24 November 2024, Sunday
KSFE Galaxy Chits Banner 2

അനന്തം അജ്ഞാതം അവര്‍ണനീയം

Janayugom Webdesk
July 17, 2022 7:14 am

അമ്പിളി അമ്മാവനെ പിടിച്ചു തരാമെന്ന് പറഞ്ഞ് പറ്റിക്കപ്പെട്ട ഒരു ബാല്യം ഇല്ലാത്തവരായി ആരുണ്ട്? അമ്മയുടെ വല്യ പൊട്ടു പോലെ ആകാശത്തിന്റെ നെറുകയിൽ ആരോ ചാർത്തിയ പൊട്ടായിരുന്നു കുട്ടിക്കാലത്ത് അമ്പിളി അമ്മാവൻ. പിന്നെ പിന്നെ അമ്പിളി അമ്മാവനെ പിന്നിലാക്കി നടന്ന ഗ്രാമസന്ധ്യകൾ. ഏറെ മോഹിപ്പിച്ച ആ സുന്ദരഗോളം കുന്നും കുഴിയും നിറഞ്ഞ ഭൂമിയുടെ ഒരുപഗ്രഹം മാത്രമാണെന്ന് പഠിച്ചു തുടങ്ങിയിട്ടും മാനത്ത് അമ്പിളിമാമനെ കണ്ടാൽ നോക്കി നിൽക്കാൻ പ്രേരിപ്പിക്കുന്ന കാല്പനികത എന്താവും. കാല്പനികതയും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരമുൾക്കൊള്ളാൻ ചിലപ്പോഴെങ്കിലും മനസ് കൂട്ടാക്കാറില്ല.
സാഹിത്യകാരന്മാർക്കും കവികൾക്കും ചിത്രകാരന്മാർക്കും എന്നും ഒരു പ്രചോദനമായ ചന്ദ്രൻ മനുഷ്യൻ എക്കാലവും ജിജ്ഞാസയോടെയും പ്രതീക്ഷയോടെയും കണ്ടിരുന്ന ഉപഗ്രഹമാണ്. ഈ ഉപഗ്രഹത്തിലെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹമാണ് ചാന്ദ്രപ​ര്യ​വേ​ക്ഷ​ണങ്ങളിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത്.
1969 ജൂലൈ 16. മൂന്ന് ബഹിരാകാശ പര്യവേക്ഷകരുൾപ്പെട്ട നാസയുടെ അപ്പോളോ-11 ബഹിരാകാശ വാഹനവുമായി സാ​റ്റേ​ൺ-​അ​ഞ്ച്​ ​റോക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ ​നി​ന്ന്​ കു​തി​ച്ചുയരുന്നു. നീൽ ആം​സ്​​ട്രോ​ങ്​, എഡ്വിൻ ആ​ൽ​ഡ്രി​ൻ, മൈ​ക്ക​ൽ കോ​ളി​ൻ​സ്​ എ​ന്നിവരായിരുന്നു പേടകത്തിനുള്ളിൽ. 1969 ജൂലൈ 20 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ തൊട്ടു.
“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും” എന്ന് നീൽ ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മനുഷ്യരാശിയുടെ ചരിത്രത്തിലെ എക്കാലത്തേയും തിളക്കമാർന്ന അധ്യായമാണ്. ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ചു കൊണ്ട് ലക്ഷ്യം കണ്ട സ്വപ്നതുല്യമായ ആദ്യ ചാന്ദ്രയാത്ര. അതിന്റെ ഓർമ്മയ്ക്കായി ജൂലൈ 20ചാന്ദ്രദിനമായി ആഘോഷിക്കുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ധാരാളം മലയാളി ശാസ്ത്രജ്ഞരുണ്ട്. ഐഎസ്ആർ ഒ തലവൻമാരായിരുന്ന എം ജി കെ മേനോൻ, ഡോ. കെ കസ്തൂരി രംഗൻ, ഡോ. ജി മാധവൻ നായർ, ഡോ. കെ രാധാകൃഷ്ണൻ, എസ് സോമനാഥ് തുടങ്ങിയവർ മലയാളികൾക്ക് സുപരിചിതരാണ്. എന്നാൽ ഡോ. വി ആർ ലളിതാംബിക എന്ന പേര് എത്ര മലയാളികൾക്കറിയാം. 1988 മുതൽ, മുപ്പത്തിനാല് വർഷക്കാലം ഇസ്രോയുടെ (ഐസ്ആര്‍ഒ) നൂറൂകണക്കിനു ഉപഗ്രഹവിക്ഷേപണങ്ങളുടെ പിന്നിൽ പലനിലയിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞയും സാങ്കേതികവിദഗ്ധയുമായ മലയാളി. ചാന്ദ്രയാൻ, ഗഗൻയാൻ ദൗത്യങ്ങളിലെ മലയാളി സാന്നിധ്യം. നൂറ്റിനാലു ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ ബഹിരാകാശ ഗവേഷണത്തിൽ ഇടം നേടിയപ്പോൾ ആ വിജയത്തിനു പിന്നിലെ ഒരു പ്രധാന വിഭാഗത്തിന്റെ അമരക്കാരി തിരുവനന്തപുരത്തുകാരിയായ ഈ ശാസ്ത്രജ്ഞയാണെന്ന് എത്ര പേർക്കറിയാം.

