21 November 2024, Thursday
KSFE Galaxy Chits Banner 2

പാഠപുസ്തകമായ സംവിധായകൻ

കെ കെ ജയേഷ്
October 1, 2023 7:30 am

രിക്കൽ പരുമല പള്ളിയിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്ന കെ ജി ജോർജിനെ തിരക്കഥാകൃത്ത് ജോൺ പോൾ കണ്ടു. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞ വ്യക്തി വിശ്വാസ വീഥിയിൽ തിരി കത്തിക്കുന്ന കാഴ്ച കണ്ട് ജോൺ പോൾ അമ്പരന്നു. എന്നാൽ താൻ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വന്നതാണെന്നായിരുന്നു ജോർജിന്റെ മറുപടി. അമ്മയായിരുന്നു അദ്ദേഹത്തിന് എല്ലാം. ജീവിത ദുരിതങ്ങൾക്കിടയിലും കഷ്ടപ്പെട്ട് മകനെ പഠിപ്പിച്ച അമ്മ. മകൻ അധ്യാപകനാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ സിനിമയാണ് തനിക്കെല്ലാമെന്ന് മകൻ പറഞ്ഞപ്പോൾ അമ്മ കോപിച്ചില്ല. മകന്റെ ആഗ്രഹത്തിനൊപ്പം ആ അമ്മ നിന്നു. അമ്മയ്ക്ക് പരുമലയിലുള്ള വിശ്വാസമാണ് ജോർജിനെ അന്ന് ആ പള്ളിയിലേക്കെത്തിച്ചത്. പ്രതിസന്ധികൾക്കിടയിൽ പതറാത്ത വ്യക്തിയായിരുന്നു കെ ജി ജോർജ്. സിനിമാ ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോൾ പോലും അദ്ദേഹം തളർന്നിരുന്നില്ല. വരും നാളുകളിൽ തന്റെ സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുമെന്നും താൻ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു കെ ജി ജോർജിന്റെ ജീവിതം. അദ്ദേഹത്തിന്റെ സിനിമകളിലും ഈ വൈരുദ്ധ്യങ്ങൾ നിറഞ്ഞു. സ്വയം ആവർത്തിക്കാതിരിക്കാൻ ശ്രമിച്ച കെ ജി ജോർജെന്ന സംവിധായകൻ വേറിട്ട കഥാപരിസരങ്ങൾ തേടുകയും വ്യത്യസ്ത അവതരണ ശൈലികൾ പരീക്ഷിക്കുകയുമായിരുന്നു. തന്റെ ഒരു സിനിമയും തന്റെ തന്നെ മറ്റൊരു സിനിമയുടെ അനുകരണമാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മലയാള സിനിമയുടെ പതിവ് വ്യാകരണ വഴികൾ കൈവിട്ട അദ്ദേഹം പലപ്പോഴും കാലത്തിന് മുമ്പേ സഞ്ചരിച്ചു. അതുകൊണ്ട് തന്നെ കാലത്തിന് മുമ്പേ പിറന്ന പല സിനിമകളും അക്കാലത്ത് പരാജയങ്ങളായി. എന്നാൽ കാലാന്തരത്തിൽ ആ സിനിമകളെല്ലാം വീണ്ടും വീണ്ടും ചർച്ചയായി. പുതിയ തലമുറയിലെ പ്രേക്ഷകർ ആ സിനിമകൾ തേടിപ്പിടിച്ച് കണ്ട് സംവിധാനത്തിലെ മാജിക്ക് തിരിച്ചറിഞ്ഞു. ജോർജിന്റെ സിനിമകൾ അങ്ങനെ കാലത്തിന് കീഴങ്ങാതെ തലയുയർത്തുകയും അദ്ദേഹം ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി മാറുകയും ചെയ്തു.

