15 May 2024, Wednesday

Related news

May 12, 2024
May 10, 2024
May 6, 2024
May 6, 2024
May 4, 2024
May 2, 2024
April 27, 2024
April 25, 2024
April 24, 2024
April 18, 2024

വൈശാലി സിനിമ നിര്‍മ്മാണത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ആഗ്രഹങ്ങള്‍ക്ക് വിലക്കായത് എംടിയുടെ നിലപാട്‌

കെ കെ ജയേഷ് 
കോഴിക്കോട്
October 4, 2022 9:47 pm

വൈശാലി എന്ന സിനിമയിൽ തന്റെ സുഹൃത്തുക്കൾ കൂടിയായ യേശുദാസ്, ജയചന്ദ്രൻ എന്നിവരെക്കൊണ്ടെല്ലാം പാട്ടുകൾ പാടിക്കണമെന്നായിരുന്നു നിർമ്മാതാവായ രാമചന്ദ്രന്റെ ആഗ്രഹം. എന്നാൽ ചിത്രത്തിലെ പാട്ടുകൾ എല്ലാം പെൺ ശബ്ദത്തിൽ വേണമെന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത് എംടിയുടെ നിലപാട്. ഇത് തന്നെ വല്ലാതെ ഉലച്ചതായി പിന്നീട് അറ്റ്ലസ് രാമചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് എംടിയുടെ തിരക്കഥയിലൊരുങ്ങിയ സുകൃതം എന്ന ചിത്രവും അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ചു. അറ്റ്ലസ് ജ്വല്ലറിയുടെ ജന കോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യമാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കിയത്. പരസ്യത്തിനൊപ്പം കഷണ്ടിയുള്ള ആ മുഖവും വ്യത്യസ്തമായ ആ ശബ്ദവും ജനങ്ങൾക്കിടയിൽ ചർച്ചയായി. കലാമൂല്യമുള്ള പല സിനിമകളും നിർമ്മിച്ചത് അറ്റ്ലസ് രാമചന്ദ്രനാണെന്ന് പിന്നീടാണ് പല മലയാളികളും മനസിലാക്കിയത്. വ്യാപാരി എന്നതിനപ്പുറം നല്ലൊരു കലാകാരനും കലാസ്നേഹിയുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. രാജ്യാതിർത്തികൾ താണ്ടി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും കലയും സാഹിത്യവും സഹജീവി സ്നേഹവും അദ്ദേഹം നെഞ്ചിൽ സൂക്ഷിച്ചു. സിനിമകൾ നിർമ്മിക്കുമ്പോൾ വമ്പൻ വാണിജ്യവിജയം അദ്ദേഹം സ്വപ്നം കണ്ടില്ല. തന്റെ സിനിമകൾ എക്കാലവും ചർച്ച ചെയ്യപ്പെടുന്ന കലാമൂല്യമുള്ള ചിത്രങ്ങളാവണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 1988 ലാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി പുറത്തിറങ്ങുന്നത്. വൈശാലി കലാപരമായും സാമ്പത്തികമായും വിജയിച്ചത് രാമചന്ദ്രനെ സിനിമയോട് ചേർത്തു നിർത്തി. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഒഎൻവിയും ഗായികയ്ക്കുള്ള പുരസ്കാരം ചിത്രയും ഈ ചിത്രത്തിലൂടെ സ്വന്തമാക്കി. ബാബു ആന്റണി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ത വേഷവും ഈ ചിത്രത്തിലായിരുന്നു. വൈ­ശാലിക്ക് ശേഷം കച്ചവട ചേരുവകളില്ലാത്ത അരവിന്ദന്റെ വാസ്തുഹാരയുടെ നിർമ്മാണ പങ്കാളിയായി രാമചന്ദ്രൻ വീണ്ടും രംഗത്തെത്തി.
1991ൽ സി വി ശ്രീരാമന്റെ കഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ വാസ്തുഹാര മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയായി. മികച്ച ചിത്രത്തിനുള്ള സംസ്ഥാന — ദേശീയ പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തി. തുടർന്ന് സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ധനം എന്ന ചിത്രമൊരുക്കി. ഇതിന് ശേഷമാണ് എംടിയുടെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത സുകൃതം പുറത്തിറങ്ങുന്നത്. സുകൃതത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
കൗരവർ, ചകോരം, ഇന്നലെ, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ വിതരണത്തിനെത്തിക്കുകയും ചെയ്തു. നടനായും സംവിധായകനായുമെല്ലാം അറ്റ്ലസ് രാമചന്ദ്രൻ പ്രേക്ഷകർക്ക് മുമ്പിലെത്തി. യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തെ തുടക്കം. തുടർന്ന് അറബിക്കഥ, ആനന്ദഭൈരവി, സുഭദ്രം, മലബാർ വെഡ്ഡിങ്, ടു ഹരിഹർ നഗർ, തത്വമസി, ബോംബെ മിഠായി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അറബിക്കഥയിലെ കോട്ട് നമ്പ്യാർ ഏറെ ശ്രദ്ധേയമായി. അറ്റ്ലസ് രാമചന്ദ്രനായി തന്നെയായിരുന്നു ടു ഹരിഹർ നഗറിൽ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ഒരു ചിത്രത്തിൽ പോലും താൻ പ്രതിഫലം വാങ്ങിയിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ധനസമ്പാദനത്തിനുള്ള ഒരു മാർഗമായിരുന്നില്ല അദ്ദേഹത്തിനൊരിക്കലും സിനിമ.
2010ൽ ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. നിർമ്മാണ രംഗത്തേക്ക് ഇനിയുമെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനിടയിലാണ് നിയമക്കുരുക്കിൽ അകപ്പെടുന്നത്. ദുരിതങ്ങളുടെ കാലം താണ്ടിയ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം അടിസ്ഥാനമാക്കിയ വീഡിയോ ആൽബം പുറത്തിറങ്ങിയത് അടുത്തിടെയാണ്. കലയുടെ ലോകത്തേക്ക് ഒരു മടങ്ങിവരവ് ഉണ്ടാവുന്നതിന് മുമ്പേ അദ്ദേഹം യാത്രയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.