2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിലൂടെ അടുത്ത നാല് ദശകങ്ങള്‍ ഇന്ത്യയില്‍ തുടര്‍ഭരണം ഉറപ്പുവരുത്താമെന്നാണ് ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ ഏക്സിക്യൂട്ടീവിന്റെ പ്രഖ്യാപനം.
ദീര്‍ഘകാലത്തെ ഭരണം ലക്ഷ്യംവയ്ക്കുകയും രാജ്യത്തെ വിശ്വഗുരുവാക്കാനുള്ള തീരുമാനവും കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത്ഷാ തന്നെ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ ജനാധിപത്യ ഭരണസംവിധാനത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നേതൃത്വം നല്കുന്ന ഭരണകൂടം നടത്തിവരുന്നത്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ അവരുടെ അജണ്ട പൂര്‍ത്തീകരിക്കുവാനുള്ള പ്രഖ്യാപനമാണ് ഹൈദരാബാദില്‍ നടത്തിയത്.
മോഡി ഗവണ്മെന്റ് സ്വീകരിച്ച ജനവിരുദ്ധമായ നടപടികളെയെല്ലാം ന്യായീകരിക്കുന്ന നിലപാടാണ് ഹൈദരാബാദില്‍ കണ്ടത്. പൗരത്വനിയമ ഭേദഗതി, ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്കുന്ന 377-ാം വകുപ്പ് പിന്‍വലിക്കല്‍, ജിഎസ്‌ടി നടപ്പിലാക്കല്‍, മുത്തലാഖ് നിയമം നടപ്പിലാക്കല്‍ തുടങ്ങിയ എല്ലാ ജനവിരുദ്ധ നടപടികളെയും ന്യായീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഹൈദരാബാദിലെ യോഗത്തില്‍ ഉണ്ടായത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതിനും ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുന്ന ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലേക്ക് ഇന്ത്യയെ രൂപപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ക്ക് ബിജെപി രൂപം നല്കിയിരിക്കുന്നു.
ജാതി രാഷ്ട്രീയം, കുടുംബാധിപത്യം, പ്രീണനം എന്നീ നയങ്ങളാണ് രാജ്യത്ത് മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയതെന്നും അതിനെതിരായ നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നുമുള്ള പ്രഖ്യാപനം ബോധപൂര്‍വമായുള്ള പ്രചരണത്തിന്റെ ഭാഗമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ‘മിഷൻ ദക്ഷിണേന്ത്യ 2024’ എന്ന പ്രവര്‍ത്തന പരിപാടിക്ക് ഹൈദരാബാദില്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്തതായി മാധ്യമങ്ങള്‍ പറയുന്നു.
2014ല്‍ ബിജെപി അധികാരത്തിലെത്തിയതുമുതല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്താണ്, പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരുന്ന സംസ്ഥാന മന്ത്രിസഭകളെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തത്. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തി എംഎല്‍എമാരെ കൂറുമാറ്റി അധികാരം പിടിച്ചടക്കി. മധ്യപ്രദേശില്‍ കൂറുമാറ്റ രാഷ്ട്രീയത്തിലൂടെയാണ് അധികാരം കൈക്കലാക്കിയത്. ഗോവ, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷമായിട്ടും എംഎല്‍എമാരെ വിലയ്ക്കുവാങ്ങി അധികാരം പിടിച്ചെടുത്തു. വസുന്ധര രാജസിന്ധ്യയെ മുഖ്യമന്ത്രിയാക്കേണ്ടിവരും എന്നതുകൊണ്ട് മാത്രമാണ് രാജസ്ഥാനില്‍ കൂറുമാറ്റ രാഷ്ട്രീയം നടപ്പിലാക്കാതിരിക്കുന്നത്. കേന്ദ്രാധികാരം ദുരുപയോഗം നടത്തിയാണ് സംസ്ഥാന ഗവണ്മെന്റുകളെ അട്ടിമറിച്ചത്. അതേ നടപടികള്‍ തുടരുമെന്നുതന്നെയാണ് ഹൈദരാബാദ് രാഷ്ട്രീയ പ്രമേയവും വ്യക്തമാക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ബഹുകക്ഷികള്‍ അധികാരത്തില്‍ വരിക സാധാരണയാണ്. അത് ഉള്‍ക്കൊള്ളാന്‍ ബിജെപി തയാറല്ല എന്ന പ്രഖ്യാപനമാണ് ഹൈദരാബാദില്‍ ഉണ്ടായത്. ഛത്തീസ്ഗഢ്, ബംഗാള്‍, ഒഡിഷ എന്നീ ബിജെപി ഇതര ഗവണ്മെന്റുകളെയും ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം, മതേതരത്വം, ബഹുസ്വരത, ജീവിക്കാനുള്ള അവകാശം എന്നിവ ഇല്ലാതാക്കുകയാണ്.
