22 December 2024, Sunday
KSFE Galaxy Chits Banner 2

കര്‍മ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
February 28, 2022 5:19 am

“ഇൻക്വിലാബ് സിന്ദാബാദ്” “ഞങ്ങൾക്ക് വേണ്ടത് പൂർണസ്വരാജ്” ദിഗന്തങ്ങൾ നടുക്കുമാറുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ആ ദിവസം അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനം നടക്കുന്ന കൽക്കത്തയിലെ പാർക്ക് സർക്കസ് മൈതാനത്തേക്ക് മാർച്ച് നടത്തിയത്. പൂർണസ്വരാജ് ആവശ്യപ്പെടാൻ ഇനിയും കോൺഗ്രസ് വൈകരുതെന്ന് മഹാത്മാഗാന്ധിയെയും നിയുക്ത കോൺഗ്രസ്, മറ്റു ദേശീയനേതാക്കളെയും നേരിട്ടുകണ്ട് ആവശ്യപ്പെടാൻ വേണ്ടിയാണ്, ബംഗാളിലെ ചണത്തൊഴിലാളികളുടെ ആ വലിയ കൂട്ടം സമ്മേളന നഗരിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് നേതാവായ ബങ്കിം മുഖർജി അവർക്ക് നേതൃത്വം നൽകി. വിശാലമായ സമ്മേളനപ്പന്തലിലേക്ക് അവർ ഇരച്ചുകയറിച്ചെന്ന്, ഗാന്ധിജിയും നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മോത്തിലാൽ നെഹ്രുവും മറ്റ് നേതാക്കളുമൊക്കെ ഉപവിഷ്ടരായ വേദിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്നെല്ലാവരും ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ്, പെട്ടെന്ന് അവിടെ ഒരു കറുത്ത കുതിരയുടെ പുറത്ത് പ്രത്യക്ഷപ്പെട്ട ഒരു യുവനേതാവ് കാര്യങ്ങളുടെ നിയന്ത്രണമെല്ലാമേറ്റെടുത്തത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു അത്. അദ്ദേഹത്തിന്റെയൊപ്പം വോളണ്ടിയർമാരുടെ നേതൃത്വം വഹിക്കുന്ന മറ്റൊരു യുവാവുമുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസ്. അവരിരുവരും പ്രക്ഷോഭകാരികളോട് അനുനയപൂർവം സംസാരിച്ച് അവരെ ശാന്തരാക്കി. അടുത്തവർഷം 1929 ൽ ലാഹോറിൽ ചേർന്ന കോൺഗ്രസ് സമ്മേളനം പൂർണസ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു.

കൽക്കട്ടയിലെ സമ്മേളനത്തിൽ സ്വാഗതഗാനമാലപിക്കാനായി തയാറെടുത്തു നിൽക്കുന്ന കോറസിലെ അംഗമായ ഒരു പതിനൊന്നു വയസുകാരി വിടർന്ന കണ്ണുകളോടെ, ഉദ്വേഗപൂർവം ഈ കാഴ്ചകളൊക്കെ കണ്ടുനിൽക്കുകയായിരുന്നു. പൂർണസ്വാതന്ത്ര്യം എന്ന സമരകാഹളവുമായി ആർത്തലച്ചെത്തിയ അധ്വാനവർഗം, ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ലയിച്ചുചേരുന്ന ഒരു ചരിത്ര മുഹൂർത്തത്തിനാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്ന തിരിച്ചറിവൊന്നും ആ പെൺകുട്ടിക്ക് അന്നുണ്ടായിരുന്നില്ല. എന്നാൽ അവളുടെ ദേശാഭിമാനബോധത്തെ വല്ലാതെ കോരിത്തരിപ്പിച്ച ഒരു നിമിഷമായിരുന്നു അത്. ഗാന്ധിജിയുടെയും നെഹ്രു കുടുംബത്തിന്റെയും സരോജിനി നായിഡുവിന്റെയുമെല്ലാം ആതിഥേയൻ- ആധുനിക ബംഗാളിന്റെ ശില്പി എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഡോ. ബിധാൻചന്ദ്രറോയിയുടെ കൊച്ചനന്തരവളായ രേണുറോയിയുടെ രാഷ്ട്രീയവിശ്വാസത്തിന്റെ അകക്കണ്ണ് തുറന്നത് ആ അപൂർവമുഹൂർത്തത്തിലാണ്. 1917 ഒക്ടോബർ21ന് സാധൻ ചന്ദ്രറോയിയുടെയും ബ്രഹ്മകുമാരി റോയി‌യുടെയും പുത്രിയായി കൽക്കട്ടയിൽ ജനിച്ച രേണുവിന്റെ പൂർവികരായ പ്രകാശ് ചന്ദ്രറോയിയും അഘോരകാമിനി ദേവിയുമാണ് പാറ്റ്നയിൽ ബ്രഹ്മസമാജ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. കൽക്കട്ടയിലെ ലോറെറ്റോ ഹൗസ് സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് വിക്ടോറിയ കോളജിൽ നിന്നാണ് രേണു ബിരുദമെടുത്തത്. തുടർന്ന്, കേംബ്രിഡ്ജിലെ ന്യൂൺഹാം കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം നേടാനായി ഇംഗ്ലണ്ടിലേക്ക് പോയി. 1937 ലായിരുന്നു അത്.