 

കെ ജി ജോര്‍ജ്ജ്; മലയാള സിനിമയുടെ മഹാആചാര്യന്‍: പ്രേംകുമാര്‍

കഥാപാത്രങ്ങളുടെ ആന്തരിക സങ്കർഷത്തിലേക്കാണ് ജോർജ് ക്യാമറ തിരിച്ചുവെച്ചത്. വയലൻസ് പലപ്പോഴും ആ ചിത്രത്തിലെ നിറഞ്ഞൊഴുകി. എന്നാൽ വാൾ മുനയുടെ മൂർച്ഛയോ വെടിയൊച്ചകളുടെ ഭീതിയോ അതിലുണ്ടായിരുന്നില്ല. മനുഷ്യന്റെ ഉള്ളിലെ വയലൻസും സങ്കർഷങ്ങളുമായിരുന്നു ഫ്രെയിമുകളിൽ ഒഴുകിപ്പടർന്നത്. എത്ര ഉത്കൃഷ്ടമായ വികാരങ്ങളിലും വയലൻസ് ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് കെ ജി ജോർജ് നിരീക്ഷിച്ചു. കാമുകൻ കാമുകിയെ പ്രാപിക്കുമ്പോൾപോലും അയാളുടെ സ്വഭാവത്തെ അനുസരിച്ച് അതിൽ വയലൻസുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വപ്നാടനം മുതലുള്ള കെ ജി ജോർജിന്റെ ഭൂരിഭാഗം സിനിമകളും ദുരന്ത പര്യവസായികളാണ്. ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം പോലും തമാശകളിലൂടെ തുടങ്ങി ദുരന്തദൃശ്യത്തിലാണ് പര്യവസാനിക്കുന്നത്.
പലപ്പോഴും സഹജമായ പുരുഷാധിപത്യം നിറഞ്ഞു നിൽക്കുന്നതാണ് കുടുംബവും ദാമ്പത്യവും പ്രണയവുമെല്ലാം. ഇതിലെല്ലാം ഒളിഞ്ഞു കിടക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകളോട് ഐക്യപ്പെട്ടാണ് സമൂഹം പലപ്പോഴും സഞ്ചരിക്കുന്നത്. വിപണിയുടെ സാധ്യതകൾ തിരിച്ചറിയുന്ന മൂലധന കേന്ദ്രീകൃതമായ സിനിമകളും ഇത്തരം സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യാനോ വെല്ലുവിളിക്കാനോ മുതിരാറുണ്ടായിരുന്നില്ല. എന്നാൽ മുഖ്യധാരാ സിനിമയുടെ വഴിയിൽ നിന്നുകൊണ്ട് തന്നെ സിനിമയും സമൂഹവും പിന്തുടർന്ന പൊതുബോധങ്ങളെ തകർക്കാൻ കെ ജി ജോർജ് ശ്രമിച്ചുകൊണ്ടിരുന്നു. ക്ഷമയുടെയും സഹനത്തിന്റെയും വാർപ്പ് മാതൃകകളാക്കി സ്ത്രീകളെ മഹത്വവത്ക്കരിക്കുന്ന സങ്കൽപ്പങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. കുടുംബത്തിനുള്ളിലെ ജീർണതകളെ അദ്ദേഹം വലിച്ച് പുറത്തിട്ടപ്പോൾ സ്വാഭാവികമായും ആ കാലം അതിനെ അംഗീകരിക്കാൻ മടിച്ചു. എന്നാൽ സ്വത്വ ബോധമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹത്തെ അദ്ദേഹം പിന്തുടർന്നു. തങ്ങൾ ദേവതകളല്ലെന്നും മജ്ജയും മാംസവും കണ്ണീരുമെല്ലാമുള്ള സാധാരണ മനുഷ്യർ മാത്രമാണെന്നും പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങൾ തങ്ങളുടെ കാമവും പ്രണയവുമെല്ലാം തുറന്നു പറഞ്ഞു.
സ്വപ്നാടനത്തിലൂടെ സ്വപ്നതുല്യമായ തുടക്കമായിരുന്നു കെ ജി ജോർജിന്റേത്. അതുവരെ മലയാളത്തിലുണ്ടായിട്ടുള്ള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു സ്വപ്നാടനം. പറയാൻ മടിച്ച് ഒളിച്ചുവെക്കുന്ന പേടിസ്വപ്നങ്ങൾ മനസിൽ നിന്നും പുറത്തുചാടുന്നു. അടിമുടി വിഭ്രാത്മകത നിറയുന്ന കഥാപരിസരം. മനശാസ്ത്രപരമായ തലങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം പതിവ് കച്ചവട സിനികളുടെ ചേരുവകളൊന്നുമില്ലാഞ്ഞിട്ടുപോലും പ്രേക്ഷകർ സ്വീകരിച്ചു. സ്വപ്നാടനത്തിന്റെ വിജയം തുടർന്ന് ആവർത്തിക്കാൻ കെ ജി ജോർജിന് സാധിച്ചില്ല. വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ പരാജയപ്പെട്ടു.
കാക്കനാടനായിരുന്നു ഓണപ്പുടവയുടെ തിരക്കഥ രചിച്ചത്. ചൂഷണം ചെയ്യപ്പെടാവുന്ന അവസ്ഥയിലും ജീവിതത്തോട് പോരാടുന്ന ഒരമ്മയുടെ കഥയായിരുന്നു ഓണപ്പുടവ.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് കെ ജി ജോര്‍ജ്

