1 November 2024, Friday
KSFE Galaxy Chits Banner 2

പിടിവിടാതെ വിളര്‍ച്ച; സ്ത്രീകളിലും കുട്ടികളിലും ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധര്‍

Janayugom Webdesk
July 16, 2022 9:12 pm

ഇന്ത്യയില്‍ സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ചാ രോഗം രൂക്ഷമാകുന്നു. 2000 ഇന്ത്യയിൽ വിളർച്ചയുടെ വ്യാപനം ആശങ്കാജനകമായിരുന്നു. അതുകഴിഞ്ഞുള്ള രണ്ട് പതിറ്റാണ്ട് കാലയളവുകള്‍ക്കിടയില്‍ വിളര്‍ച്ചാ രോഗം ഇല്ലാതാക്കുന്നതില്‍ നേട്ടങ്ങള്‍ കൈവരിച്ചിരുന്നെങ്കിലും വിഷയം വീണ്ടും ഗുരുതരമായിരിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍‘വിളര്‍ച്ച രഹിത ഇന്ത്യ’ എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്‌എസ്-അഞ്ച്) യുടെ ഏറ്റവും പുതിയ കണക്കുകളില്‍ കുട്ടികള്‍ സ്ത്രീകള്‍, പുരുഷന്മാര്‍ തുടങ്ങിയ വിഭാഗത്തില്‍ വിളര്‍ച്ച വര്‍ധിച്ചു വരുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍ സാന്ദ്രത ഒരു നിശ്ചിത അളവില്‍ കൂടുതല്‍ കുറയുകയും ഇത് ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകാനുള്ള രക്തത്തിന്റെ ശേഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയെയാണ് വിളര്‍ച്ച (അനീമിയ) എന്നുവിളിക്കുന്നത്. പോഷകാഹാരക്കുറവിന്റെയും മോശം ആരോഗ്യത്തിന്റെയും സൂചനയാണ് വിളര്‍ച്ച. മലേറിയ, കൊക്കപ്പുഴ, മറ്റ് വിരകളുടെ ശല്യം, മറ്റ് പോഷകക്കുറവുകൾ, വിട്ടുമാറാത്ത അണുബാധകൾ, ജനിതക അവസ്ഥകൾ എന്നിവയാണ് രോഗാവസ്ഥയുടെ മറ്റ് കാരണങ്ങൾ.

സ്ത്രീകളിലെ വിളർച്ച ഗർഭം അലസൽ, പ്രസവം, കുറഞ്ഞ ജനന ഭാരം എന്നിയ്ക്ക് കാരണമാകുന്നു. മാതൃമരണനിരക്ക് വര്‍ധിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും അനാരോഗ്യത്തിനും വിളര്‍ച്ച കാരണമാകുന്നു. എന്‍എഫ്എച്ച്എസ്- മൂന്നിന്റെ (2005–06) കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2015–16 വര്‍ഷത്തില്‍ (എന്‍എഫ്എച്ച്എസ്-നാല്) വിളര്‍ച്ചയുള്ള കുട്ടികളുടെ എണ്ണത്തില്‍ 11 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ 2.2 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

സ്ത്രീകളെയും കുട്ടികളെയും താരതമ്യപ്പെടുത്തുമ്പോള്‍ വിളര്‍ച്ചാ രോഗം പുരുഷന്മാരില്‍ കുറവാണ്. നാലാമത് എന്‍എഫ്എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം 55.30 ശതമാനം സ്ത്രീകളും 24.2 ശതമാനം പുരുഷന്മാരും വിളര്‍ച്ചാ രോഗം ബാധിച്ചവരാണ്. കുട്ടികളിലെ വിളര്‍ച്ചാ രോഗം ക്രമാധീതമായി വര്‍ധിച്ചു വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 67 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിച്ചവരാണ്. ഇതില്‍ 29 ശതമാനത്തിന് നേരിയ വിളർച്ചയും 36 ശതമാനം മിതമായും രണ്ട് ശതമാനം കടുത്ത വിളര്‍ച്ചയും ബാധിച്ചവരാണ്.

2015–16ല്‍ 59 ശതമാനം കുട്ടികള്‍ക്കാണ് വിളര്‍ച്ച രോഗം ഉണ്ടായിരുന്നതെങ്കില്‍ 2019–21ലത് 67 ശതമാനമായി ഉയര്‍ന്നു. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലാണ്. സംസ്ഥാനത്ത് ആറ് മുതല്‍-59 മാസത്തിനിടയില്‍ പ്രായമുള്ള 80 ശതമാനം കുട്ടികള്‍ക്കും വിളര്‍ച്ചാ ബാധിതരാണ്. മധ്യപ്രദേശ് (73 ശതമാനം), രാജസ്ഥാന്‍ (72 ശതമാനം) പഞ്ചാബ് (71 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലുള്ളത്.

രാജ്യത്ത് മുലപ്പാലൂട്ടുന്ന സ്ത്രീകളില്‍ 61 ശതമാനവും ഗര്‍ഭിണികളില്‍ 52 ശതമാനവും വിളര്‍ച്ചാ രോഗം ബാധിച്ചതാണ്. ഛത്തീസ്ഗഢ്, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വിളര്‍ച്ച ബാധിച്ചവരുടെ നിരക്ക് 60 ശതമാനത്തിനും മുകളിലാണ്. കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീര്‍, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ യഥാക്രമം 93 ശതമാനം, 66 ശതമാനം, 60 ശതമാനം എന്നിങ്ങനെയാാണ് വിളര്‍ച്ചാ രോഗം ബാധിച്ചവരുടെ കണക്ക്.

കോവിഡ് ബാധിതരില്‍ കൂടുതല്‍

കോവിഡ് ബാധിതരില്‍ ഇരുമ്പിന്റെ കുറവുമൂലമുള്ള വിളര്‍ച്ചാ രോഗം കൂടുതലാകുന്നുവെന്ന് പഠനം. അണുബാധയ്ക്ക് രണ്ടു മാസത്തിനു ശേഷമാണ് ആളുകളില്‍ ഗുരുതരമായ രീതിയില്‍ ഇരുമ്പിന്റെ കുറവ് കണ്ടുതുടങ്ങുന്നത്. ഇതാണ് രോഗബാധയ്ക്ക് ശേഷവും കടുത്ത ക്ഷീണവും അലസതയും കൂടുതലായി അനുഭവപ്പെടുന്നതെന്നും മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അയേണ്‍ ചേര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ 15 മുതല്‍ 30 ശതമാനം മാത്രമാണ് ശരീരം ആഗികരണം ചെയ്യുന്നത്. അതേസമയം മഹാമാരിക്കു ശേഷം രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഭക്ഷ്യവിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തില്‍ മാംസ്യം, ഇലക്കറികള്‍ തുടങ്ങി അയണ്‍ സമ്പന്നമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Eng­lish Summary:anemia; Health cri­sis in women and chil­dren experts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.