27 July 2024, Saturday
KSFE Galaxy Chits Banner 2

കെ ജി ജോർജിന് വിട: കലാകേരളത്തിന്റെ യാത്രാമൊഴി

Janayugom Webdesk
കൊച്ചി
September 26, 2023 8:41 pm

സംവിധായകൻ കെ ജി ജോർജിന് കലാകേരളം യാത്രാമൊഴി നൽകി. എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അദ്ദേഹത്തെ നെഞ്ചേറ്റിയ ചലച്ചിത്ര പ്രവർത്തകരും സിനിമ പ്രേക്ഷകരും സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖരും നിരവധി ജനപ്രതിനിധികളുമാണ് അന്ത്യഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. തുടർന്ന്‌ വൈകിട്ട് നാലോടെ സംസ്ഥാന സർക്കാരിന്റ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. എറണാകുളം ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ച കെ.ജി ജോർജിന്റെ ഭൗതീക ശരീരത്തിൽ സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി.രാജീവ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർക്കു വേണ്ടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാനും ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ഭരണസമിതി അംഗം ഹരിശ്രീ അശോകനും താരസംഘടനയായ എഎംഎംഎ ക്ക് വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബുവും പുഷ്പചക്രം സമർപ്പിച്ചു.

അസുഖങ്ങൾ മൂലം ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയിൽ നിന്നും കെ ജി ജോർജ് വിട്ടുനിൽക്കുകയായിരുന്നു. പക്ഷെ, അദ്ദേഹവും ‚അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളും ചലച്ചിത്ര ആസ്വാദകരുടെ മനസുകളിൽ സജീവ സാന്നിധ്യം തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ടൗൺ ഹാളിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധിപേരാണ് അവസാനമായി ഒരു നോക്കുകാണാൻ എത്തിച്ചേർന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യയും മക്കളും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് സംസ്കാരം ഇന്നലെയാക്കിയത്. ഭാര്യ സൽമ ജോർജ്ജ്, മക്കളായ അരുൺ, താര, കെ ജി ജോർജിന്റെ സഹോദരൻ സാം ഉൾപ്പെടെയുള്ളവരും ബന്ധുക്കളും ടൗൺഹാളിലുമുണ്ടായിരുന്നു. 

സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, ബ്ലസി, ജോഷി, സിബി മലയിൽ, കമൽ, വേണു, പ്രിയനന്ദൻ, റാഫി, മെർക്കാട്ടിൻ, സോഹൻ സീനുലാൽ, തിരിക്കഥാകൃത്ത്‌ രഞ്ജി പണിക്കർ, എസ്‌ എൻ സ്വാമി, നിർമ്മാതാക്കളായ സുരേഷ് കുമാര്‍, ഡേവിഡ് കാച്ചിപ്പിള്ളി, തിരക്കഥാകഥാകൃത്ത്‌ ബെന്നി പി നായരമ്പലം, നടന്മാരായ സിദ്ദിഖ്‌, കുഞ്ചാക്കോ ബോബൻ, ഹരിശ്രീ അശോകൻ, ലാൽ, ഷൈൻ ടോം ചാക്കോ, ജോജു ജോര്‍ജ്, രവീന്ദ്രന്‍, നടിമാരായ തെസ്‌നിഖാൻ, സീമ ജി നായർ ഷെഫീഖ്‌ സിദ്ദിഖ്‌, സംഗീതസംവിധായകൻ ഇഗ്‌നേഷ്യസ്‌, നിർമാതാക്കളായ സിയാദ്‌ കോക്കർ, ആന്റോ ആന്റണി, സാബു ചെറിയാൻ, രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഡോ. സെബാസ്‌റ്റ്യൻ പോൾ, ജോസ്‌ തെറ്റയിൽ, കെ വി തോമസ്, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്‌, കെ ബാബു, മേയർ എം അനിൽകുമാർ ‚സി പി ഐ മുൻ ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ താര ദിലീപ്, കെ എൻ ഗോപി, കെ എൻ സുഗതൻ, ജില്ലാ കൗൺസിൽ അംഗം ടി സി സൻജിത്ത് ഉൾപ്പെടെയുള്ള നിരവധി പേരാണ് അന്ത്യാഞ്ജലികൾ അർപ്പിച്ചത്. രവിപുരം ശ്മശാനത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുർന്ന് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.