നാടകത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുറ്റാന്വേഷണ കഥ പറഞ്ഞ യവനികയാണ് കെ ജി ജോർജിന്റെ ശ്രദ്ധേയമായ സിനിമകളിലൊന്ന്. രക്ഷപ്പെടാനാവാത്ത വിധം പുരുഷ കേന്ദ്രീകൃതമായ അധികാരഘടനയിൽ കുടുങ്ങിപ്പോകുന്ന സ്ത്രീകളെ യവനികയിലൂടെ കാലങ്ങൾക്ക് മുമ്പേ തന്നെ കെ ജി ജോർജ് നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു. ഹവ്വയെ സൃഷ്ടിച്ച ആദാമിന്റെ വാരിയെല്ല് പുരുഷാധിപത്യത്തിന്റെ പ്രതീകമാണ്. ആ പ്രതീകത്തെ ഉപയോഗപ്പെടുത്തിയാണ് മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ് ഒരുക്കിയത്. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഇരകൾ, മറ്റൊരാൾ, ഈ കണ്ണികൂടി തുടങ്ങി ആദർശവത്ക്കരിക്കപ്പെട്ട കുടുംബ ജീവിത സങ്കൽപ്പങ്ങളെ തകിടം മറിക്കുന്ന നിരവധി സിനിമകൾ കെ ജി ജോർജ് ഒരുക്കിയിട്ടുണ്ട്.
സി വി ബാലകൃഷ്ണന്റെ രചനയായിരുന്ന മറ്റൊരാൾ. അദ്ദേഹത്തിന്റെ ഉറങ്ങാൻ വയ്യ എന്ന കഥ സിനിമയാക്കാൻ ആഗ്രഹിച്ചെത്തിയ കെ ജി ജോർജ് പിന്നീട് മറ്റൊരു രചനയായ മറ്റൊരാളിലേക്ക് എത്തുകയായിരുന്നു. പ്രണയത്തിന്റെ നനുത്ത ആർദ്ര പ്രേക്ഷക മനസിൽ നിറച്ച ചിത്രമാണ് ഉൾക്കടൽ. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന ഗൃഹാതുര സങ്കൽപ്പത്തെ പൊളിച്ചെഴുതുകയാണ് കോലങ്ങൾ എന്ന ചിത്രം. സിനിമയുടെ പശ്ചാത്തലമായിരുന്നു ‘ലേഖയുടെ മരണം: ഒരു ഫ്ളാഷ് ബാക്ക്‘എന്ന ചിത്രത്തിന്. നടി ശോഭയുടെ ആത്മഹത്യയാണ് ചിത്രത്തിന് പ്രേരണയായതെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്.
പതിയെ കെ ജി ജോർജ് സിനിമയുടെ തിരക്കുകളിൽ നിന്നും അകന്നുമാറി. നിലനിൽപ്പിനായി മഹാനഗരം എന്ന സിനിമ നിർമ്മിച്ചു. ഇലവങ്കോട് ദേശം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 98 ൽ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സിനിമ ദയനീയ പരാജയമായി. താരം ഷോട്ടുകളിൽ പോലും കൈവെക്കാൻ തുടങ്ങിയപ്പോൾ സിനിമ തകർന്നുവെന്നും സംവിധായകൻ എന്ന നിലയിൽ താൻ തീർന്നുവെന്ന് മനസിലാക്കിയെന്നുമായിരുന്നു കെ ജി ജോർജിന്റെ പ്രതികരണം.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.