23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 21, 2024
August 17, 2022
February 14, 2022
February 14, 2022
February 11, 2022
February 10, 2022
February 9, 2022
February 9, 2022
February 9, 2022
February 9, 2022

പഴുതടച്ച രക്ഷാപ്രവര്‍ത്തനം; ഏകോപനം

Janayugom Webdesk
പാലക്കാട്
February 9, 2022 10:39 pm

രണ്ട് രാത്രിയും രണ്ട് പകലും കേരളം അക്ഷരാർത്ഥത്തിൽ മുൾമുനയിലായ, യുവാവ് മലയിടുക്കിൽ കുടുങ്ങിയ സംഭവം ശുഭപര്യവസായി ആയതോടെ ശ്രദ്ധേയമായത് രക്ഷാപ്രവർത്തനത്തിലെ മികച്ച ഏകോപനം.

ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രഗത്ഭമായ ഇടപെടലിനൊപ്പം വിവിധ സേനകളും ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനം ബാബു എന്ന ചെറുപ്പക്കാരനെ പോറൽപോലുമേൽക്കാതെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ജില്ലാ കളക്ടറും പാലക്കാട് ജില്ലയിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലുകൾ രക്ഷാപ്രവർത്തനത്തിന് വലിയ തിളക്കമാണുണ്ടാക്കിയത്.

കരസേനയുടെ എൻജിനീയറിങ് വിഭാഗം, എൻഡിആർഎഫ് സംഘങ്ങൾ, സർവേ വകുപ്പിന്റെ ഡ്രോൺ സംഘം, പൊലീസ്-അഗ്നിരക്ഷാസേന, വനംഉദ്യോഗസ്ഥർ, കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീമിലെ അംഗങ്ങൾ, റവന്യൂ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എല്ലാവരും ഒത്തൊരുമയോടെയാണ് ഒരു ചെറുപ്പക്കാരന്റെ ജീവൻ സംരക്ഷിക്കാൻ രാപ്പകൽ നിലയുറപ്പിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടും വീശിയടിക്കുന്ന കാറ്റും മഞ്ഞും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറിയെങ്കിലും ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് പാറയിടുക്കിലേക്ക് എത്താനായില്ല. സർവേ വകുപ്പിന്റെ ഡ്രോണിൽ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് സൈന്യത്തെ രംഗത്തിറക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും തീരുമാനിച്ചത്.

എവറസ്റ്റ് ഉൾപ്പെടെ കീഴടക്കിയ സൈനികർ അടങ്ങിയ സംഘം എത്തിയതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി കെ രാജനും സമയോചിതമായി നടത്തിയ ഇടപെടൽ മൂലം സമയം വൈകാതെ തന്നെ സൈന്യത്തിന് അപകടസ്ഥലത്തെത്താനും രക്ഷാപ്രവർത്തനം പഴുതില്ലാത്ത വിധത്തിൽ നടത്താനുമായി. ബാബുവിന്റെ അമ്മ റഷീദ, അവരുടെ സഹോദരിമാരായ സീനത്ത്, സമീന, സഹോദരൻ വി ഷാജി എന്നിവരും നാട്ടുകാരും അയല്‍ക്കാരും സര്‍ക്കാരിനും സൈന്യത്തിനും വിവിധ സേനാ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി ബാബുവിനെ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ പി സുരേഷ് രാജ്, വിജയന്‍ കുനിശ്ശേരി, ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

Eng­lish Sum­ma­ry: Anti­quat­ed res­cue; Coordination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.