23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

അടിച്ചേല്പിക്കപ്പെടുന്ന ഹിന്ദിയും സംഘ്പരിവാറിന്റെ ഏകരാഷ്ട്രവും

കെ ദിലീപ്
നമുക്ക് ചുറ്റും
October 12, 2022 5:45 am

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗിരി ലിപിയിൽ എഴുതപ്പെടുന്ന ഹിന്ദി ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയായി നിർദ്ദേശിച്ചിരിക്കുന്നു. ആർട്ടിക്കിൾ 351 പ്രകാരം ഹിന്ദി ഭാഷയുടെ വ്യാപനം പ്രോത്സാഹിപ്പിക്കേണ്ടതും വികസിപ്പിക്കേണ്ടതും അത് ഇന്ത്യയുടെ സമ്മിശ്ര സംസ്കാരത്തിന്റെ എല്ലാ ഘടകങ്ങളുടെയും ആവിഷ്കാര മാധ്യമവുമായി വർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും യൂണിയന്റെ കടമയാണ്. 15 വർഷത്തിനുള്ളിൽ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുവാൻ കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരുന്നുവെങ്കിലും തെക്കേ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്ന് ഉയർന്ന വ്യാപകമായ എതിർപ്പുമൂലം അത് സാധ്യമായില്ല. അതേസമയം ഭരണഘടന ഒരു ഭാഷയും ദേശീയ ഭാഷയായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് വ്യാപകമായ പ്രചരണങ്ങൾ നടക്കുന്നു. ഇത് പലപ്പോഴും സംഘട്ടനങ്ങൾക്കും കാരണമാകുന്നു. 2010ൽ ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദി, പത്തോളം സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്.

ഇന്തോ-ആര്യൻ ഭാഷയായ ഹിന്ദിക്ക് ധാരാളം രൂപഭേദങ്ങളുണ്ട്. മധ്യകാലഘട്ടത്തിൽ തന്നെ, ഇന്നത്തെ ഉത്തരേന്ത്യ, കിഴക്കൻ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഡൽഹി സുൽത്താനേറ്റിലെ ഹിന്ദു മുസ്‌ലിം സംസ്കാരങ്ങളുടെ സമ്പർക്ക ഫലമായി ഹിന്ദി ഭാഷ സംസ്കൃതവും പ്രാകൃതവും പേർഷ്യനും ചേർന്നാണ് ഹിന്ദുസ്ഥാനിയുടെ ഇന്നത്തെ രൂപത്തിലേക്ക് പരിണമിച്ചത്. ഇന്ന് ഡൽഹിയിൽ സംസാരിക്കുന്ന ഹിന്ദിയടക്കം അനേകം വകഭേദങ്ങൾ ഹിന്ദിക്കുണ്ട്. ഹിന്ദിയും ഉറുദുവും ഇഴചേർന്ന് നിൽക്കുന്ന രണ്ടു ഭാഷകളാണ്. ഹിന്ദിയിലും ഉറുദുവിലും പ്രാകൃതത്തിന്റെയും സംസ്കൃതത്തിന്റെയും പദാവലിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ലിപിയുടെ കാര്യത്തിൽ ഹിന്ദി ദേവനാഗിരിയും ഉറുദു പേർഷ്യോഅറബിക്കും ഉപയോഗിക്കുന്നു. ഒരേ വ്യാകരണം പങ്കിടുന്നു. ഭാഷാ ശാസ്ത്രജ്ഞർ പലരും ഈ ഭാഷകളെ ഒരേ ഭാഷയുടെ രണ്ട് സ്റ്റാൻഡേർഡ് രൂപങ്ങളായി കണക്കാക്കാറുണ്ട്. 1948 സെപ്റ്റംബർ 14ലാണ് ഹിന്ദി ഭരണഭാഷയായി തീരുമാനിക്കപ്പെട്ടത്. എന്നാൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ സ്ഥാനമുള്ള ഭാഷകൾ എല്ലാംതന്നെ ദേശീയ പ്രാധാന്യമുള്ളവയാണ്. അപ്രകാരം എട്ടാം പട്ടികയിൽ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ട നാല് ഭാഷകളടക്കം ഇപ്പോൾ 22 ഭാഷകളുണ്ട്.


