14 April 2024, Sunday

അസാധാരണമായ ഒരു ഒസ്യത്ത്

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
October 14, 2022 5:30 am

ഒസ്യത്തെന്നു കേൾക്കുമ്പോൾ, മരണാനന്തരം സ്വത്ത് വിഭജിക്കാനുള്ള കരാർ എന്നാണല്ലോ നമുക്ക് ഓർമ്മവരുന്നത്. മരണാനന്തരം സ്വന്തം നിശ്ചലശരീരം എന്തുചെയ്യണമെന്ന നിർദ്ദേശങ്ങളാണ് ഈ ഒസ്യത്തിലുള്ളത്. അങ്ങനെയൊരാൾക്ക് നിർദ്ദേശിക്കാമോ? നിർദ്ദേശിച്ചാൽത്തന്നെ ആ നിർദ്ദേശം നടപ്പിലാക്കപ്പെടുമോ? ഒരു സംശയവും വേണ്ട; ഒസ്യത്ത് എഴുതിവയ്ക്കുന്നവരെ മനസിലാക്കുന്നവരാണ് കൂടെയുള്ളതെങ്കിൽ തീർച്ചയായും നടപ്പിലാക്കപ്പെടും. മരണാനന്തരം സ്വന്തം ശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് നിയമപ്രാബല്യം നൽകാൻ ഒരു നിയമസഭാംഗം ശ്രമിച്ചതാണ്; സൈമൺ ബ്രിട്ടോ. ആ സ്വകാര്യ ബില്‍ നിയമസഭയുടെ ബർമുഡ ട്രയാംഗിളിൽ പെട്ടുപോയി. ബില്ല് കൊണ്ടുവന്ന നിയമസഭാംഗം, തന്നെ മനസിലാക്കുന്ന കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നല്കിയിരുന്നതിനാൽ അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ പാഠപുസ്തകമായി. ഇവിടെ പ്രമുഖനായ പരിസ്ഥിതിസംരക്ഷകൻ ഡോ. എ അച്യുതനാണ് അസാധാരണമായ ഈ ഒസ്യത്ത് ഉണ്ടാക്കിയത്. 2018 ഡിസംബർ 19 നു സ്വന്തം കൈപ്പടയിൽ അദ്ദേഹം ഈ നിര്‍ദ്ദേശങ്ങൾ എഴുതിയുണ്ടാക്കി ബന്ധുക്കളെ ഏല്പിച്ചു.


ഇതുകൂടി വായിക്കൂ: മനുഷ്യാവകാശങ്ങളുടെ ഭൂതം, വര്‍ത്തമാനം, ഭാവി


2022 ഒക്ടോബർ 10ന് അദ്ദേഹം മരിച്ചപ്പോൾ ഈ നിർദ്ദേശങ്ങൾ അദ്ദേഹത്തിന്റെ കുടുംബം അക്ഷരംപ്രതി പാലിച്ചു. മരണശേഷം ശരീരം കഴിയുംവേഗം കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ കൊടുക്കണമെന്നും നിലത്തിറക്കൽ, കുളിപ്പിക്കൽ, വിളക്ക് വയ്ക്കൽ എന്നിവ ചെയ്യരുതെന്നും കാനഡയിലുള്ള മകൻ വരുന്നതുവരെ കാത്തു വയ്ക്കരുതെന്നും അദ്ദേഹം എഴുതിവച്ചു. അച്ഛന്റെ ആരോഗ്യസ്ഥിതി മനസിലാക്കിയ മകൻ നേരത്തെതന്നെ നാട്ടിലെത്തിയിരുന്നു. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ഗതാഗതതടസം ഒഴിവാക്കാനുമായി, വളരെ അടുപ്പമുള്ളവരല്ലാതെ ആരും വീട്ടിൽ വരരുതെന്നും അദ്ദേഹം എഴുതിവച്ചു. ശരീരത്തിൽ പുഷ്പചക്രം വയ്ക്കുകയോ ആദരാഞ്ജലികൾ അർപ്പിക്കാനെന്നപേരിൽ ശരീരം പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം കുറിച്ചുവച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങൾ കുടുംബം ശിരസാവഹിച്ചു. ആരായിരുന്നു ഡോ. എ അച്യുതൻ? ലളിതജീവിതത്തിന്റെയും മിതഭാഷിത്വത്തിന്റെയും ആൾരൂപം. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന് ദിശാബോധം നല്കിയ അമരക്കാരൻ. വിവിധ എന്‍ജിനീയറിങ് കോളജുകളിലെ അധ്യാപകൻ. സൈലന്റ് വാലി, പ്ലാച്ചിമട, എൻഡോസൾഫാൻ സമരങ്ങളിലെ പോരാളി. അതെല്ലാം മറന്നാലും അദ്ദേഹം വികസിപ്പിച്ചെടുത്ത പുകയില്ലാത്ത അടുപ്പ് കേരളത്തിലെ വീട്ടമ്മമാർ മറക്കില്ല.

