19 May 2024, Sunday

Related news

May 17, 2024
May 12, 2024
May 10, 2024
May 6, 2024
May 6, 2024
May 4, 2024
May 2, 2024
April 27, 2024
April 25, 2024
April 24, 2024

മലയാളത്തിന്റെ സുകൃതം വിടവാങ്ങുമ്പോള്‍…

രാജഗോപാല്‍ എസ് ആര്‍ 
തിരുവനന്തപുരം
May 6, 2024 11:14 pm

മലയാള സിനിമാ പ്രേക്ഷകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച നിരവധി സിനിമകള്‍ എഴുപതുകളുടെ പകുതി മുതല്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്. അടൂരും അരവിന്ദനും ജോണ്‍ എബ്രഹാമും കെ ജി ജോര്‍ജും ഭരതനും പത്മരാജനുമൊക്കെ വെട്ടിയൊരുക്കിയ ആ പാതയിലൂടെ സഞ്ചരിച്ചെങ്കിലും തന്റെ സിനിമകള്‍ക്ക് വ്യത്യസ്തമായൊരു തലം നല്‍കാന്‍ കഴിഞ്ഞ സംവിധായകനാണ് ഇന്നലെ വിടപറഞ്ഞ ഹരികുമാര്‍. എം ടി വാസുദേവന്‍നായര്‍, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം മുകുന്ദന്‍, ഏകലവ്യന്‍, ലോഹിതദാസ്, കലൂര്‍ ഡെന്നീസ്, ശ്രീനിവാസന്‍, കെ വി മോഹന്‍കുമാര്‍ തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരുടെ പിന്തുണ കൂടിയായപ്പോള്‍ മലയാളി അത്രപെട്ടെന്നൊന്നും മറക്കാത്ത ഒരുപിടി ചിത്രങ്ങളൊരുക്കുവാന്‍ ഹരികുമാറിനായി.
തിയേറ്ററിലെത്തി 30 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഹരികുമാര്‍ എന്ന സംവിധായകനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ആദ്യമോര്‍ക്കുന്നത് എം ടി വാസുദേവന്‍ നായര്‍ രചിച്ച് മമ്മൂട്ടി നായകനായ സുകൃതമെന്ന ചിത്രത്തെയാണ്. കാന്‍സര്‍ ബാധിതനായ രവിശങ്കറെന്ന പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് സുകൃതം സഞ്ചരിച്ചത്. ഗൗതമി അവതരിപ്പിച്ച മാലിനിയും, ശാന്തികൃഷ്ണ അവതരിപ്പിച്ച ദുര്‍ഗ്ഗയും ഉള്‍പ്പെടെയുള്ള സഹജീവികള്‍ രവിശങ്കറിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ബോധ്യമാകുന്ന അവസ്ഥയില്‍ അയാളോട് കാണിക്കുന്ന നീതികേടെന്നോ നീതിയെന്നോ തിരിച്ചറിയാനാവാത്ത പെരുമാറ്റങ്ങളിലൂടെയാണ് സുകൃതം പൂര്‍ത്തിയാകുന്നത്. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളിലായി 42 അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആ സിനിമ നവമലയാള സിനിമയ്ക്കായി ഹരികുമാറും എം ടിയും മമ്മൂട്ടിയും ചേര്‍ന്നൊരുക്കിയ ഒരു സുകൃതമായി തന്നെ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികമായും ആ ചിത്രം വന്‍ വിജയമായിരുന്നു.

കൊല്ലം മുന്‍സിപ്പാലിറ്റിയില്‍ എന്‍ജിനീയറായി ജോലിചെയ്തുകൊണ്ടിരിക്കെ ഒരു വര്‍ഷത്തേക്ക് ലീവെടുത്തുകൊണ്ടാണ് 1980ല്‍ ആമ്പല്‍പ്പൂവ് എന്ന ചിത്രത്തിന്റെ സംവിധായകനായെത്തുന്നത്. ഒരു ചിത്രമെങ്കിലും സംവിധാനം ചെയ്യുകയെന്ന സ്വപ്നവുമായെത്തിയ അദ്ദേഹം 18 ചലച്ചിത്രങ്ങളുടെ സംവിധായകക്കുപ്പായമണിഞ്ഞു. 43 വര്‍ഷങ്ങള്‍ക്കിടയില്‍ 18 ചിത്രങ്ങളെന്നത് എണ്ണം കൊണ്ട് വളരെ ശുഷ്കമാണെങ്കിലും നിരൂപകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളൊരുക്കുവാനദ്ദേഹത്തിനായി. ആമ്പല്‍പ്പൂവ് എന്ന ആദ്യ സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും നിരൂപകരുടെയും നല്ല സിനിമയെ സ്നേഹിക്കുന്നവരുടെയുമുള്‍പ്പെടെയുള്ള പിന്തുണ തുടര്‍ന്നുള്ള സിനിമായാത്രയ്ക്ക് ശക്തി പകര്‍ന്നു. ഒരു കാബറെ നര്‍ത്തകിയുടെ മാനസികാവസ്ഥയിലൂടെയാണ് ആമ്പല്‍പ്പൂ സഞ്ചരിച്ചിരുന്നത്. രൂപയും സുകുമാരനുമായിരുന്നു മുഖ്യവേഷങ്ങളില്‍.
പൂര്‍ണിമ ജയറാമും നെടുമുടിവേണുവും പ്രധാന കഥാപാത്രങ്ങളായ ഹരികുമാറിന്റെ രണ്ടാമത്തെ ചിത്രമായ സ്നേഹപൂര്‍വം മീര സാമ്പത്തികമായി വിജയിച്ച ചിത്രമാണ്. തുടര്‍ന്നെത്തിയ ഒരു സ്വകാര്യം എന്ന ചിത്രവും മമ്മൂട്ടിയെയും നെടുമുടി വേണുവിനെയും ഭരത് ഗോപിയെയും പ്രധാന കഥാപാത്രങ്ങളായാണൊരുക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി പിന്നീട് സംവിധാനം ചെയ്ത പുലിവരുന്നേ പുലി എന്ന ചിത്രത്തിലും മമ്മൂട്ടിയും നെടുമുടിവേണുവും തിലകനുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ഏകലവ്യന്റെ പ്രശസ്ത നോവലായ അയനം ചലച്ചിത്രമാക്കിയത് തുടര്‍ന്നാണ്. അയനത്തിന് സംഭാഷണമൊരുക്കിയത് ജോണ്‍ പോളായിരുന്നു. മധുവും മമ്മൂട്ടിയുമുള്‍പ്പെട്ടവര്‍ ആ ചിത്രത്തില്‍ അഭിനയിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തിരക്കഥയിലൊരുക്കിയ ജാലകവും ഊഴവും എണ്‍പതുകളുടെ അവസാന കാലഘട്ടത്തിലെ യുവതാരങ്ങളായ ദേവനെയും പാര്‍വതിയെയും അശോകനെയുമൊക്കെ പ്രധാന കഥാപാത്രങ്ങളായൊരുക്കിയവയാണ്. ആ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിരുന്നു.

