27 April 2024, Saturday

ആമോസും ഐശായയും ഇസ്രയേലിനെതിരെ

യൂഹാനോൻ മോർ മിലിത്തിയോസ്
ഉള്‍ക്കാഴ്ച
November 29, 2023 4:16 am

സ്രയേൽ എന്നും യഹൂദാ എന്നും അറിയപ്പെടുന്ന ജനസമൂഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രണ്ട് പൊതു തലങ്ങളുണ്ട്. ഒന്നാമത്തേത് കയ്യേറ്റത്തിന്റേതും മറ്റേത് ചിതറലിന്റേതുമാണ്. എന്നാൽ അധികം പരസ്യമാക്കാത്ത മറ്റൊരു ഘടകമുണ്ട്. അത് അടിമത്തത്തിന്റെയും അതിജീവനത്തിന്റേതുമാണ്. പക്ഷെ ഇപ്രകാരം കഷ്ടപ്പാടും പീഡനവും സഹിച്ചവർ തന്നെ മറ്റുള്ളവരെ കഷ്ടപ്പെടുത്തുന്നു എന്നതാണ് ചരിത്രത്തിലെ വൈരുധ്യം. അടിമത്തവും അതുമൂലമുള്ള കഷ്ടപ്പാടും അനുഭവിച്ചവർ അത് ഓർമ്മക്കുറിപ്പായി സൂക്ഷിച്ച്, മറ്റുള്ളവരെ പീഡിപ്പിക്കാതിരിക്കേണ്ടതാണ്. എന്നാൽ അതല്ല ഇസ്രയേൽ എക്കാലത്തും ചെയ്തുവന്നത്. അല്പം ഇടം കിട്ടിയാൽ അത് നൽകിയവരെ ഇല്ലാതാക്കുക എന്നതാണ് പരിചയം. അതോടൊപ്പം ചെയ്ത അതിക്രമങ്ങളെയും മനുഷ്യക്കുരുതിയെയും പെരുപ്പിച്ചുകാട്ടി അതിൽ ഊറ്റംകൊള്ളുന്നതും നാം കാണുന്നു.
ഡേവിഡ് രാജാവിന്റെ മഹത്വം പാടുന്ന പഴയ നിയമ ഗ്രന്ഥമായ ശമുവേലിന്റെ പുസ്തകം ഒന്ന് 18-ാം അധ്യായത്തിൽ അയൽക്കാരായ സഹജീവികളെ കൊന്ന്, നാട് പിടിച്ചടക്കിയതിനെക്കുറിച്ച് “(മുൻ രാജാവായ) ശൗൽ ആയിരത്തെക്കൊന്നു, ഡേവിഡോ പതിനായിരത്തെ” എന്നാണ് സ്ത്രീകൾ വാദ്യഘോഷത്തോടെ പാടിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ ഇത് ശൗൽ രാജാവും ഡേവിഡും തമ്മിലുള്ള വൈരത്തിന് കാരണമായി. അത് സമൂഹത്തിലേക്ക് പടർന്ന് ആഭ്യന്തര ചേരിതിരിവും സൃഷ്ടിച്ചു. ഇതിൽ ദൈവം ഡേവിഡിനോടൊപ്പമായിരുന്നു എന്നാണ് വ്യാഖ്യാനം. അത് ഡേവിഡിനെ രാജാവാകാൻ സഹായിക്കുകയും ചെയ്തു. ഡേവിഡിന്റെ ഭരണവംശം എക്കാലവും നിലനിൽക്കുന്നതാണ് എന്നാണ് ജനത്തിന്റെ വിശ്വാസവും മതപരമായ ഉപദേശവും.