 


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് കർമ്മയോഗി


 

രണ്ടാം ലോകമഹായുദ്ധത്തിന്റെ ‘ഡ്രസ് റിഹേഴ്സൽ’ എന്നറിയപ്പെടുന്ന സ്പാനിഷ് ആഭ്യന്തര യുദ്ധം യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ നാളുകൾ. സ്പെയിനിലെ കമ്മ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകാരുടെയും ഇടതുപക്ഷ ഭരണകൂടത്തെ അട്ടിമറിക്കാൻ ജനറൽ ഫ്രാങ്കോയുടെയും വലതുപക്ഷ തീവ്രവാദികളുടെയും നേതൃത്വത്തിൽ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ ആശങ്കകളോടെയാണ് അന്ന് ലോകമെങ്ങുമുള്ള പുരോഗമനചിന്താഗതിക്കാർ കണ്ടുനിന്നത്. യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ വിശ്വസികളുമായ ചെറുപ്പക്കാരും വിദ്യാർത്ഥികളും ചേർന്ന് രൂപീകരിച്ച ഇന്റർനാഷണൽ ബ്രിഗേഡ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അണിചേരാനായി സ്പെയിനിലെത്തി. ഒട്ടേറെപ്പേർ രക്തസാക്ഷികളായി.
ബെർലിനിലെ അണ്ടര്‍ ഡെന്‍ ലിന്‍ഡെന്‍ എന്ന ചരിത്രപ്രസിദ്ധമായ വീഥിയിലൂടെ ഫാസിസ്റ്റ് സൈനികരായ യുവാക്കൾ മാർച്ചുപാസ്റ്റ് നടത്തുന്നതിന് സാക്ഷ്യം വഹിച്ച രേണു റോയ് വിറങ്ങലിച്ചുനിന്നു. മിമി ഷെങ്കിൽ എന്ന പെൺകുട്ടിയെ (പിൽക്കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെ സെക്രട്ടറിയും ഭാര്യയും) കാണാനും സൗഹൃദബന്ധം സ്ഥാപിക്കാനും വേദിയൊരുക്കിയ ആസ്ട്രിയയെ ഹിറ്റ്ലറിന്റെ സൈന്യം കീഴടക്കുന്നത് കണ്ടു നടുങ്ങി. “Kinder, Kirche, Kueche”(ഗർഭം ധരിക്കുക, അടുക്കളപ്പണി ചെയ്യുക, പള്ളിയിൽ പോകുക എന്ന മൂന്നു ചുമതലകൾ മാത്രമാണ് സ്ത്രീകൾക്കുള്ളത്) എന്നു പ്രഖ്യാപിച്ച ഹിറ്റ്ലറിനോട് രോഷംകൊണ്ടു. 1938 ൽ അമേരിക്കയിലെ പാ കിപ്സി എന്ന നഗരത്തിൽ വച്ചു നടന്ന ഒന്നാമത്തെ വേൾഡ് യൂത്ത് കോൺഗ്രസിൽ സംബന്ധിക്കാനായി ചെന്നപ്പോൾ രേണുറോയ് പരിചയപ്പെട്ട കമ്മ്യൂണിസ്റ്റുകാരിയായ ഡാനിയൽ കാസനോവ എന്ന ഫ്രഞ്ചുയുവതി പിന്നീട് ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്പിൽ രക്തസാക്ഷിയായ വാർത്ത വല്ലാത്ത ആഘാതമുണ്ടാക്കി. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും മറ്റും വാത്സല്യം നുകർന്നു വളർന്ന ആ പെണ്‍കുട്ടിയുടെ മനസ് വളരെ വേഗമാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ചാഞ്ഞത്. വൈകാതെ രേണു പാർട്ടി അംഗമായി. സ്വാതന്ത്ര്യം നേടിയതുകൊണ്ട് മാത്രമൊന്നുമായില്ലെന്നും പാവപ്പെട്ടവന് വിശക്കുമ്പോൾ അപ്പം കൊടുക്കാൻ കഴിയാത്ത സ്വാതന്ത്ര്യം പൂർണമായ ഒന്നല്ലെന്നും അവർ മനസിലാക്കി.

