അതുല്യനായ മനുഷ്യസ്നേഹി, ദൃഢപ്രതിജ്ഞനും നീതിഷ്ഠനുമായ ഭരണാധികാരി, ശൈലീസാരഥ്യത്തിനുടമയായ എഴുത്തുകാരൻ എന്നീ നിലകളിൽ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സി അച്യുതമേനോൻ. അദ്ദേഹത്തിന്റെ മുപ്പതാം ചരമവാർഷികദിനമാണ് നാളെ. അനുപമവും അസാധാരണവുമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അച്യുതമേനോൻ.
വിചാരവും വാക്കും കർമ്മവും ഒരുപോലെ ശുദ്ധമായ ധന്യജീവിതമായിരുന്നു അച്യുതമേനോന്റേത്. സമുന്നതനായ രാഷ്ട്രീയ നേതാവും സാഹിത്യ നായകനുമായിരുന്നു അദ്ദേഹം. താൻ ഏർപ്പെട്ട മണ്ഡലങ്ങളിലെല്ലാം ഉയരങ്ങളിൽ പ്രവർത്തിക്കുവാനും ജീവിതശുദ്ധി നിലനിർത്തുവാനും അച്യുതമേനോന് കഴിഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സി അച്യുതമേനോന്റെ സ്വതന്ത്ര ഭാരതത്തെപ്പറ്റിയുള്ള സങ്കല്പം മറ്റ് പലരിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. സാമൂഹ്യ‑സാമ്പത്തിക‑സാംസ്കാരിക‑രാഷ്ട്രീയ മേഖലകളിൽ അടിസ്ഥാനപരവും വിപ്ലവകരവും ആയ പരിവർത്തനങ്ങൾ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഒരു സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് അച്യുതമേനോൻ ഉയർത്തിപ്പിടിച്ചത്. തൊഴിലാളി വർഗ വിപ്ലവ പ്രത്യയശാസ്ത്രമായ മാർക്സിസം-ലെനിനിസം, സോഷ്യലിസ്റ്റ് ഇന്ത്യക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സ്വന്തം വഴികാട്ടിയായി അംഗീകരിച്ചു.
ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അച്യുതമേനോൻ ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. ലോക ചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച എച്ച് ജി വെൽസിന്റെ ‘ലോക ചരിത്ര സംഗ്രഹം’ തർജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം തയ്യാറായതും യാദൃച്ഛികമല്ല.
ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അംഗീകരിച്ചതോടൊപ്പം കാലാനുസൃതമായും വിവിധ രാജ്യങ്ങളുടെ പ്രത്യേകതകൾക്കനുസരണമായും അവ വികസിപ്പിക്കണമെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു അച്യുതമേനോൻ. സ്വന്തം ചിന്തയ്ക്ക് കൂച്ചുവിലങ്ങിടാൻ അദ്ദേഹം വിസമ്മതിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയരൂപീകരണ ചർച്ചകളിലും സംവാദങ്ങളിലും അദ്ദേഹം സജീവമായ പങ്ക് വഹിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ അദ്ദേഹം ഔദ്യോഗിക നയങ്ങളോട് വിയോജിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോഴും അച്യുതമേനോൻ അച്ചടക്കം നിഷ്കർഷിച്ച നേതാവായിരുന്നു.