ഉദ്യാന പാലകന്‍ (മമ്മൂട്ടി, കാവേരി), സ്വയംവരപ്പന്തല്‍ (ജയറാം, സംയുക്താവര്‍മ്മ), പുലര്‍വെട്ടം, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ (സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി), സദ്ഗമയ (സുരേഷ് ഗോപി, നവ്യ) എന്നിവയും തുടര്‍ന്ന് അദ്ദേഹമൊരുക്കിയ ചിത്രങ്ങളാണ്. ബാല്യകാലത്ത് തന്നെ കൊഴിഞ്ഞുപോയ ചിത്രകാരനായ കുരുന്നിന്റെ ജീവിതം ബയോപിക്കായൊരുക്കിയ ക്ലിന്റ് എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടി. ഉണ്ണിമുകുന്ദനും, റിമാ കല്ലിംഗലുമാണ് ക്ലിന്റിലെ പ്രധാന താരങ്ങള്‍. അവസാന ചലച്ചിത്രമായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ എം മുകുന്ദനായിരുന്നു. സൂരജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന വേഷത്തിലെത്തിയ ആ സിനിമയും നിരൂപകശ്രദ്ധ നേടിയിരുന്നു. അലസനും മടിയനുമായ അതിലെ സജീവനെന്ന നായകകഥാപാത്രമായി സുരാജ് വെഞ്ഞാറമൂടെന്ന ഹാസ്യതാരത്തെ കണ്ടെത്തിയത് ഹരികുമാര്‍ എന്ന സംവിധായകന്റെ കഴിവാണ്.
നാല്‍പ്പതു വര്‍ഷം പിന്നിട്ടപ്പോഴും മോഹന്‍ലാലിനെ നായകനായി ഒരു ചിത്രം സംവിധാനം ചെയ്യാനാവാത്തതിന്റെ വിഷമം അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പല കഥകളും ചര്‍ച്ചചെയ്തെങ്കിലും മോഹന്‍ലാല്‍ — ഹരികുമാര്‍ ചിത്രം മാത്രം സാധ്യമായില്ല.
തിരുവനന്തപുരത്ത് കല്ലറ പാങ്ങോട് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ഭരതന്നൂരിലെ സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, എട്ടു കിലോമീറ്ററോളം നടന്ന് അകലെയുള്ള വായനശാലയില്‍ നിന്ന് പുസ്തകമെടുത്ത് വായിച്ച ഒരു ബാല്യകൗമാര കാലം ഹരികുമാറിനുണ്ട്. ആ വായന തന്നെയായിരിക്കും തന്റെ 40 വര്‍ഷം നീണ്ട ചലച്ചിത്ര സുകൃതത്തില്‍ എംടിയെയും എം മുകുന്ദനെയും പെരുമ്പടവത്തിനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയുമുള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ കൂടെക്കൂട്ടാനുള്ള കരുത്ത് പകര്‍ന്നത്. ’

മധ്യവർത്തി സിനിമാ പ്രസ്ഥാനത്തിന്റെ ശക്തനായ പ്രയോക്താവ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ഹരികുമാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘സുകൃതം’ എന്ന ഒറ്റ സിനിമ മതി സംവിധായകൻ ഹരികുമാറിനെ രേഖപ്പെടുത്താനെന്നും മലയാളി സ്വയം തിരിച്ചറിഞ്ഞ നിരവധി സിനിമകൾ അദ്ദേഹത്തിന്റേതായിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ പ്രിയസംവിധായകന് ആദരാഞ്ജലികൾ നേരുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കലാമൂല്യവും ദൃശ്യമികവും സമംചേരുന്ന ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചാണ് ഹരികുമാര്‍ വിടവാങ്ങുന്നതെന്ന് സിപി­ഐ­(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

Eng­lish Summary:

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.