24 April 2024, Wednesday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

ഫുട്ബോൾ കളിയിലെ സൗന്ദര്യവും സൗന്ദര്യ ഭഞ്ജകരും

അജിത് കൊളാടി
വാക്ക്
December 3, 2022 4:30 am

സൗന്ദര്യം എന്ന പദം എല്ലാവരും ഉപയോഗിക്കുന്നു. എങ്കിലും അതിന്റെ പൊരുൾ വെളിവായിട്ടില്ല എന്നതാണ് വാസ്തവം. നൂറ്റാണ്ടുകളായി പണ്ഡിതവരേണ്യന്മാരായ ചിന്തകർ പുസ്തകങ്ങൾ എഴുതി കൂട്ടിയിട്ടും “എന്താണ് സൗന്ദര്യം” എന്ന ചോദ്യം ഉത്തരം കാണാതെ അവശേഷിക്കുന്നു. മാത്രമല്ല ഓരോ പുതിയ സൗന്ദര്യശാസ്ത്ര ഗ്രന്ഥത്തിലും പുതിയ രീതിയിലാണ് അതിനെ വിശദീകരിച്ചിട്ടുള്ളതും. അതിന്റെ അർത്ഥം ഇന്നും പ്രഹേളികയായി അവശേഷിക്കുന്നു. നൂറ്റാണ്ടുകളായി ചിന്തകർ എത്ര ശ്രമിച്ചിട്ടും ഏവർക്കും സമ്മതമായ ഒരു നിർവചനത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത ഈ സത്ത എന്താണ്? അതാണ് കലയുടെയും കളിയുടെയും അധിഷ്ഠാനം. കണ്ണിനു കൗതുകം നൽകുന്നതിനെയാണ് ചില ചിന്തകർ സൗന്ദര്യം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. മിക്ക ഭാഷകളിലും അതാണ് അർത്ഥമാക്കുന്നത്. കലയിലെ അനിവാര്യമായ അംശം സൗന്ദര്യമാണെന്ന സിദ്ധാന്തം പരക്കെ അംഗീകരിച്ചിട്ടുള്ള ഭാഷകളുണ്ട്. കളിയും കലയാണ്. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങി പ്ലോട്ടിനസ്, ബോംഗാർട്ടൻ വരെയുള്ളവരുടെ അഭിപ്രായങ്ങൾ നോക്കുക. നന്മയിൽ നിന്ന് വ്യതിരിക്തമായി സൗന്ദര്യം എന്ന ആശയത്തെ അവരാരും കണ്ടിരുന്നില്ല. യുക്ത്യധിഷ്ഠിതമായ അറിവിന്റെ ആധാരം സത്യവും, ഇന്ദ്രിയാനുഭൂതിയുടെ ആധാരം സൗന്ദര്യവുമാണ്. ഇന്ദ്രിയങ്ങളിലൂടെ അനുഭൂതമാകുന്ന പൂർണതയാണ് (കേവലാനുഭൂതിയാണ്) സൗന്ദര്യം. യുക്തിയിലൂടെ ഗ്രഹിക്കപ്പെടുന്ന പൂർണതയാണ് സത്യം. ധാർമ്മികതയിലൂടെ എത്തിച്ചേരുന്ന പൂർണതയാണ് നന്മ. സൗന്ദര്യത്തിന്റെ ലക്ഷ്യമാകട്ടെ അഭിനിവേശത്തെ തട്ടിയുണർത്തി അതിനെ സംതൃപ്തിപ്പെടുത്തുക എന്നതാണ്.

