22 December 2024, Sunday
KSFE Galaxy Chits Banner 2

സിനിമാ നിർമ്മാണത്തിലെ അരോമ മണി ബ്രില്യൻസ്

രാജഗോപാൽ എസ് ആർ
July 21, 2024 4:05 am

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടുകളായി മലയാള സിനിമ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ നക്ഷത്രങ്ങളുടെ തിളക്കം കണ്ടെത്തിയ ആദ്യകാല നിർമ്മാതാക്കളിലൊരാളാണ് കഴിഞ്ഞയാഴ്ച വിടപറഞ്ഞ അരോമ മണി എന്ന നിർമ്മാതാവ്. സ്റ്റേഷനറി വ്യാപാരത്തിന്റെയും ഹോട്ടൽ വ്യാവസായത്തിന്റെയും പിൻബലത്തോടെ കച്ചവടത്തിന്റെ ബാല്യപാഠങ്ങൾ പഠിച്ച അരോമ മണി സിനിമാകച്ചവടത്തിലും കാണിച്ച നന്മയാണ് അദ്ദേഹത്തിന്റെ കൈമുതൽ. അറുപതോളം ചിത്രങ്ങൾ നിർമ്മിക്കുകയും കുറയേറെ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം ധൂര സമീരെ യമുനാ തീരേ എന്ന ചത്രമാണ്. 1977 ൽ പുറത്തിറങ്ങിയ ആ ചിത്രം കലാമൂല്യമുള്ള ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. കൈതപ്പു, ഉറക്കം വരാത്ത രാത്രികൾ, കള്ളിയങ്കാട്ട് നീലി, നീയോ ഞാനോ, എനിക്ക് ഞാൻ സ്വന്തം, ഏദൻ തോട്ടം, കടത്ത്, പിന്നെയും പൂക്കുന്ന കാട് തുടങ്ങിയ എഴുപതുകളുടെ അവസാനത്തെയും എൺപതുകളുടെ ആദ്യത്തെയും ട്രന്റിനനുസരിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് ആദ്യകാലത്ത് അദ്ദേഹത്തിന്റേതായെത്തിയത്. പരീക്ഷണ ചിത്രങ്ങളിലൂടെ പ്രശസ്തനായ പത്മരാജന്റെ കള്ളൻ പവിത്രനും (1981), തിങ്കളാഴ്ച നല്ല ദിവസത്തിനും (1985) അരോമ മണി പണം മുടക്കി. 

ഒരിയ്ക്കലും കഥയിൽ ഇടപെടാതെ സംവിധായകന് പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ‘കള്ളൻ പവിത്രൻ’, ‘തിങ്കളാഴ്ച്ച നല്ല ദിവസം’ എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങൾ. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തീയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം ‘പവിത്ര’ നായിരുന്നു. ഐഎഫ്എഫ്ഐയിൽ തിരഞ്ഞെടുക്കപ്പെടുകയും അത് വഴി ദൂരദർശൻ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി. ‘തിങ്കളാഴ്ച്ച നല്ല ദിവസം’ തീയേറ്ററിൽ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്കാരവും ഐഎഫ്എഫ്ഐ പ്രവേശനവും നേടി നഷ്ടം നികത്തി. മണി സർ അരോമയുടെ ഓഫീസിൽ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടേതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛന്റെ വേർപാടിന് തൊട്ട് മുമ്പും വരുന്ന ‘ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി’ ഒരു അഡ്വാൻസ് അദ്ദേഹം ഏൽപ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട. ഏൽപ്പിക്കുന്ന ആളിലുള്ള വിശ്വാസം! അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, ‘അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു. പോട്ടെ! പോയില്ലേ’ ആ അഡ്വാൻസ് ചെറിയതായിരുന്നില്ല. 50000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാൻസല്ലല്ലൊ. നല്ല സിനിമകൾക്കായ് നിലകൊണ്ട ഒന്നാന്തരം ഒരു നിർമ്മാതാവിനെ, മനുഷ്യസ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു.” സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ അരോമ മണിയുടെ മരണമറിഞ്ഞ് ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്. പണംവാരി ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള സിനിമാപ്രവർത്തകരെയും ചേർത്ത് നിർത്താനുള്ള അരോമ മണിയെന്ന സിനിമാ നിർമ്മാതാവിന്റെ നന്മ ഈ വാക്കുകളിൽ നിന്നും വ്യക്തമാണ്.