 


ഇതുകൂടി വായിക്കൂ: എം എസ്: യശോധാവള്യമുള്ള കമ്മ്യൂണിസ്റ്റ്


 

അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും പത്രപ്രവർത്തകനുമായിരുന്ന ജോൺ സ്ട്രേയ്ച്ചേ(പിൽക്കാലത്ത് ലേബർ പാർട്ടിയുടെ മന്ത്രി)യുടെ സോഷ്യലിസത്തെയും മാർക്സിസ്റ്റ് ആശയങ്ങളെയും കുറിച്ചുള്ള പ്രഭാഷണമാണ് രേണുവിനെ കമ്മ്യൂണിസത്തിലേക്ക് വഴിതിരിച്ചു വിട്ടത്. കമ്മ്യൂണിസത്തിലേക്കുള്ള പാതയിൽ രേണു റോയ് ഒറ്റയ്ക്കായിരുന്നില്ല. ഇന്ത്യൻ സിവിൽ സർവീസിലും അക്കാദമിക് രംഗത്തുമൊക്കെ ഉന്നതപദവികൾ ലക്ഷ്യം വച്ചെത്തിയ, ഇന്ത്യയിലെ ചെറുപ്പക്കാരുടെ ഒരു വലിയ സംഘം അന്ന് ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. ഭൂപേഷ് ഗുപ്ത, ജ്യോതി ബസു, ഹിരേന്ദ്രനാഥ മുഖർജി, മോഹൻ കുമാരമംഗലം, പാർവതി കുമാരമംഗലം, പി എൻ ഹക്സർ, നിഖിൽ ചക്രവർത്തി, രമേഷ് ചന്ദ്ര.… . രേണുവിനെപ്പോലെ തന്നെ വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീണവരായിരുന്നു അവരിലേറെയും. എന്നാൽ ബോൾഷെവിക് വിപ്ലവത്തിന്റെ വിജയവും നിസ്വവർഗത്തിന്റെ വിമോചനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ചേർന്ന് അവരെയെല്ലാം കമ്മ്യൂണിസത്തിലേക്ക് ജ്ഞാനസ്നാനം ചെയ്തു. ‘നോ ഫ്ലാഗ് ബട്ട് ദി റെഡ് ഫ്ലാഗ്! ’ എന്നതായിരുന്നു അന്ന് അവരെല്ലാം ചേർന്ന് മുഴക്കിയ മുദ്രാവാക്യം. ലണ്ടനിൽ പഠിക്കാനെത്തിയ, തന്റെ ഒരടുത്ത ബന്ധുവായ ചെറുപ്പക്കാരനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യാൻ മുൻകയ്യെടുത്തത് രേണു തന്നെയായിരുന്നു. രേണുവിനെക്കാൾ രണ്ട് വയസ് ഇളപ്പമുള്ള ആ കസിന്റെ പേര് ഇന്ദ്രജിത് ഗുപ്ത എന്നായിരുന്നു. എന്നാൽ, ഇവരെല്ലാമടങ്ങിയ സംഘത്തോട് ഉറ്റ സൗഹൃദം പുലർത്തുമ്പോൾ തന്നെ കമ്മ്യൂണിസത്തിലേക്ക് ‘മതം മാറാൻ’ കൂട്ടാക്കാത്ത രണ്ടു ദേശീയവാദികൾ കൂടിയുണ്ടായിരുന്നു, അവരുടെ സഹപാഠികളുടെ കൂട്ടത്തിൽ. ഇന്ദിരാ പ്രിയദർശിനി