ഇതുകൂടി വായിക്കൂ: പലസ്തീന്‍ കൂട്ടക്കുരുതി, മറ്റൊരു ഹൊളോകാസ്റ്റ്


ഈ ഒരു പരമ്പരയിലാണ് യേശുവിന്റെ ജനനം എന്ന് പഠിപ്പിക്കുന്നു ക്രൈസ്തവർ. എന്നാൽ യേശുവിന്റെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നുവെന്നത് ക്രൈസ്തവർ വേണ്ടുവണ്ണം മനസിലാക്കിയിട്ടുണ്ടോ എന്നകാര്യം ചോദ്യങ്ങൾക്ക് വിധേയമാണ്. മഹാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമൻ ചക്രവർത്തി കോൺസ്റ്റന്റീനിന്റെ മതപരിവർത്തന കാലം മുതലെങ്കിലും തികഞ്ഞ അധികാരപ്രമത്തതയുടെയും അടിച്ചമർത്തലിന്റെയും നയമാണ്, പ്രത്യേകിച്ചും പാശ്ചാത്യ ക്രൈസ്തവ സമൂഹം സ്വീകരിച്ചുപോന്നത്. വിശ്വാസ സമൂഹത്തിനകത്തെ അഭിപ്രാ­യ വ്യത്യാസങ്ങളെ അസഹിഷ്ണുതയോടും എ­തി­ർപ്പോടും ശാപപ്രഖ്യാപനത്തോടെയുമാണ് പരസ്പരം നേരിട്ടത്. പൗരസ്ത്യ ക്രൈസ്തവ സമൂഹത്തോടായാലും ഹിറ്റ്ലറോടുള്ള ആഭിമുഖ്യത്തിന്റെ കാര്യത്തിലായാലും ആംഗ്ലിക്കൻ സഭാസമൂഹത്തോടായാലും, മാർക്സിസത്തോടായാലും, മുസ്ലിങ്ങളോടായാലും സമീപനം തികച്ചും നിഷേധത്തിന്റെതായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഛിദ്രതയ്ക്കും ശത്രുതയ്ക്കും മാത്രമേ ഡേവിഡ് ശൈലി ഉപകരിച്ചുള്ളൂ.
ഡേവിഡ് ആരംഭിച്ച നിഷേധ ശൈലിയെ നഖശിഖാന്തം എതിർത്തവരായിരുന്നു ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടിലെ നീതിപ്രസംഗകരായ ആമോസ്, ഹോശയ്യാ, ഐശായ, മീഖാ എന്നിവർ. ഇവരിൽ ഏറ്റവും ശക്തമായ ഭാഷയിൽ രാജകീയ നടപടികളെയും പൗരോഹിത്യ നേതൃത്വത്തിന്റെ ദുഷ്‌പ്രവണതകളെയും വിമർശിച്ച് നീതിമാർഗത്തിലേക്ക് തിരികെ വരാൻ ആഹ്വാനം ചെയ്തയാളാണ് ആമോസ്. ഇദ്ദേഹത്തിന്റെ ഉദ്ബോധനത്തിൽ, അക്കാലത്ത് മതപരവും രാഷ്ട്രീയവും സാമൂഹികവുമായ നേതൃത്വം പ്രോത്സാഹിപ്പിച്ച ദുഷ്‌പ്രവണതകളുടെ നേർച്ചിത്രം ലഭിക്കുന്നുണ്ട്. “എളിയവരെ പീഡിപ്പിക്കുകയും, ദരിദ്രന്മാരെ തകർക്കുകയും ചെയ്യുന്ന ബാശാന്യ പശുക്കൾ” എന്നാണ് നേതൃത്വത്തെ ആമോസ് സംബോധന ചെയ്യുന്നത്. ഇതൊക്കെ തന്നെയല്ലേ 29 നൂറ്റാണ്ടുകൾക്ക് ശേഷവും ആവർത്തിക്കുന്നത്? അദ്ദേഹം തുടർന്ന് പറയുന്നു: “നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ (കോടതികളിൽ) ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ നിങ്ങളുടെ അതിക്രമം അനവധിയും, നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു”. അതുകൊണ്ട്, ‘ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോട് പോലെയും (സമൃദ്ധമായും അനർഗളമായും) കവിഞ്ഞൊഴുകട്ടെ” എന്നാണ് നിർദേശം. ഈ നിർദേശം അന്നത്തെ ഇസ്രയേൽ ശ്രദ്ധിച്ചതേയില്ല; ഇന്നും ഇതുതന്നെ അവസ്ഥ.