പല ചിന്തകരും സൗന്ദര്യത്തിന്റെ നിർണായക ഘടകം അഭിരുചിയാണെന്ന് സിദ്ധാന്തിക്കുന്നു. പ്രകൃതിയിൽ ചിതറിക്കിടക്കുന്ന സൗന്ദര്യത്തെ സമന്വയിപ്പിക്കുന്നതാണ് കല എന്നു പറയുന്നു. ഈ സൗന്ദര്യത്തെ കാണാനുള്ള കഴിവാണ് അഭിരുചി. അവയെ ഏകീകരിക്കുന്നതിനുള്ള കഴിവാണ് സർഗാത്മക പ്രതിഭ. സൗന്ദര്യം നന്മയുമായി ഇഴുകിച്ചേരുന്നു. അങ്ങനെ സൗന്ദര്യം ദാർശനികമായ നന്മയായി തീരുന്നു. നന്മയാകട്ടെ ആന്തരിക സൗന്ദര്യവും. അതാണ് കലയും കളിയും, കളിയിലെ രാജാവായ ഫുട്ബോളും. ആത്മനിഷ്ഠമായ വീക്ഷണത്തിൽ ഒരു സവിശേഷ രീതിയിലുള്ള ആനന്ദത്തെ പ്രദാനം ചെയ്യുന്നതെന്തോ അതിനെ സൗന്ദര്യമെന്നു വിളിക്കാം. വസ്തുനിഷ്ഠമായ വീക്ഷണത്തിൽ സൗന്ദര്യം പരിപൂർണതയുടെ പരമകാഷ്ഠയാണ്. പരിപൂർണതയുടെ ഭാവാവിഷ്കാരം ഒരു പ്രത്യേകതരം ആനന്ദത്തെ പ്രദാനം ചെയ്യുന്നു. ഫുട്ബാളിൽ ഇതിഹാസതുല്യരായ കളിക്കാരുടെ കളിയിൽ അത് ദർശിക്കാം. അതുല്യമായ കാര്യഭംഗിയും രചനാ സുഭഗതയുമാണ് അതുല്യരായ ഫുട്ബാൾ കളിക്കാർ നല്‍കുന്നത്. അനശ്വരമായ മുഹൂർത്തങ്ങൾ കളിക്കളത്തിൽ സൃഷ്ടിച്ച, ആവിഷ്കരിച്ച ഫുട്ബോൾ ഇതിഹാസങ്ങൾ. എഡ്സൺ അറാന്റ്സ് ഡോ നാസിമെന്റോ (പെലെ), ഗരിഞ്ച, റൊണാൾഡോ നസീറിയോ, റൊണാൾഡീഞ്ഞോ, റോബർട്ടോ കാർലോസ്, റൊമാരിയോ, സോക്രട്ടീസ്, സീക്കോ, കക്ക, റിവെലിനോ, ആൽഫ്രഡ് ഡി സ്റ്റെഫാനോ, ഡീഗോ മറഡോണ, റൂഡ് ഗുളളിറ്റ്, ഫ്രാൻസ് ബക്കൻബോവർ, ഗർഡ് മുള്ളർ, ജൊഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, സിനദിൻ സിദാൻ, തിയറി ഹെൻറി, സർ ബോബി ചാൾട്ടൺ, ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, ലൂയിസ് ഫിഗോ, വെയ്ന്‍ റൂണി, ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പെ, സാമുവൽ എറ്റൂ, ദിദിയർ ദ്രോഗ്ബ, യായാ ടൂറെ, നാൻകോ കാനൂ, ബോബി റോബ്സൺ, മാർകോ വാൻബാസ്റ്റൺ, ലെവ് യാഷിൻ, യൂസേബിയോ, തോമസ് മുള്ളർ, ഒലിവർ കാൻ, ഫാബിയോ കാന്നവാരോ, കാര്‍ലോസ് പുയോൾ അങ്ങനെയുള്ള ഇതിഹാസങ്ങൾ ഫുട്ബോൾകൊണ്ട് കവിത രചിച്ചു, ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യം സൃഷ്ടിച്ച്, സുഗന്ധം പടർത്തി. ഫുട്ബോളിന്റെ സൗന്ദര്യം അത് പ്രവചനാതീതമാണ് എന്നതാണ്. അത് സമൂഹങ്ങളെ ഒന്നിച്ചണിനിരത്തുന്നു.


