2024 ലെ ഐഎഫ്എഫ്‌കെ പൂര്‍ത്തിയാകുമ്പോള്‍ പ്രേക്ഷകരില്‍ ബാക്കിവയ്ക്കുന്നത് നിരവധി സ്ത്രീ ജീവിതകഥകളാണ്. ഇതില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഇന്ത്യന്‍ സ്ത്രീകളുടെ കഥ പറയുന്ന ഫെമിനിച്ചി ഫാത്തിമ, അങ്കമ്മാള്‍, സെക്കന്‍ഡ് ചാന്‍സ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
പൊന്നാനിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ വീട്ടമ്മയായ ഫാത്തിമയുടെ കഥ പറയുന്ന ഫെമിനിച്ചി ഫാത്തിമ ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഉസ്താദായ ഭര്‍ത്താവിന്റെ കര്‍ശന നിയന്ത്രണത്തിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഫാത്തിമയുടെ ശാക്തീകരണത്തിന്റെ കഥയാണിത്. മകന്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നശിപ്പിക്കപ്പെട്ട തന്റെ മെത്തയ്ക്ക് പകരം പുതിയതിനു വേണ്ടിയുള്ള ആഗ്രഹവും അതിനെ എതിര്‍ക്കുന്ന ഭര്‍ത്താവായ അഷ്‌റഫ് ഉണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം വികസിക്കുന്നത്. മൂന്നു കുട്ടികളും ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമുള്‍പ്പെട്ട കുടുംബത്തിലെ വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്ന നടുവേദന ഉള്‍പ്പെടെയുള്ള രോഗങ്ങളലട്ടുന്ന ഫാത്തിമയ്ക്ക് രാത്രി സ്വസ്ഥമായി നടുനിവര്‍ത്താന്‍ ഉപയോഗിച്ചിരുന്ന മെത്തയാണ് കുട്ടിമൂത്രമൊഴിച്ചതിന്റെ പേരില്‍ നശിപ്പിക്കപ്പെടുന്നത്. നാലാമത്തെ കുഞ്ഞിനുവേണ്ടിയുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധവും ഫാത്തിമയെ അലട്ടുന്നുണ്ട്. സ്വന്തമായി വരുമാനമില്ലാത്തതാണ് മെത്തവാങ്ങിക്കാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക് നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിഞ്ഞ ഫാത്തിമ ചെറിയ ചെറിയ ജോലികളിലൂടെ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് സിനിമ തുടര്‍ന്ന് പറയുന്നത്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയില്‍ ഫാത്തിമയുടെ വേഷം ഷംല ഹംസ അവതരിപ്പിച്ചപ്പോള്‍ അഷ്‌റഫായി കുമാര്‍ സുനിലെത്തി. കേരളത്തിലെ ഒരു മധ്യവയസിലേക്ക് കടക്കുന്ന കുടുംബസ്ഥ (നാഥ)യായ സ്ത്രീ അനുഭവിക്കുന്ന പ്രതിസന്ധിയെ ചിരിയുടെയും അതിലേറെ ചിന്തയുടെയും മേമ്പൊടിയേറെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ ഫാസിലിനായി. മത്സരവിഭാഗത്തിലാണ് ഫാത്തിമ പ്രദര്‍ശിപ്പിച്ചത്.
വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത അങ്കമ്മാള്‍ എന്ന ചിത്രം മധ്യവയസ് പിന്നിട്ട അങ്കമ്മാളിന്റെ, തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള സമൂഹത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള പോരാട്ടമാണ്. 90കളുടെ അവസാനമാണ് കഥാ പരിസരം. സാരിയില്‍ നിന്നും സ്ത്രീകള്‍ ചുരിദാറിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത്, ബ്ലൗസ് ധരിക്കാത്ത അങ്കമ്മാളിനെ മക്കളും മരുമകളും ചേര്‍ന്ന് ബ്ലൗസ് ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. നഗരത്തിലെ സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്ന അങ്കമ്മാളുടെ ഡോക്ടറായ ഇളയമകന്‍, ഭാര്യവീട്ടുകാര്‍ക്ക് മുന്നില്‍ തന്റെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് അമ്മയെ ബ്ലൗസ് ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ‘എന്റെ ശരീരം, എന്റെ ഇഷ്ടം, എന്റെ വസ്ത്രം’ എന്ന ചിന്തയില്‍ വിശ്വസിക്കുന്ന അങ്കമ്മാള്‍ ആ ശ്രമത്തെ എതിര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവദിത്തം ഏറ്റെടുക്കേണ്ടി വന്ന തങ്കമ്മാളുടെ വാശിക്ക് മുമ്പില്‍ മക്കളും മരുമകളും പതറുന്നുണ്ട്. ഗീതാ കൈലാസന്‍ എന്ന നടിയുടെ പ്രകടനം അങ്കമ്മാളിലെ ചലച്ചിത്രോത്സവത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വനിതാ കഥാപാത്രങ്ങളിലൊന്നാക്കി മാറ്റി.
സുഭദ്ര മഹാജാന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ചാന്‍സ് പറയുന്നത് അശാസ്ത്രീയമായ രീതിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടി വന്ന നിയയെന്ന യുവതിയുടെ ജീവിതമാണ്. മുംബൈയില്‍ ജീവിക്കുന്ന നിയ കാമുകനാല്‍ വഞ്ചിക്കപ്പെട്ട് അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ട ശേഷം വിശ്രമത്തിനായി ഹിമാചലിലെത്തുകയുമാണ്. നിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് മരുന്നായി ഭേരിയെന്ന ആ വീട്ടിലെ കാര്യസ്ഥന്റെ അമ്മയും മാനസിക ബുദ്ധിമുട്ടുകള്‍ക്ക് മരുന്നായി സണ്ണിയെന്ന കാര്യസ്ഥന്റെ മകനും മാറുന്നു. ജീവിതത്തിലെ സെക്കന്‍ഡ് ചാന്‍സിന് അവള്‍ മാനസികമായി തയ്യാറെടുക്കുന്നു. ഇതിനിടെ പണ്ട് വഞ്ചിച്ച കാമുകന്‍ കൂടി അന്വേഷിച്ചെത്തുന്നെങ്കിലും എല്ലാ ചങ്ങലകളും പൊട്ടിച്ച് അവള്‍ സ്വാതന്ത്ര്യത്തിന്റെ രണ്ടാം അവസരം സ്വീകരിക്കുന്നു.
ഫാത്തിമയും അങ്കമ്മാളും നിയയും ഇന്ത്യയിലെ ശരാശരി സ്ത്രീ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ്. സ്ഥലമോ കാലമോ ജാതിയോ മതമോ പ്രായമോ ഒന്നും അവരുടെ ശരാശരി ജീവിതത്തിന്റെ അതിരുകള്‍ മാറ്റിവരയ്ക്കന്നില്ല. പക്ഷേ ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാല്‍ അത്യാവശ്യം സ്വന്തം ജീവിതം മാറ്റിവരയ്ക്കാനാവുമെന്ന് തെളിയിക്കുന്നുണ്ട് സമകാലിക ഇന്ത്യയിലെ ജീവിതം ചര്‍ച്ച ചെയ്യുന്ന ഈ മൂന്നു ചിത്രങ്ങളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.