 

തിരുവനന്തപുരത്ത് പുത്തൻ ചന്തയിൽ 1962 ലാണ് ലളിതാംബികയുടെ ജനനം. അച്ഛൻ വി എസ് രാമചന്ദ്രൻ നായർ വാട്ടർ അതോറിറ്റിയിൽ ചീഫ് എഞ്ചിനീയറായിരുന്നു. അമ്മ വിജയലക്ഷ്മി അമ്മ. അപ്പൂപ്പൻ എം എൻ രാമകൃഷ്ണപിള്ള ഗണിത ശാസ്ത്രജ്ഞനും ഇന്ത്യൻ ഗണിത ശാസ്ത്ര സൊസൈറ്റിയുടെ ആജീവനാന്ത അംഗവുമായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന അപ്പൂപ്പനായിരുന്നു കുട്ടിക്കാലം മുതൽ തന്നിൽ ശാസ്ത്ര അഭിരുചി വളർത്തിയതെന്ന് ഡോ. ലളിതാംബിക സാക്ഷ്യപ്പെടുത്തുന്നു. അപ്പൂപ്പൻ തന്റെ സുഹൃത്തും, ഉപദേശകനും മാർഗ്ഗദർശിയുമായിരുന്നു. ഇന്നത്തേതുപോലെ ഇന്റർനെറ്റൊന്നുമില്ലാത്ത കുട്ടിക്കാലം. പക്ഷേ എന്ത് സംശയത്തിനും ഉത്തരവുമായി അപ്പൂപ്പനുണ്ടായിരുന്നു. ബുധനാഴ്ചകളിൽ ആകാശത്തു കണ്ടിരുന്ന സൗണ്ടിംഗ് റോക്കറ്റ് അപ്പൂപ്പനൊപ്പം അത്ഭുതത്തോടെ നോക്കി നിന്നിരുന്ന കുട്ടി, പിന്നീട് നൂറു കണക്കിന് മിസൈലുകളുടെ നിർമ്മാണത്തിനു പിന്നിലെ സാരഥിയായി.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒന്നാമതായി ബി ടെക് ബിരുദം. ചെന്നൈ, ഐഐടി യിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ചെങ്കിലും വിവാഹത്തെ തുടർന്ന് അത് ഉപേക്ഷിച്ചു. തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ തനിക്ക് പ്രിയപ്പെട്ട കൺട്രോൾ എഞ്ചിനീയറിംഗ് മേഖലയിൽ എം ടെക് പഠനം. ഇത് ജീവിതത്തിൽ വഴിത്തിരിവായി.
1988 ൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ചേരുമ്പോൾ മൂത്തകുഞ്ഞിന് പ്രായം രണ്ടു വയസ്. ജോലിക്കിടയിൽ പിഎച്ച്ഡി പൂർത്തിയാക്കാൻ സാധിച്ചതും കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഭർത്താവും മാതാപിതാക്കളും വീടിന്റെ ചുമതലകൾ പൂർണമായി ഏറ്റെടുത്ത് തന്നെ സ്വതന്ത്രയാക്കുകയായിരുന്നു. അല്ലായിരുന്നെങ്കിൽ മുഴുവൻ സമയവും ഇസ്രോയിലെ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കാൻ തനിക്കാവില്ലായിരുന്നു. ഒരർത്ഥത്തിൽ വിവാഹമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ലളിതാംബിക പറയുന്നു.