ഇതുകൂടി വായിക്കൂ: കണ്ണ് കടിക്ക് മരുന്ന് വേണം


ഫ്രീ കിക്കിലൂടെ മനോഹരമായ ഗോൾ നേടുന്നു. ടീമിനെ ഒന്നടങ്കം സമരാങ്കണത്തിൽ അണിനിരത്തുന്ന കല അതിന്റെ ഭംഗിയാണ്. അവസാന ഷോട്ട് അടിക്കുന്നതിനു മുൻപ് കളിക്കാരെ പ്രത്യേക ലൈനപ്പിൽ അണിനിരത്തുന്നതും, ബോൾ വലയിലാക്കുന്നതും, സൗന്ദര്യാത്മകം തന്നെ. ഹെഡിങ്ങും, വോളിസും, ഡ്രിബ്ളിങ്ങും അതിമനോഹരം. അവിടെ നിറവ്യത്യാസമില്ല. വംശീയതയില്ല. കളിക്കളത്തിൽ സുന്ദരന്മാരായ മനുഷ്യർ മാത്രം. പരസ്പര ബഹുമാനത്തോടെ അവർ കളിക്കുന്നു. പോരാടുന്നു. ഫുട്ബോളിലെ ചില ഗംഭീര പാർട്ണര്‍ഷിപ്പുകൾ കളിയുടെ സൗന്ദര്യത്തെ ആവാഹിച്ചവയായിരുന്നു. പെലെയും ഗരിഞ്ചയും റൊണാൾഡിഞ്ഞോയും റൊണാൾഡോയും റോബർട്ടോ കാർലോസും തിയറി ഹെൻറിയും ഡെന്നിസ് ബെര്‍കാമ്പും മെസിയും അന്ദ്രേസ് ഇനിയെസ്റ്റയും ഈ കൂട്ടുകെട്ടുകളെല്ലാം കളിക്കളത്തിൽ വർണനാതീതമായ സൗന്ദര്യം വിടർത്തി. ഫുട്ബോളിന്റെ മറ്റൊരു സൗന്ദര്യം അത് അതികായന്മാരെ നിലംപരിശാക്കും എന്നതാണ്. ചെറിയ ടീമുകൾ, മികച്ച ടീമുകളെ പരാജയപ്പെടുത്തുന്നതിന്റെ ഭംഗി അവർണനീയം. ഫുട്ബോളിൽ എത്ര മനോഹര ഷോട്ടുകൾ അടിച്ചു എന്നതിനേക്കാൾ ഏതു ടീമാണ് പന്ത് എത്ര നേരം കൈവശം വച്ചത് എന്നതിനേക്കാൾ അവസാന നിമിഷം ആര് വിജയിച്ചു എന്നതിനാണ് പ്രാധാന്യം. ഫുട്ബോളിൽ ഒന്നും ഉറപ്പിക്കാൻ വയ്യ, എത്ര വലിയ കളിക്കാരാണെങ്കിലും, കോടാനുകോടി ഡോളർ ചെലവാക്കി സൃഷ്ടിച്ച ടീമാണെങ്കിലും, ഈ കളിയിൽ ഒന്നും പ്രവചിക്കാൻ പറ്റില്ല. ആഗോളാടിസ്ഥാനത്തിൽ ഫുട്ബോൾ ജനങ്ങളെ കൂട്ടിയിണക്കുന്നു. ലോക സാംസ്കാരിക സമ്മേളനമാണ് ഫുട്ബോൾ. ആസ്വാദകരുടെ പ്രോത്സാഹനവും, ആവേശവും ഊർജവും സഹകരണവും പരസ്പരാഭിവാദനങ്ങളും ബഹുമാനവും കളിയിൽ വർണം വിതറുന്നു. കാണികളുടെ ആസ്വാദനശേഷിയും ക്ഷമയും അലിഞ്ഞു ചേരലും, കലവറയില്ലാത്ത പിന്തുണയും ഫുട്ബോളിനെ മഹത്തരമാക്കുന്നു. ജനകോടികളുടെ നൃത്തത്തിലും, നടത്തത്തിലും, താളത്തിലും ഫുട്ബോൾ ഉണ്ട്. ഫുട്ബോൾ സാർവദേശീയ ഭാഷയാണ്. ഫുട്ബോൾ ബ്യൂട്ടിഫുൾ ഗെയിം ആണ്. അത് വിവരണം എന്നതിനേക്കാൾ ഏറെ ഫിലോസഫിയാണ്. അതിന്റെ വേരുകൾ ബ്രസീലിലാണ്. പോർച്ചുഗീസ് ഭാഷയിൽ ”ജോഗോ ബൊണിറ്റോ” (ബ്യൂട്ടിഫുൾ ഗെയിം)എന്ന് ഫുട്ബോളിനെ പറയും. അതിനെ പ്രചുരപ്രചാരത്തിലെത്തിച്ചത് പെലെയാണ്. അദ്ദേഹവും കൂട്ടരുമാണ് ഈ പ്രയോഗത്തിന്റെ പ്രയോക്താക്കൾ. കളിക്കാരുടെ ഫ്ലെയറും സ്കില്ലും ഭാവിയിലെ തങ്ങളുടെ പോരാട്ടങ്ങൾക്ക് അവർ കൂട്ടിക്കൊണ്ടു പോകുന്നത് സ്വാഭാവികം മാത്രം. തെരുവുകളിൽ പിറവിയെടുക്കുന്നതും പ്രാരാബ്ധങ്ങളെ ഡ്രിബിൾ ചെയ്ത് കയറുന്നതുമാണ് തെക്കൻ അമേരിക്കൻ ഫുട്ബാൾ.

