23 December 2024, Monday
KSFE Galaxy Chits Banner 2

വിപണിയിടപെടലിന്റെ മറ്റൊരു മാതൃക

Janayugom Webdesk
November 3, 2022 5:00 am

രാജ്യത്താകെ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന് ഏഴുമാസങ്ങള്‍ക്കു മുമ്പുതന്നെ വിലയിരുത്തലുണ്ടായിരുന്നു. എന്നിട്ടും ലോകത്തെ ഊട്ടുമെന്നും ഗോതമ്പും അരിയുമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്നും പ്രഖ്യാപിച്ച ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നത്. പക്ഷേ വിദഗ്ധരുടെ വിയോജിപ്പും യാഥാര്‍ത്ഥ്യവും തിരിച്ചറിഞ്ഞ് പിന്നീട് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. യുദ്ധസാഹചര്യത്താല്‍ ആഗോളതലത്തിലുണ്ടായ ഇന്ധന വിലക്കയറ്റവും രാജ്യത്ത് കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങള്‍ മൂലം സംഭവിച്ച ഉല്പാദനക്കുറവും കാരണമാണ് വിലക്കയറ്റം ആസന്നമാണെന്ന നിഗമനങ്ങളുണ്ടായത്. അത് യാഥാര്‍ത്ഥ്യമായിരിക്കുകയുമാണ്. ഉല്പാദനത്തില്‍ പിന്നിലും ഉപഭോഗത്തില്‍ മുന്നിലുമുള്ള കേരളത്തെ ഇതര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും വിലക്കയറ്റമായി ബാധിക്കുന്ന പ്രവണത വളരെക്കാലമായുള്ളതാണ്. കേരളീയര്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യാഹാരമായി ഉപയോഗിക്കുന്ന അരിയുടെ ഉല്പാദനം ഇവിടെ ആവശ്യമുള്ളതിന്റെ 18 ശതമാനം മാത്രമാണ്. പ്രതിവിധി ഇവിടെ ഉല്പാദനം വര്‍ധിപ്പിക്കുക എന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ അതിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ടെങ്കിലും ഭൂലഭ്യതയിലുള്ള കുറവും ഉയര്‍ന്ന ജനസാന്ദ്രതയും അത് പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമാകുന്നതിന് വിഘാതമുണ്ടാക്കുന്നു. വിലക്കയറ്റം തടയുന്നതിനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗം സര്‍ക്കാരിന്റെ ശക്തമായ വിപണിയിടപെടലാണ്. അക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍. സമഗ്രമായ പൊതുവിതരണ സംവിധാനവും അതിനു പുറമേ സപ്ലൈകോയുടെ മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഫലപ്രദമായ വിപണിയിടപെടലിന്റെ സര്‍ക്കാര്‍ പേരുകളാണ്. ഉത്സവകാലങ്ങളില്‍ സഹകരണവകുപ്പുകളുള്‍പ്പെടെ ഈ സംരംഭത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കുന്ന സംസ്ഥാനമെന്ന ഖ്യാതി ഏപ്പോഴും കേരളത്തിന് സ്വന്തമായി നില്ക്കുന്നത്.


ഇതുകൂടി വായിക്കൂ: കാര്‍ഷികാശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍


ഏറ്റവും ഒടുവില്‍ പുറത്തുവന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് ഏഴു ശതമാനമാണ്. എന്നാല്‍ കേരളത്തിലത് അഞ്ചു ശതമാനത്തിനടുത്തു മാത്രവും. ഭക്ഷ്യധാന്യങ്ങള്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നതുള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നില്ക്കുമ്പോഴാണ് കേരളത്തില്‍ അഞ്ചു ശതമാനത്തിനടുത്തു നില്ക്കുന്നതെന്നത് ശ്രദ്ധേയമാണ്. അവശ്യ വസ്തുക്കള്‍ക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോഴും വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാള്‍ താഴെ നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് സര്‍ക്കാരിന്റെ യഥാസമയത്തുള്ള ഇടപെടല്‍ തന്നെയാണ്. 2016 മുതല്‍ 13 ഇനം അവശ്യ സാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താതെ സബ്സിഡി നല്കി വിതരണം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വില കൂടുവാനും പൂഴ്ത്തിവയ്പിനും സാധ്യതകളുള്ള എല്ലാ വേളകളിലും അധിക വസ്തുക്കള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതിന് പൊതുവിതരണ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ നല്കിയും പ്രത്യേക ചന്തകള്‍ സ്ഥാപിച്ചും അധിക ബാധ്യത ഏറ്റെടുത്തുമാണ് ഇടപെടല്‍ നടത്തുന്നത്.


ഇതുകൂടി വായിക്കൂ: കരുതലായി എല്‍ഡിഎഫ് സര്‍ക്കാര്‍


ഉല്പാദനക്കുറവും ഉല്പാദന ചെലവിലും കടത്തുകൂലിയിലുമുണ്ടാകുന്ന വര്‍ധനയും കാരണം അരിയുള്‍പ്പെടെയുള്ളവയ്ക്ക് വില കയറിത്തുടങ്ങുന്ന സാഹചര്യം അടുത്ത ദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ നടപടിയെടുക്കുന്നതിന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സന്നദ്ധമായത് വിപണിയിടപെടലിന്റെ മറ്റൊരുദാഹരണമാണ്. ആഴ്ചകള്‍ക്ക് മുമ്പുതന്നെ അരിയുല്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രിതന്നെ നേരിട്ട് ബന്ധപ്പെടുകയും കൂടുതല്‍ അരി മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് എട്ട് കിലോ വീതം അരി 10.90 രൂപ നിരക്കില്‍ നല്കുന്നതിന് തീരുമാനിച്ചു. ഇതിന് പുറമെ അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെയും വിലക്കുറവില്‍ കാര്‍ഡൊന്നിന് പത്തു കിലോവീതം അരി വിതരണവും ആരംഭിച്ചു. വിപണിയില്‍ അരിയുള്‍പ്പെടെ അവശ്യ വസ്തുക്കള്‍ക്ക് വില കയറുന്നുവെന്ന സൂചന ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശ് പൊതു വിതരണ വകുപ്പുമായി ബന്ധപ്പെടുകയും സാധനലഭ്യത വര്‍ധിപ്പിക്കുന്നതിന് നടപടിയെടുക്കുകയും ജയ അരിക്കു പുറമെ കടല, വൻപയർ, മല്ലി, വറ്റൽ മുളക്‌, പിരിയൻ മുളക്‌ എന്നിവ നേരിട്ടെത്തിക്കുന്നതിന് ധാരണയാവുകയും ചെയ്തു. വിലക്കയറ്റം തടയുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും പൊതുവിതരണ വകുപ്പിന്റെയും ജാഗ്രതയോടെയുള്ള ഇടപെടലുകളാണ് ജനജീവിതത്തിന്റെ ദുരിതം കുറയ്ക്കുന്നതിനും വിലക്കയറ്റത്തോത് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്തുന്നതിനും കാരണമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.