19 May 2024, Sunday

കാത്തിരിപ്പിനെക്കാൾ വലിയ പ്രാർത്ഥനയില്ലല്ലോ.…സുകൃതം ചെയ്ത എംടി

അരുണിമ എസ്
July 14, 2023 7:30 am

ഭയമില്ല.… മരണമെന്നതൊരു ജീവിത നിയമമാണ് എന്ന തിരിച്ചറിവിന്റെ തൊണ്ണൂറ് വർഷത്തെ നീണ്ട യാത്രകൾ.… ‘കാത്തു നില്ക്കാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവുമ്പോഴാണ് മറ്റെല്ലാം മറക്കാനാവുന്ന’തെന്ന് പഠിപ്പിച്ച എം ടി വാസുദേവൻ നായരുടെ മാത്രം ‘കാലം’. ആവർത്തിച്ചു വായിക്കാനൊരു ‘രണ്ടാമൂഴ’വും പ്രണയമൊരു അഡ്വൈഞ്ചർ മാത്രമാണെന്ന് ഓർമിപ്പിക്കാൻ ‘സുകൃത’വുമായി അദ്ദേഹം മലയാളത്തിന്റെ നാലുകെട്ടിനുള്ളിലേക്ക് കടന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മുറപ്പെണ്ണുമായാണ് എംടി മലയാള സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അവിടന്നങ്ങോട്ട് കാലം എംടിയ്ക്ക് കാത്ത് വച്ചിരുന്ന സമ്മാനങ്ങളെക്കാൾ മനോഹരമായിരുന്നു എംടി മലയാളസിനിമയ്ക്കായി ചേർത്തുവച്ചിരുന്നവ.
മലയാള ചലച്ചിത്ര ലോകത്തിന്റെ ദിശയും കാഴ്ച്ചപ്പാടും മാറ്റിമറിച്ച മുറപ്പെണ്ണിലൂടെയായിരുന്നു അതിന്റെ തുടക്കം. പിന്നീട് ആ പേര് ശ്രദ്ധിക്കപ്പെടുന്നത് 1973 നവംബർ 23ന് എം ടി വാസുദേവൻനായർ എന്ന സംവിധായകന്റെ പേര് 35 എംഎം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ തെളിഞ്ഞു കണ്ട ദിവസമായിരുന്നു.
നിർമ്മാല്യം ഇറങ്ങി അമ്പത് കൊല്ലം പിന്നിടുമ്പോഴും ചർച്ചയാകുന്ന എംടിയുടെ ഒരു ചോദ്യമുണ്ട്. ‘ഇന്നായിരുന്നെങ്കിൽ എനിക്കു നിർമ്മാല്യം എന്നൊരു ചിത്രം സംവിധാനം ചെയ്യാൻ പറ്റുമായിരുന്നോ? ’ എന്ന പ്രസക്തമായ, ആശങ്കയൊളിപ്പിച്ചുവച്ച ചോദ്യം. ഒരിക്കലുമില്ല എന്ന് പറയേണ്ടി വരും. 90കളിലിരുന്ന് അമ്പത് കൊല്ലം പിന്നിലേക്ക് തിരിഞ്ഞുനോക്കി ദീർഘനിശ്വാസമിടുന്നുണ്ടാകാം അദ്ദേഹവും. നിർമ്മാല്യമൊരുക്കിയ 1973 അല്ല 2023. കേരളത്തിലെ സാമൂഹികാവസ്ഥ തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. മതം ‘മദ ‘മാകുന്ന കാലത്ത് ശ്രീകോവിലിലെ ബലിക്കല്ലിൽ വായിലെ ചോര വെളിച്ചപ്പാട് തുപ്പുന്നൊരു സീൻ ചിത്രീകരിച്ചാലുള്ള അവസ്ഥ ആലോചിക്കാനാകാത്ത വിധം ആ മാറ്റം വളരുകയാണ്. അത്തരമൊരു സീൻ ഇന്ന് ചിത്രീകരിക്കാനാകില്ല എന്ന തിരിച്ചറിവാണ് എംടിയുടെ ഈ ചോദ്യത്തിന് പിന്നിലുമുണ്ടായിരുന്നത്. 