സ്വതന്ത്രരായി വിഹരിക്കുമ്പോൾ ക്രിയേറ്റിവിറ്റി അതിന്റെ പാരമ്യത്തിൽ സ്വായത്തമാകുന്നത് സ്വാഭാവികം. നൈസർഗിക പ്രതിഭാ ശേഷിയും ശാസ്ത്രീയ സമീപനവും ഏറ്റുമുട്ടുന്ന കരിയറിൽ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞാണ് യൂറോപ്യൻ മേധാവിത്വം നിലനിൽക്കുന്നത്. ഫുട്ബോൾ കളിക്കുന്നത് ജയിക്കാനാണ്, അതിനേക്കാൾ ഉപരി, ആ കളി അവനവനോടൊപ്പം, മറ്റു മനുഷ്യരോടൊപ്പം കളിക്കാനുള്ളതാണ്. പരസ്പരം മനസിലാക്കാനുള്ള അനന്തമായ സാധ്യതകളെ കണ്ടെത്തലാണ് ഫുട്ബോൾ നിർവഹിക്കുന്നത്. അതു ജീവിതമാകുന്നു, ജീവിതത്തിന്റെ താളമാകുന്നു. അതിമനോഹരമായ സൗന്ദര്യത്തെ ഇല്ലായ്മ ചെയ്ത ചരിത്രമുണ്ട്. മനുഷ്യ സൗന്ദര്യത്തിന്റെ ഭഞ്ജകരാണവർ. മുസോളിനിയുടെ ഇറ്റലിയിൽ ഫുട്ബോളിനെ അവർ ഫാസിസ്റ്റ് ഗെയിമാക്കി മാറ്റി. ലോക രാഷ്ട്രീയ രംഗത്ത് ഇറ്റാലിയൻ ഫാസിസത്തിന് പ്രചാരം ലഭിക്കാൻ മുസോളിനി ഫുട്ബോളിനെ ഉപയോഗിച്ചു. ലോകജനതയുടെ അഭിപ്രായം സ്വരൂപപ്പെടുത്തുന്നതിൽ ഇറ്റാലിയൻ ഫാസിസം ഫുട്ബോളിനെ ഉപയോഗിച്ചു. ഫുട്ബോൾ ജനതയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. അതിലൂടെ ഫാസിസ്റ്റുകൾ ആധിപത്യം ഉറപ്പിച്ചു. കളിയെ രാഷ്ട്രീയവല്ക്കരിച്ചതിന്റെ ഫലമായി മുസോളിനി ഭരണകൂടത്തിന്റെ സാർവദേശീയ അന്തസും ഉയരും എന്നതായിരുന്നു ഫാസിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഫുട്ബോൾ ആന്റ് ഫാസിസം എന്ന തന്റെ പുസ്തകത്തിൽ സൈമൺ മാർട്ടിൻ വിശദീകരിക്കുന്നുണ്ട്. ഫാസിസ്റ്റുകളുടെ മാനവികവിരുദ്ധ പ്രവൃത്തികളെ കുറിച്ചും സൗന്ദര്യധ്വംസനത്തെക്കുറിച്ചും. 1934ൽ ലോകകപ്പ് നടക്കുന്നത് മേയ് 27 നും ജൂൺ 10നും ഇടയ്ക്കാണ്. ഇറ്റലിയിലെ എട്ടു നഗരങ്ങളിൽ വച്ചാണ് നടന്നത്. ഫൈനലിൽ അവർ ചെക്കോസ്ലോവാക്യയെ തോല്പിച്ചു. ഫാസിസ്റ്റുകളുടെ ദേശീയ സ്റ്റേഡിയമായ ഫ്ലാമിനോ സ്റ്റേഡിയത്തിലാണ് കളി നടന്നത്. ആ കളി ഇറ്റാലിയൻ കളിക്കാരെ ഇതിഹാസങ്ങളാക്കിയത്രെ. അവർ നിർമ്മിച്ച വാർത്തകളിലൂടെ. എന്നാൽ യഥാർത്ഥത്തിൽ ആ സ്റ്റേഡിയത്തിൽ നടന്നത് അവർക്ക് മാത്രമെ അറിയു. മുസോളിനിക്കു താല്പര്യമുള്ള പത്രമാധ്യമങ്ങളാണ് അവിടെ സന്നിഹിതരായത്. സ്വഭാവികമായും അമിത ദേശീയത