 

ജയപരാജയങ്ങൾ

1988‑ൽ കൺട്രോൾ എഞ്ചിനീയർ ആയി ജോലിയിൽ പ്രവേശിക്കുമ്പോൾ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വിഎസ്എസി) അവസ്ഥ ദുഷ്ക്കരമായിരുന്നു. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ഭാഗമായ വിഎസ്എസി തദ്ദേശീയ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയതിനാൽ കൺട്രോൾ എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം അത് സുപ്രധാന സമയമായിരുന്നു. ലളിതാംബിക ജോലിയിൽ പ്രവേശിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് ആദ്യത്തെ എഎസ്എൽവി വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ മറ്റൊരു വിഫലശ്രമത്തിനും അവർ സാക്ഷിയായി. പല പ്രോജക്ടുകളും ശൈശവാസ്ഥയിൽ ആയിരുന്നു.
വളരെ വെല്ലുവിളി നിറഞ്ഞ ഈ മേഖലയിലേക്കാണ് ലളിതാംബിക ചുവടുവച്ചത്. എല്ലാം പുതിയതായിരുന്നു, അതിനാൽ റഫറൻസിന് സാധ്യതയില്ല. വിവരങ്ങൾ നൽകാൻ ആളുകൾ തയ്യാറായില്ല, ഡോ. ലളിതാംബിക അനുസ്മരിക്കുന്നു: “ഞങ്ങൾ പണം അഴുക്കുചാലിലേക്ക് വലിച്ചെറിയുകയാണെന്ന് പത്രങ്ങൾ പറഞ്ഞുകൊണ്ടിരുന്നു… ആ സമയത്ത് മനോവീര്യം വളരെ കുറവായിരിക്കാം. എന്നിരുന്നാലും, തളർന്നു പോവാനാവില്ലായിരുന്നു. അടുത്ത വലിയ പരീക്ഷണം 1993 സെപ്തംബർ 20‑ന് നടക്കാനിരിക്കുകയായിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) അതിന്റെ ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു, ലളിതാംബികയ്ക്കും സഹ കൺട്രോൾ എഞ്ചിനീയർമാർക്കും രാപകൽ ജോലി ചെയ്യേണ്ടിവന്നു. ഒരു കുഞ്ഞിന്റെ അമ്മയെന്ന നിലയിൽ, ഒരു പാട് ബുദ്ധിമുട്ടേണ്ടി വന്നു. എന്നാൽ എല്ലാവരെയും നിരാശരാക്കി, ആ വിക്ഷേപണം പരാജയമായി. “നമ്മുടെ തെറ്റുകളിൽ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. അതാണ് ഐഎസ്ആർഒയിലെ സംസ്കാരം.” ഡോ. ലളിതാംബികയുടെ ശബ്ദത്തിന് ആത്മവിശ്വാസത്തിന്റെ കരുത്ത്. പിന്നീട് പരാജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്കപള്ള പ്രയാണമായിരുന്നു ഇസ്രോയ്ക്ക്, ഡോ. ലളിതാംബികയ്ക്കും.
ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 നും 2 നും പിന്നിൽ പ്രവർത്തിക്കാനായത് അഭിമാനകരവും സന്തോഷകരവുമെന്ന് അവര്‍ പറഞ്ഞു. ചന്ദ്രയാൻ ‑1 വിക്ഷേപണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസ വിജയം ആയിരുന്നില്ല. ചന്ദ്രയാൻ ‑1 വിക്ഷേപിച്ചത് പിഎസ്എൽവി–11 റോക്കറ്റിലും ചന്ദ്രയാൻ 2 വിക്ഷേപിച്ചത് ഇസ്രോയുടെ ഏറ്റവും കരുത്തുറ്റ ലോഞ്ച് വെഹിക്കളായ ജിഎസ്എൽവി മാർക് 3 യി ലുമാണ്. ഈ രണ്ട് ലോഞ്ച് വെഹിക്കിളിന്റെയും ബ്രെയിൻ എന്ന് വിശേഷിപ്പിക്കാവുന്ന നാവിഗേഷൻ, ഗൈഡൻസ് & കൺട്രോൾ സിസ്റ്റത്തിന്റെ ഡിസൈൻ, മികവുറ്റ രീതിയിൽ ഈ ലോഞ്ച് വെഹിക്കിളിന്റെ ഗതി നിയന്ത്രിച്ച് ലക്ഷ്യത്തിലെത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള വിപുലമായ ടെസ്റ്റിങ് തുടങ്ങിയ പ്രവർത്തനങ്ങളുടെ സാരഥ്യം വഹിച്ചിരുന്നത് ലളിതാംബികയാണ്. ഈ ദൗത്യത്തിന്റെ പിന്നിലെ വിജയത്തിൽ ഒട്ടും അഹങ്കരിക്കാതെ, ഒരു കൂട്ടം എഞ്ചിനിയർമാരുടെ കൂട്ടായ പരിശ്രമമാണ് ഇസ്രോയുടെ വിജയമെന്ന് ഡോ. ലളിതാംബിക അനുസ്മരിക്കുന്നു.

