3 May 2024, Friday

Related news

May 1, 2024
April 26, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024

ഇസ്രയേലില്‍ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം; ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍
Janayugom Webdesk
ടെല്‍അവീവ്
July 25, 2023 8:57 pm

ജൂഡീഷ്യല്‍ പരിഷ്കരണ ബില്‍ പാസാക്കിയതിനു പിന്നാലെ ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ് ഇസ്രായേൽ നേരിടുന്നത് ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കി. ഇസ്രയേല്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനത്തെതുടര്‍ന്നാണ് പണിമുടക്ക്.

സംഘർഷം രൂക്ഷമായ ജറുസലേമിൽ പണിമുടക്ക് ബാധിച്ചില്ല. ജറുസലേമിലും രാജ്യത്തിന്റെ വാണിജ്യ കേന്ദ്രമായ ടെൽ അവീവിലും തിങ്കളാഴ്ച വൈകുന്നേരം വരെ റാലികൾ തുടർന്നു. പ്രധാന ദേശീയ പാതകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വ്യോമസേനാ പൈലറ്റുമാർ ഉൾപ്പെടെയുള്ള സൈനിക റിസർവിസ്റ്റുകൾ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, നിയമം റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് ഇസ്രയേൽ പ്രതിപക്ഷം പാര്‍ട്ടികള്‍ അറിയിച്ചു. മൂവ്‌മെന്റ് ഫോർ ക്വാളിറ്റി ഗവൺമെന്റ് എന്ന എൻജിഒ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നെസെറ്റിന്റെ തീരുമാനം റദ്ദാക്കാൻ ഇസ്രയേൽ ബാർ അസോസിയേഷനും സുപ്രീം കോടതിയിൽ അപേക്ഷ നൽകും. നാധിപത്യ വിരുദ്ധ നിയമനിർമ്മാണ പ്രക്രിയയ്‌ക്കെതിരായ പ്രതിഷേധ പ്രകടനമായി ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം അസാധുവാണെന്ന വിധി ഉണ്ടായാല്‍ അത് സർക്കാരും കോടതിയും തമ്മിലുള്ള ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാകും.

രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരുടെയും തീരുമാനത്തിന് അനുസൃതമായി സർക്കാരിന് നയം നടപ്പിലാക്കാൻ കഴിയുന്ന തരത്തിലാണ് നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഒരു ജനാധിപത്യത്തിലെ പ്രധാന മാറ്റങ്ങൾ, നിലനിൽക്കണമെങ്കിൽ, കഴിയുന്നത്ര വിശാലമായ സമവായം ഉണ്ടായിരിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്.

രാജ്യത്തെ പരമോന്നത കോടതി യുക്തിരഹിതമെന്ന് കരുതുന്ന സർക്കാർ നടപടികളുടെ ജുഡീഷ്യൽ അവലോകനം തടയുന്നതിനായാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ഗവൺമെന്റിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ജഡ്‍ജിമാരുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിനും ബില്‍ അംഗീകാരം നല്‍കുന്നുണ്ട്. നെസെറ്റ് നിയമിച്ച സർക്കാരിലെ രണ്ട് മന്ത്രിമാർക്കൊപ്പം നീതിന്യായ മന്ത്രി അധ്യക്ഷനായ സമിതി ആയിരിക്കും ജഡ്ജിമാരെ തെരഞ്ഞെടുക്കുക. സർക്കാരിലെ മന്ത്രിമാർക്ക് സ്വന്തം നിയമോപദേശകരെ നിയമിക്കാൻ അനുവദിക്കുന്നതാണ് മറ്റൊരു പരിഷ്കാരം.

Eng­lish Summary:Anti-Netanyahu protests in Israel; Peti­tion against the Bill in the Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.