15 November 2024, Friday
KSFE Galaxy Chits Banner 2

ആംനസ്റ്റി 2024: ചെറുകിട വ്യാപാരമേഖലയ്ക്ക് കൈത്താങ്ങ്

കെ എന്‍ ബാലഗോപാല്‍
 ധനകാര്യമന്ത്രി
July 20, 2024 4:50 am

ചെറുകിട വ്യാപാര മേഖലയുടെ ഏറ്റവും വലിയ പരാതിയാണ്‌ നികുതി കുടിശികയും അതിൻമേൽ നിയമ നടപടികൾ മൂലമുള്ള നൂലാമാലകളും. ഇതിൽ വാസ്തവവുമുണ്ട്‌. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ വിലയിരുത്തലും മറ്റ്‌ സാങ്കേതിക പ്രശ്നങ്ങളും കാരണം തങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരുന്നുവെന്നതാണ്‌ വ്യാപാരികളുടെ പ്രധാന പരാതി. നികുതി കുടിശിക കേസുകളുടെ നടത്തിപ്പിനായി നികുതി വകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവയ്ക്കേണ്ടി വരുന്നുവെന്നത്‌ മറ്റൊരു പ്രശ്നമാണ്‌. ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത്‌ വലിയ തുകയാണ്‌ കിട്ടാനുള്ളതായി സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതെല്ലാം പരിഗണിച്ചാണ്‌ നികുതി കുടിശികകളിൽ ആനംസ്റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്‌. എന്നാൽ, ഇവയും ഫലപ്രദമായില്ലെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ചെറുകിട വ്യാപാര മേഖലയെ നികുതി കുടിശികാമുക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനസ്റ്റി പദ്ധതിയുടെ അനിവാര്യതയെക്കുറിച്ച്‌ ചിന്തിച്ചത്‌. അതിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഈ വർഷത്തെ ബജറ്റിൽ കേരള സർക്കാർ അവതരിപ്പിച്ചതും, ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ ‘ആംനസ്റ്റി 2024’ നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി. ഇത്‌ വ്യാപാര മേഖലയ്ക്ക് വലിയ പ്രയോജനം ഒരുക്കുമെന്ന്‌ ഉറപ്പാണ്‌. മുൻകാല നികുതി നിയമങ്ങളുടെ കീഴിലുണ്ടായിരുന്ന നികുതി കുടിശികകള്‍ തീർപ്പാക്കുന്നതിനുള്ള ഒരുപിടി ആശയങ്ങൾ കോർത്തിണക്കിയ സമഗ്രമായ പദ്ധതിയാണിത്‌.