നെഹ്രുവും അവരുടെ പ്രണയിതാവായ ഫിറോസ് ഗാന്ധിയുമായിരുന്നു ആ രണ്ടുപേർ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൂക്കിന് തൊട്ടുതാഴെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ സന്ദേശവാഹകരായി അന്ന് പ്രവർത്തിച്ചിരുന്ന, ഇന്ത്യൻ ഇൻഡിപെൻഡന്റ്സ് ലീഗിന്റെ മുഖ്യ കർമ്മിയായ വി കെ കൃഷ്ണമേനോനായിരുന്നു, ഈ ചെറുപ്പക്കാരുടെയൊക്കെ പ്രചോദകനും വഴികാട്ടിയും. ആയിടയ്ക്ക് പാരീസിൽ നടന്ന വിഖ്യാതമായ ലോക സമാധാന സമ്മേളനത്തിലേക്കുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാനുള്ള അപൂർവ അവസരം രേണുവിനെ തേടിയെത്തി. ഡോ. ബി സി റോയിയുടെ ‘കമ്മ്യൂണിസ്റ്റുകാരിയായ അനന്തരവളെ‘ക്കുറിച്ച് അങ്ങനെയാണ് താൻ ആദ്യമായി കേൾക്കാൻ ഇടവന്നതെന്ന് ഹിരൺ മുഖർജി ഓർമ്മിക്കുന്നുണ്ട്. സ്പാനിഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമാരാധ്യയായ നേതാവ്, ലാ പാഷനേരിയ(ദി പാഷന്‍ ഫ്ലവര്‍) എന്ന പേരിലറിയപ്പെട്ടിരുന്ന ഇസിഡോറ ഡോളാരെസ് ഇബാരുരി യോമേയുടെ പ്രസംഗം കേൾക്കണമെന്നുള്ള ഒറ്റ ആഗ്രഹവുമായാണ് രേണു അന്ന് പാരീസിലെത്തിയത്. എന്നാൽ ആ തീപ്പൊരി പ്രസംഗകയ്ക്ക് സമ്മേളനത്തിൽ പ്രസംഗിക്കാനുള്ള അനുവാദം കിട്ടാതിരുന്നത് രേണുവിനെ മാത്രമല്ല, എല്ലാവരെയും നിരാശപ്പെടുത്തി. പക്ഷെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഒരടുത്ത ‘കുടുംബ സുഹൃത്തിനെ’ അവിടെവച്ച് കാണാൻ പറ്റിയത് രേണുവിന് സന്തോഷം പകർന്നു. ഫാസിസത്തിനെതിരെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും യൂറോപ്പിലുടനീളം പ്രസംഗപര്യടനം നടത്താനെത്തിയ ജവഹർലാൽ നെഹ്രുവായിരുന്നു അത്. കൃഷ്ണമേനോൻ, ഇന്ദിര, ഫിറോസ് എന്നിവരോടൊപ്പം പണ്ഡിറ്റ് ജി സമ്മേളനത്തിന്റെ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.

 


ഇതുകൂടി വായിക്കൂ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം


 