കുത്തിനിറച്ചുള്ള വാർത്തകൾ ആയിരുന്നു പുറത്തുവന്നത്. ഹിറ്റ്ലറും മുസോളിനിയും സ്റ്റേഡിയത്തിൽ നേരിട്ട് എത്തി കളി കണ്ടു. വലിയ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുന്നവരാണ് ഫാസിസ്റ്റുകൾ. സ്റ്റേഡിയത്തിനകത്ത് അവർക്ക് പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങൾ ഉണ്ടായിട്ടും, അകത്ത് പ്രവേശിക്കുന്നതിനു മുൻപ് അവർ പുറത്ത് ജനങ്ങളോടൊപ്പം ക്യൂ നിന്നു. ഫോട്ടോ എടുത്തു.


ഇതുകൂടി വായിക്കൂ: ഒരു പന്തിന് പിറകെ ഉരുളുന്ന ലോകം


ഇന്നത്തെ ഫാസിസ്റ്റ് ഭരണാധികാരികളും അതാവർത്തിക്കുന്നു. ആ കളിയിലെ ക്വാർട്ടർ ഫൈനലും സെമി ഫൈനലും ഫൈനലും ഫൗളുകൾ നിറഞ്ഞതായിരുന്നു. റഫറിമാർ ഇറ്റലിക്ക് അനുകൂലമായി നിന്നു. ലോക ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിന്റെ റീപ്ലേ നടന്നു. അവിടെയും ഫലം ഇറ്റലിക്ക് അനുകൂലം. ബൽജിയൻ റഫറി ലൂയി ബെർട്ട് ഇറ്റലിയെ സഹായിച്ചു. ഇറ്റലിയും സ്പെയിനും തമ്മിലായിരുന്നു ആ മത്സരം. സെമി ഫൈനൽ ഇറ്റലിയും ഓസ്ട്രിയയും തമ്മിലായിരുന്നു. മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ വച്ചായിരുന്നു. അറുപതിനായിരം കാണികൾ. ഓസ്ട്രിയൻ ടീം സർഗ വൈഭവം നിറഞ്ഞതായിരുന്നു. അവിടെയും ഇറ്റലി ജയിച്ചു. രണ്ടു കളികളും തുടങ്ങുന്നതിനു മുൻപ് മുസോളിനി ടീം അംഗങ്ങളെ അഭിസംബോധന ചെയ്തു. പ്രസംഗത്തിൽ ഒരു ഫൗളുകളും ശിക്ഷാർഹമല്ല എന്ന് പ്രഖ്യാപിച്ചു. ഫൈനലിന്റെ തലേ ദിവസം മുസോളിനി അസൂറികൾക്ക് ഉപദേശം നൽകി. ചെക്കോസ്ലോവാക്യ മര്യാദയ്ക്ക് കളിക്കുകയാണെങ്കിൽ നല്ലത്, അല്ലെങ്കിൽ ഇറ്റലി അവരേക്കാൾ വികൃതമായി കളിച്ചോളു എന്നു പറഞ്ഞു. എഴുപതാം മിനിറ്റിൽ ചെക് ടീം ഗോളടിച്ചു. കളി അവസാനിക്കാൻ പത്ത് മിനിറ്റുള്ളപ്പോൾ ഇറ്റാലിയൻ ടീം തിരിച്ച് ഗോളടിച്ചു. ഓവർടൈമിൽ വീണ്ടും ഇറ്റലി ഗോളടിച്ചു. എത്രയെത്ര കളിക്കാരെയാണ് പരിക്കുമൂലം സ്റ്റേഡിയത്തിൽ നിന്ന് എടുത്തു കൊണ്ടുപോയത് എന്നത് ചരിത്രം. വിട്ടോറിയോ പോസോ, ഗ്വയിറ്റ, ഓർസി, ഷിയാറിയോ അങ്ങനെ പലരും. കളി നടക്കുമ്പോൾ മുസോളിനി തന്റെ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു നിന്ന് അസൂറികളെ പ്രോത്സാഹിപ്പിച്ചു. ഹിറ്റ്ലറും