എംടി ആദ്യമായി കഥയും തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു നിർമ്മാല്യം. കുറഞ്ഞ ചിലവിൽ താരനിരകൾ അധികമില്ലാതെ ​ഗ്രാമീണ പശ്ചാത്തലത്തിലൊരു സിനിമ, അതായിരുന്നു എംടിയുടെ മനസിൽ. മുമ്പ് താനെഴുതിയ ഏതെങ്കിലുമൊരു കഥ സിനിമയാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെയാണ് പള്ളിവാളും കാൽച്ചിലമ്പും എന്ന കഥ നിർമ്മാല്യം എന്ന സിനിമയായി മാറുന്നത്. ഏതൊരു ഗ്രാമത്തിനും അതിന്റെ ചൈതന്യം നിലനിർത്തുന്നൊരു ദേവിയുണ്ടാകും. ആ ദേവിയുടെ അമ്പലവും ശാന്തിക്കാരനും വെളിച്ചപ്പാടും കഴകക്കാരുമെല്ലാം ഗ്രാമത്തിലെ എല്ലാവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്നവരാകും. ദൈവത്തിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഇവരെ മനുഷ്യരായി ആരും കൂട്ടാറില്ല. ഒരു മനുഷ്യജീവിതത്തിലെ ആകുലതകളും ദൈന്യതയുമെല്ലാം വെളിച്ചപ്പാടിനും ശാന്തിക്കാരനും ബാധകമാണെന്ന ചിന്തയിലൂടെയാണ് നിർമ്മാല്യം മുന്നോട്ട് പോകുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ എം ടി പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
സിനിമലോകത്തെ എംടി ഐ വി ശശിക്കും ഹരിഹരനും വേണ്ടി തിരക്കഥകൾ എഴുതിത്തുടങ്ങി. തൃഷ്ണ, ആരൂഢം, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, രംഗം, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അഭയംതേടി, മിഥ്യ എന്നിവ ഐ വി ശശിയ്ക്കും ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, വളർത്തു മൃഗങ്ങൾ, നഖക്ഷതങ്ങൾ, പഞ്ചാഗ്നി, അമൃതംഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശിരാജ, ഏഴാമത്തെ വരവ് എന്നിവ ഹരിഹരനു വേണ്ടിയും എംടി തയ്യാറാക്കിയവയാണ്.
ഭരതനുവേണ്ടി എഴുതിയ വൈശാലി, താഴ്‌വാരം എന്നീ തിരക്കഥകളും അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ, കാമറാമാൻ വേണു സംവിധാനം ചെയ്ത ദയ, പ്രതാപ് പോത്തൻ സംവിധായകനായ ഋതുഭേദം, പവിത്രന്റെ ഉത്തരം, സിബിമലയിൽ സംവിധാനം ചെയ്ത സദയം, ഹരികുമാർ സംവിധാനം ചെയ്ത സുകൃതം എന്നിവയും എംടിയുടെ സംഭാവനകളാണ്. നിർമ്മാല്യം കൂടാതെ ഇടവേളകളിൽ ബന്ധനം, ദേവലോകം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ സിനിമകളും എംടി സംവിധാനം ചെയ്തിട്ടുണ്ട്. 11 തവണ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡും നാലു തവണ ദേശീയ അവാർഡും നേടിയിട്ടുള്ള എംടിയുടെ റെക്കോഡ് ഇന്നും കൗതുകമുണര്‍ത്തുന്നതാണ്.