ചന്ദ്രയാൻ‑1

ഇന്ത്യയുടെ ആദ്യ ചാന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ‑1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇസ്രോ 2008 ഒക്ടോബർ 22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകം. ‘ചാന്ദ്രയാൻ’ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ്. ചന്ദ്രയാനെ വഹിച്ചുയർന്നത് പിഎസ്എൽവി–11 റോക്കറ്റ്. 2008 നവംബർ 14ന് മൂൺ ഇംപാക്റ്റ് പ്രോബ് മാതൃപേടകത്തിൽ നിന്നു വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രനിലെ ജലാംശത്തിന്റെ സാന്നിധ്യം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കി. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ വിതരണം, അന്തരീക്ഷം, ഹീലിയം–3 ന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ച വിവരങ്ങളും ചാന്ദ്രഗർത്തങ്ങളുടെയും പർവതങ്ങളുടെയും വിസ്മയ ദൃശ്യങ്ങളും ഭൂമിയിലെത്തിച്ചു. 2009 ഓഗസ്റ്റ് 29ന് പേടകത്തിന് ഭൂമിയുമായുള്ള ബന്ധം നഷ്ടമായി.
പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു. മിഷൻ വിജയിച്ചില്ലെങ്കിലും ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന് ഈ ഉപഗ്രഹം കാരണമായി.