ഇതുകൂടി വായിക്കൂ: രാഷ്ട്രീയ അസ്ഥിരതകളിൽ കൂപ്പ് കുത്തുന്ന ഇസ്രയേൽ


യുഎന്നും നീതിബോധം ശോഷിക്കാത്ത ജനസമൂഹവും ഇന്നും ഇതുതന്നെ പറയുന്നു, അന്നെന്നതുപോലെ ഇസ്രയേൽ ശ്രദ്ധിക്കുന്നില്ല. ബന്ധിതരെ പരസ്പരം കൈമാറാനുള്ള ഉടമ്പടിയുടെ ഭാഗമായ വെടിനിർത്തൽ കരാറുപോലും ഇസ്രയേൽ ആത്മാർത്ഥമായി പാലിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. പഴയ ഇസ്രയേലിലെ പുരോഹിതവര്യൻ “എടോ ദർശകാ യഹൂദദേശത്തിലേക്ക് ഓടിപ്പോവുക, അവിടെ പ്രവചിച്ച് അഹോവൃത്തി കഴിക്കുക, ഈ രാജ്യത്ത് ഇനി പ്രസംഗിക്കരുത്” എന്നാണ് പറഞ്ഞത്. ആമോസ് വടക്കെ ദേശക്കാരുടെ മുമ്പിലാണ് പ്രസംഗിച്ചതെങ്കിൽ തെക്കേദേശത്തുള്ളവരോട് ഐശായ ഇതേ ഭാഷയിൽ തന്നെയാണ് പ്രസംഗിച്ചത്. “ദരിദ്രരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതെയാക്കുവാനും വിധവമാർ തങ്ങൾക്ക് കൊള്ളയായി തീരുവാനും അനാഥരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട നിയമം നിർമ്മിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്നവർക്കും അയ്യോ കഷ്ടം” എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. അതുകൊണ്ട് അവരെ ഉപദേശിക്കുന്നത്, “യാക്കോബ് ഗ്രഹമേ വരുവിൻ നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം” എന്നാണ്.

യഹോവയുടെ വെളിച്ചം എന്നാൽ നീതിയുടെ വെളിച്ചം എന്നാണ്. എന്നാൽ അവർ അത് കേട്ടില്ല. അതുകൊണ്ട് വിദേശ ശക്തികൾ അവരെ ഛിന്നഭിന്നമാക്കി. ഇന്നും അവരത് കേൾക്കുന്നില്ല. അക്കാലത്തെയും ഇക്കാലത്തെയും നീതിയുടെ ഉപദേശകരെ ഇസ്രയേൽ തള്ളിക്കളയുന്നു. ഇവിടെ പലസ്തീൻ ജനത മാത്രമല്ല കഷ്ടപ്പെടുന്നതും മരണപ്പെടുന്നതും തടവിലാക്കപ്പെടുന്നതും എന്ന് ഇസ്രയേൽ കണക്കാക്കുന്നതേയില്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധക്കൊതി, ഡേവിഡിന്റെതു പോലെ തുടരുന്നു. ഈ നിലപാടാണ് ചരിത്രത്തിൽ പഴയ ഇസ്രയേലിന്റെ തുടർച്ചയായ ഛിന്നതയ്ക്കും പ്രവാസത്തിനും കഷ്ടപ്പാടിനും കാരണമായി നാം കാണുന്നത്. ഇന്നും സാധാരണ യഹൂദന്റെ ജീവിതം നശിപ്പിക്കുന്നതും തടവിലാക്കപ്പെടുന്നതും ഇക്കാരണം കൊണ്ടുതന്നെ. ലോകജനതയുടെ ശബ്ദം കേൾക്കാൻ ഇസ്രയേൽ അധികാരികൾക്ക് സാധിക്കട്ടെ. ഈ കൊലപാതക-കയ്യേറ്റ സംസ്കാരം തിരുത്താൻ അവർക്ക് വിവേകമുദിക്കട്ടെ. പ്രവാസ ചരിത്രം ആവർത്തിക്കാതിരിക്കട്ടെ. ജനം വിശുദ്ധമായി കരുതുന്ന ഗ്രന്ഥത്തിലെ ആമോസിന്റെയും ഐശായയുടെയും ശബ്ദം കേൾക്കാൻ ഇവർക്കാകട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.