താൻ നിർമ്മിച്ച ചിത്രങ്ങളിൽ ഉപനായകനായും സഹനടനായുമൊക്കെ അഭിനയിച്ച മോഹൻലാൽ എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ പദവിക്ക് അടിത്തറയിച്ച ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന് പണം മുടക്കാൻ അരോമ മണിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ”മലയാളസിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമ്മിച്ചു നൽകിയത്. 1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്. വ്യക്തിപരമായി എന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ, ഇരുപതാം നൂറ്റാണ്ട്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, സൂര്യഗായത്രി, ബാലേട്ടൻ, തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. ‘എങ്ങനെ നീ മറക്കും’ സിനിമയിലെ ‘ദേവദാരു പൂത്തു…’ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും? ഹൃദ്യമായ പെരുമാറ്റം കൊണ്ടും, സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോടുചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും.” ഇങ്ങനെയാണ് മോഹൻലാൽ അരോമമണിയെ ഫേസ് ബുക്കിലൂടെ ഓർത്തെടുത്തത്. 

മമ്മൂട്ടിയെ നായകനായി കുറേയെറ ചിത്രങ്ങൾ 80കളുടെ അവസാനം വരെ അരോമ മണി നിർമ്മിച്ചിരുന്നെങ്കിലും 88ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മമ്മൂട്ടിയുടെയും അരോമ മണിയുടെയും സംവിധായകൻ കെ മധുവിന്റെയും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുടെയും ഗ്രാഫ് മാറ്റുകയായിരുന്നു. സൂപ്പർഹിറ്റായിരുന്ന ഡയറിക്കുറിപ്പിന് ജാഗ്രതയും നേരറിയാൻ സിബിഐയും പോലെുള്ള തുടർ ഭാഗങ്ങളുണ്ടായി. സേതുരാമയർ ‘യൂണിവേഴ്സി’ ന് മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷവും മാർക്കറ്റ് വാല്യു ഉണ്ടെന്നത് അരോമ മണി എന്ന നിർമ്മാതാവ് ആ സിബിഐ ചിത്രത്തിൽ കണ്ട കച്ചവടമൂല്യമാണ്. തുടർന്നെത്തിയ ധ്രുവവും കോട്ടയന്‍ കുഞ്ഞച്ചനുമൊക്കെ നടനെന്ന നിലയിൽ മമ്മൂട്ടിക്കും നിർമ്മാതാവെന്ന നിലയിൽ അരോമമണിക്കും ഗുണം ചെയ്തു. കമ്മീഷണർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സുരേഷ് ഗോപിയും തന്റെ സൂപ്പർസ്റ്റാർ പദവി ഉറപ്പിക്കുകയായിരുന്നു. എഫ്ഐആർ, രുദ്രാക്ഷം, ജനാധിപത്യം തുടങ്ങിയ ചിത്രങ്ങൾക്കും സുരേഷ് ഗോപിയുടെ സ്റ്റാർവാല്യുവിന്റെ ധൈര്യത്തിൽ അദ്ദേഹം കാശ് മുടക്കി. അതിൽ പലതും ഹിറ്റുകളായി മാറി. ആ ദിവസം (1982), കുയിലിനെത്തേടി (1983), എങ്ങനെ നീ മറക്കും (1983), മുത്തോടു മുത്ത് (1984), എന്റേ കളിത്തോഴൻ (1984), ആനക്കൊരുമ്മ (1985), പച്ചവെളിച്ചം (1985) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ഓരോ കാലത്തെയും കച്ചവടസാധ്യത കൃത്യമായി മനസിലാക്കി പണം മുടക്കി ലാഭം നേടാനുള്ള ബ്രില്യൻസ് അരോമ മണിക്കറിയമായിരുന്നു. പരാജയങ്ങളും വിജയങ്ങളും ഒരു പോലെ എറ്റുവാങ്ങിയെങ്കിലും തിരക്കഥാ രചന മുതൽ തിയേറ്ററിൽ നിന്നും സിനിമ വിടുന്നതിന്റെ അവസാന നാളുകളിലെ പോസ്റ്റർ പ്രചരണത്തിൽ വരെ പ്രേക്ഷകന്റെ അഭിരുചിയറിയാവുന്ന നിർമ്മാതാവായി അദ്ദേഹം പ്രവർത്തിച്ചു. ഇന്നത്തെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് കലയോടൊപ്പം കച്ചവടത്തോടും നെറിവ് കാണിക്കുന്ന അരോമ മണിയെ പോലുള്ള നിർമ്മാതാക്കളെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.