ഇതുകൂടി വായിക്കൂ: സംഘ്പരിവാറിന് വേണ്ടി വാദിക്കുന്ന ഇന്ദു മല്‍ഹോത്ര  


ഇവയെല്ലാം തന്നെ ഒരർത്ഥത്തിൽ രാഷ്ട്രഭാഷകൾ എന്ന് വിളിക്കാവുന്നവയാണ്. പക്ഷെ ഭരണഘടനയിൽ അങ്ങനെ പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ല. കൂടാതെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഹിന്ദി ഭരണകാര്യങ്ങൾക്കായി ഉപയോഗിക്കുന്നില്ല. ഭരണഭാഷയായി ഹിന്ദിയോടൊപ്പം ഇംഗ്ലീഷും നിലനിൽക്കുന്നു. അതിനാൽതന്നെ നമ്മുടെ രാഷ്ട്രഭാഷ ഹിന്ദിയാണ് എന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദി ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ഇംഗ്ലീഷ് ഭാഷ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ ഹിന്ദി പരിഭാഷയിൽ ഹിന്ദിയെ രാജഭാഷ എന്നാണ് പറയുന്നത് അതിന്റെ മലയാളം തർജമ ഭരണഭാഷ എന്നാണ്. 1967ൽ തന്നെ ഹിന്ദിയെ രാഷ്ട്രഭാഷയായി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയേറ്റു. കാരണം ഇന്ത്യയിൽ അനേകം ഭാഷകളും വ്യത്യസ്ത സംസ്കാരങ്ങളുമാണുള്ളത്. ഇതര ഭാഷകളെ ഇല്ലായ്മ ചെയ്ത് ഒരു പ്രത്യേക ഭാഷയ്ക്ക് പ്രാധാന്യം നൽകുവാൻ ഇന്ത്യൻ സാഹചര്യങ്ങളിൽ സാധ്യത കുറവാണ്. മുലായം സിങ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ കേരള മുഖ്യമന്ത്രി ഇ കെ നായനാർക്ക് ഹിന്ദിയിൽ കത്ത് എഴുതിയതിന് നായനാർ മലയാളത്തിൽ മറുപടി എഴുതിയതും മൂന്നുപതിറ്റാണ്ടു മുമ്പുനടന്ന സംഭവമാണ്. ആർഎസ്എസിന്റെ പ്രഖ്യാപിത നിലപാട് സംസ്കൃതം ദേശീയ ഭാഷയാവണം എന്നായിരുന്നു.