ഇതുകൂടി വായിക്കൂ: ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ


തലവേദനയായി അവശേഷിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ നികുതി അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഇതിലൂടെ വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ് ഉണ്ടാക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ജിഎസ്‌ടി വരുന്നതിനുമുമ്പ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവില്പന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വില്പന നികുതി എന്നീ നിയമങ്ങൾക്ക് കീഴിലുണ്ടായിരുന്ന കുടിശികകളെയാണ് പദ്ധതി പരിഗണിക്കുന്നത്‌. പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്സ്, കോമ്പൗണ്ടിങ് നികുതി എന്നിവയ്ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. തീരെ ചെറിയ കുടിശികകളെ പാടെ ഒഴിവാക്കുന്ന നവീനമായ ആശയമാണ് പദ്ധതിയുടെ പ്രധാന ഭാഗം. 50,000 രൂപയിൽ താഴെയുള്ള കുടിശികകളെ അവയുടെ നികുതിത്തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവയില്ലാതെ നികുതിത്തുക 50,000ത്തില്‍ താഴെയാണെങ്കിൽ, ഒരു രൂപ പോലും പുതുതായി ഈടാക്കാതെ ഒഴിവാക്കും. ചെറിയ തുകകൾ കുടിശികയായുള്ള ചെറുകിട വ്യാപാരികൾക്കാണ് ഇതിന്റെ ആനുകൂല്യം ഏറ്റവും അനുഭവവേദ്യമാവുക. ഇത്തരത്തിലുള്ള 22,000ത്തിൽപരം വ്യാപാരികളുണ്ട്‌. ആകെ കുടിശികയുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്റെ ആകെ മൂല്യം 116 കോടി രൂപയാണ്‌. പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞു കിട്ടാനുള്ള നികുതി 33 കോടിയും. ചെറുകിട വ്യാപാര മേഖലയില്‍ ചിതറിക്കിടക്കുന്ന ഈ കുടിശികകളുടെ മൂല്യം സർക്കാരിന് പിരിഞ്ഞുകിട്ടാനുള്ള മൊത്തം തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. 1960–61 മുതൽ 2017–18 സാമ്പത്തിക വർഷം വരെയുള്ള കുടിശികകളുണ്ടെന്നാണ്‌ സർക്കാർ രേഖകളില്‍ കാണുന്നത്. വളരെ പഴയ കുടിശികകൾക്കും തീർപ്പുണ്ടാക്കാൻ പദ്ധതിക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ. ആംനസ്റ്റി 2024 കുടിശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബ് 50,000 രൂപയിൽ താഴെയുള്ളതാണ്. രണ്ടാമത്തേത് 50,000 മുതൽ 10ലക്ഷം രൂപ വരെയുള്ള കുടിശികകൾക്കുള്ളതാണ്. ഈ സ്ലാബിൽ തുകയുടെ 30 ശതമാനം അടച്ചാൽ കുടിശിക തീർക്കാം. 10 ലക്ഷം മുതൽ ഒരുകോടി രൂപ വരെയുള്ള മൂന്നാം സ്ലാബിലെ കുടിശികകളെ രണ്ടായി തിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ള കുടിശികകൾ നികുതി തുകയുടെ 40 ശതമാനം അടച്ച്‌ തീർക്കാം. വ്യവഹാരം ഇല്ലാത്ത കുടിശികകള്‍ 50 ശതമാനം അടച്ച്‌ തീർപ്പാക്കാനാകും. നാലാമത്തെ സ്ലാബിലെ ഒരു കോടിയിൽ കൂടുതലുള്ള കുടിശികകളെയും രണ്ടായി തിരിച്ചിട്ടുണ്ട്. വ്യവഹാരത്തിലുള്ള കുടിശികയാണെങ്കിൽ 70 ശതമാനവും വ്യവഹാരം ഇല്ലാത്ത കുടിശികയിൽ 80 ശതമാനവും അടച്ചാൽ ബാധ്യത ഒഴിവാകും. നാല് പ്രധാന സവിശേഷതകളാണ്‌ ആംനസ്റ്റി 2024 പദ്ധതിയെ വ്യത്യസ്തമാക്കുന്നത്‌. എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കപ്പെടുന്നുവെന്നതാണ്‌ ഒന്നാമത്തെ സവിശേഷത. നികുതിത്തുകയെ ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നതും. സർക്കാർ കണക്കുകൾ അനുസരിച്ച് കുടിശികത്തുകയിൽ 50 ശതമാനത്തോളം പിഴയും പലിശയുമാണ്. കുടിശിക തീർക്കാൻ താല്പര്യമുള്ള വ്യാപാരികള്‍ക്കുപോലും പലപ്പോഴും തടസമാവുന്നത് പിഴയും പലിശയും ആണ്. ഇത്തവണ ആ തടസം പൂർണമായി നീക്കിയിട്ടുണ്ട്. നേരത്തെ അടച്ച തുക ഈ പദ്ധതിയുടെ ഭാഗമായി കണക്കാക്കി ആനുകൂല്യം നല്‍കും എന്നതാണ് രണ്ടാമത്തെ സവിശേഷത. ഭാഗികമായി കുടിശിക തീർപ്പാക്കാനായി അടച്ച തുക, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുക എന്നിവയുടെ കിഴിവ് ഈ പദ്ധതിയിൽ ലഭിക്കും. പലപ്പോഴും വ്യാപാരികൾ നേരിടുന്ന ഒരു പ്രശ്നം പഴയ നികുതി നിയമങ്ങള്‍ക്ക് കീഴിൽ കുടിശിക തീർക്കാനായി പണം ഒടുക്കിയിട്ടുണ്ടെങ്കിലോ, റിക്കവറി നടപടികളിലൂടെ ഭാഗികമായി തുക ഈടാക്കിയിട്ടുണ്ടെങ്കിലോ, ആ തുക പിഴയിലേക്കും പലിശയിനത്തിലേക്കുമായിരിക്കും വരവുവച്ചിട്ടുണ്ടാവുക. ആംനസ്റ്റി 2024 പദ്ധതി അനുസരിച്ച് നേരത്തെ അടച്ച തുക പിഴയിനത്തിലോ പലിശയിനത്തിലോ ഉള്ളതാണെങ്കിൽപോലും നികുതി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്‍കും. ഓരോ കുടിശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാനുള്ള സൗകര്യമാണ് മൂന്നാമത്തെ സവിശേഷത. ഓരോ വ്യാപാരിക്കും ഒന്നിലധികം കുടിശികകൾ ഉണ്ടായേക്കാം.