ചന്ദ്രയാൻ ‑2

ഇസ്രോ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു ഇത്. 2019 ജൂലൈ 22 ന് ചന്ദ്രയാൻ — 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയരുമ്പോൾ ഇസ്രോയ്ക്കത് അഭിമാന നിമിഷം. വിക്ഷേപിച്ച് 29 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ — 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ചന്ദ്രയാൻ — 2 ദൗത്യത്തിന്റെ അവസാനഘട്ടമായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. ലക്ഷ്യം കൈവരിക്കാൻ ചന്ദ്രയാൻ — 2നായില്ല. നിർദ്ദിഷ്ട ലക്ഷ്യത്തിൽ നിന്ന് 500 മീറ്റർ അകലെ ലാൻഡർ ഇടിച്ചിറങ്ങി.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യം, ചാന്ദ്രമണ്ണിന്റെയും പാറകളുടെയും രാസഘടന, ധാതുക്കൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനം ഇതൊക്കെയായിരുന്നു ചന്ദ്രയാൻ 2 ന്റെ ലക്ഷ്യം.
95 ശതമാനത്തോളം ലക്ഷ്യം കൈവരിക്കാൻ ചന്ദ്രയാൻ — 2 പദ്ധതിക്ക് കഴിഞ്ഞു. ചന്ദ്രയാൻ 2 ന്റെ കൂടുതൽ സൂക്ഷ്മമായ ഉപകരണങ്ങൾ ചന്ദ്രനിൽ ജലസാന്നിധ്യം ഉറപ്പാക്കി. മറ്റു പല ശാസ്ത്ര നിരീക്ഷണങ്ങൾക്കും ഇത് വഴിവെച്ചു. പദ്ധതി പൂർണമായി വിജയിച്ചിരുന്നുവെങ്കിൽ ചന്ദ്രോപരിതത്തിൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു. ചന്ദ്രോപരിതലത്തിൽ ഒരു ബഹിരാകാശ പേടകം ഇറക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴിക്കല്ലായിരുന്നു ചന്ദ്രയാൻ — 2 പദ്ധതി. ചന്ദ്രയാൻ 1 നും 2 നും പിന്നിലെ പ്രവർത്തനങ്ങൾ താനുൾപ്പെടുന്ന ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് അവിസ്മരണീയ അനുഭവമായിരുന്നെന്ന് അവർ ഓര്‍ക്കുന്നു.

ഗഗൻ യാൻ

വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്ക് എൺപതുകളിൽ ഇൻഡോ റഷ്യൻ സഹകരണത്തോടു കൂടി ബഹിരാകാശത്ത് പോവാൻ സാഹചര്യമുണ്ടായി. അത് യുവജനങ്ങളുടെ ഇടയിൽ വളരെ ആവേശമായി മാറിയ സംഭവമായിരുന്നു. അന്നു മുതൽ ഇന്ത്യയ്ക്ക് ഒരു human space pro­gramme വേണമെന്ന ചിന്ത ശക്തമായിരുന്നു. എന്നാൽ കരുത്തുറ്റ ഒരു വിക്ഷേപണ വാഹനം അന്നുണ്ടായിരുന്നില്ല. ജിഎസ്എൽവി മാർക് 3 യുടെ വിജയകരമായ വിക്ഷേപണമാണ് ഈ രംഗത്ത് ചുവടുറപ്പിക്കാൻ ഇസ്രോയ്ക്ക് പ്രചോദനമായത്.
2022 ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്ന മിഷൻ ഗഗൻ യാൻ പദ്ധതി 2018 ൽ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിലെ മികവിന് ആസ്ട്രോ നോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരം നേടിയ ഡോ. ലളിതാംബികയെയാണ് ഇസ്രോ ചെയർമാൻ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ജിഎസ്എൽവി ഉൾപ്പെടെ റോക്കറ്റുകളുടെ രൂപകൽപ്പനയിലെ പ്രാവീണ്യവും പ്രവൃത്തിപരിചയവുമായിരുന്നു ആ തിരഞ്ഞെടുപ്പിന് പിന്നിൽ. 2014ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ വി എം3(ജിഎസ്എൽവി മാർക് ത്രീ) വികസിപ്പിച്ചെടുത്തത് ഡോ. ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.

 