മുസോളിനിയോടൊപ്പം കയ്യടിച്ചു. മുസോളിനിയുടെ പത്രമായ പോപ്പോളൊ ഡി ഇറ്റാലിയയിൽ അവരുടെ ചിത്രം അച്ചടിച്ചു വന്നു. ആ പത്രം എഴുതി, മഹാനായ ഫ്യൂററുടെ, ഡ്യൂക്കിന്റെ സാന്നിധ്യത്തിൽ അസൂറികൾ ലോകകപ്പ് നേടി എന്ന്. ഏകാധിപതിക്ക് ലോകത്തിന് കാണിച്ചു കൊടുക്കണമായിരുന്നു തന്റെ രാജ്യം എത്ര സംഘടിതമാണെന്ന്, ശക്തമാണെന്ന്. ഭരണകൂടത്തിന്റെ ആക്രമണോത്സുകത കളിയിലും നിറഞ്ഞു നിന്നു. താൻ റോമാ സാമ്രാജ്യത്തിന്റെ പിൻഗാമിയാണെന്നു കാണിച്ചു കൊടുക്കലായിരുന്നു മുസോളിനി എന്നും ചെയ്തത്. ഫൈനൽ തന്റെ രാജ്യത്തേക്ക് കിട്ടാൻ മുസോളിനി, തന്റെ ഉദ്യോഗസ്ഥരോട് അത് ഹീനമായ മാർഗം അവലംബിക്കാനും പറഞ്ഞു. ഇറ്റാലിയൻ ഫുട്ബോൾ തലവൻ ജിയോറാനി മൗറോ, ഫിഫ തലവനെ സ്വാധീനിച്ചു. ഇറ്റലി ഭൂരിഭാഗം ചെലവും വഹിക്കും എന്നു പറഞ്ഞു.

ഫാസിസ്റ്റ് അജണ്ട പ്രചരിപ്പിക്കലായിരുന്നു ഉദ്ദേശ്യം. പോസ്റ്ററുകളും സ്റ്റാമ്പുകളും പ്രത്യക്ഷപ്പെട്ടു. മുസോളിനിയെ വാഴ്ത്തി ഇറ്റലിയിലെ തെരുവുകൾ. ലോക കപ്പ് നടത്താൻ സാധിച്ചതും, ജൂൾ റീമേ ട്രോഫി ഇറ്റാലിയൻ ക്യാപ്റ്റൻ ജിയാൻ പൈറോ കോംബി ഉയർത്തിപ്പിടിച്ചതും ഫാസിസത്തിന്റെ നേട്ടമായി അവർ കരുതിയെങ്കിലും ആ ലോകകപ്പിൽ കളിയുടെ സൗന്ദര്യം ഹനിക്കപ്പെട്ടു. ഭരണാധികാരി തന്നെ വൈകൃതത്തെ ആവാഹിച്ചു. പൊലീസിന്റെ പീഡനമേൽക്കാൻ ജനങ്ങൾ വിധിക്കപ്പെട്ടു. ലോകകപ്പിന്റെ ചരിത്രത്തിൽ മുസോളിനിയുടെ സാന്നിധ്യം ഒരു കറുത്ത നിഴലായി എന്നും അവശേഷിക്കും. മാനവ സൗഹാർദ്ദത്തിന്റെ പ്രതീകമായ ഫുട്ബോളിനെ ഫാസിസ്റ്റുകൾ മാനവവിദ്വേഷത്തിന്റെ പ്രതീകമാക്കി. കപ്പിൽ രാഷ്ട്രീയവശങ്ങൾ ഇപ്പോഴും ഉണ്ട്. ഉക്രെയ്‌നിന് പിന്തുണയുമായി മുൻ നിരയിൽ പോളണ്ടിന്റെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഉണ്ട്. ലോകകപ്പിൽ നിന്ന് ഇറാനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രെയ്‌ൻ ഫിഫയ്ക്ക് കത്തെഴുതി. ഇറാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പലരും ചൂണ്ടിക്കാണിക്കുന്നു. ഇറാൻ മതകാര്യ പൊലീസിന്റെ പിടിയിലിരിക്കെ കുർദ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രക്ഷോഭം പേർഷ്യൻ മണ്ണിൽ ഭൂകമ്പമായിരുന്നു. സെപ്റ്റംബർ 27 ന് സെനഗലുമായി നടന്ന മത്സരത്തിൽ ദേശീയ ഗാനത്തിന് ഇറാൻ ടീം അണിനിരന്നത് അവിടെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കറുത്ത ജാക്കറ്റ് അണിഞ്ഞായിരുന്നു. മത ഫാസിസത്തിനെതിരെയുള്ള പോരാട്ടം ഇവിടെയും കാണാം. പലസ്തീൻ ഐക്യദാർഢ്യത്തിനായുള്ള അനൗദ്യോഗിക ആസ്ഥാനങ്ങൾ, ബ്ലാക്സ് ലൈവ്സ് മാറ്റർ ക്യാമ്പയിൻ, കോളനിക്കാലത്തെ മുറിവുകൾ ഇന്നും സൂക്ഷിക്കുന്ന സെനഗല്‍, അവർക്ക് ഫ്രാൻസിനോടുള്ള അമർഷം, സെർബ് കോസവോ പ്രശ്നങ്ങൾ, ബെൽജിയത്തിന്റെ തോല്‍വിയിൽ കണ്ട കലാപം, ഇവയൊക്കെ പന്തുരുളുമ്പോൾ ആരവങ്ങൾ മാത്രമാകില്ല. ഖത്തറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ, ഇതിനുമുൻപ് റഷ്യയിലും സൗത്ത് ആഫ്രിക്കയിലും, ജർമ്മനിയിലും നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ ഇവയൊക്കെ ചർച്ച ചെയ്യപ്പെടുന്നു. പല രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കെ തന്നെ, ആകാശനീലിമയിലെ കുപ്പായ വർണങ്ങൾ കാണാൻ ജനത ഒഴുകും. മണലാരണ്യത്തിലെ മഹാമേള ജനത ഏറ്റെടുക്കും. ശാന്തവും ഉൾവലിഞ്ഞതുമായ ഇതിഹാസ താരങ്ങളുടെ പോരാട്ടം കാണും. കളത്തിൽ അതിദ്രുത വേഗങ്ങളുടെ ഭംഗി ആസ്വദിക്കും. ലോക ഫുട്ബോളിന്റെ പൈതൃക സമ്പത്താണ് ലെജന്റ്സും അത് ആസ്വദിക്കുന്ന കോടാനുകോടി ജനതയും. ദേശീയവും പ്രാദേശികവും സാമൂഹികവും വ്യക്തിപരവും സാംസ്കാരികവുമായ ഫുട്ബോളിന്റെ സ്വാധീനം മറ്റെല്ലാ കളികളെക്കാൾ മുകളിലാണ്. അതാണ് സൗന്ദര്യം. അത് ബ്യൂട്ടിഫുൾ ഗെയിം (ജോഗോ ബൊണിറ്റോ) ആണ്. ഇത് ഒരു കലയാണ്. മനുഷ്യന്റെ യുക്തിയുക്തമായ ധാരണകളെ അനുഭൂതിയാക്കി മാറ്റുന്ന കല. മനുഷ്യ സൗഹാർദ്ദവും, സഹജാതരുമായുള്ള ഐക്യവുമാണ് ഫുട്ബോളിന്റെ ആന്തരിക ഭംഗി. മനുഷ്യക്ഷേമം കുടികൊള്ളുന്നത് ഐക്യത്തിലാണെന്ന സത്യം, യുക്തിയുടെ മണ്ഡലത്തിൽ നിന്ന് അനുഭൂതിയുടെ മണ്ഡലത്തിലേക്ക് പകർത്തുകയും, ഹിംസയുടെ സാമ്രാജ്യത്തിനെ എതിർക്കുകയും, സ്നേഹ സാമ്രാജ്യം സ്ഥാപിക്കുകയുമാണ് ഫുട് ബോൾ ചെയ്യുന്നത്. ആ മഹത്തായ സൗന്ദര്യം അതിൽ എപ്പോഴും പ്രകടമാണ്. ഫുട്ബോൾ ബ്യൂട്ടിഫുൾ ഗെയിം തന്നെ.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.