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവവായുവാണ്. വിയോജിക്കാനുള്ള അവകാശമില്ലെങ്കില്‍ ജനാധിപത്യ സംവിധാനം ഇല്ലാതാകും. 2014ന് ശേഷം കണ്ടുവരുന്നത് അതാണ്. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരെ ഭരണകൂടം ഭീകരത സൃഷ്ടിച്ച് അടിച്ചമര്‍ത്തുന്നു. പൗരാവകാശ സംരക്ഷണത്തിനായി മുന്നോട്ടുവരുന്നവരെയും പത്രപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയുമെല്ലാം ജയിലിലടയ്ക്കുകയാണ്. പത്രപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങി നിരവധി ആളുകളെ ഇതിനകം തന്നെ ജയിലിലാക്കി. ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്ന എല്ലാവരെയും ജയിലിലടയ്ക്കുക എന്ന നയമാണ് ഇന്ന് രാജ്യത്ത് നടപ്പിലാക്കുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കിയ വംശീയഹത്യ പുറത്തുകൊണ്ടുവന്ന ടീസ്ത സെതല്‍വാദ്, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി ജയിലിലടച്ചു. ഇതിനെയെല്ലാം ആഘോഷിക്കുന്ന സമീപനമാണ് സംഘ്പരിവാര്‍ ശക്തികള്‍ സ്വീകരിച്ചത്. ഹൈദരാബാദില്‍ നടന്ന ബിജെപി എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിലും ഗുജറാത്തില്‍ നടന്ന വംശീയഹത്യക്ക് നേതൃത്വം നല്കിയ നരേന്ദ്രമോഡിയെ വാഴ്ത്തുന്നതില്‍ ആവേശം കാണിച്ചു. നരേന്ദ്രമോഡിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നല്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.
2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം വികസനത്തിലൂടെ രാജ്യത്തെ മുന്നോട്ടു നയിച്ചു എന്നാണ് ഹൈദരാബാദ് പ്രമേയം അവകാശപ്പെട്ടത്. വികസനത്തിന്റെ പ്രധാന ലക്ഷ്യം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തലാണ്. അവരുടെ വാങ്ങാനുള്ള ശേഷി (ക്രയശേഷി) വര്‍ധിപ്പിക്കലാണ്. ദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കല്‍, തൊഴില്‍ ലഭ്യമാക്കല്‍, കര്‍ഷകരുടെയും വിവിധ വിഭാഗം ജനങ്ങളുടെയും വരുമാനം വര്‍ധിപ്പിക്കല്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ സ്വീകരിക്കല്‍, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കല്‍, മിനിമം പോഷകാഹാരം ഉറപ്പുവരുത്തല്‍ ഇതിനെക്കുറിച്ച് ഒന്നുംതന്നെ ബിജെപി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തില്ല, പരിശോധന നടത്തിയില്ല. നാല്പത് വര്‍ഷം അധികാരത്തില്‍ തുടരാനുള്ള കര്‍മ്മപരിപാടികള്‍ തയാറാക്കുന്നതിലായിരുന്നു ശ്രദ്ധ. ഹിന്ദുരാഷ്ട്രവാദം ഉയര്‍ത്തി വംശീയ വികാരം ആളിക്കത്തിച്ച്, ആ ലക്ഷ്യം നേടാനുള്ള കര്‍മ്മ പരിപാടികള്‍ക്കാണ് രൂപം നല്കിയത്. വംശീയ ചേരിതിരിവ് സൃഷ്ടിക്കലാണ് പോംവഴിയായി അവര്‍ കണ്ടെത്തിയിരിക്കുന്നതും.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിനുശേഷം ശതകോടീശ്വരന്മാര്‍ 142 ആയി വര്‍ധിച്ചു. അവരുടെ സമ്പത്ത് 53.16 ലക്ഷം കോടി രൂപയായി. രാജ്യത്ത് ഒരുകാലത്തും ഉണ്ടാകാത്തവിധം അസമത്വം വര്‍ധിക്കുകയാണ് ചെയ്തത്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ഇപ്പോള്‍ 101-ാം സ്ഥാനത്താണ്. ഇന്ത്യക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന്‍, നൈജീരിയ, സോമാലിയ, യെമന്‍, സിയറ തുടങ്ങിയ രാജ്യങ്ങളാണ്. പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഇന്ത്യയിലെ കുഞ്ഞുങ്ങളും അമ്മമാരും മരിച്ചുവീഴുന്നു. ആറു മാസം മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 10 ശതമാനത്തിനു മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നത്. 90 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ 38.4 ശതമാനം കുട്ടികളുടെയും വളര്‍ച്ച മുരടിക്കുന്നു. അവര്‍ക്ക് ഭക്ഷണം ലഭിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ജനിക്കുമ്പോള്‍തന്നെ ആയിരത്തില്‍ 34 കുട്ടികള്‍ മരണപ്പെടുന്നു. ഗര്‍ഭണികള്‍ക്ക് പോഷകാഹാരം ലഭിക്കാത്തതാണ് ഈ ദയനീയാവസ്ഥയ്ക്ക് കാരണം. ദേശീയ ആരോഗ്യ സര്‍വെ പുറത്തുവിട്ട കണക്കുകളാണിത്. ഇതിനെക്കുറിച്ചും യാതൊന്നും തന്നെ ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തില്ല.
2014ല്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഖ്യാപിച്ചത് പ്രതിവര്‍ഷം രണ്ട് കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്തുമെന്നും ഉള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ഇന്നതെല്ലാം മായിച്ചുകളയുകയാണ്. വംശീയ വികാരം ഉയര്‍ത്തി ജനങ്ങളെ ഭ്രാന്തുപിടിപ്പിച്ച് സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ്. 2024ലെ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി ആര്‍എസ്എസ് ലക്ഷ്യം വയ്ക്കുകയാണ്. 1925ല്‍ ആര്‍എസ്എസ് രൂപീകരിച്ചപ്പോള്‍ തന്നെ തങ്ങളുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തടസം നില്ക്കുന്നത് കമ്മ്യൂണിസ്റ്റുകാരും മതേതര ജനാധിപത്യ ഇടതുപക്ഷ വിശ്വാസികളും ന്യൂനപക്ഷങ്ങളുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെയാണ് എല്ലാ നീക്കങ്ങളും. ഹൈദരാബാദിലെ ബിജെപി സമ്മേളന പ്രമേയം അതാണ് വ്യക്തമാക്കുന്നത്.
മതേതര ജനാധിപത്യ – ഇടതുപക്ഷ ശക്തികള്‍ എല്ലാം ഒരുമിക്കേണ്ട സന്ദര്‍ഭമാണിത്. മതേതര – ജനാധിപത്യ – ഇടതുപക്ഷ ശക്തികള്‍ ഒരു പ്ലാറ്റ്ഫോമില്‍ അണിനിരക്കേണ്ട രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സിപിഐ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.