lalithambika

മിഷൻ ഗഗൻയാൻ

മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കുക എന്ന മിഷൻ ഇസ്രോയെ സംബന്ധിച്ച് ധാരാളം വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ മേഖലയിൽ മുൻകാല പരിചയം ഇസ്രോയ്ക്കില്ല. വളരെ സങ്കീർണമായ ഒരു മിഷൻ ആണിത്. മിഷൻ പരാജയപ്പെട്ടാലും സഞ്ചാരികളെ സുരക്ഷിതമായി കരയിലെത്തിക്കുകയെന്നതും പ്രധാനമാണ്.
ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാർക് 3 ആയിരിക്കും ശ്രീഹരിക്കോട്ടയിൽ നിന്നും ബഹിരാകാശ യാത്രികരെ ശൂന്യകാശത്ത് എത്തിക്കാൻ ഉപയോഗിക്കുക. ഗഗൻയാൻ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങൾ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആർഒ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഗഗൻയാനു മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന റോബട്ട് ആയിരിക്കും. ഹാഫ് ഹ്യൂമനോയിഡ് ഗണത്തിൽ പെട്ടതാണ് വ്യോമമിത്ര,
ഹ്യൂമനോയ്ഡ് അടിസ്ഥാനപരമായി ഒരു മനുഷ്യന്റെ രൂപഭാവമുള്ള റോബോട്ടാണ്. ഐഎസ്ആർഒയുടെ വ്യോമിത്ര അർദ്ധ ഹ്യൂമനോയ്ഡ് വിഭാഗത്തിൽ പെടുന്നു. കാരണം അവയ്ക്ക് തലയും രണ്ട് കൈകളും കബന്ധവും മാത്രമേ ഉണ്ടാകൂ. കാലുകൾ ഉണ്ടാകില്ല.
ഇസ്രോയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് വ്യോമമിത്ര നിർമ്മിച്ചത്. ഒരു വർഷത്തോളമെടുത്താണ് വ്യോമമിത്രയുടെ പ്രാഥമിക രൂപകല്പന പൂർത്തിയാക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ് സി) ശാസ്ത്രജ്ഞരാണ് ഇസ്രോയുമായി ചേർന്ന് സ്പേസ് റോബോട്ട് ആയ വ്യോമമിത്ര വികസിപ്പിച്ചെടുത്തത്. മനുഷ്യന് സമാനമായ രീതിയിൽ സാഹചര്യങ്ങളോട് പ്രതികരിക്കാനും പെരുമാറാനും സാധിക്കുന്ന വിധത്തിലാണ് ഇത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമിയിൽനിന്ന് ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ പാലിക്കാനും അവരുമായി സംവദിക്കാനും വ്യോമമിത്രക്ക് കഴിയും. ഗഗൻയാനിൽ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന മുന്ന് പേർക്കൊപ്പം നാലാമത്തെ അംഗം എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.
ഗഗൻയാൻ യാത്രയ്ക്ക് സ്ത്രീകളെ ഉൾപ്പെടുത്താതിന് പകരമാണോ ഗഗൻയാനിനു മുന്നോടിയായുള്ള പര്യവേഷണത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിന് ഇസ്രോ സ്ത്രീ രൂപം നൽകിയതെന്ന് തോന്നാം. എന്നാൽ ഡോ. ലളിതാംബിക പറയുന്നതിങ്ങനെ.
“ഇസ്രോയിൽ ലിംഗവിവേചനം തീരെയില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഔദ്യോഗികമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടില്ല. ബഹിരാകാശ മേഖലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരങ്ങളാണ്. പക്ഷേ വ്യക്തിപരമായി സ്ത്രീകൾക്ക് ഈ മേഖലയിൽ വലിയ വെല്ലുവിളികൾ ഇല്ലാന്ന് പറയാനാവില്ല. പ്രത്യേകിച്ചും കൊച്ചു കുഞ്ഞുങ്ങളുടെ അമ്മമാരായ സ്ത്രീകൾക്ക്. ദൗത്യങ്ങളുടെ സമയപരിധി പാലിക്കാൻ രാത്രിയും പകലുമില്ലാതെ പണിയെടുക്കേണ്ടിവരും. കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ മുന്നോട്ട് പോവാനാവില്ല. താൻ അക്കാര്യത്തിൽ ഭാഗ്യവതിയായിരുന്നു. ഭർത്താവും മാതാപിതാക്കളും നൽകിയ പിന്തുണ ഒന്നു മാത്രമാണ് തന്റെ കരിയർ വിജയത്തിനു പിന്നിൽ. കുഞ്ഞുങ്ങളുടെ ചുമതല പൂർണ്ണമായും അവർ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കരിയറിൽ ഈ നേട്ടങ്ങളൊന്നും ആർജ്ജിക്കാനാവുമായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഭർത്താവ് എ ബി പ്രദീപ് കുമാർ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനാണ്.

