17 November 2024, Sunday
KSFE Galaxy Chits Banner 2

അഞ്ചക്കള്ളക്കോക്കാൻ കഥ പറയുമ്പോൾ…

രാജഗോപാൽ എസ് ആർ
March 24, 2024 5:30 pm

അഞ്ചക്കള്ളകോക്കാൻ… മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു വാക്കാണിത്. തിയേറ്ററിൽ ഒരാഴ്ച പിന്നിടുമ്പോൾ ഈ നാക്കുളുക്കി വാക്ക് മലയാളിക്ക് സുപരിചിതമായി മാറുന്നത് അഞ്ചക്കള്ളകോക്കാൻ പ്രേക്ഷകരെ അത്രമേൽ ആകർഷിക്കുന്നതുകൊണ്ടാണ്. ഒടിയൻ പോലെ വടക്കൻ കേരളത്തിന്റെ അതിർത്തി പ്രദേശത്തെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് അഞ്ചക്കള്ളകോക്കാൻ. കേരള — കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ജോയിന്റ് ചെയ്യാനെത്തുന്ന വസുദേവ് എന്ന പൊലീസുകാരനൊപ്പമാണ് പ്രേക്ഷകനും കഥയിലേക്ക് പ്രവേശിക്കുന്നത്. 1980കളുടെ പകുതിയിൽ തിരഞ്ഞെടുപ്പ് കാലത്ത് ചാപ്ര എന്ന എസ്റ്റേറ്റ് മുതലാളി കൊല്ലപ്പെടുന്നു. അതിനടുത്ത ദിവസമാണ് വസുദേവ് ചാർജ്ജെടുക്കാനായി കാളഹസ്തി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ചാപ്രയെ കൊന്നവരെ തേടിയുള്ള പൊലീസ് അന്വേഷണവും അതിന് സമാന്തരമായി ചാപ്രയുടെ മക്കളായ ഗിലാപ്പികൾ നടത്തുന്ന അന്വേഷണവുമാണ് രണ്ട് മണിക്കൂറോളം പിന്നെ പ്രേക്ഷകനെ കസേരയിൽ പിടിച്ചിരുത്തുന്നത്.

ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. നടനും തിരക്കഥാകൃത്തും നിർമ്മാതാവുമൊക്കെയായ ചെമ്പൻ വിനോദിന്റെ അനിയൻ എന്ന വിശേഷണത്തിൽ നിന്നും 2024 ലെ മികച്ച ചലച്ചിത്ര നിർമ്മിതികളിലൊന്നിന്റെ കപ്പിത്താൻ എന്ന വിശേഷണത്തിലേക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ ഉല്ലാസിന് തന്റെ ഐഡറ്റിറ്റിയെ മാറ്റിയെടുക്കാനായി. മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥയൊന്നുമല്ല, അഞ്ചക്കള്ളകോക്കാന്റേത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള സമാന്തരമായ അന്വേഷണങ്ങളുമൊക്കെ നിരവധി തവണ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. പക്ഷേ അതിനിടയിൽ നിന്ന് അഞ്ചക്കള്ളകോക്കാനെ വ്യത്യസ്തമാക്കുന്നത് പരുക്കനായ ചലച്ചിത്രപരിസരത്ത് അതിനേക്കാൾ പരുക്കരായ കുറേ കഥാപാത്രങ്ങളിലൂടെ ഒരു കുറ്റാന്വേഷണ കഥ പറയുന്നുവെന്നതാണ്.
നടവരമ്പൻ പീറ്റർ എന്ന പൊലീസുകാരനെ അവതരിപ്പിച്ച ചെമ്പൻ വിനോദ് തന്നെയാണ് അഞ്ചക്കള്ളകോക്കാന്റെ നെടുംതൂൺ. നിരവധി മാനറിസങ്ങളുള്ള നടവരമ്പൻ ചെമ്പന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ആ കഥാപാത്രത്തെ ഒട്ടും പരിക്കേൽപ്പിക്കാതെ പ്രേക്ഷകരിലേക്കെത്തിക്കാൻ ചെമ്പനായി. സ്നേഹവും ദയയും കാമവും ക്രൂരതയുമൊക്കെയുള്ള നടവരമ്പൻ ചെമ്പൻ അതിമനോഹരമായാണ് തിയേറ്ററിലെത്തിച്ചത്.
ലുക്ക്മാൻ അവതരിപ്പിച്ച വസുദേവിന്റെ കഥാപാത്ര നിർമ്മിതി വളരെ രസകരമാണ്. കുട്ടിക്കാലത്തുണ്ടായ ചില അനുഭവങ്ങളില്‍ നിന്നും കിട്ടിയ ഭയം എന്ന വികാരം യൗവനകാലത്തും പിന്തുടരുന്ന വസുദേവിനെ അനുഭവങ്ങളും തന്റെ മുന്നിൽ കാണുന്ന നീതിനിഷേധത്തോടുള്ള പ്രതികരണവും ശക്തനായ നായകനാക്കി മാറ്റുകയാണ്.