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും മനുഷ്യമനസിന്റെ കാണാക്കാഴ്ചകളിലേക്കും പേനയും ക്യാമറയും തിരിച്ചുപിടിക്കുന്ന എംടിയുടെ സിനിമകളൊക്കെ മലയാളി എന്നും നെഞ്ചേറ്റിയിട്ടേയുള്ളൂ. അന്ന് തൊട്ടിന്നുവരെ എംടിയെ പല രീതിയിൽ നോക്കിക്കാണുന്നവരുണ്ട്. ഫ്യൂഡലിസത്തിന്റെ പതനങ്ങളുടെ കഥാകാരൻ, അസ്ഥിത്വ ദുഃഖത്തെത്തിന്റെ എഴുത്തുകാരനെന്നും അതല്ല കാലങ്ങളുടെ കഥാകാരനെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. കാലമെത്ര കഴിഞ്ഞാലും മലയാളത്തിലെ തിരക്കഥാ സാഹിത്യ ശാഖയ്ക്ക് തുടക്കം കുറിച്ചത് എംടിയാണെന്ന് സംശയമില്ലാതെ പറയാം. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, ഓളവും തീരവും, മാപ്പുസാക്ഷി, കുട്ട്യേടത്തി തുടങ്ങിയവയൊക്കെ അക്കൂട്ടത്തിലുള്ളവയാണ്. വളർത്തുമൃഗങ്ങൾ എന്ന സിനിമയ്ക്കു വേണ്ടി നാല് ഗാനങ്ങളും എംടി എഴുതിയിട്ടുണ്ട്. ഇതിൽ എം ബി ശ്രീനിവാസൻ ഈണം നൽകി യേശുദാസ് പാടിയ ശുഭരാത്രി ശുഭരാത്രി എന്നു തുടങ്ങുന്ന ഗാനം മലയാള സിനിമയിലെ മികച്ച ഗാനങ്ങളിലൊന്നാണ്.
‘ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ലാ… പക്ഷേ കാലത്തിനോട് നന്ദിയുണ്ട്… ഇത്രയും കാലം എനിക്ക് അനുവദിച്ചതിന്… അത് ദൈവമാവാം. എന്തുമാവാം… ‘എന്നാവർത്തിച്ച് പറയുന്ന എംടിയെ നിർമ്മാല്യത്തിന്റെ അമ്പത് കൊല്ലങ്ങൾക്കൊപ്പമാണ് നവതി ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സുഹൃത്തായ ശോഭനാ പരമേശ്വരൻ നായരുടെ സഹായത്തോടെ മലയാളസിനിമയിലെത്തിയ എംടി പിന്നീട് മലയാളത്തിന്റെ തന്നെ പകരം വയ്ക്കാനാകാത്ത കാരണവരായി മാറി. 1965 മലയാള സിനിമയുടെ ഭാ​ഗ്യ വർഷമായിരുന്നു. രാമുകാര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിലൂടെ ആദ്യ ദേശീയ അവാർഡ് മലയാളത്തിലേക്ക് എത്തിയതും എംടി എന്ന രണ്ടക്ഷരവും മലയാളി സിനിമയുടെ ഭാ​ഗമായതും ആ വർഷമായിരുന്നു.
വർഷമെത്ര കഴിഞ്ഞാലും എംടിയുടെ തിരക്കഥയ്ക്ക് മാറ്റ് കൂടുകയേയുള്ളൂ എന്നതിന് തെളിവാണ് ഇന്നും കൊട്ടാരം റോഡിലെ ‘സിത്താര’ തേടി പോകുന്ന സംവിധായകർ. എംടിയുടെ തിരക്കഥയുണ്ടെങ്കിൽ നിർമ്മാതാവും താരങ്ങളുമെല്ലാം പിന്നാലെ വരുമെന്നത് തന്നെയാണ് കാര്യം. തേടിയെത്തുന്നതിൽ പഴയകാലത്തെ സംവിധായകർ മുതൽ പുതിയ തലമുറയിലെ സംവിധായകർ വരെയുണ്ട്. പുതിയ തിരക്കഥകളില്ലെങ്കിൽ എംടിയുടെ പഴയ സൂപ്പർ ഹിറ്റ് തിരക്കഥകളുടെ റീമേക്ക് അവകാശം കിട്ടിയാലും മതിയെന്ന് പറയുന്നവരുമുണ്ട്. എന്നാൽ ഇവരെയൊന്നും എംടി പ്രോത്സാഹിപ്പിക്കാറില്ല. പുതിയ തലമുറയിലെ സംവിധായകരിൽ ലാൽജോസിനു മാത്രമാണ് എംടി തിരക്കഥ നൽകിയത്. അതുപോലും പഴയ ‘നീലത്താമര’യുടെ പുതുക്കിയ തിരക്കഥയും. ‘ഉയരങ്ങളിൽ’ റീമേക്ക് ചെയ്യാനുള്ള അവകാശം സംവിധായകൻ ജോമോനും നൽകിയിരുന്നു. ‘രണ്ടാമൂഴം’ ശ്രീകുമാർ മേനോന് നൽകിയെങ്കിലും അതിന്റെ പേരിൽ അദ്ദേഹം കോടതി കയറി ആ അവകാശം പിൻവലിച്ചു.
എംടിയുടെ തിരക്കഥയിൽ സിനിമ ചെയ്യുകയെന്നതാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹമെന്ന് പലതവണ പറഞ്ഞ സംവിധായകനാണ് പ്രിയദർശൻ. എംടി കുറിച്ചതുപോലെ ‘വരും വരാതിരിക്കില്ല… കാത്തിരിപ്പിനോളം വലിയ പ്രാർത്ഥനയില്ല… ’ എന്ന വിശ്വാസത്തിൽ അദ്ദേഹത്തെ പോലെ നിരവധി പേരാണ് എംടിയുടെ തിരക്കഥയ്ക്കായി കാത്തിരിക്കുന്നത്. 

പിടിവള്ളി: ഏത് ശൂന്യതയ്ക്ക് നടുവിലും എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കുക. പ്രതീക്ഷ സാക്ഷത്കരിക്കാം എന്ന വിശ്വാസം ഉണ്ടായിട്ടല്ല. എന്നാലും അസ്തിത്വത്തിന്റെ ഏകാധാരം എന്ന നിലയ്ക്ക് അതിൽപിടിച്ചു തൂങ്ങിക്കൊള്ളുകയേ നിവൃത്തിയുള്ളൂ… വിവർണമായി ദിവസങ്ങൾ കടന്നു പോകവെ തൂങ്ങിക്കൊള്ളുകയേ നിവൃത്തിയുള്ളൂ… വെറുതെ ആ പ്രതീക്ഷയെ തിരിപിടിച്ചുകൊണ്ടിരിക്കുക… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.