സാഹിത്യ‑കലാ-സാംസ്കാരിക വിഷയങ്ങളിൽ സി അച്യുതമേനോൻ സജീവമായി പ്രതികരിച്ചിരുന്നു. പല പ്രശ്നങ്ങളെപ്പറ്റിയും അദ്ദേഹം ഗഹനങ്ങളായ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മനുഷ്യനെയും അവന്റെ ചിന്തയെയും കലാ-സാഹിത്യമേഖല എത്ര അഗാധമായി സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തിന് അത്യാവശ്യം വേണ്ട രാഷ്ട്രീയ സാഹിത്യത്തിന്റെ നാലതിരുകളിൽ അദ്ദേഹത്തിന്റെ വായന ഒതുങ്ങിയില്ല. സമൂഹം ഉടച്ചുവാർക്കാനും പുതുക്കിപ്പണിയാനും ശ്രമിക്കുന്ന പ്രസ്ഥാനങ്ങളുടെ കയ്യിൽ ജനകീയ കലാ-സാഹിത്യ പ്രസ്ഥാനങ്ങൾ പ്രധാനപ്പെട്ട ഒരായുധമാണെന്ന് അംഗീകരിച്ചപ്പോൾ തന്നെ കലാസാഹിത്യ മൂല്യങ്ങൾ ബലികഴിക്കരുതെന്നും അച്യുതമേനോൻ ശഠിച്ചിരുന്നു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയെന്ന നിലയ്ക്ക് ദീർഘ വീക്ഷണത്തോടു കൂടി അദ്ദേഹം നടപ്പിലാക്കിയ നിരവധി പദ്ധതികളും രൂപം കൊടുത്ത സ്ഥാപനങ്ങളും സി അച്യുതമേനോന്റെ പേരിലുള്ള നിത്യ സ്മാരകങ്ങളാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകാൻ വിപ്ലവകരമായ കാർഷിക പരിഷ്കാരം അനുപേക്ഷണീയമാണെന്ന് അച്യുതമേനോൻ വിശ്വസിച്ചു. 1970 ജനുവരി ഒന്നിന് അച്യുതമേനോൻ മന്ത്രിസഭ കേരളത്തിൽ കാർഷിക പരിഷ്കാര നിയമം നടപ്പിലാക്കി. 1957 ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ മുതൽ ഇതിനു ശ്രമിച്ചിരുന്നു.
എന്നാൽ കാലഹരണപ്പെട്ട ജന്മി നാടുവാഴിത്തവും അവരുടെ രാഷ്ട്രീയ യജമാനന്മാരും നിരന്തരമായി സൃഷ്ടിച്ച തടസങ്ങൾ തട്ടിനീക്കി നിയമം പ്രായോഗികമാക്കാൻ കഴിഞ്ഞത് 1970 ൽ മാത്രമാണ്. കാർഷിക പരിഷ്കാരത്തിനുവേണ്ടി ഉറച്ച് നിന്ന് പ്രവർത്തിച്ച അച്യുതമേനോൻ കാലാകാലങ്ങളിൽ ഈ പ്രശ്നത്തെപ്പറ്റി ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
സമഗ്രമായിട്ടല്ലെങ്കിലും, പലപ്പോഴായി സി അച്യുതമേനോൻ സ്വന്തം വ്യക്തി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ട്. ഉദാത്തമായ ആദർശങ്ങളിൽ അടിയുറച്ചു നിന്ന ഒരു നേതാവെന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹം ആദരിക്കപ്പെടുന്നത്. ആദർശങ്ങളും പ്രായോഗിക ജീവിതവും പൊരുത്തപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. കടുത്ത വെല്ലുവിളികളെ ധീരമായി നേരിട്ടു. ലളിതസുന്ദരവും കറപുരളാത്തതും ആയ ജീവിതം കാഴ്ചവച്ചു. പൊതുപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായി ജനങ്ങൾ അദ്ദേഹത്തെ എന്നും ആദരിക്കും.
വർഗീയതയ്ക്കും വിഘടനവാദത്തിനും എതിരെ വിശാലമായ ഐക്യനിര വളർന്നു വരേണ്ട സന്ദർഭമാണിത്. ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ഊട്ടി ഉറപ്പിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. അത്തരമൊരു ഐക്യനിര വളർത്തിയെടുക്കാൻ, നമ്മുടെ ഭാവി പ്രവർത്തനങ്ങൾക്ക് അച്യുതമേനോന്റെ സ്മരണ കരുത്തു പകരട്ടെ.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.