ഗിലാപ്പികളായെത്തുന്ന പ്രവീണും മെറിനുമാണ് പ്രേക്ഷനെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നത്. അച്ഛനെ കൊന്നവരോടുള്ള പ്രതികാരമെന്നതിപ്പുറം 1980കളുടെ പകുതിയിലെ യുവാക്കളുടെ ഭയമില്ലായ്മയും രോഷവുമെല്ലാം അവർ അതിഭീകരമായ രീതിയിൽ പുറത്തെടുക്കുന്നുണ്ട്. കഥാപാത്ര നിർമ്മിതികൊണ്ടും സ്റ്റൈലിഷ് ജീവിതം കൊണ്ടും 2024ലെ ആദ്യപകുതിയിലെ ഉശിരൻ കഥാപാത്രങ്ങളായി ഇവർ മാറി.
മേഘ തോമസ് അവതരിപ്പിച്ച പദ്മിനിയാണ് അഞ്ചക്കള്ളകോക്കാനിലെ സ്ത്രീകഥാപാത്രങ്ങളിൽ മുന്നിൽ. ഭർത്താവിനെ ഇല്ലാതാക്കിയവനോടുള്ള പദ്മിനിയുടെ പകയുൾപ്പെടെ അഞ്ചക്കള്ളക്കോക്കാന്റെ കഥാവികസനത്തിലെമ്പാടും ആ കഥാപാത്രം പടർന്നു കിടപ്പുണ്ട്. മണികണ്ഠൻ ആചാരിയുടെ ശങ്കരാഭരണം സിനിമയിലെ അതിമനോഹരമായ കഥാപാത്രനിർമ്മിതിയാണ്. ഇത്തരത്തിൽ അഭിനയ സാധ്യതകളേറെയുള്ള കഥാപാത്രത്തെ തന്നെ വിശ്വസിച്ചേൽപ്പിക്കാമെന്ന് മണികണ്ഠൻ തെളിയിക്കുന്നു. ശെന്തിൽകൃഷ്ണയുടെ കൊള്ളിയാൻ, ശ്രീജിത്ത് രവിയുടെ ചാപ്പ ഇവയൊക്കെയും പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രഹങ്ങളാണ്.
സംഗീത സംവിധാനം നിർവഹിച്ച മണികണ്ഠ അയ്യപ്പ, കാമറയുമായി ഒപ്പം കൂടിയ അരുൺ മോഹൻ, രോഹിത് വി എസിന്റെ എഡിറ്റിങ് തുടങ്ങിയവയെല്ലാം മലയാളിക്ക് അത്ര പരിചിതമല്ലാത്ത കഥാപരിസരങ്ങളിൽ നടക്കുന്ന ഒരു ത്രില്ലർ സിനിമയെ പൂർണമായും പ്രേക്ഷകരിലേക്കെത്തിക്കാൻ നിർമ്മാണ സംവിധായക സഹോദരൻമാരായ ചെമ്പൻ ബ്രദേഴ്സിനെ സഹായിച്ചു.

പാലക്കാടൻ ഗ്രാമങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അവതരിപ്പിക്കുന്ന പൊറാട്ട് നാടകക്കാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. മനുഷ്യന്റെ ഉള്ളിലുള്ള വികാരങ്ങളാണ് അവനെ നായകനും വില്ലനുമൊക്കെയാക്കുന്നത്. ഭയവും കാമവും അധികാരത്തോടും പണത്തോടുമൊക്കെയുള്ള ആർത്തിയുമൊക്കെ അഞ്ചക്കള്ളക്കോക്കാനിലെ സാധാരണ കഥാപാത്രങ്ങളിലുണ്ട്. പക്ഷേ അവയൊക്കെ വളരെ വ്യത്യസ്തമായ ഒരു കഥാപരിസരത്തിലൂടെ പ്രേക്ഷകരിലെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ചെമ്പൻ സഹോദരൻമാരുടെ വിജയം. പതിഞ്ഞ താളത്തിൽ ഈ ചിത്രം പ്രേക്ഷക ഹൃദയത്തിലേക്ക് കയറുന്നുണ്ടെന്നതാണ് ഒരാഴ്ച പിന്നിടുമ്പോൾ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.