23 April 2024, Tuesday

ദെെവത്തിന്റെ കണ്ണ് കണ്ടെത്തിയ എൻപി

യെസ്‍കെ
January 3, 2023 4:12 am

‘ദൈവത്തിന്റെ കണ്ണ്’ എന്ന നോവലിനെ ഭാഷയിലെ ആദ്യ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്. പരിസ്ഥിതിവാദം എഴുത്തിലെ ഒരുധാരയാവുകയും എഴുത്തുകാർ പരിസ്ഥിതി പ്രവർത്തകരാവുകയും ചെയ്യുന്ന വർത്തമാനകാലത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് നോവൽ രചിക്കപ്പെട്ടത്. അതെഴുതിയ എൻ പി മുഹമ്മദ് ഓർമ്മയിൽ മറഞ്ഞിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. മതവും രാഷ്ട്രീയവും ജനാധിപത്യവുമെല്ലാം നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയ എൻപിയുടെ രചനകളിൽ മുഖ്യമായും ആക്ഷേപഹാസ്യത്തിന്റെ കറുത്തചിരിയാണ് നിറഞ്ഞു നിന്നിരുന്നത്.

 


ഇതുകൂടി വായിക്കു; ചെങ്കോലും കിരീടവും അകറ്റിനിർത്തിയ രാജശില്പി


ദേശത്തിന്റെ പുരാവൃത്തവും സുവിശേഷവും അക്ഷരത്തിലാവഹിക്കുന്നതിൽ വിജയിച്ച കഥാകാരൻ, നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകൻ എന്നീ നിലകളിലെല്ലാം ഉന്നതിയിലായിരുന്നു എൻപി. കേവലമായ പരിഹാസമെന്നതിലുപരി സമൂഹത്തിലെ ജീർണതകൾക്കെതിരായുള്ള വിമർശനവും സാമൂഹിക വിചാരങ്ങളിൽ കലർന്നിട്ടുള്ള അഴുക്കുചാലിനെയും അദ്ദേഹത്തിന്റെ കൃതികള്‍ കാട്ടിത്തരുന്നു. പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ദൈവത്തിന്റെ കണ്ണ് (നോവൽ) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാർഡിനും അർഹമായി. മലയാളത്തിലാദ്യമായി രണ്ടു പേർ ചേർന്നെഴുതിയ (എംടിയോടൊപ്പം) നോവലിന്റെ (അറബിപ്പൊന്ന്) സഹകർത്താവായിരുന്നു. എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം എന്നിവ പ്രസിദ്ധ നോവലുകൾ.

നോവലിൽ മാത്രമല്ല, സാഹിത്യവിമർശനത്തിലും ഉപന്യാസത്തിലും ഒരേപോലെ തന്റെ പ്രാഗത്ഭ്യം തെളിയിച്ച എഴുത്തുകാരനാണ് എൻപി. മന്ദഹാസത്തിന്റെ മൗനരോദനം, മാനുഷ്യകം, സിവി കൃതികളിലെ വീരരസം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ ധൈഷണികമായ കാഴ്ചപ്പാടുകളുടെ സംഭാവനയാണ്. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 1999ലെ മൂലൂർ അവാർഡും ലഭിച്ചു. ലളിതാംബിക അന്തർജനം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ‘മരം’ സിനിമയാക്കിയത് കവി യൂസഫലി കേച്ചേരിയാണ്. 1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിൽ ജനിച്ച എന്‍പി 2003 ജനുവരി മൂന്നിന് അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.