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രവർത്തിച്ചിരുന്ന വിവിധ സംഘടനകളുടെ പൊതുവേദിയായിരുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍സ് ജനറൽ സെക്രട്ടറിയായി രേണു തെരഞ്ഞെടുക്കപ്പെട്ടു. ആ സമയത്താണ് അന്ന് ഓക്സ്ഫോർഡിലെ മേർട്ടൺ കോളജിൽ വിദ്യാർത്ഥിയും വിപ്ലവത്തിന്റെ പാതയിൽ ഉറ്റ സഖാവുമായിരുന്ന നിഖിൽ ചക്രവർത്തിയുമായി രേണു പ്രണയത്തിലാകുന്നത്. രണ്ടുപേരും ഇന്ത്യയിൽ മടങ്ങിയെത്തി രണ്ടു വർഷങ്ങൾക്കുശേഷം 1942 ൽ അവർ വിവാഹിതരായി. 1945 ൽ ഏകപുത്രനായ സുമിത് ജനിച്ചു. ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട നാളുകളിലാണ് രേണു സ്വദേശത്ത് തിരികെയെത്തുന്നത്. രണ്ടാം ലോകമഹായുദ്ധം മൂർച്ഛിച്ച് വരുന്ന നാളുകൾ. ആൻഡമാൻ ദ്വീപിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലേക്കാണ് രേണു നേരെ എടുത്തുചാടിയത്. 1939 ഡിസംബറിൽ ഡൽഹിയിൽ സുഭാസ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്ത എഐഎസ്എഫിന്റെ ദേശീയ സമ്മേളനം ഇതിനുവേണ്ടിയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത രേണുവിന്റെയും കനക് ദാസ് ഗുപ്ത, കല്യാണി മുഖർജി, ഗീതാ ബാനർജി, സോവ മജുമ്ദാർ, അണിമാ മജുമ്ദാർ തുടങ്ങിയവരുടെയും നേതൃത്വത്തിൽ ചുണക്കുട്ടികളായ കുറെ യുവതികൾ ചേർന്ന് ഒരു ഗേൾസ് സ്റ്റുഡന്റ്സ് കമ്മിറ്റി ഉണ്ടാക്കി.
1940 ൽ ലക്‌നോയിൽ ചേർന്ന വനിതാ വിദ്യാർത്ഥി സമ്മേളനം ഒരു വലിയ തുടക്കമായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന വനിതാ സഖാക്കളുടെ സമ്മേളനം സരോജിനി നായിഡുവാണ് ഉദ്ഘാടനം ചെയ്തത്. അധ്യക്ഷത വഹിച്ചത് രേണു റോയ് യും. താൻ സാക്ഷ്യം വഹിച്ച സ്പെയ്നിലെ ഫ്രാങ്കോ ഫാസിസത്തെക്കുറിച്ചും അതിനോട് പടവെട്ടുന്ന ‘ലാ പാഷനേരിയ’ എന്ന ധീരവനിതയെക്കുറിച്ചും രേണു സമ്മേളനത്തിൽ സംസാരിച്ചു. ബോംബെയിൽ നിന്നും കൽക്കട്ടയിൽ നിന്നും പഞ്ചാബിൽ നിന്നുമൊക്കെയായി എത്തിയ നർഗീസ് ബാട്ട്ലിവാല, പെരിൻ ബറൂച്ച, ലിത്തോ റോയ്, ശാന്ത ഗാന്ധി, ഷീലാ ഭാട്ടിയ, പുരൻ മേത്ത, സരള ഗുപ്ത, ഗീതാ റോയ് ചൗധുരി തുടങ്ങി ഒട്ടേറെ പെൺകുട്ടികൾ രേണു വിനോടൊപ്പം പ്രസ്ഥാനത്തിൽ അണിചേരാനായി മുന്നോട്ടു വന്നു. ആയിടയ്ക്ക് കൽക്കട്ട സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിയിൽ ചേർന്നെങ്കിലും, രേണുവിലെ വിപ്ലവകാരിക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പങ്കാളിയായതോടെ യുദ്ധത്തെ ജനകീയ യുദ്ധമായി വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു. ഒരു ഭാഗത്ത് കോൺഗ്രസ് സോഷ്യലിസ്റ്റുകളും മറുഭാഗത്ത് ഫോർവേഡ് ബ്ലോക്കും ആരംഭിച്ച ആക്രമണത്തെ നേരിടാൻ രേണുവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വനിതകൾ രംഗത്തിറങ്ങി. ഫാസിസത്തെ പ്രതിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ യത്നത്തിൽ, ലെനിൻ ഗ്രാഡ് കീഴടക്കിയ ഫാസിസ്റ്റ് സേനയെ ധീരമായി ചെറുത്തുനിൽക്കുകയും ഒടുവിൽ പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്ത സോയ കോസ്മോദെമ്യൻസ്കായയുടെ കഥ അവർക്ക് പ്രചോദനമായി.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.