയ്യുന്നില്ല. യുപിയിൽ നിന്നുള്ള ലോക്‌സഭാംഗം ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണമുണ്ടായപ്പോൾ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര നേതൃത്വവും യുപി ഘടകവും സ്വീകരിച്ചതെങ്കിലും രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ ഇതിനെതിരെ പരസ്യമായി രംഗത്തുവരുന്ന സ്ഥിതിയുണ്ടായി.
ശക്തമായ അച്ചടക്കവും സംഘടനാസംവിധാനങ്ങളുമുള്ള പാർട്ടിയാണ് എന്ന ബിജെപിയുടെ അവകാശവാദം തകരുന്ന പല ഉദാഹരണങ്ങളും ഇതിന് സമാനമായി പലയിടങ്ങളിലുമുണ്ടായി. ഇതിന് പുറമേ ചില സംസ്ഥാനങ്ങളിൽ ഘടകകക്ഷികളും ബിജെപിക്കെതിരെ രംഗത്തെത്തുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പല കക്ഷികളും മണിപ്പൂർ വിഷയം കൈകാര്യം ചെയ്ത നടപടിയിലെ വീഴ്ച പരസ്യമായി ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ പരസ്യമായി വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ജെജെപി നേതാക്കളുടെ പ്രതികരണം. അമിത് ഷായെ പോലുള്ള നേതാക്കൾക്കെതിരെ സഖ്യകക്ഷികൾ രംഗത്തുവരിക എന്നതൊക്കെ അസാധാരണമായിരുന്നു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേല്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലും പ്രശ്നങ്ങൾ വിജയത്തെ ബാധിക്കുന്ന വിധത്തിൽ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മധ്യപ്രദേശിൽ, 2005 മുതൽ അധികാരത്തിലിരിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ വലിയ ജനവികാരമുണ്ടായിട്ടുണ്ട്. അതോടൊപ്പംതന്നെ ബിജെപിക്കുള്ളിലെ വിഭാഗീയതയും വാർത്തകളിൽ ഇടം നേടുന്നു. 2018ൽ ജനം തോല്പിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 23 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. ബിജെപിക്കകത്തെ മുൻ കോൺഗ്രസ് നിയമസഭാംഗങ്ങൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുമ്പോൾ മുൻ കോൺഗ്രസുകാരെയും ബിജെപിയിലുള്ളവരെയും ഒരുപോലെ പരിഗണിക്കേണ്ടിവരും. ഇത് സംസ്ഥാന നേതൃത്വത്തിനുണ്ടാക്കുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. നിലവിൽ പാർട്ടിക്കകത്തുള്ള വിഭാഗീയത ഇതിന് പുറമേയാണ്. ചൗഹാനെതിരായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഗ്രൂപ്പ്, വിമർശനങ്ങളുമായി നിൽക്കുമ്പോഴാണ് സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും രംഗത്തെത്തിയത്. കോൺഗ്രസിനെ നേരിടാൻ തയ്യാറെടുക്കുന്നതിനിടയിൽ നേതാക്കൾ പരസ്പരം പരസ്യ പ്രസ്താവനകൾ നടത്തിയതോടെയാണ് ഗ്രൂപ്പുപോര് പുറത്തായത്. മാത്രമല്ല, സമീപകാലത്ത് ഒന്നിലധികം ബിജെപി എംഎൽഎമാരും തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ആശങ്കകൾ പാർട്ടി നേതൃത്വം കേൾക്കുന്നില്ലെന്നും അല്ലെങ്കിൽ മനപ്പൂർവം അവഗണിക്കുന്നുവെന്ന പരാതിയും അവർ ഉന്നയിക്കുകയുണ്ടായി. സിന്ധ്യക്ക് നൽകിയ പ്രാധാന്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവ് കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷിയും മുതിർന്ന നേതാവ് റാവു യാദവേന്ദ്ര യാദവും ഇതിനകം കോൺഗ്രസിൽ ചേരുകയും ചെയ്തു. സിന്ധ്യയുടെ വിശ്വസ്തനായിരുന്ന ബൈജ്നാഥ് സിങ് യാദവും കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ നിന്ന് കൂടുതൽ പേർ പഴയ പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായി കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഛത്തീസ്ഗഢിൽ എല്ലാ മേഖലകളിലും കോൺഗ്രസിന്റെ ആധിപത്യത്തോടാണ് ബിജെപിക്ക് പോരാടേണ്ടത്. മുൻ മുഖ്യമന്ത്രി രമൺ സിങ് ഒഴികെയുള്ള മിക്ക ബിജെപി നേതാക്കളും രാഷ്ട്രീയ രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന തരത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആധിപത്യം പുലർത്തി. ധാരാളം ജനവിഭാഗങ്ങളെ ഏകീകരിക്കാൻ ബാഗേലിന് കഴിഞ്ഞു. മതപരമായ രീതിയിൽ ധ്രുവീകരിക്കുന്നതിൽ നിന്ന് ബിജെപിയെ തടയുന്നതിനും സാധിച്ചു. അതുപോലെ, രാജസ്ഥാനിൽ ബിജെപിയുടെ പ്രചാരണത്തിന് ആരു നേതൃത്വം നൽകുമെന്ന് തീരുമാനിക്കാനാകാത്ത സ്ഥിതിയാണ്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ് മോഡി-ഷാ ജോഡിയെന്ന് എല്ലാവർക്കും അറിയാം, പക്ഷേ യോഗ്യനായ ഒരു പകരക്കാരനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം ബിജെപി എംഎൽഎമാരും ടിക്കറ്റ് മോഹികളുമാണ്. വസുന്ധര രാജെ സിന്ധ്യക്ക് പകരം ഗജേന്ദ്ര സിങ് ഷെഖാവത്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, അടുത്തിടെ കേന്ദ്ര നിയമമന്ത്രിയായ അർജുൻ റാം മേഘ്‌വാള്‍ തുടങ്ങിയവരെ ദേശീയ നേതൃത്വം പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവന്നതോടെ സിന്ധ്യ വിഭാഗം അമർഷത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ബിജെപിക്കകത്തെ വിഭാഗീയത. മണിപ്പൂരിൽ, വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയിലെ മെയ്തികളും കുക്കികളും പരസ്പരം പോരടിക്കുകയാണ്. കുക്കി എംഎൽഎമാർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പരസ്പരം പോരടിക്കുന്ന ത്രിപുരയിലും സമാനമായ അവസ്ഥയാണ്. പൊതുവേദികളിൽ പോലും ഇരുവരും എതിർത്ത് സംസാരിച്ചിട്ടുണ്ട്. ബിജെപിക്കകത്ത് നിലനില്ക്കുന്ന അഭിപ്രായഭിന്നതകളാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നതും അങ്ങാടിപ്പാട്ടാണ്. അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ — ഉദാഹരണം പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേരളം — പോലും വിഭാഗീയത ബിജെപിയുടെ കൂടെയുണ്ട്. പഴയതുപോലെ സംഘടനാ സംവിധാനവും അച്ചടക്കവും ബിജെപിക്കില്ലെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. (കടപ്പാട്: ദ വയർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.