നേട്ടങ്ങൾ / അവാർഡുകൾ

ഒരു ബഹിരാകാശ ശാസ്ത്രജ്ഞയെന്ന നിലയിൽ വളരെ സന്തോഷം തോന്നിയ ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാനിന്റെ വിജയമാണ് അതിലൊന്ന്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ് മംഗൾയാന്റേത്. ഉപഗ്രഹത്തിലെ മാർസ് കളർ കാമറ പകർത്തിയ ചൊവ്വയുടെ 980 ലധികം ചിത്രങ്ങൾ ഭൂമിയിലെ കൺട്രോൾ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
ലോകത്ത് ആദ്യമായി വിജയകരമായി, ചൊവ്വാദൗത്യം നടപ്പിലാക്കിയ രാജ്യമായി ഇന്ത്യ മാറിയപ്പോൾ ഏറെ സന്തോഷം തോന്നി. എങ്കിലും വ്യക്തിപരമായി ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഡോ. എ പി ജെ അബ്ദുൾ കലാമിൽ നിന്നും വിക്ഷേപണ വാഹന സാങ്കേതികവിദ്യയിലെ മികവിനുള്ള ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അവാർഡ് ഏറ്റുവാങ്ങിയതാണ്.
ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശ നേട്ടങ്ങൾ ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. മംഗൾയാനും, ചന്ദ്രയാനും, 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചതും ഇന്ത്യയുടെ യശസുയർത്തി. ബഹിരാകാശ ഗവേഷണ രംഗത്ത് വികസിത രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാനും നിരവധി സുപ്രധാന ദൗത്യങ്ങളിലൂടെ ആ പട്ടികയിൽ ഇടം നേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതിന്റെയൊക്കെ ഭാഗമാവാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി അവർ കരുതുന്നു.
സ്പേസ് ഗോൾഡ് മെഡൽ (2001), ഐഎസ്ആർഒ വ്യക്തിഗത മെറിറ്റ് അവാർഡ്, ഐഎസ്ആർഒ പെർഫോമൻസ് എക്സലൻസ് അവാർഡ് (2013) എന്നിവയും ലഭിച്ചിട്ടുണ്ട്.

എറ്റവും വലിയ സ്വപ്നം

34 വർഷത്തെ സംതൃപ്തവും ശോഭനവുമായ ഔദ്യോഗിക ജീവതത്തിൽ നിന്ന് 2022 ൽ ഇസ്രോയുടെ പടിയിറങ്ങി. ഒരു സ്വപ്നം മാത്രം ബാക്കി. കഴിഞ്ഞ നാലുവർഷക്കാലം ഹ്യൂമൻസ്പേസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചപ്പോൾ അതിന്റെ വെല്ലുവിളികൾ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ട്. തന്നെയും കൊണ്ടൊരു പേടകം ബഹിരാകാശത്ത് എത്തുന്നത് എത്രയോ രാത്രികളിൽ സ്വപ്നം കണ്ടിട്ടുണ്ട്. അങ്ങനൊരവസരം എന്നെങ്കിലും കിട്ടിയാൽ ഒരു സംശയവും വേണ്ട താനത് ചാടിപ്പിടിക്കുമെന്ന് ലളിതാംബിക. സിങ്കപ്പൂരില്‍ തന്റെ മകളുടെ വീട്ടിലിരുന്നുകൊണ്ട് വാട്സ് ആപ്പ് കോളിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദത്തിന് ഒരു കൗമാരക്കാരിയുടെ ചുറുചുറുക്ക്.

”ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവൻ നമ്മോട് സൗഹൃദം പുലർത്തുന്നു. സ്വപ്നം കാണുന്നവർക്കും കഠിനാധ്വാനം ചെയ്യുന്നവർക്കും ഏറ്റവും മികച്ചത് നൽകാനായി ഗൂഢാലോചന നടത്തുന്നു.”
‑എ പി ജെ അബ്ദുൾ കലാം

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.