സർസംഘചാലകായിരുന്ന എം എസ് ഗോൾവാൾക്കർ സംസ്കൃത ഭാഷ ദേശീയ ഭാഷയാകുന്നതുവരെ ഹിന്ദി ആയിരിക്കണം ദേശീയ ഭാഷ എന്നാണ് അഭിപ്രായപ്പെട്ടത്. ബിജെപിയുടെ പ്രാഗ്‍രൂപമായ ഭാരതീയ ജനസംഘം ഉയർത്തിയ മുദ്രാവാക്യം തന്നെ ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാൻ എന്നായിരുന്നു. തെക്കേ ഇന്ത്യയിൽ വേരോട്ടമില്ലാതിരുന്ന ജനസംഘം ഹിന്ദി ദേശീയ ഭാഷയാക്കുന്ന കാര്യം ഉന്നയിച്ചിരുന്നെങ്കിലും ഹിന്ദിയിതര സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ സ്വാധീനം വർധിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹിന്ദി ദേശീയ ഭാഷയാക്കുന്നതിനെ കുറിച്ച് ബിജെപി സംസാരിച്ചിരുന്നില്ല. എന്നാൽ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തിക്കഴിഞ്ഞുവെന്ന തോന്നലാവാം ഭാഷാ മൗലികവാദത്തിലേക്ക് ഇപ്പോൾ തിരിച്ചുപോകുന്നതിന് ധെെര്യം നല്കുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിലെ ഹിന്ദി പഠനം നിർബന്ധിതമാക്കണമെന്ന നിർദ്ദേശത്തിനെതിരെ വലിയ പ്രക്ഷോഭമുണ്ടായി. ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന ആശയം അമിത് ഷാ തന്നെ മുന്നോട്ടുവച്ചു. നാനാത്വമല്ല ഏകത്വമാണ് രാഷ്ട്രത്തിന് ആവശ്യമെന്നുള്ള സംഘ്പരിവാറിന്റെ നിലപാടിന്റെ ഭാഗമായിരുന്നു ഇതെല്ലാം. അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാർലമെന്ററി കാര്യസമിതി രാഷ്ട്രപതിക്ക് കൈമാറിയ റിപ്പോർട്ടിൽ ഹിന്ദി വിവിധ മേഖലകളിൽ നിർബന്ധമാക്കണം എന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ‘സംഘ്’പരിവാർ ‘ഫ്രണ്ട്’ പരിവാറിനെ നിരോധിക്കുമ്പോൾ


ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്ന ധാരാളം പരാമർശങ്ങൾ റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പറുകൾ ഹിന്ദി ഭാഷയിൽ ആയിരിക്കണം, നിയമനത്തിൽ ഹിന്ദിയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകണം, എഴുത്തുകൾ, ഇ‑മെയിൽ തുടങ്ങി എല്ലാ സർക്കാർ കത്തിടപാടുകളും ഹിന്ദിയിലായിരിക്കണം, ഹിന്ദിയിൽ നടപടിക്രമങ്ങൾ നടത്താത്ത ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടണം. സർക്കാർ പരസ്യങ്ങളുടെ 50 ശതമാനത്തിലധികം ഹിന്ദിയിലായിരിക്കണം, പത്രങ്ങളിൽ ഹിന്ദി പരസ്യങ്ങൾ ഒന്നാം പേജിലും ഇംഗ്ലീഷ് പരസ്യങ്ങൾ ചെറുതായി ഉൾപ്പേജുകളിലും നൽകണം തുടങ്ങി കോടതി ഭാഷ ഹിന്ദിയിൽ ആവണമെന്നും, വിദേശങ്ങളിലെ ഇന്ത്യൻ എംബസികളിൽ നടപടിക്രമങ്ങൾ ഹിന്ദിയിൽ ആവണമെന്നുവരെയുള്ള 112 ശുപാർശകളാണ് രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്മാർ തമ്മിലുള്ള സമത്വത്തിനും രാജ്യത്തിന്റെ നാനാത്വത്തിനും തികച്ചും എതിരായി മറ്റു ഭാഷകളുടെ മേൽ ഹിന്ദിയുടെ അപ്രമാദിത്വം അടിച്ചേല്പിക്കുവാനും ഹിന്ദി അറിയാത്ത പൗരന്മാരെ രണ്ടാംതരം പൗരന്മാരായി മുദ്രകുത്തുവാനുമുള്ള ശ്രമമാണ് അമിത് ഷാ നേതൃത്വം നൽകുന്ന പാർലമെന്ററി കാര്യസമിതി റിപ്പോർട്ട്. ആർഎസ്എസിന്റെ നേരത്തെ തന്നെയുള്ള ഹിന്ദി രാഷ്ട്രഭാഷയാക്കുന്ന നിലപാട് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് തയാറാക്കപ്പെട്ടിരിക്കുന്നത്. മതപരമായും സാമൂഹ്യമായും രാജ്യത്തെ ഭിന്നിപ്പിച്ചത് കൂടാതെ ഭാഷാപരമായും ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിലെ ശുപാർശകൾ തള്ളിക്കളയണമെന്ന് ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും ഒരുമിച്ച് ആവശ്യപ്പെടേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.