വീട്ടമ്മമാരുടെ അടുക്കളജീവിതം കടമ്മനിട്ട ‘ശാന്ത’യെന്ന കവിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നീറിപ്പുകയുന്ന പച്ചവിറകുകൾ കത്തിക്കാൻ അടുപ്പിന്നരികിൽ മുട്ടുകുത്തികിടന്നു തീയൂതി നിന്റെ കൺപോളകൾ വീർത്തിരിക്കുന്നതും പുക കുരുങ്ങിക്കലങ്ങിയ കണ്ണുകളിൽ ചൂടുനീർ നിറയുന്നതും പാറിപ്പറന്ന മുടിനാരുകളിൽ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടം കൊണ്ട് മൂക്കുതുടച്ചപ്പോൾ പുരണ്ട കരിയുടെ പാടും… ഇങ്ങനെയാണ് ആ കാവ്യഭാഗം. സ്ത്രീജീവിതത്തിലെ ഏറ്റവും ക്രൂരമായ ഈ എപ്പിസോഡാണ് പുകയില്ലാത്ത അടുപ്പ് വികസിപ്പിച്ചതോടെ ഡോ. എ അച്യുതൻ അസ്ഥിരപ്പെടുത്തിയത്. ഒരടുപ്പിലെ ഇന്ധനം കൊണ്ട് ഒന്നിലധികം അടുപ്പുകൾ പ്രവർത്തിപ്പിക്കുകയും എല്ലാ അടുപ്പുകളിലെയും പുക ഒറ്റക്കുഴലിലൂടെ അടുക്കളയ്ക്ക് മുകളിലുള്ള അന്തരീക്ഷത്തിൽ എത്തിക്കുകയുമായിരുന്നു പുകയില്ലാത്ത അടുപ്പിന്റെ പ്രവർത്തനരീതി. അടുക്കളയിൽ പുകയില്ലാതായി. അടുക്കളച്ചുമരുകളിലെ കറുപ്പ് ക്രമേണ അപ്രത്യക്ഷമായി.


ഇതുകൂടി വായിക്കൂ: കവിത (എഴുത്ത്) രാഷ്ട്രീയ പ്രവർത്തനമാകുന്നു


അമ്മമാരുടെ മുഖം പ്രസന്നമായി. സ്വന്തം വീട്ടിൽ ഈ സംവിധാനം പരീക്ഷിച്ചു നോക്കിയിട്ട് മണ്ണുത്തി കാര്‍ഷിക കോളജിൽ ഇത് പ്രദർശിപ്പിച്ചു പൊതുസമ്മതം നേടുകയായിരുന്നു. പരിശീലനം ലഭിച്ച പരിഷത്ത് പ്രവർത്തകർ ധാരാളം വീടുകളിലെത്തി ചുരുങ്ങിയ ചെലവിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിച്ചു. അങ്ങനെയൊരു അടുപ്പ് വിപ്ലവം തന്നെ കേരളത്തിലുണ്ടായി. ഗ്രാമശാസ്ത്ര സമിതികളും ഗ്രാമപത്രങ്ങളും ഒക്കെ കേരളത്തിലുണ്ടായി. തികഞ്ഞ മതാതീത മനുഷ്യവാദിയായിരുന്നു അച്യുതൻ മാഷ്. 2016ൽ ഞങ്ങൾ പത്തുകൂട്ടുകാർ ചേർന്ന് കേരളത്തിൽ നടത്തിയ മതാതീത സാംസ്കാരിക യാത്ര കോഴിക്കോട്ടെത്തിയപ്പോൾ അദ്ദേഹം അഭിവാദ്യം ചെയ്യാനെത്തിയത് ഓർക്കുന്നു. ടി വി ബാലനും കാഞ്ചനമാലയും മറ്റും സന്നിഹിതരായിരുന്ന ഒരു നല്ല മനുഷ്യ സംഗമമായിരുന്നു അത്. മനുഷ്യനിൽ ശാസ്ത്രബോധം സൃഷ്ടിച്ച് ജ്ഞാനസൂര്യനെ ഉദിപ്പിക്കുകയെന്ന മഹനീയകർമ്മമാണ് അച്യുതൻ മാഷ് ചെയ്തത്. ശാസ്ത്രബോധത്തിന്റെ അഭാവം കൊണ്ടാണ് കേരളത്തിൽ സർവമത ആഭിചാരക്രിയകളും നരബലി പോലും നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.