ഇതുകൂടി വായിക്കൂ: വിദ്യാരഹിത അഭ്യാസനയം 2020


മുൻ നികുതി നിയമങ്ങളിൽ ഓരോ വർഷവും അസസ്‌മെന്റ് നടക്കുമ്പോൾ അതൊരു പുതിയ കുടിശിക ആവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഈ കുടിശിക എല്ലാം ഒന്നിച്ചു തീർപ്പാക്കാൻ സാധിക്കണമെന്നില്ല. അതുകൊണ്ട് ആംനസ്റ്റി 2024ൽ ഓരോ ഉത്തരവിനെയും ഓരോ കുടിശികയായാണ് കണക്കാക്കുന്നത്. ഇതിനാൽ വ്യാപാരിക്ക് താല്പര്യമുള്ള കുടിശികകൾ വേഗത്തില്‍ ഒഴിവാക്കാനാവും. കോടതികളിലും ട്രിബ്യൂണലുകളിലും മറ്റുമായി കുടിശികകളുമായി ബന്ധപ്പെട്ട എണ്ണായിരത്തിൽപ്പരം വ്യവഹാരങ്ങൾ നടക്കുന്നുണ്ട്. വ്യവഹാരത്തിലുള്ള കുടിശികകളെ നിർമ്മാർജനം ചെയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികൾക്ക് അധിക ആനുകൂല്യം നല്‍കുന്ന വിധത്തിലാണ് സ്ലാബുകളിലെ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്‌. നിലവിൽ നികുതി നിയമങ്ങള്‍ക്കുകീഴിൽ ഒരു വ്യവഹാരം നടത്തുന്നതിന് നികുതി കുടിശികയുടെ 20 ശതമാനം വരെ കെട്ടിവച്ചാല്‍മാത്രമേ അപ്പീൽ ഫയൽ ചെയ്യാനാകൂ. പുതിയ പദ്ധതിയിൽ വ്യാപാരികൾക്ക്, ഇത്തരത്തിൽ കെട്ടിവച്ച കുടിശികയിനത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നതാണ് നാലാമത്തെ സവിശേഷത. ആംനസ്റ്റി 2024 പദ്ധതിയിൽ ആദ്യം ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ബാധകമാവുക. ചേരാൻ വൈകുന്തോറും ആനുകൂല്യം കുറയും. അതായത് ഈ മാസം പദ്ധതിയിൽ ചേർന്നാൽ അടയ്ക്കേണ്ടി വരുന്നതിനെക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് കുടിശിക തീർപ്പാക്കാൻ സാധിക്കൂ. ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയുടെ ഭാഗമായി 2023ൽ ഓരോ ജില്ലയിലും കുടിശിക ഈടാക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിച്ചിരുന്നു. ഈ സംവിധാനമായിരിക്കും പദ്ധതിയിലെ തീർപ്പ് കല്പിക്കുന്ന പ്രാഥമിക അതോറിട്ടി. പദ്ധതി പ്രകാരം അടയ്ക്കേണ്ട തുക ഒടുക്കിയതിന്റെ ചലാൻ സഹിതം ഓൺലൈൻ അപേക്ഷ നല്‍കി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാതല അതോറിട്ടി പരിശോധിച്ചു ആംനസ്റ്റി സർട്ടിഫിക്കറ്റ് നല്‍കും. അടച്ച തുക കുറഞ്ഞുപോയാൽ അധികമായി അടയ്ക്കേണ്ട തുക എത്രയാണെന്നുള്ളതും ജില്ലാതല അതോറിട്ടി അറിയിക്കും. കേരളത്തില്‍ ആംനസ്റ്റി 2024 പദ്ധതി പ്രഖ്യാപിച്ചതോടൊപ്പം തന്നെ ജിഎസ്‌ടി കൗൺസിലും വ്യാപാര മേഖലയ്ക്ക് ഊർജം പകരുന്ന ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 53-ാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗത്തിന്റെ രണ്ടു പ്രധാന തീരുമാനങ്ങൾ കേരളത്തിലെ വ്യാപാരികൾക്കും ആശ്വാസമാകും. ആദ്യത്തേത് 2021 നവംബര്‍ 30നു മുമ്പായി എടുത്ത 2020 – 21 സാമ്പത്തിക വർഷം വരെയുള്ള മുഴുവന്‍ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും നിലവിലെ നിയമപ്രകാരമുള്ള സമയപരിധി നോക്കാതെ അനുവദിച്ചു നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തേത് 2019–20 സാമ്പത്തിക വർഷം വരെയുള്ള സെക്ഷൻ 73 നോട്ടീസുകൾ (മനഃപൂർവമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകൾ) തീർപ്പാക്കാൻ അവയുടെ പിഴയും പലിശയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ജിഎസ്‌ടി കൗൺസിൽ പ്രഖ്യാപിച്ച ഇളവുകളും കേരള സർക്കാരിന്റെ ആംനസ്റ്റി 2024 പദ്ധതിയും ഒന്നിക്കുമ്പോൾ സംസ്ഥാനത്തെ വാണിജ്യ സമൂഹത്തിന് ഒരു പുതിയ അധ്യായം തുറക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.